Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, നവംബർ 30, 2017

എ.എം.ദിലീപ് കുമാർ

സംഗീതതോഴൻ

    സംസ്ഥാന സ്‌കൂൾ കലോത്സവം പോലുള്ള സദസ്സുകളിലും സമ്മേളനങ്ങളിലും  സ്വഗതഗാനം ആലപിക്കുമ്പോൾ പാട്ടും പാടുന്നവരേയും നമ്മൾ ശ്രദ്ധിക്കുമെങ്കിലും ഗാനം ചിട്ടപ്പെടുത്തിയവരെ
ഫോട്ടോ: പ്രജിത്ത് തെരൂര്‍
നമ്മൾ ആരായാറില്ല. 2017 ജനവരിയിൽ കണ്ണൂരിൽ നടന്ന അമ്പത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം ഉൾപ്പടെയുള്ള നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനാണ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിലെ സംഗീത അധ്യാപകൻ എ.എം.ദിലീപ് കുമാർ.പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റരുടെ കണ്ണൂർ ജില്ലയിലെ ഏക ശിഷ്യൻ കൂടിയാണ് ദിലീപ് കുമാർ.
     
 സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം സംഗീതാസ്വാദകരിൽ എറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ എഴുതിയ വരികൾ ദിലീപ് ചിട്ടപ്പെടുത്തി  57 സംഗീത അധ്യാപകർ ചേർന്നാണ് ആലപിച്ചത്. 11 വർഷം മുമ്പെ കണ്ണൂരിൽ നടന്ന സ്‌കൂൾ യുവജനോത്സവം, അഞ്ച് വർഷം മുമ്പെ അധ്യാപകദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന സംസ്ഥാനതല പരിപാടി, സ്‌റ്റേറ്റ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഏറണാകുളം സമ്മേളനം, കണ്ണൂരിൽ നടന്ന കോളജ് അധ്യാപകരുടെ സംസ്ഥാന സമ്മേളനം എന്നിവയുടെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധായകനും ദിലീപ് ആയിരുന്നു. നിരവധി ജില്ലാതല കലോത്സവങ്ങളിലും സ്വാഗതഗാനത്തിന്റെ സംവിധായകൻ ദിലീപാണ്.
ഫോട്ടോ: പ്രജിത്ത് തെരൂര്‍
     കണ്ണൂർ ആകാശവാണിയുടെ 200-ൽ പരം ലളിതഗാനങ്ങൾക്ക് ദിലീപ് കുമാർ സംഗീതം നല്കിയിട്ടുണ്ട്. 26 വർഷം
എ.എം.ദിലീപ് കുമാർ, ജി.വി.രാകേശ്,
തിരുമുഖം ഗോപി
1997 ഏപ്രിൽ 11 ന് എടുത്ത ഫോട്ടോ
മുമ്പെ  തിരുമുഖം ഗോപി രചിച്ച് കാസർഗോഡ് കാരനായ നിത്യാനന്ദന്റെ സംഗീത സംവിധാനത്തിൽ പാടിയ ശ്രീനാരായണഗുരു ഭക്തിഗാനമായ 'കണ്ണാടി പ്രതിഷ്ഠിച്ച...' എന്നു തുടങ്ങുന്ന ഗാനം കാസറ്റിലൂടെ പുറത്ത് വന്നതോടെയാണ് ദിലീപിനെ പലരും ശ്രദ്ധിക്കാൻ തുടങ്ങിയത്.
     കൂടാളി ഹൈസ്‌കൂളിലെ സംഗീത അധ്യാപകനായിരുന്ന വി.വസന്തനാണ് ആദ്യത്തെ സംഗീത ഗുരു. 1982 ൽ പാലക്കാട് ചെമ്പൈ സംഗീത വിദ്യാലയത്തിൽ നിന്നും  ഗാനഭൂഷണം നേടിയ ദിലീപ് 1983-ൽ കോട്ടയം രാജാസ് ഹൈസ്‌കളിൽ
അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്താണ് തലശ്ശേരി തിരുമുഖം സംഗീത സഭയിലെ ടി.പദ്മനാഭൻ വൈദ്യരെ പരിചയപ്പെടുന്നത്. പദ്മനാഭൻ വൈദ്യരുടെ അടുത്ത സുഹൃത്തായിരുന്നു സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ.ആകാശവാണിക്ക് വേണ്ടി തിരുമുഖം സംഗീതസഭ അവതരിപ്പിക്കുന്ന പ്രഭാതഗീതം പരിപാടിയുടെ സ്ഥിരം സംഗീത സംവിധായകനും രാഘവൻ മാസ്റ്ററായിരുന്നു.അതിൽ പാടാനാണ് ദിലീപ് തിരുമുഖത്തെത്തുന്നത്. പാട്ടിന്റെ മികവ്കണ്ട് വൈദ്യരാണ് ദിലീപിനെ രാഘവൻമാസ്റ്റരുടെ അടുത്ത് തുടർപഠനത്തിനായി എത്തിക്കുന്നത്. 12 വർഷം രാഘവൻ മാസ്റ്റരിൽ നിന്നും സംഗീതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് പഠിച്ചു. അതോടൊപ്പം രാഘവൻമാസ്റ്റർ സംഗീതക്കച്ചേരിക്ക് തമ്പുരു മീട്ടാൻ കൂടെക്കൊണ്ടുപോവാനും തുടങ്ങി. സിനിമാ ഗാനങ്ങൾ പരിമിതമായ ഉപകരണങ്ങൾ വെച്ച് പാടുന്ന രീതി രാഘവൻമാസ്റ്റരുടെ ഒരു ശൈലിയായിരുന്നു. അത് സ്വായത്തമാക്കാനും സാധിച്ചു. 
കെ.പി.എ.സി.യുടെ താപനിലയം എന്ന നാടകത്തിലെ പാട്ട് ഉൾപ്പടെ രാഘവൻ മാസ്റ്റരുടെ സംഗീത സംവിധാനത്തിൽ പിറന്ന 200-ൽപരം ഗാനങ്ങൾ ദിലീപ് ആലപിച്ചിട്ടുണ്ട്. രാഘവൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുകയും തുടർന്ന്  ഓർക്കസ്‌ട്രേഷന്റെ  നോട്‌സ് തയ്യാറാക്കുമ്പോൾ സഹായിയായും പ്രവർത്തിച്ചു. അത് സംഗീത സംവിധാനം ചെയ്യുന്നതിന് ഒരു പരിശീനവും അടിത്തറയും കൂടിയായിരുന്നു.
    ഗാനസാഹിത്യത്തിലെ അർത്ഥവും ശാസ്ത്രീയ സംഗീതവും കൂടാതെ രാഗത്തിലധിഷ്ഠിതവുമായ ഗാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട്  ദിലീപ് കുമാർ നടത്തുന്ന 'ഗാനമഞ്ജരി'  എന്ന പരിപാടി ഇതിനകം വിദേശങ്ങളിലടക്കം
 1600 വേദികൾ  പിന്നിട്ടുകഴിഞ്ഞു. സാധാരണക്കാർ പൊതുവെ ഇഷ്ടപ്പെടാത്തതാണ് ശാസ്ത്രീയ സംഗീതം. സദസ്സിന് ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ സംഗീതത്തിന്റെ ശാസ്ത്രീയവശം പറഞ്ഞു കൊടുക്കുകയും അതിലൂടെ ശാസ്ത്രീയ സംഗീതത്തെ
  ജനകീയമാക്കുക എന്നതാണ് ഗാനമഞ്ജരി കൊണ്ടുദ്ദേശിക്കുന്നത്.
     2009 മുതൽ ആറ് വർഷം സംസ്ഥാന സിനിമാ സെൻസർബോർഡ് അംഗമായിരുന്നു. 2009-ൽ സാന്ത്വനം ട്രസ്റ്റിന്റെ മികച്ച സംഗീത പരിപാടിയുടെ അവതാരകനുള്ള ദൃശ്യമാധ്യമ കലാപുരസ്‌ക്കാരം  2010 ൽ കോഴിക്കോട് അബ്ദുൾഖാദർ സ്മാരക അവാർഡ്, ഉത്തരകേരള കവിതാ സാഹിത്യവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
    രാഷ്ട്രപതിയുടെ അവാർഡ് നേടിയ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിലെ അധ്യാപകനും കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ടസ് ആന്റ് ഗൈഡ് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണറുമായ പരേതനായ സി.ആർ. മധുസൂദനൻ നമ്പ്യാരുടേയും എ.എം.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനാണ് എ.എം.ദിലീപ് കുമാർ. മമ്പറം സീനിയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക എം.വി.ദീപ്തിയാണ് ഭാര്യ. മകൻ : ദിൽദീപ്

എഴുത്ത്: ജി.വി.രാകേശ്  

(2017 നവംബർ 17 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്)
 

ബുധനാഴ്‌ച, ഒക്‌ടോബർ 25, 2017

ജി.രവീന്ദ്രൻ കായികാധ്യാപകനല്ല; അധ്യാപകർക്കിടയിലെ കായിക താരമാണ്

ജി.രവീന്ദ്രൻ മാസ്റ്റർ എന്നത് വെറും ഒരു അധ്യാപകനല്ല. കേരളത്തെയും ഇന്ത്യയേയും പ്രതിനിധീകരിച്ച മലയാളിയായ കായികതാരമാണ്. അതിലുപരി
ചൈനയിലെ റുഗാവോയിൽ
നടന്ന 20-ാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ്
അത്‌ലറ്റിക്‌സിൽ പങ്കെടുത്ത് നേടിയ
മെഡലുകളുമായി ജി.രവീന്ദ്രൻ മാസ്റ്റർ.നല്ലൊരു പരിശീലകനും.   2017 സപ്തംബർ 24 മുതൽ 28 വരെ ചൈനയിലെ റുഗാവോയിൽ നടന്ന 20-ാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ പങ്കെടുത്ത് 66-ാമത്തെ വയസ്സിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മൂന്ന് മെഡലുകളാണ്.മൂന്ന് മെഡലുകളും കരസ്ഥനാക്കിയ ഏക മലയാളിയും ജി.രവീന്ദ്രനാണ്. 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400 മീറ്റർ റിലെയിൽ വെങ്കലവും ഹൈജമ്പിൽ വെള്ളിയുമാണ് നേടിയത്.

 പൊന്ന്യം വെസ്റ്റ് എൽ.പി.സ്‌കൂളിൽ 28 വർഷം പ്രഥമാധ്യാപകനായിരുന്ന രവീന്ദ്രൻ  2006 മെയ് 31 നാണ്  വിരമിച്ചത്.  യു.പി.സ്‌കൂൾ സ്‌കൂൾ പഠന കാലത്ത് ഫുട്‌ബോൾ, കബഡി എന്നീ ഇനങ്ങളിൽ സബ് ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടാണ് കളിക്കളത്തിൽ സക്രിയമാവുന്നത്.1969-71 വർഷം കോട്ടയത്ത് നിന്ന് അധ്യാപക പരിശീലനം നേടുന്ന കാലത്ത് പല ഫുട്‌ബോൾ ടൂർണ്ണമെന്റിലും പങ്കെടുക്കുകയും 'ബസ്റ്റ് പ്ലേയർ' സമ്മാനം നേടുകയും ചെയ്തു.
     1974-ലാണ് കതിരൂർ പഞ്ചായത്തിലെ കുണ്ടുചിറക്ക് സമീപത്തെ പൊന്ന്യം വെസ്റ്റ് എൽ.പി.സ്‌കൂളിൽ അധ്യാപകനായി ചേർന്നത്.1974 മുതൽ സ്ഥിരമായി 100,200മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും മികച്ച വിജയവും നേടി. 1986-ൽ നടന്ന സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സിൽ ലോങ്ജമ്പിൽ വെങ്കലമെഡൽ നേടി. 1991 മുതൽ 2006 വരെ സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സിൽ 40 വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ 13 വർഷം ഒരേ ഇനത്തിൽ പങ്കെടുത്തുകൊണ്ട് ആറ് സ്വർണ്ണം അഞ്ച് വെള്ളി രണ്ട് വെങ്കലവും നേടിയിട്ടുണ്ട്.
     1992-93 വർഷങ്ങളിൽ ദേശീയ വെറ്ററൻസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 100 മീറ്റർ ഓട്ടം, 4x400,4x100 റിലെ, ലോങ്ജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുത്തു. മധുര, മദ്രാസ് മീറ്റുകളിൽ 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400  മീറ്ററിൽ വെള്ളിയും നേടി. 2017-ൽ പയ്യന്നൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ 100 മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നിവയിൽ വിജയിച്ചു. തുടർന്ന് ഹൈദരബാദിൽ നടന്ന ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പിൽ വെള്ളിയും 4x100മീറ്ററിൽ സ്വർണ്ണവും നേടി.
     കണ്ണൂർ ജില്ലാ ഫുട്‌ബോൾ ലീഗിൽ കൂത്തുപറമ്പ് ബ്രദേഴ്‌സ് ക്ലബ്ബിനു വേണ്ടി അഞ്ച് വർഷം കളിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി സെവൻസ് ടൂർണ്ണമെന്റുകളിൽ പല ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഫുട്‌ബോൾ, കബഡി മത്സരങ്ങളിൽ വർഷങ്ങളായി റഫറിയായി പ്രവർത്തിച്ചുവരികയാണ്.  
     ജില്ലയിലേയും സംസ്ഥാനത്തേയും സ്‌പോർട്‌സ്, ഗെയിംസ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഒഫീഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്. ഫുട്‌ബോളിലും കബഡിയിലും കളിക്കുന്ന കാലഘട്ടത്തിൽ തന്നെ ചെറിയ കുട്ടികൾക്ക് പരിശീലനം നല്കാറുണ്ട്.കതിരൂർ പഞ്ചായത്ത് സമഗ്ര കായിക പരിശീന ഭാഗമായുള്ള സ്‌പോർട്‌സ്, ഫുട്‌ബോൾ നീന്തൽ എന്നിവയിൽ കുട്ടികൾക്ക് പരിശീനം നല്കുന്നത് രവീന്ദ്രനാണ്. അതിനായി എന്നും അതിരാവിലെത്തന്നെ കതിരൂർ സ്റ്റേഡിയത്തിൽ എത്തും.
    
കതിരൂർ സ്‌റ്റേഡിയത്തിൽ നിന്നും
വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ജി.രവീന്ദ്രൻ.
സ്‌പോർട്‌സിലെ റഫറിയിങ്ങ്,ട്രാക്ക് മാർക്കിങ്ങ് പരിശീലനം എന്നിവയിൽ ഇപ്പോഴും സക്രിയമായി പ്രവർത്തിക്കുന്ന ജി.രവീന്ദ്രൻ മാസ്റ്റർ 2018 ൽ സ്‌പെയിൽ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്.
     കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെ.ഡി.ടി.ഹൈസ്‌കൂൾ, കോട്ടയം കാരാപ്പുഴ ഗവ.ഹൈസ്‌കൂൾ, കോട്ടയം ഗവ.ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സെന്റർ എന്നിവിടങ്ങളിലായാണ് രവീന്ദ്രൻ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഇപ്പോൾ കതിരൂർ പൊന്ന്യത്താണ് താമസം.
     കതിരൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച എം.എ.മീനാക്ഷിയാണ് ഭാര്യ. കേരള പോലീസിലെ ഉദ്യോഗസ്ഥരായ എം.ആർ.മീരജ്, എം.ആർ.സൂരജ് എന്നിവരാണ് മക്കൾ.


(2017 ഒക്ടോബർ 24 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത് .ഫോട്ടോയും എഴുത്തും : ജി.വി.രാകേശ് )