Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ചൊവ്വാഴ്ച, ജനുവരി 07, 2014

Olivu Jeevitham Novel

 കാമ്പില്ലാത്ത 
‘ഒളിവു ജീവിതം’

ചിത്രകാരനായ പൊന്ന്യം ചന്ദ്രന്റെ പ്രഥമ നോവലാണ് ഒളിവ് ജീവിതം.എഴുപതുകളിലെ തലശ്ശേരിയുടെ ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ് പശ്ചാത്തലം. ആ കാലഘട്ടത്തിലെ കാര്‍ഷിക സംസ്കാരത്തിലധിഷ്ഠിതമായ  തലശ്ശേരി ഗ്രാമീണ സംസാരഭാഷയാണ് ഉടനീളം പ്രയോഗിച്ചിരിക്കുന്നത്.
   ഓലക്കണ്ണികൊണ്ട് മടഞ്ഞുണ്ടാക്കിയ കുട്ട, വെള്ളേരി മിടിയിട്ടു,പൊലര്യാനാവ്മ്പം,ഷോടതി,ബെല്തായി,തേങ്ങകൊത്തീറ്റ്ണ്ട്, നാസ്ത്യാക്കീട്ട് തുടങ്ങിയ നിരവധി പദങ്ങള്‍ പോയകാലത്തിന്റെ ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവരുന്നു.എണ്‍പതു മുതല്‍  വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ ലിറ്റര്‍, ഹോബി എന്നീ വാക്യങ്ങള്‍ അറിയാതെ കയറി വന്നിട്ടുമുണ്ട്.ഗ്രാമീണരുടെ ഒത്തൊരുമ്മ പലസ്ഥലത്തും എടുത്തുകാണുന്നു. അത് പുതുതലമുറയിലെ വായനക്കാരന് ഏറെ ആശ്ചര്യമായി  തോന്നും.
     ചിത്രകാരന്‍ കഥാകാരനായി മാറുമ്പോള്‍   വര്‍ണ്ണവും വര്‍ണ്ണനയും തീരെ മറന്നുപോവുന്നു.  കഥ നടക്കുന്ന പ്രദേശത്തിന്റെ പേരോ, ഭംഗിയോ, ഭൂമി ശാസ്ത്രമോ  ഒന്നും പറയുന്നില്ല. അവിടുത്തെ ജനത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുപോലും മൌനം പാലിക്കുകയാണ് ചെയ്തത്.ഇതുപോലെ നിരവധി അപാകതകള്‍ ഉടനീളം മുഴച്ചുനില്ക്കുന്നു.
     ചില കഥാപാത്രങ്ങളെ കണക്കിലെ സൂത്രവാക്യ പദങ്ങളെപ്പോലെ  എക്സ്, വൈ, എ എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്.അതൊരു പുതിയ പരീക്ഷണമാണെങ്കിലും നല്ലൊരു രീതിയായി അംഗീകരിക്കാനാവില്ല.
     കാക്കനാടന്റെയും, യു. എ. ഖാദറിന്റെയും ചില കൃതികള്‍ ഇതില്‍ അറിഞ്ഞോ അറിയാതെയോ കയറിപ്പറ്റിയിട്ടുണ്ട്.  21 അദ്ധ്യായങ്ങളായിട്ടാണ് ‘ഒളിവു ജീവിതം’എന്ന നോവല്‍ എഴുതിയിട്ടുള്ളത്.ഒരു മുസ്ലീം വീട്ടില്‍ പാര്‍ട്ടിക്കാരനായ ഗൃഹനാഥന്റെ ഒത്താശയോടെ രണ്ട് ചെറുപ്പക്കാരായ പാര്‍ട്ടിക്കാര്‍ ഒളിവില്‍ താമസിക്കുകയും, ഒളിവ് ജീവിതം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ അതിലൊരുത്തന്‍  ഗൃഹനാഥന്റെ മകളെ ഗര്‍ഭിണിയാക്കുകയും ചെയ്യുന്നു.ഒരു കാലഘട്ടത്തില്‍ ഒളിവു ജീവിതത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ പലരും ഇത്തരത്തിലുള്ള ഗര്‍ഭം സമ്മാനിച്ചാണ് കടന്നുപോയത്.  ഇതിന്റെ പിന്തുടച്ചക്കാരാണ് ഇന്ന് പുരോഗമന ചിന്താഗതിക്കാരായും, സ്ത്രീ സംരക്ഷകരായും ചമഞ്ഞു നടക്കുന്നതെന്ന് പറയാതെ പറയുന്നുമുണ്ട്. 
     ഒരദ്ധ്യായത്തില്‍ പോലും എന്നും ഓര്‍ത്തുവെയ്ക്കാവുന്ന മുഹൂര്‍ത്തങ്ങളോ, സന്ദര്‍ഭങ്ങളോ,പരസ്പരബന്ധമോ ഇല്ല. അതിനു കാരണം ‘ഒളിവു ജീവിതം’ എന്ന നോവലില്‍  കഥയില്ല എന്നതാണ് സത്യം.കുറേ ഗ്രാമീണരുടെ സംഭാഷണങ്ങളും, എഴുത്തുകാരന്റെ ഓര്‍മ്മയിലെ ചില സംഭവങ്ങളും,നാട്ടിലെ പരദൂഷണവും ചില വ്യക്തികളിലൂടെ കൂട്ടിക്കുഴച്ചെഴുതി എന്നല്ലാതെ മറ്റൊന്നും ഒളിവു ജീവിതത്തിലില്ല. കാമ്പില്ലാത്ത പുറംപോളയായ ഒരു കൃതി മാത്രമാണിത്.  നോവല്‍ എന്നൊന്നും ഇതിനെ വിളിക്കാനാവില്ല.  കഥയോ, കവിതയോ, ചിത്രമോ എന്തോ ആവട്ടെ അതൊക്കെ ആസ്വാദകന്‍ അനുഭവിച്ചറിയുന്ന ഒരു താളമുണ്ട് ആ താളം പോലും ഈ കൃതിയിലില്ല.
     ആരും വായിക്കാനിഷ്ടപ്പെടാത്ത പുസ്തകവും 2000 കോപ്പികളെങ്കിലും ചെലവാക്കാന്‍ ഗ്രന്ഥകാരനും, പ്രസാധകനും ഒന്നു മനസ്സുവെച്ചാല്‍ നടക്കാവുന്നതേയുള്ളൂ. ഒന്നും മനസ്സിലാകാത്ത രീതിയിലാണ് വാചകഘടനയെങ്കില്‍ ആ ഗ്രന്ഥത്തെ പ്രശംസിക്കാനും, വാതോരാതെ സംസാരിക്കാനും ചില അല്പന്മാര്‍ മുന്നോട്ടും വരും.പണവും സ്വാധീനവും ഉപയോഗിച്ച്  അല്ലറ ചില്ലറ അംഗീകാരവും നേടിയെടുക്കുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനുമില്ല.ആ ഗണത്തിലാണ് ഒളിവു ജീവിതത്തിന്റെ സ്ഥാനം.
     സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം നാഷണല്‍ ബുക്ക് സ്റ്റാള്‍ ആണ് ഒളിവു ജീവിതത്തിന്റെ പ്രസാകര്‍: വില : 55 രൂപ

5 അഭിപ്രായങ്ങൾ: