Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

പുസ്തക പരിചയം



ഗ്രാമീണഗൃഹാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ പഷ്പാ സജീന്ദ്രന്‍ എഴുതിയ പ്രഥമ നോവലാണ് 'അകലേക്കൊഴുകുന്ന പുഴ' .കടുത്ത സാമ്പത്തിക പരാധീനതയും,കുടുംബാന്തരീക്ഷത്തിലെ ലിംഗവിവേചനവും,
പുരുഷാധിപത്യവും അനുഭവിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭവ കഥയാണ് നോവലിലൂടെ പറയുന്നത്.




ടി പി ചന്ദ്രശേഖരന്‍ വധവും തുടര്‍ുള്ള പോലീസ്അന്വേഷണവും കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂത്തുപറമ്പില്‍ ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ  നേതൃത്വത്തില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോള്‍ നേതാവ് പറഞ്ഞു ''കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ. വി.ബാബു ചരിത്രം പഠിക്കണം'. രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് നേതാവിന് സി.ഐ.കെ.വി.ബാബു മറുപടിയായി നല്കിയത്  അദ്ദേഹം രചിച്ച 'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന ചരിത്ര പുസ്തകം.                                                                                     




പ്രിയദര്‍ശന്റെ കിലുങ്ങുന്ന 
ഓര്‍മ്മകള്‍
കേരളത്തിലെ കുട്ടനാടിനോട് ഏറെ സാദൃശ്യമുള്ള ഒരു സ്ഥലമാണ് വിയറ്റ്നാം. കുട്ടനാട് എന്നതിലുപരി വിയറ്റ്നാമിലെ മീന്‍കറിക്ക് കേരളത്തിലെ മീന്‍കറിയുടെ അതേ സ്വാദാണ്. നാളികേരം അമ്മിക്കല്ലില്‍ അരച്ച് ഇപ്പോഴും അവിടെ മീന്‍ കറിവെയ്ക്കുന്നു.അനുഭവങ്ങള്‍ മാത്രമല്ല വളര്‍ന്നു വരുന്ന വഴികള്‍ മറക്കുന്നവര്‍ക്ക് ഒരു മറുപടികൂടിയാണ്  പ്രിയദര്‍ശന്റെ ‘ഓര്‍മ്മക്കിലുക്കം’ എന്ന പുസ്തകം.


 കാമ്പില്ലാത്ത 
‘ഒളിവു ജീവിതം
ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ രചിച്ച പ്രഥമ നോവലാണ് ‘ഒളിവു ജീവിതം’ചില കഥാപാത്രങ്ങളെ കണക്കിലെ സൂത്രവാക്യ പദങ്ങളെപ്പോലെ  എക്സ്, വൈ, എ എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്.തലശ്ശേരിയുടെ ഉള്‍നാടന്‍ ഗ്രാമപ്രദേശത്തെ  കാര്‍ഷിക സംസ്കാരത്തിലധിഷ്ഠിതമായ  സംസാരഭാഷയാണ് ഉടനീളം പ്രയോഗിച്ചിരിക്കുന്നത്.


നേര്‍ക്കാഴ്ചയിലൂടെ
തുറന്നെഴുതിയ കഥകള്‍

സത്യങ്ങളായ വസ്തുതകളെ ഏകാകികളുടെജീവിതങ്ങളില്‍ ആവാഹിച്ചിരുത്തി വേറിട്ട ശൈലിയില്‍ അവതരിപ്പിക്കുന്ന ഏഴ് ചെറുകഥകളുടെ സമാഹരണമാണ് രാജന്‍ പാനൂരിന്റെ ‘നിട്ടോനിമൂപ്പന്‍’2012 ലെ റസാക്ക് കുറ്റിക്കകം അവര്‍ഡ് നേടിയ കഥകൂ‍ടിയാണ് നിട്ടോനിമൂപ്പന്‍.




ചുരുള്‍ നിവര്‍ത്തിയ അനുഭവങ്ങള്‍ 
 പാര്‍ല്ലിമെന്റില്‍ എ.കെ.ഗോപാലന്‍ എന്ന എ. കെ. ജി. എഴുന്നേറ്റപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എല്ലാവരും ഒരുങ്ങിനിന്നു. പ്രസിഡന്റിന്റെ പ്രസംഗം ജനങ്ങളോടുള്ള ഒരു യുദ്ധപ്രഖ്യാപനമെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും, വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞുവെന്നുള്ളതെല്ലാതെ ആ പ്രസംഗത്തില്‍ പൊതുവായി വേറൊന്നുമുണ്ടായിരുന്നില്ല. പ്രസംഗം എല്ലാവരെയും നിരാശപ്പെടുത്തി. 
 സ്വാതന്ത്ര്യ സമരസേനാനിയും തലശ്ശേരിയുടെ പ്രഥമ ലോകസഭാംഗവുമായ നെട്ടൂര്‍ പി. ദാമോദരന്‍ എഴുതിയ ‘അനുഭവച്ചുരുളുകള്‍’ എന്ന ആത്മകഥാ പുസ്തകത്തിലാണ് ഈ പരാമര്‍ശമുള്ളത്.
     എ. കെ. ജി. എന്ന ബിംബം ചീട്ട്  കൊട്ടാരം പോലെ  തകര്‍ന്നു വീഴുന്ന രംഗമാണ് എല്ലാവരും കണ്ടത്. കൂടാതെ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് എ. കെ. ജി. എന്ന് മറ്റുള്ളവരെ അദ്ദേഹം സ്വയം ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന്  വായനക്കാരന് നിസ്സംശയം മനസ്സിലാവും. 




കഥകളിലെ 
മുകേഷ്

ചിരിക്കാനും, ചിന്തിക്കാനും, ഓര്‍ത്തുവെയ്ക്കാനുമുള്ള നിരവധി മുഹൂര്‍ത്തങ്ങളടങ്ങിയ ഒരു പുസ്തകമാണ് ‘മുകേഷ് കഥകള്‍ ജീവിതത്തിലെ നേരും, നര്‍മ്മവും’. തനത് ശൈലിയില്‍ കാണികളുടെ ഇടയില്‍ വ്യത്യസ്ത അഭിനയ രീതി കാണിച്ചുതന്ന മുകേഷ് നല്ലൊരു എഴുത്തുകാരന്‍ കൂടിയാണെന്ന് തെളിയിക്കുന്നതാണ് ഇതിലെ ഓരോ ലേഖനവും.  വേഷത്തിനനുസരിച്ച് അഭിനയരീതി മാറും പോലെ  പൂര്‍ണ്ണമായും വ്യത്യസ്തമാണ് ഓരോ സംഭവങ്ങളും, അതിന്റെ അവതരണ രീതിയും.
    എഴുപതുകളിലും, എണ്‍പതുകളിലും നടന്ന മുകേഷിന്റെ വിദ്യാര്‍ത്ഥി ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് മിക്കതും പറയുന്നതെങ്കിലും നാം വായിക്കുന്ന കാലഘട്ടവുമായി ഏറെ ബന്ധപ്പെടുന്നതായി നമുക്കനുഭവപ്പെടും. വി. കെ. ശ്രീരാമന്‍ പറഞ്ഞത് പോലെ ബഷീറിയന്‍ശൈലിയെ  അനുസ്മരിപ്പിക്കുന്ന എഴുത്താണ് മുകേഷിന്റേത്. 
     ഞാനൊരു മഹാനാണോ? എന്ന ലേഖനത്തില്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നവനാണ് സമര്‍ത്ഥന്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക എന്ന് ഉപദേശിച്ച് വിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍ ലോകസഭാംഗമായി മാറിയ സമ്പത്ത്, മുകേഷിന്റെ മുന്നില്‍ വന്ന് ഉപദേശം കൊടുക്കുവാനുണ്ടായ സന്ദര്‍ഭം  പറഞ്ഞപ്പോള്‍ മുകേഷ് സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : ‘എന്റെ വാക്കുകള്‍ ഒരാളെ പാര്‍ലമെന്റംഗംവരെയാക്കി വളര്‍ത്തി അപ്പോള്‍ ന്യായമായും എനിക്കൊരു സംശയം :ഞാനൊരു മഹാനാണോ?’.തികച്ചും ഒരു നിഷ്കളങ്കത നിറഞ്ഞ അഭിമാനകരമായ  ചോദ്യം.എന്നേ അതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ.
   നര്‍മ്മത്തില്‍ ചാലിച്ച താളാത്മകമായ ഒരു ഭാഷാശൈലിയാണ് മുകേഷ് സ്വീകരിച്ചത്.  നാടകത്തിലൂടെ സിനിമയിലേക്കും പിന്നീട് സാഹിത്യത്തിലേക്കും കടന്ന മുകേഷ് മലയാള ഹാസ്യസാഹിത്യ രംഗത്തെ  കുലപതികളായ സഞ്ജയന്‍, ബഷീര്‍, വി. കെ. എന്‍. എന്നിവരുടെ പിന്‍ഗാമിയായി അറിയപ്പെടുന്നുവെങ്കില്‍ അതില്‍ തെല്ലും അതിശോക്തിയില്ല.
       ഒലിവ് പബ്ലിക്കേഷനാണ് ‘മുകേഷ് കഥകള്‍ ജീവിതത്തിലെ നേരും, നര്‍മ്മവും’എന്ന പുസ്തകത്തിന്റെ പ്രസാധകര്‍. 2006 മുതല്‍.2012 വരെ നാല് എഡിഷന്‍ പുറത്തിറങ്ങി.

***********************************************************************
നാട്ടുവഴികളിലെ
 ഇലഞ്ഞിപ്പൂമണം
 
മണ്ണിന്റെയും, വിയര്‍പ്പിന്റെയും ഗന്ധമുള്ള ഓര്‍മ്മകളുടെയും, അനുഭവങ്ങളുടെയും കുറിപ്പുകളാണ് പി. സുരേന്ദ്രന്റെ ‘ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍’ എന്ന പുസ്തകം. ഒരു കാലഘട്ടത്തിന്റെ പ്രതീകമായി  സ്ത്രീകള്‍ ഓലമെടയുന്നതും, പുഴക്കരയില്‍ നിന്ന് അലക്കുന്നതും പുതുതലമുറയ്ക്ക് ചിലപ്പോള്‍ പുത്തന്‍ അനുഭവങ്ങളായിരിക്കാം. അത്തരം കാഴ്ചകളെ  വരച്ചുകാട്ടിയപോലെ കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്.
     സി. പി. എമ്മിനെയും, അതിന്റെ നേതാക്കന്മാരെയും,സമുദായത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെയും അതിശക്തമായി വിമര്‍ശിക്കുന്ന ലേഖനങ്ങളുമുണ്ട്. ‘വെറുതെ ബഡായി പറയാന്‍ കേമനായിരുന്നു. ധിഷണാപരമായി വളരെ പിന്നോക്കവുമായിരുന്നു. മാര്‍ക്സിയന്‍ ഡയലിസ്റ്റിക്സ് ഒന്നും അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. നായനാരുടെ എഴുത്തും, പ്രസംഗവും, ഒന്നും ഒന്നിനും കൊള്ളില്ല.’ സി. പി. എം പ്രവര്‍ത്തകനായ പി. കെ. മുഹമ്മദ് കുഞ്ഞിയെക്കുറിച്ചുളള ലേഖനമായ ‘സന്ദേഹിയായ തോമയാണ് ഞാന്‍’ എന്ന ലേഖനത്തില്‍  അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരെക്കുറിച്ച് പറഞ്ഞ വാചകം ഏത് വായനക്കരനെയും ഒന്ന് ചിന്തിപ്പിക്കും. 
    ഈ ലേഖനത്തിന്റെ അവസാനഭാഗം മുഹമ്മദ്കുഞ്ഞ് പറയുന്നതിങ്ങനെ : ‘ബുര്‍ഖ ആഗോള മുസ്ലീം സ്ത്രീകളുടെ വേഷമാണെങ്കില്‍ അങ്ങനെ ഒരു വേഷം മുസ്ലീംപുരുഷന്മാര്‍ക്കും വേണ്ടേ? ആ പുരുഷ വേഷം പണ്ഡിതര്‍ പറയട്ടെ. സ്ത്രീകളെ പര്‍ദ്ദ അണിയിക്കുന്നതും, പുരുഷന്മാര്‍ കോട്ടും സൂട്ടും ധരിക്കുന്നതും ചെയ്യുന്നത് എന്ത് ന്യായം? പുരുഷമേധാവിത്വമാണ് സ്ത്രീകളെ പര്‍ദ്ദയിലും, ബുര്‍ഖയിലും തളയ്ക്കുന്നത്. ’ ഇങ്ങനെ പറയാന്‍ മുഹമ്മദ് കുഞ്ഞിയെ പ്രേരിപ്പിക്കുന്നത് സമുദായ സ്നേഹിയും, തികഞ്ഞ ഈശ്വരവിശ്വാസിയുമായ  മുഹമ്മദ് കുഞ്ഞിലെ നവോത്ഥാന വിപ്ലവകാരി ഉണര്‍ന്നിരിക്കുന്നതുകൊണ്ടാണ്. 
     ഇത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങളും, അഭിപ്രായങ്ങളും വികാര തീവ്രമായിത്തന്നെ വായനക്കാരന്റെ മുന്നിലെത്തുന്നുണ്ട്.എല്ലാ ലേഖനങ്ങളിലും ഗ്രാമീണത്വവും, ഗൃഹാതുരത്വവും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഡി. സി. ബുക്സാണ് ‘ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍’പ്രസിദ്ധീകരിച്ചത്.

 *******************************************************
നീലമേഘങ്ങള്‍
വൈദ്യശാസ്ത്രം പഠിച്ചപ്പോള്‍ മനുഷ്യജീവിതത്തെക്കുറിച്ച് പഠിക്കാന്‍ മറക്കുകയും മാനസിക വിഭ്രാന്തിയും, സംശയരോഗവും പിടിപെട്ട്  കുടുംബബന്ധം തകര്‍ന്ന ഒരു ഡോക്ടരുടെ ജീവിത കഥയാണ്‌ തലശ്ശേരിക്കടുത്ത കോപ്പാലത്തെ ശ്രുതിലയത്തില്‍ പി. രാഘവനെഴുതിയ
‘നീലമേഘങ്ങള്‍' എന്ന ആദ്യ നോവല്‍. ഒരു വ്യക്തിയുടെ ബാല്യകാലവും, വളര്‍ന്ന വഴികളും അയാളുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിക്കും എന്നതിന്റെ തെര്യപ്പെടുത്തല്‍ കൂടിയാണ് നോവലിന്റെ ഉള്ളടക്കം.
     പാരനോയിഡ് സൈക്കോസിസ് എന്ന മനോരോഗം പിടിപെട്ട ഡോ. മധു എന്ന കേന്ദ്ര കഥാപാത്രം  സര്‍വ്വ ലക്ഷണങ്ങളും അതിന്റെ ആധികാരികതയില്‍ തന്നെ കാണിക്കുന്നതിനാല്‍  ഈ നോവല്‍ മനോരോഗ ചികിത്സാ വിദഗ്ദ്ധരുള്‍പ്പടെയുള്ളവരില്‍  ഏറെ ചര്‍ച്ചയ്ക്ക്  വഴിതെളിയിക്കുന്നതാണ്.
  കൈരളി ബുക്‌സാണ് നീലമേഘങ്ങള്‍ പ്രസിദ്ധീകരിച്ചത്.വില : 80രൂപ

 **********************************************************       -
 ഒടിച്ചുകളഞ്ഞ ചൂരല്‍വടി
 
     ഒരു അദ്ധ്യാപകന്റെ മനോഹരമായ ഓര്‍മ്മക്കുറിപ്പുകളാണ് രാജു കാട്ടുപുനത്തിന്റെ ‘ഒടിച്ചുകളഞ്ഞ ചൂരല്‍വടി’ എന്ന പുസ്തകം.
ബാലസാഹിത്യകാരനായ രാജു കാട്ടുപുനം വിദ്യാര്‍ത്ഥികളെ മാത്രമല്ല. അദ്ധ്യാപകരെയും ഉദ്ദേശിച്ചാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചത്. പൂഴിയും, തൊണ്ടുമായി സ്കൂളിലെത്തുന്ന പഴയകാല വിദ്യാര്‍ത്ഥിയെയും, ലാപ്ടോപ്പുമായി സ്കൂളിലെത്തുന്ന ഹൈടക് യുഗത്തിലെ അദ്ധ്യാപികയെയും ഒരുപോലെ വായനക്കാരന്റെ മുന്നില്‍ വരച്ചുകാട്ടുന്ന പുസ്തകമാണ് ‘ഒടിച്ചുകളഞ്ഞ ചൂരല്‍വടി’ 
------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ