Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഡിസംബർ 11, 2014

Indulekha 125 years

 'ഇന്ദുലേഖ' യ്ക്ക് വയസ്സ് 125
 'സാധാരണ ഈ കാലങ്ങളില്‍ നടക്കുന്നമാതിരിയുള്ള സംഗതികളെ മാത്രം കാണിച്ചും ആശ്ചര്യകരമായ യാതൊരു അവസ്ഥകളേയും കാണിക്കാതെയും ഒരു കഥ എഴുതിയാല്‍ അതു എങ്ങിനെ ആളുകള്‍ക്കു രസിക്കും എന്നു ഈ പുസ്തകം എഴുതുന്ന കാലത്തു മറ്റുചിലര്‍ എന്നോടു ചോദിച്ചിട്ടുണ്ട്.  അതിനു ഞാന്‍ അവരോടു മറുവടി പറഞ്ഞതു  'എണ്ണച്ചായ ചിത്രങ്ങള്‍ യൂറോപ്പില്‍ എഴുതുന്നമാതിരി ഈ ദിക്കില്‍ കണ്ടു രസിച്ചു തുടങ്ങിയതിനുമുമ്പു , ഉണ്ടാവാന്‍ പാടില്ലാത്തവിധമുള്ള ആകൃതിയില്‍ എഴുതീട്ടുള്ള നരസിംഹമൂര്‍ത്തിയുടെ ചിത്രം, വേട്ടയ്‌ക്കൊരുമകന്റെ ചിത്രം, ചില വ്യാളമുഖചിത്രം, ശ്രീകൃഷ്ണന്‍ സാധാരണ രണ്ടുകാല്‍ ഉള്ളവര്‍ക്കു നില്‍ക്കാന്‍ ഒരുവിധവും പാടില്ലാത്തവിധം കാല്‍ പിണച്ചുവെച്ചു ഓടക്കുഴല്‍ ഊതുന്ന മാതിരി കാണിക്കുന്ന ചിത്രം, വലിയ ഫണമുള്ള അനന്തന്റെ ചിത്രം, വലിയ രാക്ഷസന്മാരുടെ ചിത്രം ഇതുകളെ നിഴലും വെളിച്ചവും നിംനോന്നതസ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയില്‍ രൂക്ഷങ്ങളായ ചായങ്ങള്‍കൊണ്ടു് എഴുതിയതു കണ്ടു രസിച്ചു് ആവക എഴുത്തുകാര്‍ക്കു പലവിധ സമ്മാനങ്ങള്‍ കൊടുത്തു വന്നിരുന്ന പലര്‍ക്കും ഇപ്പോള്‍ അതുകളില്‍ വിരക്തിവന്നു മനുഷ്യന്റെയോ മൃഗത്തിന്റെയോ വേറെ വസ്തുക്കളുടെയോ സാധാരണ സ്വഭാവങ്ങള്‍ കാണിക്കുന്ന എണ്ണച്ചായചിത്രം, വെള്ളച്ചായചിത്രം ഇതുകളെക്കുറിച്ചു കൌതുകപ്പെട്ടു് എത്രണ്ടു സൃംഷ്ടിസ്വഭാവങ്ങള്‍ക്കു് ചിത്രങ്ങള്‍ ഒത്തുവരുന്നുവോ അത്രണ്ടു ആ ചിത്രകര്‍ത്താക്കന്മാരെ ബഹുമാനിച്ചു വരുന്നതു കാണുന്നില്ലയോ, അതുപ്രകാരംതന്നെ കഥകള്‍ സ്വാഭാവികമായി ഉണ്ടാവാന്‍ പാടുള്ള വൃത്താന്തങ്ങളെക്കൊണ്ടുതന്നെ ഭംഗിയായി ചമച്ചാല്‍ കാലക്രമേണ ആവക കഥകളെ അസംഭവ്യസംഗതികളെക്കൊണ്ടു ചമയ്ക്കപ്പെട്ട പഴയ കഥകളെക്കാള്‍ രുചിക്കുമെന്നാകുന്നു. എന്നാല്‍ ഞാന്‍ എഴുതിയ ഈ കഥ ഭംഗിയായിട്ടുണ്ടെന്നു ലേശംപോലും എനിക്കു വിശ്വാസമില്ല. അങ്ങിനെ ഒരു വിശ്വാസം എനിക്കു വന്നിട്ടുണ്ടെന്നു മേല്‍പറഞ്ഞ സംഗതികളാല്‍ എന്റെ വായനക്കാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതു എനിക്കു പരമസങ്കടമാണു. ഈമാതിരി കഥകള്‍ ഭംഗിയായി എഴുതുവാന്‍ യോഗ്യതയുള്ളവര്‍ ശ്രദ്ധവെച്ചു എഴുതിയാല്‍ വായിപ്പാന്‍ ആളുകള്‍ക്കു രുചി ഉണ്ടാവുമെന്നാണു ഞാന്‍ പറയുന്നതിന്റെ സാരം. ഈ പുസ്തകം എഴുതീട്ടുള്ളതു ഞാന്‍ വീട്ടില്‍ സാധാരണ സംസാരിക്കുന്ന മലയാളഭാഷയില്‍ ആകുന്നു.' ഇത് മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ 1889 ഡിസംബര്‍ 9നു ഒന്നാം പതിപ്പിന്റെ അവതാരികയില്‍ ഒ.ചന്തുമേനോന്‍ എഴുതിയതാണ്.1889ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്.നേരെ പറഞ്ഞാല്‍ ഇന്ദുലേഖ പുറത്തിറങ്ങിയിട്ട ഒന്നേകാല്‍ നൂറ്റാണ്ടായി. 
       മലയാളത്തിലെ ആധുനിക നോവലുകളേപ്പോലും വലിയ അളവില്‍ സ്വാധീനിച്ച ഒരു കൃതികൂടിയാണ് ഇന്ദുലേഖ.  നായര്‍-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയത്തിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.. അതിലൂടെ മലയാളിയെ വിമോചിപ്പിക്കുക കൂടിയാണ് ചന്തുമേനോന്‍ ചെയ്തത്.സത്രീ വിമോചനത്തിന്റെ ആദ്യ വെടി പൊട്ടിച്ചതും ഇന്ദുലേഖയിലൂടെ ചന്തുമേനോനാണ്.
     സൂര്യനമ്പൂതിരിപ്പാടിന്റെ നേര്‍ക്ക് നേര്‍നിന്ന് ഞാന്‍ എന്ന്  പറയാന്‍ ധൈര്യം കാണിച്ച വനിതയാണ് ഇന്ദുലേഖ. സ്ത്രീ പുരുഷ സമത്വം എവിടെയെന്നാണ് ഇന്ദുലേഖയിലൂടെ ജഡ്ജി കൂടിയായ ചന്തുമേനോന്‍ ചോദിച്ചത്. മലയാളിയോട് പുതിയ കാലത്തെക്കുറിച്ച സംസാരച്ച കഥയാണ്.അതായത് പുതിയ കാഴ്ചപ്പാടുകളിലും വായിക്കപ്പെടാന്‍ പാകത്തിലാണ്  ഇന്ദുലേഖ. എന്ന മലയാളിത്തനിമ നിറഞ്ഞ നോവല്‍.
     ഇന്ദുലേഖയെ വളരെ ആഴത്തില്‍ പഠിക്കുകയും അതിന്റെ  പുറത്തിറങ്ങിയ രണ്ടാം പതിപ്പ് കണ്ടെത്തുകയും ചെയ്ത പ്രശസ്ത നിരൂപകന്‍ ഡോ.പി.കെ.രാജശേഖരന്‍ പറയുന്നതിങ്ങനെ : തലശ്ശേരിയില്‍ ജനിച്ച് പരപ്പനങ്ങടിയില്‍ വെച്ച് പുസ്തകം എഴുതിയ, കോഴിക്കോട് വെച്ച് മരിച്ച മഹാനാണ് ചന്തുമേനോന്‍.125 വര്‍ഷമായിട്ടും അദ്ദേഹത്തിന് തലശ്ശേരിയില്‍ ഒരു സ്മാരകമോ, പ്രതിമയോ സ്ഥാപിക്കാത്തത് തികഞ്ഞ അവഹേളനമാണ്. ചുംബിക്കുന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന ചെറുപ്പക്കരുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്തിയ ആദ്യ പുരുഷനാണ് ചന്തുമേനോന്‍.125 വര്‍ഷം മുന്നെ ഇന്ദുലേഖ മാധവന്റെ ചുണ്ടില്‍ ചുംബിക്കുന്ന രംഗം മനോഹരമായി ചന്തുമേനോന്‍ വര്‍ണ്ണിക്കുന്നുണ്ട്. തികച്ചും വിപ്ലവകരമാണത്.ചുംബിക്കുന്നത് തടയുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. പ്രേമം എന്ന ആധുനികമായ വികാരം  നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇന്ദുലേഖയിലൂടെയാണ്.
     കഴിഞ്ഞ 65 വര്‍ഷമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരസംബന്ധമാണ് ഇന്ദുലേഖ ആദ്യത്തെ ലക്ഷണമൊത്ത നോവലാണെന്നത്. ഇത് വളരെ മോശപ്പെട്ട സങ്കല്പമാണ്. 1936ല്‍ എം.പി.പോള്‍ എഴുതിവെച്ചതാണിത്. അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ലക്ഷണംകെട്ട നോവല്‍ എന്നൊന്നുണ്ടോ?, എല്ലാവരും പറയുന്നു ആദ്യത്തെ നോവല്‍ കുന്ദലതയാണെന്ന്.എന്നാല്‍ കുന്ദലത നോവലല്ല.അത് റൊമാന്‍സ് എന്ന വീരകഥയാണ്.അതിന് കേരളവുമായി ഒരു ബന്ധവുമില്ല. അതൊരു കഥമാത്രമാണ്. എന്നാല്‍ ഇന്ദുലേഖ വെറുമൊരു നോവലല്ല. പ്രേമകഥയോ അല്ല. അത് ആദ്യമായി മലയാളിയോട് പുതിയകാലത്തെക്കുറിച്ച് സംസാരിച്ചു. 
     1896ല്‍ കുറച്ച് തിരുത്തലുകളോടെ രണ്ടാം പതിപ്പ് ഇറങ്ങി. 1899 സപ്തംബര്‍ 10 ന് ചന്തുമേനോന്‍ മരിച്ചു.  ഓരോ പ്രസാധകരും പ്രസിദ്ധീകരിക്കുമ്പോള്‍ പലപ്പോഴായി പലഭാഗങ്ങളിലും അറിഞ്ഞോ അറിയാതെയോ മാറ്റം വരുത്തി അങ്ങെനെ  മുപ്പത് ശതമാനത്തോളം വെട്ടിമുറിക്കപ്പെട്ട ഇന്ദുലേഖയാണ് പലരും വായിച്ചിട്ടുള്ളത്. വലിയ നിരൂപകരായ മുണ്ടശ്ശേരിയും, മാരാരും, എം.എന്‍ വിജയനും യഥാര്‍ത്ഥ ഇന്ദുലേഖ വായിച്ചിട്ടില്ല.വികലമായ പതിപ്പുകളാണ് പ്രസാധകര്‍ ഇന്നും പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. മാധവന്‍ ഇന്ദുലേഖയെയല്ല വിവാഹം ചെയ്തത്. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്യുകയാണ് ചെയ്തത്. അങ്ങനെയാണ് ചന്തുമേനോന്‍ എഴുതിയിട്ടുള്ളത്. ഇതുതന്നെ ഒരു വലിയ മാറ്റമല്ലേ? ലണ്ടനിലെ ബ്രീട്ടീഷ് ലൈബ്രറിയിലാണ് ഏറ്റവും ആധികാരികമായ രണ്ടാം പതിപ്പുള്ളത്.അവിടുത്തെ അപൂര്‍വ്വ പുസ്തക ശേഖരത്തിലാണുള്ളത്. ആ പുസ്തകം വായിക്കാതെ നിങ്ങളാരും യഥാര്‍ഥ ഇന്ദുലേഖ വായിച്ചെന്ന് അവകാശപ്പെടരുത്.
     ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ച് ആദ്യം ചര്‍ച്ചചെയ്ത ആദ്യനോവലാണ് ഇന്ദുലേഖ.തീവണ്ടി,ടെലിഗ്രാം,ആവിക്കപ്പല്‍ എന്നിവയെക്കുറിച്ചൊക്കെ പരാമര്‍ശിക്കുന്നു. മാത്രമല്ല ആധുനിക ലോകത്തെക്കുറിച്ച് ഏതാണ്ട് മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പുത്തന്‍ തലമുറയുടെ ആദ്യ പിതാവാണ് മാധവന്‍.അതുപോലെ ആധുനിക തലമുറയുടെ ആദ്യ മാതാവാണ് ഇന്ദുലേഖ. അതുകൊണ്ട് 20,21 നൂറ്റാണ്ടുകളുടെ യുവതലമുറയുടെ പിതാവും, മാതാവുമാണ് ഇവര്‍ എന്നതില്‍ സംശയമില്ല. അവരെ സൃഷ്ടിച്ച ചന്തുമേനോന്‍ ആധുനികതയുടെ പിതാവുമാണ്.'
      തലശ്ശേരി കോട്ടയം താലൂക്കില്‍  പിണറായിക്കടുത്ത   കെളാലൂര്‍ ദേശത്ത്, എടപ്പാടി ചന്തുനായരുടെയും .   കൊടുങ്ങല്ലൂര്‍ ചിറ്റെഴുത്ത് ഭവനത്തിലെ പാര്‍വ്വതിയമ്മയുടെയും മകനായി .1847 ജനുവരി 9നാണ്   ചന്തുമേനോന്‍ ജനിച്ചത്.  അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടില്‍ താമസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന് പേര് സിദ്ധിക്കുന്നത്.  തലശ്ശേരിയിലെ പ്രശസ്ത തറവാട്ടുകാരനും സാഹിത്യകാരനുമായ നാരങ്ങോളി ചിറക്കല്‍ കുഞ്ഞിശങ്കരന്‍ നമ്പ്യാരുമായുള്ള ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. കുട്ടികള്‍ക്ക് വേണ്ടി നമ്പൂതിരി പുലിയെ പിടിക്കാന്‍ പോയകഥ എഴുതിയ കുഞ്ഞിശങ്കരന്റെ നരിചരിതം എന്ന പുസ്തകം ചന്തുമേനോന്‍ സ്വന്തം ചിലവില്‍ അച്ചടിച്ച് പുസ്തകരൂപത്തില്‍ വിതരണം ചെയ്തു.കോഴിക്കോട് നിന്നാണ് അച്ചടിച്ചത്. കൂടാതെ അതിന്റെ രണ്ട് പതിപ്പുകള്‍ക്കും നീണ്ട അവതാരികയും ചന്തുമേനോന്‍ എഴുതി.അതോടെ ചന്തുമേനോന്‍ മലയാള സാഹിത്യത്തിലെ ആദ്യ സൈദ്ധാന്തികന്‍ കൂടിയായി
     1892ല്‍ ചന്തുമേനോന്‍ തിരുനെല്‍വേലിയില്‍ ആക്ടിങ് അഡിഷണല്‍ സബ് ജഡ്ജിയായി. 1893ല്‍ മംഗലാപുരത്തേക്ക് മാറി.  സത്യസന്ധനും നിഷ്പക്ഷപാതിയുമായ ന്യായാധിപനായി  അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോന്‍. പ്രാസംഗികനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. അക്കാലാത്താണ് സാഹിത്യ സാര്‍വ്വഭൗമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി കേരള വര്‍മ്മ വലിയ കോയിത്തമ്പുരാനുമായി കത്തിടപാടിലൂടെ സഹോദര സൗഹൃദം വളര്‍ത്തിയിരുന്നു.ഒരിക്കലും അവര്‍തമ്മില്‍ നേരില്‍ കണ്ടിട്ടില്ല.  കേരളവര്‍മയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവില്‍ ബാസല്‍ മിഷന്‍ അച്ചുകൂടത്തില്‍ വെച്ച അച്ചടിപ്പിച്ചു. നീല നിറമുള്ള ഹാര്‍ഡ് ബൗണ്ടില്‍ സ്വര്‍ണ്ണ നിറമുള്ള ലിപികളുപയോഗിച്ചാണ് 500 കോപ്പി അച്ചടിച്ച് സുഹൃത്തുക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത മഹാപുരുഷനാണ് അദ്ദേഹം.. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുന്‍പ് ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകള്‍ ശീലിച്ചു. 1897ല്‍ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടര്‍ന്നു. 1898ല്‍ ഗവണ്മെന്റ് റാവു ബഹദൂര്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സര്‍വകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോന്‍.
      കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡിക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുന്‍പ് മലയാളത്തിലുണ്ടായ നോവല്‍മാതൃകകള്‍.
    ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് ഉള്ളത്: 1890ല്‍ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമര്‍ഗിന്റെ വിവര്‍ത്തനവും 1995ലെ അനിതാ ദേവസ്യയുടെ വിവര്‍ത്തനവും.
     ഇന്ദുലേഖയെക്കൂടാതെ അപൂര്‍ണ്ണമായ ശാരദയും വിദ്യാവിനോദിനിയില്‍ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീര്‍ഘലേഖനവുമാണ് ചന്തുമേനോന്റെ മറ്റ് രചനകള്‍. 


[ലേഖനത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്താന്‍ മടിക്കരുത്.]

ബുധനാഴ്‌ച, ഡിസംബർ 03, 2014

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ VENGAYIL KUNHIRAMAN NAYANAR

  ചെറുകഥാ പിതാവ് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ യാത്രയായിട്ട് 100 വര്‍ഷം
ഫോട്ടൊയും, എഴുത്തും :  ജി. വി. രാകേശ്

'എഴുതുമ്പോള്‍  നായനാരെപ്പോലെ എഴുതാന്‍ ശീലിക്കണം' - മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെഴുതിയ ഒ. ചന്തുമേനോന്‍ മലയാള ചെറുകഥാസാഹിത്യത്തിന്റെ പിതാവ്  കേസരി
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെപ്പറ്റി മൂര്‍ക്കോത്ത് കുമാരനോട് പറഞ്ഞ വാക്കുകളാണിത്. മഹാകവി ഉള്ളൂര്‍ നായനാരെ അമേരിക്കന്‍ ഫലിതസാഹിത്യകാരനായ മാര്‍ക് ടൈ്വനിനോടാണ് ഉപമിച്ചിരിക്കുന്നത്. അത്രമേല്‍ ദീര്‍ഘവീക്ഷണവും, മൗലികതയും, സാഹിത്യബോധവും, നര്‍മ്മവും, പരിഹാസവും അടങ്ങിയ സാഹിത്യകാരനാണ്  കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. കൂടാതെ നിയമസഭാംഗവും, സാമൂഹിക പരിഷ്‌കരണവാദിയുമായിരുന്നു.  അദ്ദേഹം ഓര്‍മ്മയായിട്ട് 100 വര്‍ഷം തികയുകയാണ്.നൂറ് വര്‍ഷം മുമ്പ് അതായത്.1914 നവംബര്‍ 14 നാണ് മദ്രാസ് നിയമസഭയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീണാണ് ചെറുകഥാ പിതാവ് യാത്രയായത്. അദ്ദേഹം സൃഷ്ടിച്ച ചെറുകഥാ സ്മൃതികളല്ലാതെ അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മലയാളത്തെ സ്‌നേഹിക്കുന്നവര്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്നെ മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍ കേസരി അന്ത്യവിശ്രമം കൊള്ളുന്ന പാണപ്പുഴയിലെ സ്മൃതി മണ്ഡപത്തിനു സമീപം എത്തിയിട്ട് പോലും അവിടം സന്ദര്‍ശിക്കാതെ പോയതും ഇതിനൊരുദാഹരണമാണ്.
         1860ല്‍ തളിപ്പറമ്പ് വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസന്‍ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ജനിച്ചു. രണ്ടുപേരും അഭ്യസ്തവിദ്യര്‍. അതുകൊണ്ടുതന്നെ സംസ്‌കൃതത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പിലെ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെനിന്ന് വിട്ടശേഷം കോഴിക്കോട് കേരള വിദ്യാശാലയില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സായെങ്കിലും എഫ്.എ. പരീക്ഷക്ക് തോറ്റുപോയി. അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ലോഗന്‍സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം സെയ്ദാപ്പേട്ട കാര്‍ഷികകോളജില്‍ ചേര്‍ന്ന് കൃഷിശാസ്ത്രത്തില്‍  ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേര്‍പ്പെട്ട ഒന്നാമത്തെ മലബാറുകാരന്‍ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമന്‍ നായനാര്‍. കൃഷിയെക്കുറിച്ച് മാത്രമല്ല ഓട് നിര്‍മ്മാണം, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.
      1879ല്‍ തിരുവിതാംകൂറില്‍ നിന്നും പ്രസിദ്ധീകരിച്ച 'കേരളചന്ദ്രിക'യിലൂടെയാണ് 18ാം വയസ്സില്‍ നായനാര്‍ സാഹിത്യലോകത്തിലേക്ക് പ്രവേശിക്കുന്നത്. കോഴിക്കോടുനിന്ന് പുറപ്പെട്ടിരുന്ന കേരളപത്രികയില്‍ അദ്ദേഹം മുഖ്യലേഖകനായിരുന്നു. ജന്മി കുടുംബത്തിലെ കാരണവര്‍   കൂടിയായ നായനാര്‍ അനാചാരങ്ങളെ എതിര്‍ത്താണ്  പൊതുരംഗത്തേക്ക് വന്നത്.  നായര്‍ കുടുംബംങ്ങളിലെ കാരണവന്മാര്‍, അഴിമതിക്കാരയ ഉദ്യോഗസ്ഥര്‍ തുടങ്ങിയ പലര്‍ക്കും നായനാരുടെ തൂലികയുടെ പ്രഹരമേറ്റിട്ടുണ്ട് .കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ടണ്ട.്  കേരളസഞ്ചാരിയില്‍ നായനാര്‍ എഴുതിയ ഒന്നാമത്തെ മുഖപ്രസംഗം 'ലോകാസമസ്താസുഖിനോ ഭവന്തു' എന്നാണ്. കേരളസഞ്ചാരിയില്‍ എഴുതുമ്പോഴാണ് 'കേസരി' എന്ന തൂലികാനാമം സ്വീകരിച്ചത്. അതിനുപുറമെ ദേശാഭിമാനി, സ്വദേശമിത്രന്‍, വജ്രബാഹു, വജ്രസൂചി എന്നീ  തൂലികാനാമങ്ങളില്‍ ഭാഷാപോഷിണി, മിതവാദി, സരസ്വതി, ജനരഞ്ജിനി, കോഴിക്കോടന്‍ മനോരമ, മലയാള മനോരമ എന്നിവയിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്.
  മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ  'വാസനാവികൃതി' 1891ല്‍ വിദ്യാവിനോദിനിയിലാണ് പ്രസിദ്ധീകരിച്ചത്. കഥാപാത്രപ്രധാനവും, നര്‍മ്മരസപൂര്‍ണ്ണവുമാണ്. കഥാനായകന്‍ സ്വാനുഭവം വിവരിക്കുന്നതാണ് ഇതില്‍ സ്വീകരിച്ച ആഖ്യാനരീതി. 'ഇന്ദുലേഖ'പ്രസിദ്ധപ്പെടുത്തന രണ്ടു. കൊല്ലത്തിനിടയിലാണ്  വാസനാവികൃതിയും പ്രസിദ്ധപ്പെടുത്തിയത്.
     കഥാകൃത്ത് ടി.പദ്മനാഭന്‍ കേസരിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ :' മലയാള ചെറുകഥയിലെ വേരുതന്നെയാണ് കേസരി നായനാര്‍. കേസരിയെ നമ്മള്‍ ഒരിക്കലും മറക്കരുത്. ഇന്നത്തെ ഏത് സ്ഹിത്യകാരനെക്കാളും ഭാവനാവിലാസം കേസരിക്കുണ്ട്ായിരുന്നു. ഓരോ കഥയിലും പുതുമയുള്ള വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.'
     സംസ്‌കൃത പണ്ഡിതനും, ബ്രഹ്മവിദ്യാപ്രവീണനുമായ മമ്പറം കായലോടിനടുത്ത അറത്തില്‍ കണ്ടേണ്ടാത്ത് കണ്ണന്‍ നമ്പ്യാരുടെ മകള്‍ എ. സി. കല്ല്യാണി അമ്മയെയാണ് നായനാര്‍ കല്ല്യാണം കഴിച്ചത്. അതോടെ പയ്യന്നൂരിനടുത്ത പാണപ്പുഴയിലെ വേങ്ങയില്‍ തറവാട് വീടിനു പുറമെ  തലശ്ശേരിക്കും കതിരൂരിനുമിടയില്‍ കപ്പരട്ടി  എന്ന   വീടുണ്ടണ്ടാക്കി താമസം തുടങ്ങി. അദ്ദേഹത്തിന്റെ സ്മരണയെന്നപോലെ  'നായനാര്‍ റോഡ്' എന്നപേരിലാണ് ഇവിടം  അറിയപ്പെടുന്നത്. തലശ്ശേരി കൂത്തുപറമ്പ് റോഡിലാണിത്.
      കപ്പരട്ടി  വീട്
 നായനാര്‍ റോഡില്‍ കേസരി രണ്ട് വീട് പണിതു. ആദ്യം നിര്‍മ്മിച്ചത്

കപ്പരട്ടി ചെറിയ വീടാണ്. 120 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വീടിന് ഇന്നും ഒരു മാറ്റവും  വരുത്തിയിട്ടില്ല. നിലം പാകിയിരിക്കുന്നത് വിദേശത്തു നിന്നും ഇറക്കുമതിചെയ്ത ടൈലുകള്‍ കൊണ്ടാണ്. സ്വീകരണമുറി ഉള്‍പ്പെടുന്ന പ്രധാനഭാഗവും, ഇടനാഴിയും, പിന്നെ വടക്കിനിയും. അതുകഴിഞ്ഞാല്‍ കാര്യസ്ഥന്‍, വേലക്കാരന്‍, എന്നിവര്‍ക്കുതാമസിക്കാനുള്ള വീടും കെട്ടിപ്പടുത്ത കുളവും. .കുളത്തിന്റെ ചുമരില്‍ ഗജേന്ദ്രമോക്ഷം കഥ കൊത്തുപണിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ഇപ്പൊള്‍ താമസിക്കുന്നത് നായനാരുടെ മകന്‍
കെ. ടി. പ്രഹ്ലാദന്‍

പരേതനായ മേജര്‍ ഗോപാലന്‍ നമ്പ്യാരുടെ മകന്‍ കെ. ടി. പ്രഹ്ലാദനും കുടുംബവുമാണ്. നായനാരെ മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വേങ്ങയില്‍ തറവാട്ടിലെ കാര്യസ്ഥന്മാരും, കുടികിടപ്പുകാരും കൊടുത്ത പിച്ചളയിലുള്ള ഫലകം നായനാരുടെ ഛായാച്ചിത്രത്തിന് സമീപം നിധിപോലെ സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്.    
     ചെറിയ കപ്പരട്ടി വീടിന്   സൗകര്യം കുറവാണെന്ന് പറഞ്ഞ് നായനാര്‍ തൊട്ടടുത്തായി വലിയ കപ്പരട്ടി വീട് നിര്‍മ്മിച്ചു. വേങ്ങയില്‍ മഠം എന്നും വിളിക്കും. മൂന്ന് നില വീടായ ഇതിന് ചെറുതും, വലുതുമായി 120ല്‍ അധികം മുറികളുണ്ട്.തച്ചുശാസ്ത്രത്തിന്റെ അദ്ഭുതം എന്നുതന്നെ എന്നുതന്നെ ഇതിനെ വിശേഷിപിപക്കാം. ഇതിന്റെ പണി പൂര്‍ത്തിയാവുന്നതിനുമുമ്പ്  നായനാര്‍ മരണമടഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം ചില പ്രത്യേക സാഹചര്യത്താല്‍  വലിയ കപ്പരട്ടി  വീട് ആസ്പത്രിക്ക്  കൈമാറി. അവര്‍ അത് പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. പിന്നീട് വലിയ കപ്പരട്ടി വീട്  തലശ്ശേരി ബിഷപ്പ് ഏറ്റെടുത്തു. അവരുടെ ചില സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വീട് അതേ പ്രൗഢിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്


 പാണപ്പുഴ വീട്
      അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികാഘോഷഭാഗമായി 2012

 നായനാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന 
പാണപ്പുഴയിലെ തറവാട്ട് വീട്ടില്‍ 
നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിനരികില്‍
 മലയാള ഭാഷ പാഠശാല 
ഡയറക്ടര്‍ ടി.പി.ഭാസ്‌ക്കരപ്പൊതുവാളും, 
നായനാരുടെ ബന്ധു ഇന്ദിരയമ്മയും.
ജനവരിയില്‍ പയ്യന്നൂരിലെ മലയാള ഭാഷ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌ക്കരപ്പൊതുവാളും, നായനാരുടെ ബന്ധുക്കളും ചേര്‍ന്ന്  'കേസരിയുടെ കര്‍മ്മപഥങ്ങളിലൂടെയുള്ള തീര്‍ത്ഥയാത്ര' എന്ന പേരില്‍ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു.
തീര്‍ത്ഥയാത്രയുടെ ഒന്നാംഘട്ട പരിപാടിയെന്ന നിലയില്‍ 
പാണപ്പുഴയിലെ തറവാട്ട് വീട്ടില്‍ 2012 ജനവരിയില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ക്ക് സ്മൃതി മണ്ഡപം നിര്‍മ്മിച്ചു. നായനാര്‍ അന്ത്യ വിശ്രമം കൊള്ളുന്നതും ഇവിടെയാണ്.ദാമോദരന്‍ വെള്ളോറയാണ്. സ്മൃതി മണ്ഡപത്തിന്റെ ശില്പി. നായനാര്‍ നിര്‍മ്മിച്ച നാല് കെട്ട് വീടിന്റെ ചെറിയൊരു ഭാഗമേ ഇപ്പോള്‍ നിലവിലുള്ളൂ. നായനാരുടെ മകള്‍ മാധവിയമ്മയുടെ മകന്റെ മകളായ ഇന്ദിരയമ്മയാണ് ഇവിടെ താമസിക്കുന്നത്. 
പുളിയപ്പടമ്പ് ഇല്ലം
കേസരിയുടെ കുട്ടിക്കാലം കഴിച്ചുകൂട്ടിയ അച്ഛന്റെ ഇല്ലമാണ് തളിപ്പറമ്പിനടുത്ത   വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഇല്ലം.200 വര്‍ഷത്തിലധികം പഴക്കമുള്ള എട്ടുകെട്ട് ഇല്ലം ഇന്നും അതേപടി നിലനില്‍ക്കുന്നു. നായനാരുടെ അച്ഛനായ ഹരിദാസന്‍
സോമയാജിപ്പാടിന്റെ കാലത്ത് ഇവിടെ സോമയാഗം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്നും ഇവിടെയുണ്ട്. ഇവിടെ താമസിച്ചാണ് നായനാര്‍ തളിപ്പറമ്പിലെ ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കാന്‍ പോയത്.
      തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് പോയ ഹരിദാസന്‍ സോമയാജിപ്പാട് ക്ഷേത്രത്തിനകത്ത് നിന്ന് ശീട്ടു  കളിക്കുന്നതിനിടെ പിടികൂടുകയും,  വിശാഖം തിരുനാള്‍  മഹാരാജാവിന് മുന്നിലെത്തിക്കുകയും ചെയ്തു. . രാജാവ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ശീട്ടു  കളിക്കുകയല്ല,  ഓരോ ശീട്ടുമെടുത്ത് ഓരോ ഭഗവാനായി സങ്കല്‍പ്പിച്ച് ശ്ലോകം ചൊല്ലുകയാണ്.  ഓരോ ശീട്ടുമെടുത്ത് ശ്ലോകവും, അര്‍ത്ഥവും രാജാവിനും പറഞ്ഞു കൊടുത്തു.  ഇതില്‍ സന്തോഷവാനായ  വിശാഖം തിരുന്നാള്‍ ഒരു വെള്ളിക്കിണ്ടിയും, രണ്ട്
പട്ടക്കരയും കല്‍പിച്ചുകൊടുത്തു. അന്ന് കിട്ടിയ വെള്ളിക്കിണ്ടി
ഇന്നും
ഇല്ലത്ത് ഭദ്രന്മായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കിണ്ടി കിട്ടിയ സംഭവത്തെക്കുറിച്ച് നായനാര്‍ 'ശീട്ടുകളി' എന്ന ലേഖനത്തില്‍ വിശദമായി പറയുന്നുണ്ട്. പുളിയപ്പടമ്പ് ഇല്ലത്ത് അഡ്വ. കുബേരന്‍ നമ്പൂതിരിയും കുടുംബവുമാണ് താമസിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകന്‍
     1892ല്‍ നായനാര്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അംഗമായി. 1904ല്‍ തറവാട്ടില്‍ കാരണസ്ഥാനം കിട്ടിയപ്പോള്‍ രണ്ടുകൊല്ലത്തേയ്ക്ക് ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാനം ഉപേക്ഷിച്ചെങ്കിലും 1907 ല്‍ വീണ്ടും അംഗമായി.കോയമ്പത്തൂര്‍ കൃഷി വിദ്യാശാലയില്‍ അനുദ്യോഗസ്ഥാംഗമായും ഇംഗ്ലണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേസകസമിതിയില്‍ അംഗമായും
പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ചക്രവര്‍ത്തിയുടെ പട്ടാഭിഷേകോത്സവക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കീര്‍ത്തി മുദ്രനല്‍കി നായനാരെ ആദരിച്ചിരുന്നു. ബ്രിട്ടീഷ് വിരോധിയല്ലായിരുന്ന നായനാര്‍
നായനാരെ മദിരാശി ലെജിസ്ലേറ്റീവ് 
കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍
വേങ്ങയില്‍ തറവാട്ടിലെ കാര്യസ്ഥന്മാരും, 
കുടികിടപ്പുകാരും കൊടുത്ത പിച്ചളയിലുള്ള ഫലകം
അവരുടെ സംസ്‌കാരത്തിലെ നന്മകള്‍ ഉപയോഗപ്പെടുത്തി സമുദായപരിഷ്‌കരണത്തിന് ഉപയോഗിച്ചിരുന്നു. ജന്മി വ്യവസ്ഥയിലെ പല അനാചാരങ്ങളെയും പരസ്യമായി എതിര്‍ത്ത വിപ്ലവകാരികൂടിയാണ് നായനാര്‍.
     സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഏറെ എഴുതി. സ്വന്തം പെണ്‍മക്കളെ കോണ്‍വെന്റിലയച്ച് പഠിപ്പിക്കാനും അദ്ദേഹം തയ്യാറായി. പെണ്‍കുട്ടികള്‍ പഠിച്ചാല്‍ മാത്രം പോരാ  അവര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കണമെന്നും നായനാര്‍ പറഞ്ഞു.
     1912ല്‍ നായനാര്‍ മദിരാശി നിയമസഭയില്‍ അംഗമായി. മലബാര്‍, ദക്ഷിണ കര്‍ണ്ണാടകം, എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബര്‍ 14 ന് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹൃദയസ്തംഭനത്താല്‍ കുഴഞ്ഞുവീണ് മരിച്ചു

നായനാരുടെ മക്കള്‍
 നാല് ആണ്‍ മക്കളും, നാല് പെണ്‍ മക്കളുമാണുള്ളത്. എ. സി. നാരായണന്‍ നമ്പ്യാര്‍, മാധവന്‍, മേജര്‍ ഗോപാലന്‍ നമ്പ്യാര്‍, ക്യാപ്റ്റന്‍  ബാലകൃഷ്ണന്‍ നമ്പ്യാര്‍, മാധവിയമ്മ, നാരായണിയമ്മ, രോഹിണിയമ്മ, ലക്ഷ്മിയമ
     സുഭാഷ് ചന്ദ്രബോസിന്റെ ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് സ്വിസര്‍ലാന്‍ഡില്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്ന  എ. സി. നാരായണന്‍ നമ്പ്യാര്‍ നെഹറുവുമായി അടുത്ത ബന്ധം

മേജര്‍ ഗോപാലന്‍ നമ്പ്യാര്‍
പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി 'നാണുഅങ്കിള്‍' എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹം സരോജിനി നായിഡുവിന്റെ സഹോദരിയെയാണ് വിവാഹം ചെയ്തത്. ഒരുവര്‍ഷത്തിനു ശേഷം ബന്ധം പിരിഞ്ഞു. പിന്നീട് സ്വിസര്‍ലാന്‍ഡില്‍ കഴിഞ്ഞ . നാരായണന്‍ നമ്പ്യാരെ രാജീവ് ഗാന്ധി
പ്രധാനമന്ത്രിയായപ്പോള്‍ നേരിട്ട് കണ്ട് ഡല്‍ഹിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
     എ. സി. മാധവന്‍ എന്ന അറത്തില്‍ കണ്ടോത്ത് മാധവന്‍ ബ്രിട്ടീഷ് രേഖകളില്‍ കണ്ടോത്ത് എന്നത് കാന്‍ഡത്ത് എന്നായി മാറി  .പിന്നെ  എം. എ. കാന്‍ഡത്ത് എന്ന പേരിലാണ് അറിയപ്പെട്ടത്.ഡി. പി. ഐ ആയിരുന്നു.          
നായനാരുടെ കഥകള്‍ : വാസനാവികൃതി, മേനോക്കിയെ കൊന്നതാര്? , ദ്വാരക, എന്റെ അനുഭവം, മദിരാശിപ്പിത്തലാട്ടം, ഒരു പൊട്ടഭാഗ്യം, പരമാര്‍ത്ഥം, കഥയൊന്നുമല്ല
പ്രധാന ലേഖനങ്ങള്‍ :
 വൈദ്യം, നാട്ടെഴുത്തച്ഛന്‍, മരിച്ചാലത്തെ സുഖം, കപടവേദാന്തികള്‍, ശീട്ടുകളി , ഭ്രമം, മഹാകവികളുടെ ജീവകാലം, സ്വഭാഷ ആചാരപരിഷ്‌കാരം, കേരള ജന്മിസഭ, കൃഷി പരിഷ്‌കാരം.  

മലയാളത്തിലെ ആദ്യചെറുകഥ
വാസനാവികൃതി
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
  രാജശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യ ഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാള്‍ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എന്നെപ്പോലെ വിഡ്ഢിത്തം പ്രവര്‍ത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍ ചുരുക്കമായി രിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതില്‍ അപമാനമില്ല. അധികം ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാല്‍ തോല്‍പ്പിക്ക പ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താന്‍ തന്നെ ആപ ത്തിനുള്ള വല കെട്ടി ആ വലയില്‍ ചെന്നുചാടുന്നത് ദുസ്സഹമാ യിട്ടുള്ളതല്ല. എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്ന് ബുദ്ധിമാന്മാരായ കുട്ടികള്‍ക്കുകൂടി അറിയാവുന്നതായിരു ന്നാല്‍ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.
     എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥല ത്താണെന്നു മാത്രമേ ഇവിടെ പറയാന്‍ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടില്‍ ഒരു താവഴിക്കാര്‍ കറുത്തും വേറൊരു താവഴിക്കാര്‍ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാല്‍ നിറഭേദമു ള്ളത് ദേഹത്തിനല്ല മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാ ര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേര്‍തിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണ വന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദതാവഴിയിലാണ് എന്റെ ജനനം. ഇക്കണ്ടക്കുറുപ്പ്, രാമന്‍ നായര്‍ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരില്‍ ആദ്യം പറഞ്ഞ മനുഷ്യന്‍ എന്റെ നാലാം അച്ഛനാണ്. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു തന്നെയാകുന്നു ആ പേര് എനിക്കിട്ടിട്ടുള്ളതും. അതുകൊണ്ട് 'ദ്വേധാ നാരായണീയം'എന്നു പട്ടേരി പറഞ്ഞതുപോലെ മക്ക ത്തായ വഴിക്കും മരുമക്കത്തായ വഴിക്കും ഇനിക്കു കള്ളനാവാ നുള്ള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂര്‍ണമായി അറിവാന്‍ വേണ്ടി നാലാമച്ഛനായ ഇക്കണ്ടകുറുപ്പിന്റെ മുത്തച്ഛനായി രുന്നു ഇട്ടിനാരായണന്‍ നമ്പൂതിരിയെന്നു കൂടി ഇവിടെ പറയേ ണ്ടതായി വന്നിരിക്കുന്നു. ഇട്യാറാണന്റെ കഥ കേള്‍ക്കാത്ത വിഡ്ഢിയുണ്ടെങ്കില്‍ അവനായിട്ട് ഇതു ഞാന്‍ എഴുതുന്നില്ല. ബാല്യത്തില്‍ത്തന്നെ എന്നെ അമര്യാദതാവഴിയില്‍ നിന്നു വേര്‍പെടുത്തുവാന്‍ വീട്ടിലുള്ളവരില്‍ ചിലര്‍ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കില്‍ അവരുടെ പ്രയത്‌നക്കുറവല്ലെന്ന് ഞാന്‍ സത്യം ചെയ്ത് കയ്പീത്തുകൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുള്ളൂ. വിദ്യാഭ്യാസവിഷയത്തില്‍ ഞാന്‍ വലിയ മടിയനായിരുന്നു എന്ന് ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളില്‍ അധികം പേരും എന്നെക്കാള്‍ ബുദ്ധി കുറഞ്ഞവരായിരുന്നു എന്നുള്ളതിലേക്ക് ഞങ്ങളുടെ ഗുരുനാഥന്‍ തന്നെയാണ് സാക്ഷി. പത്തുകൊല്ലംകൊണ്ട് മുപ്പതുസര്‍ഗം കാവ്യം പഠിച്ച 'ഗണാഷ്ടകവ്യുല്‍പ്പത്തി' മാത്രമായി അവശേഷി ക്കുന്ന ഗംഭീരന്മാര്‍ മലയാളത്തില്‍ പലേടത്തും ഉണ്ട്. ഞാന്‍ അഞ്ചെട്ടു സര്‍ഗ്ഗം കാവ്യം പഠിച്ചിട്ടുണ്ട്. വ്യുല്‍പ്പന്നനായിയെന്ന് മേനി പറയത്തക്ക അറിവ് എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കില്‍ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുല്‍പ്പത്തി എനിക്കുണ്ടായി. ഇതു സമ്പാദി ച്ചപ്പോഴേക്കും രണ്ടുവഴിക്കും കൂടി കിട്ടീട്ടുള്ള വാസനകൊണ്ട് ഇതിലൊന്നിലും ഇനിക്കു മോഹമില്ലാതെ തീര്‍ന്നു.

കാടരികില്‍ വീടായതുകൊണ്ട് ഇടയ്ക്കിടെ കാട്ടില്‍പോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതി വന്നതിനാല്‍ ബാല്യം മുതല്‍ക്കു തന്നെ പേടി എന്ന ശബ്ദത്തിന് എന്നെ സംബന്ധി ച്ചിടത്തോളം അര്‍ഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തു തന്നെ കോണം കക്കാറും പ്രഹരം കൊള്ളാറും ഉണ്ട്. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ട് വന്‍തരത്തില്‍ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു. എന്റെ പ്രവൃത്തിയില്‍ ഞാന്‍ പിന്തുടര്‍ന്നിരുന്നത് നാലാം അച്ഛനെയല്ല. കളവ് ചെയ്യുന്നത് രണ്ടു വിധമാണ്. ഒന്ന് ദീവട്ടിക്കൊള്ള, മറ്റേത് ഒറ്റയ്ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടും പോലെയാകുന്നു. തെളിനാ യാട്ടായാല്‍ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാല്‍ അത് ഇവനു തന്നെ വെടിവയ്ക്കുവാന്‍ തരമാകുന്നത് നിശ്ചയമില്ല. പങ്കിട്ടു കിട്ടുന്ന ഓഹരിയും വളരെ ചുരുക്കമാ യിരിക്കും. മൃഗത്തിന്റെ ചോടു നോക്കി പോകുന്നതായാല്‍ കിട്ടുവാന്‍ താമസവും കണ്ടെത്തിയാല്‍ വൈഷമ്യവും ഉണ്ടെന്നു പറയുന്നതു ശരിയായിരിക്കാം. അസ്വാധീനത്തിങ്കലും വൈഷമ്യ ത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടായാല്‍ പ്രയോഗത്തിന്നു പങ്കുകാരില്ല. അതുകൊണ്ട് ഒറ്റയ്ക്കുള്ളതായിരിക്കുകയാണ് നല്ലത് എന്ന് എനിക്കു തോന്നി. നാലാമച്ഛന്‍ ഈ അഭിപ്രായ ക്കാരനായിരുന്നില്ല അദ്ദേഹം പ്രാചീനന്‍തന്നെ. !ഞാന്‍ നവീന നും. എന്നാല്‍ ഇട്യാറാണാന്‍ മുത്തച്ഛന്‍ തിരുമനസ്സുകൊണ്ട് എന്റെ മതക്കാരനായിരുന്നു. ഇത്രവളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിനു നവീനബുദ്ധിയുണ്ടായിരിക്കുന്നത് വിചാരിക്കു മ്പോള്‍ ഇദ്ദേഹ ത്തിനെ അമാനുഷന്‍ എന്ന് ഇരിങ്ങാലക്കുട ഗ്രാമക്കാര്‍ പറയുന്നത് അത്ര കഷ്ടമല്ല.
   വീട്ടില്‍നിന്നു ചാടിപ്പോന്നതില്‍പ്പിന്നെ അഞ്ചു കൊല്ലത്തോളം ഞാന്‍ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക് കൊച്ചി രാജ്യ ത്ത് പുതിയ പോലീസ് ഏര്‍പ്പെടുത്തി. അക്കാലത്ത് തൃശ്ശിവപേരൂ ര്‍ക്ക് സമീപം ഒരു ദിക്കില്‍ ഞാനൊരു കളവുനടത്തി. അത് ഗന്തര്‍ സായ്പിന്റെ പരിവാരങ്ങള്‍ക്ക് അശേഷം രസമായി ല്ലപോല്‍. കളവുണ്ടായത് ഒരില്ലത്താണ്.
     ഗൃഹസ്ഥന്റെ മകനാ യിരുന്നു എനിക്ക് ഒറ്റ്. ഈ കള്ളന്‍ പാശികളിക്കാരനായിരുന്നു. അതില്‍ വളരെ കടം പറ്റി. വീട്ടുന്നതിന് നിവൃത്തിയും ഉണ്ടായി രുന്നില്ല. എന്നിട്ടാണ് എന്നെ ശരണം പ്രാപിച്ചത്. അച്ഛന്‍ നമ്പൂതിരി ഉണരാതിരിപ്പാന്‍ കറുപ്പുകൂടിയ മരുന്നു ഞാന്‍ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അതു വൈകുന്നേരത്തെ പാലിലി ട്ടുകൊടുപ്പാനാണ് ശട്ടം കെട്ടിയിരുന്നത്. നാലില്‍ ഒന്നു മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം താക്കീതു ചെയ്തിട്ടുണ്ടായിരുന്നു. അകത്തുകടന്ന് ഒതുക്കാവുന്നതെല്ലാം ഞാന്‍ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്ക്കല്‍ ഒരു ആഭരണപ്പെട്ടി വച്ചിരുന്നതും തട്ടണമെന്ന് കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാ ണ് ഉണരുന്നത്? ഒരിക്കലും ഉണരാത്ത ഉറക്കമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ആ മഹന്‍ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന് ഒരു തടസ്സവും വരരുതെന്നു വിചാരിച്ച് ഞാന്‍ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടു കൊടുത്തു. ഞാന്‍ എടുത്ത മുതലില്‍ ആഭരണപ്പെട്ടി മുഴുവന്‍ എന്റെ സ്‌നേഹിതയായ കല്ല്യാണിക്കുട്ടിക്കു കൊടുത്തു. അവള്‍ക്കു എന്നേയും എനിക്ക് അവളേയും വളരെ അനുരാഗമു ണ്ടായി രുന്നു. പെട്ടിയില്‍ നിന്ന് ഒരു പൂവെച്ചമോതിരം എടുത്ത് ഒരു ദിവസം രാത്രി എന്റെ എടത്തെക്കൈയിന്റെ മോതിരവിരലി ന്മേല്‍ ഇടുവിച്ചു. അതു മുതല്‍ക്ക് ആ മോതിരത്തെപ്പറ്റി ഇനിക്ക് അതിപ്രേമമായിരുന്നു. കുറച്ചു ഊരാഞ്ചാടിയായിരുന്നാലും ഞാന്‍ കയ്യില്‍ നിന്ന് ഊരാറില്ല.
     നമ്പൂതിരിയുടെ ഇല്ലത്തെ കളവുകവിഞ്ഞതില്‍ വച്ച് എന്റെ മേല്‍ പോലീസ്സുക്കാര്‍ക്ക് സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂ ര്‍ തലേക്കെട്ടും കളവുപോയി. അടുത്തകാലത്തിന്നുള്ളില്‍ വേറെ രണ്ടു മൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാം കൂടി ഇനിക്കവിടെ ഇരിപ്പാന്‍ തരമില്ലെന്നുതോന്നി. കുറച്ചുദിവസത്തേക്ക് ഒഴിഞ്ഞു പോകണമെന്നു നിശ്ചയിച്ച് മദിരാശിക്ക് പുറപ്പെട്ടു. അവിടെച്ചെ ന്നാല്‍ യാതൊരു വിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല. എന്റെ ഒരു കോടതിപൂട്ടല്‍പ്പോലെ വിചാരിച്ചാണ് ഞാന്‍ പുറപ്പെട്ടത്. കോടതി പൂട്ടിയാല്‍ പിന്നെ ഉദ്യോഗസ്ഥന്മാര്‍ക്ക് സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴില്‍. അതുപോലെ ഞാനും ചെയ്വാന്‍ നിശ്ചയിച്ചു. മദിരാശിയില്‍ നിന്ന് ഒരു മാസത്തോളം കാഴ്ച കണ്ടുനിന്നു. ഒരു ദിവസം ഗുജിലിത്തെരുവില്‍ ചെന്നപ്പോള്‍ അതിസൗഭാഗ്യവതിയായ തേവിടിശ്ശി സാമാനം വാങ്ങുവാന്‍ വന്നിരുന്നു. അപ്പോള്‍ ആ പീടികയില്‍ കുറച്ചു ജനത്തിരിക്കും ഉണ്ടായി. അതിനിടയില്‍ ഒരു വിഡ്ഢ്യാന്‍ പകുതിവായയും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കിനിന്നിരുന്നു. ഈ മന്നന്റെ നില കണ്ടപ്പോള്‍ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വച്ചിരുന്ന നിശ്ചയം തല്‍ക്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റില്‍ എന്റെ എടത്തെ കയ്യിട്ടു. ഈ ജാതി കളവില്‍ സാമര്‍ഥ്യമുണ്ടാകണമെങ്കില്‍ അര്‍ജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടുകൈകൊണ്ടും ഒരുപോലെ പ്രയോ ഗിപ്പാന്‍ സാമര്‍ഥ്യം ഇല്ലാഞ്ഞാല്‍ പലതരങ്ങളും തെറ്റിപ്പോകു വാന്‍ ഇടയുണ്ട്. പോക്കറ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാന്‍ വലത്തോട്ട് മാറി മടങ്ങിപ്പോരികയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് രാത്രി കിടന്നുറങ്ങുമ്പോള്‍ കല്ല്യാണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നു. ഏകസംബന്ധിജ്ഞാനമപരസംബന്ധി സ്മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓര്‍മവന്നു. തപ്പിനോക്കിയപ്പോള്‍ കൈയിന്മേല്‍ കണ്ടില്ല. ഇനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാള്‍ കാലത്തെ എഴുന്നേറ്റ് തലേ ദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. പോലീസ് സ്‌റ്റേഷനില്‍ ചെന്ന് അറിവ് കൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തില്‍ വരുവാന്‍ സംഗതിയുണ്ടെന്നു കരുതിയാണ് ആ കഥയില്ലായ്മ പ്രവര്‍ത്തിച്ചത്.
     അന്നു ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോണ്‍സ്റ്റബിള്‍ ഞാന്‍ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോള്‍ത്തന്നെ എന്റെ മോതിരം കിട്ടിയെന്ന് എനിക്കു തോന്നി. മടക്കിത്ത രുവാനുള്ള മടികണ്ടപ്പോള്‍ വല്ല സമ്മാനവും കിട്ടണമെന്നാണെ ന്നു വിചാരിച്ചു ഞാന്‍ അഞ്ചുറുപ്പിക കയ്യിലെടുത്തു. 'ഈ മോതിരം എന്റെ കൈയ്യില്‍ വന്നത് എങ്ങനെയാണെന്നു നിങ്ങള്‍ക്കു മനസ്സിലായോ' എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു. ഇനിക്ക് ഓര്‍മവ ന്നപ്പോള്‍ കൈവിലങ്ങും വച്ച് ദേഹപരിശോധനകഴിച്ച് പോക്കറ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് മേശപ്പുറത്തു തന്നെ വച്ചിരിക്കുന്നു. ഈ വിഡ്ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ച് ഞാനിതാ പുറത്തുവ ന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാന്‍ ഇനി ഈ തൊഴിലി ല്‍ ഇരുന്നാല്‍ നാലാമച്ഛന് അപമാനമേയുള്ളൂ. കളവു ചീത്ത യാണെന്നല്ലേ എല്ലാവരും പറയുന്നത്. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ. ഇതുവരെ ചെയ്ത പാപമോ ചനത്തിനും മേലില്‍ തോന്നാതിരിപ്പാനും വേണ്ടി ഗംഗാസ്‌നാനവും വിശ്വനാഥദര്‍ശനവും ചെയ്യട്ടെ. പണ്ടു മുത്തശ്ശി സന്ധ്യാസ മയത്ത് ചൊല്ലാറുണ്ട്:
'ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ
പുനന്തി പാപം ന ലുനന്തി വാസനാം
അനന്തസേവാ തു നികൃന്തതി ദ്വയീ
മിതിപ്രഭോ ത്വല്‍പുരുഷാ ബഭാഷിരെ.'
(ഒപ്പ്)
ഇക്കണ്ടക്കുറുപ്പ്

******************************************************* 

150-ാം ജന്മ വാര്‍ഷികാഘോഷഭാഗമായി 
2012 ജനവരിയില്‍ ശില്‍പശാലയും 
സാഹിത്യോത്സവവും കേന്ദ്ര മന്ത്രി 
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. 
സാംസ്‌കാരിക വകുപ്പ് മന്ത്രി 

കെ. സി. ജോസഫ്,പ്രതിപക്ഷ 
ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ 
എന്നിവര്‍ സമീപംവലിയ കപ്പരട്ടി വീടിന്റെ അകത്തളം

ബുധനാഴ്‌ച, ഒക്‌ടോബർ 01, 2014

Akalekkozhukunna Puzha by Pushpa Sajeenthran

 അകലേക്കൊഴുകുന്ന പുഴ അഥവാ 
ഒരു പെണ്ണിന്റെ ആത്മകഥ
ഗ്രാമീണഗൃഹാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ പഷ്പാ സജീന്ദ്രന്‍ എഴുതിയ പ്രഥമ നോവലാണ് 'അകലേക്കൊഴുകുന്ന പുഴ' .കടുത്ത സാമ്പത്തിക പരാധീനതയും,കുടുംബാന്തരീക്ഷത്തിലെ ലിംഗവിവേചനവും,
പുരുഷാധിപത്യവും അനുഭവിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭവ കഥയാണ് നോവലിലൂടെ പറയുന്നത്.
   .പിറന്നു വീഴുന്ന ഓരോകുട്ടിക്കും പഠിച്ചുവളരാനുള്ള അവകാശം കുടുംബത്തിന്റെയും, സമൂഹത്തിന്റെയും ബാധ്യതയാണ്.പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് ബോധപൂര്‍വ്വം മറക്കുന്ന കുടുംബത്തിനും,സമൂഹത്തിനും എതിരെ നിശ്ശബ്ദ വിപ്ലവം നയിക്കുകയാണ്  രോഹിണിക്കുട്ടി എന്ന കഥാനായിക . സ്ത്രീയെ രണ്ടാംതരമായി കാണുന്ന ചില പുരുഷാധിപത്യവും, അതില്‍നിന്നുടലെടുക്കുന്ന അധിക്ഷേപ വാക്കുകളും നായികയുടെ വിപ്ലവത്തിന് വീര്യം കൂട്ടുന്നതായി നോവലില്‍ ഉടനീളം കാണാനാവും. പ്രതികൂല സാഹചര്യങ്ങളോട് യുദ്ധം ചെയ്ത് വിദ്യാഭ്യാസം നേടി സ്‌കൂള്‍ അധ്യാപികയായി ജോലി സമ്പാതിക്കുന്നു.അപ്പോള്‍ അവിടെയും ചില പ്രതിബന്ധങ്ങള്‍ തലപൊക്കുന്നു.തന്റെ മനക്കരുത്തുകൊണ്ട് അതല്ലാം അതിജീവിച്ച് മാതൃകാധ്യാപികയായി മാറുന്നതാണ് നോവലിന്റെ ഇതിവൃത്തം.
     സ്വാതന്ത്ര്യവും, സ്‌നേഹവും മക്കള്‍ക്ക് കൊടുക്കേണ്ട മാതാപിതാക്കള്‍ പെണ്‍കുട്ടിയായതിനാല്‍ അവളെ ക്രൂരമായ വാക്കുകള്‍ പറഞ്ഞ് മാനസികമായി പീഢിപ്പിച്ചു. കൂടാതെ ചെറുപ്രായത്തില്‍ തന്നെ പല ഘട്ടങ്ങളിലായി കുടുംബഭാരം മുഴുവന്‍ അവളില്‍ ചുമത്തുന്നു.ഇതൊക്കെ അവളില്‍ ഏറെ വിദ്വേഷവും വളര്‍ത്തി. പക്ഷെ അച്ഛനമ്മമാരെ തന്റെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താനോ, അവരെ സ്‌നേഹിക്കാതിരിക്കാനോ അവള്‍ക്ക് കഴിഞ്ഞില്ല എന്നു മാത്രവുമല്ല അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നതിനാലാണ് രോഹിണിക്കുട്ടിയെ വായനക്കാരന്‍ നെഞ്ചിലേറ്റുന്നത്.
     പെണ്‍കുട്ടികള്‍ പഠിക്കുന്നതിലും, ജോലി നേടുന്നതിലും താല്പര്യമില്ലാത്ത ആളായിരുന്നു രോഹിണിക്കുട്ടിയുടെ അച്ഛന്‍. അധ്യാപികയായി ജോലി  ലഭിച്ച് ശമ്പളം അച്ഛന്റെ കൈയ്യില്‍ ഏല്പിക്കുമ്പോള്‍ 'ഓട്ടക്കയ്യാണെങ്കിലും മക്കളുടെ പണം വാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ട്' എന്ന് അച്ഛന്‍ പറയുമ്പോള്‍ മകളുടെ അഭിമാനവും, അച്ഛന്റെ കുറ്റസമ്മതവും ഒരുപോലെ
വായനക്കാരനനുഭവപ്പെടും. ഇത്തരത്തിലുള്ള ചില പ്രയോഗങ്ങള്‍ വായനക്ക് സുഖം തരുന്നു.496 പേജുള്ള നോവലില്‍ 25 അധ്യായങ്ങളാണുള്ളത്. തലശ്ശേരി, വടകര മേഖലകളിലെ ഗ്രാമീണഭാഷയാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്.പൂര്‍ണ്ണമായും  സ്ത്രീപക്ഷനോവല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് 'അകലേക്കൊഴുകുന്ന പുഴ' എന്ന നോവലും. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ റിട്ട.പ്രൊഫ.എം.സജീന്ദ്രന്റെ ഭാര്യയും, പാട്യം വെസ്റ്റ് യു.പി.സ്‌കൂളിലെ അധ്യാപികയുമാണ് പഷ്പാ സജീന്ദ്രന്‍. 

     ( 2015 മാര്‍ച്ച് 31 ന് പുഷ്പ സജീന്ദ്രന്‍ എന്ന കഥാകാരി ഈ ലോകത്തോട് വിടപറഞ്ഞു.)

വ്യാഴാഴ്‌ച, സെപ്റ്റംബർ 18, 2014

K.V.ANOOP

കെ.വി.അനൂപ് : വായനക്കാരെ പ്രതികരിക്കാനും, 
        പ്രകോപിപ്പിക്കാനും ശ്രമിച്ച കഥാകാരന്‍
'കഥ കേട്ടുവളര്‍ന്ന ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്.അമ്മയുടെ വീട്ടില്‍ പോയാല്‍ അമ്മയുടെ അച്ഛന്‍ കഥ പറഞ്ഞുതരാന്‍ വിളിക്കും.ആദ്യമൊക്കെ ഉത്സാഹത്തോടെ ഓടിച്ചെല്ലുമായിരുന്നു. പുരാണകഥകള്‍ അതിനകം ചിത്രകഥകളില്‍ നിന്നും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരുന്നു.അയല്‍പക്കത്തെ
മാമന്‍മാര്‍ക്കും, ഏട്ടന്‍മാര്‍ക്കും വേണ്ടിയായിരുന്നു വായന.അവര്‍ ബീഡി തെരുത്തു കൊണ്ടിരിക്കും ഞാന്‍ നോവല്‍ ഉറക്കെ വായിക്കും.
     ആദ്യമൊക്കെ വായിച്ചു കൊടുക്കുന്നതൊന്നും എന്ിക്ക് മനസ്സിലായിരുന്നില്ല.പിന്നെപ്പിന്നെ എനിക്കുവേണ്ടിത്തന്നെ ഞാനവ വായിക്കാന്‍ തുടങ്ങി.കൗമാര പ്രായത്തില്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങളാണ് എന്നെ എഴുത്തുകാരനാക്കിയത്.
     വായനക്കാരെ സന്തോഷിപ്പിക്കുന്ന കഥകള്‍ ധാരാളമുണ്ടാവുമ്പോള്‍ , കഥകളിലൂടെ അവരെ പ്രകോപിപ്പിക്കാനും, പ്രതികരിപ്പിക്കാനും കഴിയണം അതാണ് എന്റെ വിശ്വാസവും ആഗ്രഹവും '- 2014 സപ്തംബര്‍ 15 തിങ്കളാഴ്ച രാവിലെ അന്തരിച്ച കഥാകൃത്തും, മാതൃഭുമി ചീഫ് സബ് എഡിറ്ററുമായ കെ.വി.അനൂപ് ഒരിക്കല്‍ ഞാന്‍ എങ്ങനെ എഴുത്തുകാരനായി എന്നതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

'പുതിയ കഥാകാരന്‍മാരുടെ കൂട്ടത്തില്‍ ഔന്നത്യം കാത്തുസൂക്ഷിച്ച എഴുത്തുകാരനാണ് എന്റെ പ്രിയ സുഹൃത്ത് അനൂപ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവയാണ് അനൂപിന്റെ മിക്ക കഥകളും. വായനക്കാരന്‍ മറന്നു പോകുമോ എന്നാശങ്കപ്പെട്ട് എന്തെങ്കിലും എഴുതിക്കൂട്ടണം എന്ന ദുശ്ശീലം അനൂപിനുണ്ടായിരുന്നില്ല. സ്വന്തം കഴിവിനെക്കുറിച്ച് ആരോഗ്യകരമായ ആത്മവിശ്വാസമുള്ളതുകൊണ്ടാവാമിത്.    
   പൊതുവെ നമ്മുടെ കഥാകൃത്തുക്കള്‍ പ്രശസ്തിയും, അംഗീകാരവും
ദിനേശന്‍ കരിപ്പള്ളി
നേടാനായി രഹസ്യമായോ, പരസ്യമായോ 'ഓപ്പറേഷനുകള്‍' നടത്തുന്ന കാലമാണിത്. പക്ഷെ    അത്തരം 'ഓപ്പറേഷനുകള്‍' ഒരിക്കലും അനൂപ് നടത്തിയിട്ടില്ല. പരിമിതങ്ങളായ അംഗീകാരങ്ങളല്ലാംഅനൂപിന് അര്‍ഹതപ്പെട്ടു തന്നെ വന്നു ചേര്‍ന്നതാണ്.സുഹൃത്ത് എന്ന നിലയില്‍ അന്തസ്സായ പെരുമാറ്റമാണ് എന്നും അനൂപില്‍ നിന്നും ഉണ്ടായിട്ടുള്ളൂ.' മാതൃഭൂമിയിലെ സീനിയര്‍് സബ് എഡിറ്ററും സഹപ്രവര്‍ത്തകനും കഥാകാരനുമായ ദിനേശന്‍ കരിപ്പള്ളി വേദനയോടെ പറഞ്ഞു.  
     കഥാകൃത്ത് ടി.കെ.അനില്‍കുമാര്‍ ആനൂപിനെ ഓര്‍ത്തത് ഇങ്ങനെയാണ് :'ചോരപ്പുഴകള്‍ എന്ന എന്റെ നോവല്‍ ആദ്യം വായിച്ച സുഹൃത്താണ് കെ.വി.അനൂപ്. നോവല്‍ അനൂപിനെക്കൊണ്ടു തന്നെ ആദ്യം വായിപ്പിക്കാന്‍ കാരണം അനൂപിന്റെ അഭിപ്രായം സുഖിപ്പിക്കലിന്റെയോ,
ടി.കെ.അനില്‍കുമാര്‍
സന്തോഷിപ്പിക്കുന്നതിന്റെയോ അയിരിക്കില്ലെന്ന് എനിക്കറിയാം. അനൂപിന്റെ അഭിപ്രായം എഴുത്തുകാരന്‍ എന്ന നിലയില്‍
ആത്മപരിശോധനയ്ക്ക് ഉതകുന്നതാണ്. ഗുണങ്ങളും പരിമിതികളുംപറഞ്ഞുതരും.അത് അവന്റെ മാത്രം ക്വാളിറ്റിയാണ്.അനൂപിന്റെ കാലഘട്ടത്തില്‍ എഴുതുന്ന ഞങ്ങളെപ്പോലെയുള്ളവരെ എഴുതിപ്പിക്കാന്‍ എപ്പോഴും അനൂപ് ശ്രമിക്കാറുണ്ട്.അത് ഞങ്ങള്‍ക്കും ആവേശം തരുന്നതാണ്.'  
  'അനൂപിന്റെ കൈയ്യക്ഷരം ഒരിക്കലും മറക്കാനാവില്ല. പ്രിന്റ് ചെയ്തത് പോലെയാണത്.അക്കാലത്ത് ഇറങ്ങിയ എസ്.എന്‍ കോളജ് മാഗസിനുകള്‍ക്ക് അനൂപ് ടച്ചുണ്ടായിരുന്നു. തമാശകള്‍ പറയുമ്പോള്‍ പോലും വാക്കുകളുടെ സൗന്ദര്യം മനോഹരമായിരുന്നു. കണ്ണൂര്‍ എസ്.എന്‍ കോളജില്‍ പഠിക്കുമ്പോള്‍ കോളജിലെ ഒരു താരം തന്നെയായിരുന്നു അനൂപ്. ഇടതുപക്ഷ രാഷട്രീയചായിവുള്ള അനൂപ് കോളജില്‍ സക്രിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് അനൂപ് എഴുത്തിലൂടെയാണ് തന്റെ രാഷ്ട്രീയം അറിയിച്ചത്. സൗമ്യശീലനായ സുഹൃത്ത് എന്നതിലുപരി വ്യക്തി ബന്ധം എന്നും ഉടയാതെ കാത്തുസൂക്ഷിച്ച വ്യക്തികൂടിയാണ് എന്റെ അനൂപ്'. - കോളജ് സഹപാഠിയായും, അധ്യാപകനുമായ  ചുണ്ടങ്ങാപ്പൊയിലിലെ തോട്ടത്തി രഞ്ജിത്ത് പറയുന്നു.
     2014 ജൂണ്‍ 14 നാണ് അനൂപിന് അവസാനമായി കിട്ടിയ അംഗീകാരം. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ
വി.വി.കെ.പുരസ്‌കാരമാണ്.25000 രൂപയും, ശില്പവും, വര്‍ഗ്ഗീസ് കളത്തിന്റെ പെയന്റിങ്ങുമാണ് പുരസ്‌കാരം.'കാഴ്ചക്കുള്ള വിഭവങ്ങള്‍' .എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്.   അവാര്‍ഡ് അനൂപിന് സമ്മാനിച്ചത് ചലചിത്ര നടനും, കഥാകാരനുമായ മധുപാലാണ്. അനൂപിന്റെ കഥകള്‍ രാഷ്ട്രീയ ബോധം വളര്‍ത്തുവയാണെന്നാണ് അനൂപിന്റെ കഥകളെക്കുറിച്ച് മധുപാല്‍ പറഞ്ഞത്.കഥാകൃത്തും, അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റിയംഗവുമായ
യു.കെ.കുമാരനാണ്  'കാഴ്ചക്കുള്ള വിഭവങ്ങള്‍' എന്ന പുരസ്‌കാരം നേടിയ കൃതി പരിചയപ്പെടുത്തിയത്.

. 1972 ഏപ്രില്‍ 25ന് കൂത്തുപറമ്പിനടുത്ത മൂര്യാട് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്‍,
രക്തസാക്ഷി, ലയണല്‍ മെസ്സി; താരോദയത്തിന്റെ കഥ എന്നിവയാണ് അനൂപ് രചിച്ച പുസ്തകങ്ങള്‍.
'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്‌മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
  .സാധാരണ കവിതകള്‍ക്ക് മാത്രം നല്കിയിരുന്ന വി.വി.കെ പുരസ്‌കാരം ഇത്തവണയാണ് കഥകള്‍ക്ക് നല്കാന്‍ തീരുമാനിച്ചത്.അത് ആദ്യമായി കഥാകൃത്ത് എന്ന നിലയില്‍ അനൂപിന് ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്.
    പുരസ്‌കാരം വാങ്ങിക്കാനായി അനുപിനോടൊപ്പം അമ്മ, ഭാര്യ, മകള്‍,അമ്മാമന്‍മാരായ ഗോവിന്ദന്‍ മാസ്റ്റര്‍, ശശി മാസ്റ്റര്‍ എിവരും, മറ്റ് ബന്ധുക്കളും, സുഹൃത്തുക്കളും കതിരൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍

എത്തിയിരുു.പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അനൂപ് പതിനഞ്ച് മിനുട്ടുലധികം സമയം സംസാരിച്ചിരുന്നു. എന്റെ നാട്ടില്‍ നിന്ന് ആദ്യമായും അതും കവി വി.വി.കെ.യുടെ പേരില്‍ ലഭിക്കുന്ന പുരസ്‌കാരത്തിന് അര്‍ഹനായതില്‍ വളരെ സന്തോഷമുണ്ടെന്നും മറുപടിയായി പറഞ്ഞിരുന്നു
  ആ ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുന്‍ മന്ത്രി എം.എ.ബേബി എം.എല്‍.എ.യാണ്.ആ വേദിയില്‍ വെച്ചാണ് 'ഓരോരുത്തരും എത്ര

സംസ്‌കാര സമ്പരാണെന്ന് മനസ്സിലാക്കാന്‍ അവരുടെ ഭാഷാ പ്രയോഗത്തിലൂടെ കഴിയുമെ വിവാദ പ്രസംഗം നടത്തിയത്. പിന്നീട് ഇത് ബേബിയുടെ കതിരൂര്‍ പ്രസംഗം എന്ന പേരിലാണറിയപ്പെട്ടത്.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 21, 2014

Kolathunadu nalvazhi charitham - C.I.K.V.Babu

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എഴുതിയ ചരിത്ര പുസ്തകം ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം
ടി പി ചന്ദ്രശേഖരന്‍ വധവും തുടര്‍ുള്ള പോലീസ് അന്വേഷണവും കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂത്തുപറമ്പില്‍ ഒരു പ്രമുഖ
രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോള്‍ നേതാവ് പറഞ്ഞു ''കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ. വി.ബാബു ചരിത്രം പഠിക്കണം'. രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് നേതാവിന് സി.ഐ.കെ.വി.ബാബു മറുപടിയായി നല്കിയത്  അദ്ദേഹം രചിച്ച 'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന ചരിത്ര പുസ്തകം.ചരിത്രം പഠിക്കുക മാത്രമായിരുന്നില്ല അത് അക്ഷരങ്ങളിലൂടെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തി. .അതിനൊരംഗീകാരം എന്ന നിലയില്‍  കണ്ണൂര്‍ സര്‍വ്വകലാശാല പാഠപുസ്തകവുമാക്കി. കണ്ണൂര്‍ കൊയ്യം സ്വദേശിയും, ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ കെ.വി.ബാബുവിന്റെ ' കോലത്തുനാട് നാള്‍വഴി ചരിതം' എന്ന ചരിത്രാന്വേഷണ പുസ്തകത്തിനാണ് ഡോ.ജയചന്ദ്രന്‍ കീഴോത്ത് ചെയര്‍മാനായിട്ടുള്ള യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകാരം നല്കിയത്.
     ''ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും,ചരിത്രവും ആ പ്രദേശത്തിന്റെ കുറ്റകൃത്യങ്ങളുമായി നേരിട്ടുബന്ധപ്പെട്ടുകിടക്കുന്ന ഘടകങ്ങളാണ്. പോലീസ് ജോലിയുടെ ഭാഗമായി ഒരു കൗതുകത്തിനാരംഭിച്ച പ്രാദേശിക ചരിത്ര പഠനം ക്രമേണ ഗൗരവമുള്ളതായിത്തീരുകയായിരുന്നു.ഇങ്ങനെ ലഭിച്ച അറിവുകള്‍ പ്രദേശത്തെ കുറ്റകൃത്യങ്ങളെ തടയുന്നതിനുമാത്രമല്ല പ്രദേശത്തെ ജനതയുമായി ഒരാത്മബന്ധം സ്ഥാപിക്കുന്നതിനും അത് സഹായകമായി. ഇതെന്റെ പോലീസ് ജോലികളില്‍ കുറച്ചൊന്നുമല്ല സഹായിച്ചത്'' - ബാബു പറഞ്ഞു.
     ഓരോ പ്രദേശത്തിന്റെയും ചരിത്രം വളരെ വിശദമായി പഠിച്ചാല്‍ അതിന്റെ പിന്തുടര്‍ച്ച തന്നെയായിരിക്കും പുതിയ കാലത്തും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാം. ഉദാഹരണമായി പറയാം  ' കോട്ടയം രാജ്യത്തില്‍ ധാരാളം കാണാനാവുന്ന ക്ഷേത്രങ്ങളിലൊന്നാണ് യുദ്ധവീരനായ വേട്ടക്കൊരുമകന്‍ ക്ഷേത്രം. മാവിലാക്കാവിലെ അടിയുത്സവം, പടുവിലായിക്കാവിലെ തേങ്ങപിടുത്തം, അണ്ടലൂര്‍ക്കാവിലെ ദൈവത്താറുടെ യുദ്ധം എന്നിവ പ്രദേശത്തിന് പൂര്‍വ്വികമായി കൈവന്ന സമര വീര്യമാണ്. എന്റെ പോലീസ് കണ്ണിലൂടെ  വീക്ഷിക്കമ്പോള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന യുദ്ധോത്സുകതയും, കായിക പാരമ്പര്യവും, ആദര്‍ശധീരതയുമാണ്  ആധുനിക കാലത്ത് പോലും ഈ പ്രദേശത്തെ സംഘര്‍ഷത്തിന്റെയും, സംഘട്ടനത്തിന്റെയും വേദിയാക്കി മാറ്റാന്‍ ഇടയാക്കിയത്.'
     ഏഴിമല ആസ്ഥാനമായി മൂഷികവംശമെന്ന് ആദ്യകാലങ്ങളിലും, കോലത്തിരിമാര്‍ എന്ന പേരില്‍ പിന്നീടും അറിയപ്പെട്ട രാജവംശഭരണം നടത്തിയ ഉത്തരകേരളം കോലത്തുനാട് എന്നറിയപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ തറയും,നാട്ടുകൂട്ടങ്ങളും പുകള്‍പെറ്റ തിണയും നിലനിന്നിരുന്ന ഈപ്രദേശം ഒട്ടനവധി വൈദേശിക പടയോട്ടങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്  .' ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ പുസ്തകത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചരിത്രം അന്വേഷിക്കുമ്പോള്‍ യഥാര്‍ത്ഥ സത്യത്തെ അതിവേഗം തിരിച്ചറിയാനാവും.അത് നിങ്ങള്‍ക്ക് എന്റെ പുസ്തകം വായിച്ചാല്‍ മനസ്സിലാവും..'
ഇനി  'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന പുസ്തകത്തിലൂടെ
  'പൂര്‍വ്വ പഠനങ്ങളില്‍ പ്രധാനം എറിക് ജെ മില്ലറുടെ കോലത്തുനാടന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു.  അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപന രീതിയാണ് ബാബു കൈക്കൊണ്ടിട്ടുള്ളത്. ഇവിടെ ഗ്രാമീണ സമൂഹങ്ങളുടെ വിന്യാസ രീതിയല്ല,അനേകം ഗ്രാമങ്ങള്‍ ചേര്‍ന്ന് ഒരുനാടിന്റെ ചരിത്രമാണ് പ്രതിപാദ്യം. അതിനൊപ്പിച്ചു ഭൂപ്രകൃതി, ആവാസവ്യവസ്ഥ, തൊഴില്‍കൂട്ടായമകളുടെ സാന്നിധ്യം, ഉത്പാദനരൂപങ്ങള്‍ , സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവധ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്നു. ഈ വിവരണം ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിന്റെ വിവരണമോ വിശദീകരണമോ അല്ല. മറിച്ച് ഒരു ഭൂപ്രദേശത്തിന്റെ ചരിത്ര പഠനത്തിന് ഒഴിച്ച്കൂടാത്ത വിഷയങ്ങളുടെ സമാഹരണവും ക്രമീകരണവുമാണ്. ദേശചരിത്രത്തിനെന്നപോലെ ഈ പ്രാദേശിക ചരിത്രത്തിനും, വസ്തുതകളുടെയും.സംഭവങ്ങളുടെയും തെരഞ്ഞെടുപ്പും ക്രമീകരണവും ആവശ്യമുണ്ട്. അത് ആവുന്നത്ര ഇവിടെ പാലിച്ചതായി കാണാം. പൊതുവെ പ്രാദേശിക ചരിത്ര പഠനങ്ങള്‍ ചെയ്യുന്നതുപോലെ പ്രദേശത്തിന്റെ ചരിത്രം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആഖ്യാനമായി ചുരുങ്ങുന്നില്ല. എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത' അവതാരിക എഴുതിയ ചരിത്ര പണ്ഡിതനും, ഗ്രന്ഥകാരനുമായ ഡോ. എം.ആര്‍.രാഘവവാരിയര്‍ കുറിച്ചിട്ട വരികളാണിത്.
     312 പേജുള്ള പുസ്തകത്തില്‍ 32 അധ്യായങ്ങളാണുള്ളത്. 'കോലത്തുനാട് - ചരിത്രമുറങ്ങുന്ന നാട്' എന്നതാണ് ആദ്യ അധ്യായം.      കേരളത്തിലെ ഏറ്റവും പഴയനാട് എന്ന് വിശേഷിപ്പിക്കുന്നത് കോലത്തുനാടിനെയാണ്.കോലത്തുനാട്ടില്‍ നിന്നും ലഭിച്ച പുരാതന റോമന്‍ നാണയങ്ങള്‍ തെളിയിക്കുന്നത് റോമാക്കാരും ഏഴിമല രാജാക്കന്മാരും തമ്മിലുണ്ടായിരുന്ന ചരിത്രാതീത കാലത്തിലെ വ്യാപാരത്തെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോമന്‍ നാണയങ്ങള്‍ കിട്ടിയത് കണ്ണൂര്‍ ജില്ലയിലെ കോട്ടയത്തുനിന്നാണ്. ഏറ്റവും മികച്ച കുരുമുളക് ഉല്പാദിപ്പിക്കുന്ന പ്രദേശം എന്ന പ്രത്യേകത കൂടി കോട്ടയത്തിനുണ്ട്.
     കേരളത്തില്‍ നിലനിന്നിരുന്ന ആയോധനകലയായ കളരിപ്പയറ്റിന് 'വടക്കന്‍ ശൈലി' തന്നെ രൂപപ്പെടുത്തിയ പ്രദേശാണ് കോലത്തുനാട്. പുരുഷന്മാര്‍ക്കൊപ്പം ഇവിടുത്തെ സ്ത്രീകളും കളരിപ്പയറ്റ് അഭ്യസിച്ചിരുന്നു. കര്‍ഷക സമൂഹത്തിന്റെ പാരമ്പര്യകലയാണ് പൂരക്കളി. ശിവന്റെയും വിഷ്ണുവിന്റയും അപദാനമാണ് പൂരക്കളി പാട്ടിലെ ഇതിവൃത്തം.ഈ അധ്യായത്തിലൂടെ കോലത്തുനാടിന്റെ ചെറുചരിത്രം വായനക്കാരന് മനസ്സിലാവും.
     ഏഴിമല രാജ്യം എന്ന അധ്യായത്തില്‍ ഏഴിമല രാജ്യത്തിന്റെ ഉത്ഭവവും, മൂഷിക വംശത്തിന്റെ ആവിര്‍ഭാവവും, ഐതിഹ്യവും, രാജാക്കന്മാരെക്കുറിച്ചുമാണ് പറയുന്നത്.ഋഷഭശൃംഗാദ്രിയില്‍ ചെന്ന് മൃതസഞ്ജീവിനി തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഹനുമാന്‍ ആ മലയും പറിച്ചെടുത്ത് ലങ്ക ലക്ഷ്യമാക്കിയിട്ടുള്ള ആകാശയാത്രക്കിടയില്‍ ഏഴ് കൊച്ചുമലകള്‍ അടര്‍ന്ന് താഴേക്ക് പതിച്ചു. ഈ മലകളാണത്രെ 'ഏഴിമല'യെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം.
    ആധുനിക കാലഘട്ടത്തില്‍ കടലിനോടൊരുമ്മിനില്ക്കുന്ന ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രധാന്യം മനസ്സിലാക്കിയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഇവിടെ സ്ഥാപിച്ചത്. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായതും വംശനാശഭീഷണി നേരിടുന്നതുമായ ഒട്ടനവധി ജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും ഇവിടം ശ്രദ്ധേയമാണ്.
     മൂഷികവംശത്തിലെ 118-ാമത്തെ രാജാവായ ശ്രീകണ്ഠന്‍ പണിതതാണ് മലയോര നഗരമായ ശ്രീകണ്ഠാപുരം. ശ്രീകണ്ഠാപുരത്തുനിന്നാണ് കുരുമുളക്, ഏലം, നെല്ല് എന്നിവ കയറ്റുമതി ചെയതിരുന്നത്.ഇന്ത്യയില്‍ ആദ്യമായി സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതും ആദ്യത്തെ രജിസ്ട്രാഫീസ് സ്ഥാപിച്ചതും കോലത്തുനാട്ടില്‍പ്പെട്ട അഞ്ചരക്കണ്ടിയിലാണ്.വടക്ക് നേത്രാവതി മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശമാണ് കോലത്തുനാട്. കോലത്തിരി എന്നത് രാജാവിന്റെ സ്ഥാനപ്പേരാണ്.
     കോലത്തുനാടും തിരുവിതാംകൂറും,കോലത്തുനാടും ലക്ഷദ്വീപും എന്നീ അധ്യായങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചാണ് പറയുന്നത്.
     'കോലത്തുനാടും നാട്ടും കോട്ടയം രാജവംശവും കോട്ടയം രാജവംശത്തിന്റെ ഉത്ഭവകഥ' എന്നതില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിതമ്പുരാന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് മലബാര്‍ നോര്‍ത്തേണ്‍ ഡിവിഷന്‍ സബ് കലക്ടറായിരുന്ന ടി.എച്ച് ബാബര്‍ പുല്‍പ്പള്ളി ക്യാമ്പില്‍ നിന്ന് പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ കത്താണ്.
     'കോലത്ത്‌നാട് 8 മുതല്‍ 15 വരെ നൂറ്റാണ്ടുകളില്‍ ' എന്നതില്‍ ആര്യന്മാരുടെ ആഗമനത്തോടെ കോലത്തുനാട്ടില്‍ നിലനിന്നിരുന്ന സാമൂഹ്യഘടന,ജാതി വ്യവസ്ഥ, സാമന്തന്മരുടെ ഐതിഹ്യം,കൃഷി,സാമൂഹ്യ ബന്ധങ്ങള്‍, ഭാഷ, സംസ്‌കാരം ,ക്ഷേത്രം, ആരാധന,ക്ഷേത്രകലകള്‍,ഭൂ പ്രകൃതി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
     'കോലത്തുനാടിന്റെ കളരി പാരമ്പര്യം' എന്നതില്‍ കളരിയുടെ ഉത്ഭവവും,ഐതിഹ്യവും കളരി സമ്പ്രദായങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരാതനകേരളത്തില്‍ കായിക പരിശീലനത്തിനും ആയുധപരിശീലനത്തിനുമുള്ള കേന്ദ്രങ്ങളാണ് കളരികള്‍. 'ഖലൂരിക' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് കളരി ഉത്ഭവിച്ചത്.പരമശിവന്റെ താണ്ഡവനൃത്തമാണ് കളരിയുടെ ചുവടുകളായി പരിണമിച്ചത്. ശിവന്റെ ശിഷ്യനായ പരശുരാമന്‍ ഈ അഭ്യാസമുറകള്‍ ഹൃദിസ്ഥമാക്കുകയും ഇവ തന്റെ 21 ശിഷ്യന്മാര്‍ക്ക് പകര്‍ന്ന് നല്കുകയും ചെയ്തു. 108 കളരികള്‍ സ്ഥാപിച്ച പരമശിവന്‍ അവിടങ്ങളില്‍ കാളിപ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതിഹ്യം.പൊന്ന്യത്തങ്കക്കളരി ശാസ്ത്ര വിധി പ്രകാരം നിര്‍മ്മിച്ച കോലത്തുനാട്ടിലെ ഏക അങ്കക്കളരിയാണ്.കോലത്തുനാടിന്റെ സാമൂഹ്യ ജീവിതത്തില്‍ കളരിപ്പയറ്റ് എന്ന ആയോധനകല വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുദ്ധദേവതകളെ ആരാധിക്കുന്ന പതിവ് കോലത്തുനാട്ടിലുണ്ടായിരുന്നു. അതിനുള്ള തെളിവാണ് പയ്യമ്പള്ളി ചന്തു, തച്ചോളി ഒതേനന്‍ എന്നീ തെയ്യക്കോലങ്ങള്‍. 

      'കോലത്തുനാട്ടിലെ പ്രമുഖ ജാതി വിഭാഗങ്ങള്‍' എന്നതില്‍ തീയ്യര്‍, പുലയര്‍,നായര്‍,വണ്ണാന്‍,മലയന്‍,കണിയാന്‍,ആശാരി,ശാലിയന്‍ എന്നിവരെക്കുറിച്ചാണ് വിശദമായി പ്രതിപാദിച്ചിട്ടുള്ളത്.
തീയ്യര്‍ : കോലത്തുനാട്ടിലെ ജനസംഖ്യയില്‍ മുന്‍തൂക്കം നില്ക്കുന്ന വിഭാഗമാണ് തീയ്യര്‍.കള്ള് ചെത്ത് കുലത്തോഴിലായി സ്വീകരിച്ചവര്‍.നായര്‍ ഗൃഹങ്ങളില്‍ മരണം സംഭവിച്ചാല്‍ മരണ വിവരം വേണ്ടപ്പെട്ടവരെ അറിയിക്കുക മുതല്‍ വിറകൊരുക്കി ശവദാഹം നടത്തുന്നതുവരെയുള്ള ചുമതലകള്‍ തിയ്യന്റെതാണ്. തീയൊരുക്കുന്നവരായതുകൊണ്ട് തീയ്യരായി എന്നൊരു ഐതിഹ്യമുണ്ട്. തിയ്യര്‍ സിലോണില്‍ നിന്നുവന്നു എന്ന വിശ്വാസമുണ്ട്. കൂടാതെ ബുദ്ധ -ജൈന മതങ്ങളുടെ അപചയത്തോടെ ഹൈന്ദവരായി മാറിയവരാണ് ഈഴവര്‍ എന്ന പ്രബലമായ അഭിപ്രായം നിലവിലുണ്ട്. തലശ്ശേരി ഭാഗങ്ങളിലാണ് തീയ്യ വിഭാഗത്തിന്റെ ആദ്യ കുടിയേറ്റ കേന്ദ്രം.
പുലയര്‍ : കോലത്തുനാട്ടിലെ ആദിമ നിവാസികളാണ്. കോലത്തുനാട്ടില്‍ കൃഷിപ്പണിക്കായിരുന്നു ഇവരെ ഉപയോഗിച്ചിരുന്നത്. വളരെ ശോചനീയമായിരുന്നു എല്ലാ നിലകളിലും ഇവരുടെ സ്ഥിതി.
നായര്‍ :നായന്മാര്‍ക്കിടയില്‍ ഒട്ടേറെ അവാന്തര വിഭാഗങ്ങളുണ്ട്. ഒരു നായര്‍ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം അവാന്തര വിഭാഗത്തില്‍പ്പെട്ട നായന്മാര്‍ ഭക്ഷിക്കില്ല.  അവാന്തര വിഭാഗത്തില്‍പ്പെട്ട നായന്മാര്‍ ഒരേ പന്തിയിലിരുന്ന് ആഹാരം കഴിക്കില്ല. കോലത്തുനാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരു നായര്‍ വിഭാഗമാണ് 'നമ്പ്യാര്‍മാര്‍'. നായര്‍ യുവതികളില്‍ നമ്പൂതിരി സംബന്ധത്തില്‍ ജനിക്കുന്നവരെയാണ് നമ്പ്യാന്മാര്‍ എന്ന പേരിലറിയപ്പെടുന്നത്. ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ നായന്മരാണ് മുമ്പന്‍.
വണ്ണാന്‍ : ദൈവാരാധനയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുനിന്ന് വന്നവരാണ് വണ്ണാന്മാര്‍ ദ്രാവിഡരില്‍വര്‍ണ്ണത്തോടുകൂടി സംസാരിക്കുന്നതുകൊണ്ടാണ് ഇവരെ 'വര്‍ണ്ണാന്‍' എന്നു വിളിച്ചു വന്നത്.
മലയന്‍ : തെയ്യം,മന്ത്രവാദം എന്നീ കുലത്തൊഴിലുകളില്‍ ഏര്‍പ്പെടുന്ന വിഭാഗമാണ്. പൊതുവെ ശബ്ദ ശുദ്ധിയുള്ളവരാകയാല്‍ മികച്ച ഗായകരാണിവര്‍.
കണിയാന്‍ : ഇവര്‍ കണിയാന്‍, കണിശന്‍, കണിയാര്‍, ഗണകന്‍ എന്നല്ലാം അറിയപ്പെടുന്നു.കുട്ടികളെ എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നവരാണിവര്‍ . ജ്യോതിഷവും, ജാതകം എഴുത്തും കണിശന്റെ ജന്മാവകാശമാണ്. കോലത്തരചന്‍ ഇവരെ 'പെരുങ്കണിശന്‍' പട്ടം നല്കി ആദരിക്കാറുണ്ട്.
ആശാരി : ആശാരിമാര്‍ അയിത്ത ജാതിക്കാര്‍ ആയിരുന്നെങ്കിലും മുഴക്കോല്‍ കൈയ്യിലുണ്ടങ്കില്‍ അമ്പലത്തിനകത്ത് കയറുന്നതിന് അവകാശമുണ്ട്. ആദ്യകാലത്തുതന്നെ ആശാരിമാര്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയവരാണ്.
ശാലിയന്‍ : സാമൂതിരി തമിഴ്‌നാട്ടില്‍ നിന്നുകൊണ്ടുവന്ന് പാര്‍പ്പിച്ചവരാണിവര്‍. വസ്ത്ര നിര്‍മ്മാണവും, വ്യാപാരവുമാണ് മുഖ്യതൊഴില്‍.ഇവരുടെ സങ്കേതങ്ങളെ ചാലിയതെരുവ് എന്നാണ് അറിയപ്പെടുന്നത്.

     കേരളത്തിലെ ഏറ്റവും പ്രാചീനമായ അനുഷ്ഠാന കലയായതെയ്യത്തിന്റെ ഉത്ഭവ ഭൂമിയാണ് കോലത്തുനാട്. ഇവിടെ അമ്പലങ്ങള്‍ നിര്‍മ്മിക്കപ്പെട്ട കാലത്തിനു മുമ്പെ തോയ്യക്കോലങ്ങള്‍ കെട്ടിയാടിയിരുന്നു. തെയ്യവും, കോലത്തുനാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതാണ്  'തെയ്യം - കോലത്തുനാടിന്റെ സ്വന്തം അനുഷ്ഠാനകല' എന്നതില്‍. ചോന്നമ്മ,മാക്കം, തോട്ടിന്‍കര ഭഗവതി, പുതിയഭഗവതി, കതിവന്നൂര്‍ വീരന്‍, മുച്ചിലോട്ട് ഭഗവതി, പൊട്ടന്‍ തെയ്യം, വിഷകണ്ടന്‍ തെയ്യം, മുത്തപ്പന്‍ എന്നീ തെയ്യങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല ഐതിഹ്യവും, ചൈതന്യവും പ്രത്യേകം എടുത്തു പറയുന്നുണ്ട്.
     കോലത്തുനാട്ടിലെ  പല സ്ഥലങ്ങളും ഒരുകാലത്ത് ബുദ്ധമത കേന്ദ്രങ്ങളോ ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളോ ആയിരുന്നു. ഇതിനെക്കുറിച്ചുള്ള ഒരു പഠനം തന്നെയാണ് 'തെയ്യങ്ങളില്‍ ബുദ്ധമതത്തിന്റെയും, ആര്യമതത്തിന്റെയും സ്വാധീനം' . ബുദ്ധമതത്തെ ഏറ്റവും ജനകീയമാക്കിയത് അവര്‍ ആയുര്‍വേദത്തോടൊപ്പം പ്രാണചികിത്സയും പ്രചരിപ്പിച്ചിരുന്നു.അതില്‍ നിന്ന് ഉടലെടുത്തതാണ് മരുന്നും മന്ത്രവും എന്ന പ്രയോഗം.  തെയ്യക്കോലങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കുന്ന സമയത്ത് കുത്തുവിളക്കിലെ ദീപത്തിനുമേല്‍ കൈവെള്ള വെച്ചതിനു ശേഷം , നെഞ്ചിന്റെ മധ്യഭാഗത്ത് (ഹൃദയചക്രത്തില്‍) സ്വല്പനേരം സ്പര്‍ശിച്ച് ഭക്തന്റെ

നെഞ്ചിലും, നെറുകയിലും അനുഗ്രഹിക്കുന്നതുകാണാം. ലോകവ്യാപകമായി ഇന്നു വളര്‍ന്നു പ്രചരിച്ചുകൊണ്ടിരിക്കുന്ന 'പ്രാണക് ഹീലിങ്ങ് ' എന്ന ജീവശക്തി ചികിത്സയുടെ പ്രാക്തന രൂപം തന്നെയാണിത്.ഭക്തനിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ വകഞ്ഞുമാറ്റി ശക്തമായ പോസറ്റീവ് ഊര്‍ജ്ജം നല്കുകയാണിവിടെ. പ്രധാന തെയ്യമായ മുത്തപ്പന്‍ ദൈവത്തില്‍ ഇത് കുറേകൂടി തെളിഞ്ഞ് കാണാം.മഞ്ഞളും, നൂറും അണുനാശകങ്ങളും നെഗറ്റീവ് ചൈതന്യത്തെ നശിപ്പിക്കുവാന്‍ കെല്പുള്ളതുമാണ്.
     തളിപ്പറമ്പ്, വളഭട്ടണം, ശ്രീകണ്ഠാപുരം, ചെങ്ങളായി, പാപ്പിനിശ്ശേരി, പളളിക്കുന്ന് പയ്യന്നൂര്‍, കണ്ണൂര്‍,ഇരിക്കൂര്‍, തലശ്ശേരി, ധര്‍മ്മപട്ടണം, ചെറുകുന്ന്, കൊട്ടിയൂര്‍ മാടായി എന്നീ സ്ഥലങ്ങളെക്കുറിച്ചുള്ള ചരിത്രം ആധുനിക കാലഘട്ടവുമായി ചേര്‍ത്തുകൊണ്ടുള്ള വിവരണമാണ് 14 അധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതില്‍ 'പ്ടാരന്‍മാര്‍' എന്ന വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. ശാകതേയ കര്‍മ്മം നടത്തുന്ന ബ്രാഹ്മണരാണ് പ്ടാരന്‍മാര്‍.ഇവര്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നവരാണ്.മാടായിക്കാവ്, ഇരിക്കൂറിലെ മാമാനത്തമ്പലം, വളപട്ടണത്തെ കളരിവാതുക്കല്‍, നീലേശ്വരത്ത് മന്ദംപുറത്തുക്കാവ്, കൂത്തുപറമ്പിലെ തിരുവഞ്ചാരിക്കാവ്, എന്നിവിടങ്ങളിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ പൂജാരികളാണിവര്‍.
     കേരളത്തിലെ ഏക മുസ്ലിം നാടുവാഴികളാണ് അറക്കല്‍ രാജവംശം.അറക്കല്‍ രാജവംശത്തെക്കുറിച്ചും, രാജാക്കന്മാരെക്കുറിച്ചുമാണ് 'അറക്കല്‍ രാജവംശം' എന്നതില്‍ പറയുന്നത്. മാലിദ്വീപുകള്‍, ലക്ഷദ്വീപുകള്‍ എന്നീ പ്രദേശങ്ങളുടെ മേല്‍ അറക്കല്‍ രാജവംശത്തിന് ആധിപത്യമുണ്ടായിരുന്നതിനാല്‍ സുസജ്ജമായൊരു നാവിക വിഭാഗത്തെ അറക്കല്‍ കുടുംബക്കാര്‍ നിലനിര്‍ത്തിയിരുന്നു.
     കോലത്തുനാട്ടിലെ സാമാന്തന്മാര്‍,വിദേശികളുടെ ആഗമനം, ഹൈദരിന്റെയും, ടിപ്പുവിന്റെയും പടയോട്ടം, മൈസൂര്‍ അധിനിവേശം വരുത്തിയ മാറ്റങ്ങള്‍, ക്രിസ്തുമതവും കോലത്തുനാടും കുടിയേറ്റവും, കര്‍ഷക പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം എന്നിവയാണ് മറ്റ് അധ്യായങ്ങള്‍.
     അവസാന അധ്യായമാണ് 'കോട്ടയവും കൂത്തുപറമ്പും' . കോട്ടയം രാജവംശം നിലവില്‍ വരുന്നതിന് മുമ്പ് ഈ പ്രദേശങ്ങള്‍ കോലത്തിരിയുടെ അധീനതയിലായിരുന്നു. കോട്ടയം രാജാക്കന്മാരെ 'പുറനാട്ടടികള്‍' എന്നാണ് വിളിച്ചത്. പുറത്തു നിന്ന് വന്നവര്‍ എന്നാണര്‍ത്ഥം. വടക്കന്‍ കേരളത്തിലെ ഏക ക്ഷത്രിയ രാജവംശമാണ് കോട്ടയം രാജവംശം.
     കേരളത്തില്‍ ഇതുവരെയായി കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ്ണ നാണയ ശേഖരം കിട്ടിയ കോട്ടയം അങ്ങാടി പുരാതനകാലത്തുതന്നെ അറബികള്‍ പ്രധാന കച്ചവട കേന്ദ്രമാക്കിയിരുന്നു.
     വടക്കേ മലബാറിലെ ഏറ്റവും വലിയ ക്ഷേത്രമാണ് കോട്ടയം തൃക്കൈക്കുന്ന് ശിവക്ഷേത്രം. ക്ഷേത്രത്തില്‍ ശ്രദ്ധേയങ്ങളായ നിരവധി ശില്പങ്ങളുണ്ട്. ബലിക്കല്‍ പുരയില്‍ നിരവധി രതിചിത്രങ്ങളുണ്ട്. സംഭോഗം മുതല്‍ സ്ത്രീ പ്രസവിക്കുന്നതു വരെയുള്ള രംഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. അശ്വാരൂഢനായ അയ്യപ്പന്റെ പ്രതിഷ്ഠയുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കിഴക്ക് ദര്‍ശനമായി പാര്‍ത്ഥസാരഥിയായ ശ്രീകൃഷ്ണനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൂത്തുപറമ്പ് എന്ന് ഇന്നറിയപ്പെടുന്ന പ്രദേശം തൃക്കൈക്കുന്ന് ക്ഷേത്രത്തിലെ വാര്‍ഷിക കൂത്ത് നടത്തിയിരുന്ന സ്ഥലമാണ്
     പഴശ്ശിയുടെ വിശ്വസ്തനായി അന്ത്യ നിമിഷം വരെ നിലകൊണ്ട മാക്കത്തിന്റെ സഹോദരന്‍ കൈതേരി അമ്പു ഇന്ത്യയുടെ സ്വതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടാതെ പോയ ധീരദേശാഭിമാനിയായിരുന്നു.
     വടക്കേ മലബാറിന്റെ തന്നെ ആയോധനകലയുടെ സിരാകേന്ദ്രമാണ് കതിരൂര്‍. സൂര്യനാരായണ ക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.കോട്ടയം തമ്പുരാന്റെ 42കളരികള്‍ക്കും, പന്തീരായിരത്തി ഒരുന്നൂറ് നായര്‍ പടയാളികള്‍ക്കും ഭീഷ്മാചാര്യനായിരുന്ന കതിരൂര്‍ ഗുരുക്കള്‍.ഗുരുക്കളും തച്ചോളി ഒതേനനും,  തമ്മില്‍ നടന്ന പൊയ്തില്‍ പൂഴിക്കടകന്‍ എന്ന കള്ളച്ചുവടിനാല്‍ അടിപതറിവീണ് വീരമൃത്യുവരിച്ച കതിരൂര്‍ ഗുരുക്കളുടെ ജന്മഭൂമിയും, കര്‍മ്മഭൂമിയാണിവിടം.കുംഭം 10,11 തിയ്യതികളിലാണ് പൊന്ന്യം ഏഴരക്കണ്ടത്തില്‍ പൊയ്ത്ത് നടന്നത്.കതിരൂര്‍ ഗുരുക്കളുടെ ശിഷ്യന്മാരില്‍ പ്രധാനികള്‍ അയിത്ത ജാതിയില്‍പ്പെട്ട ചുണ്ട് പെരുമലയനും, മുസല്‍മാനായ മായന്‍പക്കിയുമായിരുന്നു.
 ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് കൂത്തുപറമ്പ് ഭാഗത്തെ പുരാതന ക്ഷേത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. വടക്കന്‍ കേരളത്തില്‍ ഏറ്റവുമധികം കളരികള്‍ സ്ഥിതിചെയ്യുന്ന പ്രദേശവും ഇതുതന്നെയാണ്. എണ്ണത്തില്‍ കുറവായ നായര്‍പടയാളികള്‍ ടിപ്പുവിന്റെ വന്‍ സൈന്യത്തെ അരിഞ്ഞുതളളി വിജയമാഘോഷിച്ചത് രേഖപ്പെടുത്തിയ ചരിത്ര സത്യവുമാണ്. .
     'കോലത്തുനാട്ടിലെ മറ്റ് രാജാക്കന്മാരും, പഴശ്ശിക്ക് ഇക്കാലത്ത് പിന്തുണ നല്കിയിരുന്നുവെങ്കില്‍ ഭാരത ചരിത്രം തന്നെ മറ്റൊരു രീതിയിലായി മാറുമായിരുന്നു.' - എന്നൊരു നിരീക്ഷണത്തോടെയാണ് ബാബു പുസ്തകം അവസാനിപ്പിച്ചത്.
     2003 ഫിബ്രവരി 19 ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന ആദിവാസി സമരത്തിനിടയില്‍ മരണപ്പെട്ട സഹോദരന്‍ കൂടിയായ മാങ്ങാട്ടുപറമ്പ്

കെ.എ.പി.ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ കെ.വി.വിനോദിനാണ് ബാബു 'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
     തെയ്യം- കോലത്തുനാടിന്റെ സ്വന്തം അനുഷ്ഠാന കല മുതല്‍ മാടായി - സംസ്‌കാരങ്ങളുടെ സംഗമ ഭൂമി എന്നുവരെയുള്ള 15 അധ്യായങ്ങളാണ് മലയാളം രണ്ടാം ഭാഷയായി എടുത്തിട്ടുള്ള ബി.കോം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യവിഷയമാക്കിയിട്ടുള്ളത്.
     ശ്രീകണ്ഠാപുരത്തിനടുത്ത് കൊയ്യത്തെ ടി.പി. കുഞ്ഞിരാമന്റെയും, കെ.വി.നാരായണിയുടെയും മകനാണ് ബാബു. കൊയ്യം ഗവ. ഹൈസ്‌കൂള്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എന്നിവിടങ്ങളില്‍ പഠനം. തുടര്‍ന്ന് 1991 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 2003 ഒക്ടോബര്‍ ഒന്നിന് കേരളാ പോലീസില്‍ സബ് ഇന്‍സ്പകടറായി സെലക്ഷന്‍
നേടി. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, പേരാമ്പ്ര, കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍, ധര്‍മ്മടം, കുടിയാന്മല, ആലക്കോട് കാസര്‍ഗോഡ് ജില്ലയിലെ ബേക്കലിലും സബ് ഇന്‍സ്പകടറായി  ജോലി ചെയ്തു. ഇപ്പോള്‍ ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍.ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ 2010 ലെ ജനമിത്ര അവാര്‍ഡിനര്‍ഹനായി.ആലക്കോട് സബ് ഇന്‍സ്പക്ടറായിരിക്കുമ്പോള്‍ ' വൈതല്‍മല ചരിത്ര പശ്ചാത്തലവും ടൂറിസം സാധ്യതകളും' എന്ന പുസ്തകവും രചിച്ചുട്ടുണ്ട്.  ഭാര്യ : സുധ, മക്കള്‍ : ദൃശ്യ, മേഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍ )
     2013 ഫിബ്രവരിയില്‍ കൂത്തുപറമ്പ് മാറോളിഘട്ടില്‍ വെച്ച് കഥാകൃത്ത്
എം.മുകുന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. 2014 ല്‍ രണ്ടാം പതിപ്പ്  കൂത്തുപറമ്പ് മാറോളിഘട്ടില്‍ വെച്ച് തന്നെ കഥാകൃത്ത് പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. കണ്ണൂരിലെ കൈരളി ബുക്‌സാണ്  'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന പുസ്തകത്തിന്റെ പ്രസാധകര്‍. വില : 300 രൂപ.  
Photo and Text : G.V.Rakesh 

 അഴിമുഖം ഔണ്‍ലൈന്‍ മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനമാണിത്.
നിങ്ങള്‍ അഴിമുഖം ഔണ്‍ലൈന്‍ മാഗസീന്‍ വായനക്കാരനാവുകഞായറാഴ്‌ച, ജൂലൈ 27, 2014


'കപ്പല്‍ വ്യവസായം ഇന്നു തുടരുകയായിരുന്നുവെങ്കില്‍ കേയി കുടുംബം ടാറ്റയെക്കാള്‍ മികച്ച വ്യവസായികളായിരുന്നേനെ'- പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.കെ.കെ.എന്‍. കുറുപ്പ് തലശ്ശേരിയിലെ കേയീ കുടുംബാംഗമായ അഡ്വ.സി.ഒ.ടി. ഉമ്മറിനോട് പറഞ്ഞതാണിത്.കൂടുതല്‍ അറിയെന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയുക

http://www.azhimukham.com/news/1715/keyee-family-thalasery-islam-history-odathil-mosque-ramzan-kerala#.U9S0Q_UthVA.gmail

വെള്ളിയാഴ്‌ച, ജൂലൈ 04, 2014

K.Gangadhara marar -M.K.Muneer

മാരാരുടെ ചിത്രം വരച്ചത് മന്ത്രി  
മുനീര്‍
ആസിഡ് ബള്‍ബ് എറിഞ്ഞ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചയാളിന്റെ ചിത്രത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ തൂലികയിലൂടെ പുനര്‍ജ്ജനി. 
ഡോ.എം.കെ.മുനീര്‍ വരച്ച
മാരാരുടെ രേഖാചിത്രം
തലശ്ശേരി ഐ.ബി.യില്‍ വെച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ ആസിഡ് ബള്‍ബ് എറിഞ്ഞ് പരിക്കേല്പിച്ച ഒറ്റയാന്‍ വിപ്ലവകാരി കതിരൂര്‍ കക്കറയിലെ കെ.ഗംഗാധരമാരാരെയാണ് സി.എച്ചിന്റെ മകനും മന്ത്രിയുമായ ഡോ.എം.കെ.മുനീര്‍ വരച്ചത്.     തലശ്ശേരി സ്ലിം ബുക്‌സ് പുറത്തിറക്കുന്ന ഗംഗാധരമാരാര്‍ സ്മരണികയുടെ പുറം ചട്ടക്കുവേണ്ടിയാണ് മുനീര്‍ മാരാരുടെ രേഖാചിത്രം വരച്ചത്. 
    1962ല്‍ തലശ്ശേരി കോടതി വരാന്തയില്‍ വെച്ച് പി.ആര്‍ കുറുപ്പിനെ മാരാര്‍ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്പിച്ചിരുന്നു. കുറുപ്പിന്റെ മകനും മന്ത്രിയുമായ കെ.പി.മോഹനനും സ്മരണികയില്‍ എഴുതുന്നുണ്ട്. 

 Text : G.V.Rakesh

(2004 സപ്തംബര്‍ 17 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത.സ്മരണിക ഇന്നേവരെ പുറത്തിറങ്ങിയിട്ടില്ല )

ബുധനാഴ്‌ച, ജൂലൈ 02, 2014

പി.സുരേന്ദ്രന്‍ എന്ന റഫറി

ദേശീയ താരങ്ങളെ നിയന്ത്രിച്ച
 കൊളച്ചേരിക്കാരന്‍
ഫുട്‌ബോള്‍ കളിക്കാരെയും, അവരുടെ ഗോളുകളും, ഫൗളുകളും, കളികളും ഫുട്‌ബോള്‍ പ്രേമികള്‍ എക്കാലവും ഓര്‍ത്തുവെയ്ക്കും. പക്ഷെ കളിയെയും, കളിക്കാരെയും നിയന്ത്രിക്കുന്ന റഫറിയെ ആരും ഓര്‍ക്കാറില്ലെന്നതാണ് സത്യം.  കൊളച്ചേരിപ്പറമ്പില്‍ നിന്ന് പത്താം വയസ്സില്‍ പന്തുരുട്ടിക്കളിച്ച്
 കൊളച്ചേരിപ്പറമ്പ് ഗ്രൗഡില്‍ നിന്നും 
കുട്ടികളെ പരിശീലിപ്പിക്കുന്ന 
പി.സുരേന്ദ്രന്‍
പിന്നീട് ദേശീയതല ഫുട്‌ബോള്‍ മത്സരം വരെ നിരവധിത്തവണ നിയന്ത്രിച്ച റഫറിയാണ് കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ചേലേരി സ്വദേശി പി.സുരേന്ദ്രന്‍ എന്ന 52  കാരന്‍. കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഊര്‍ജ്ജതന്ത്രം അധ്യാപകന്‍ കൂടിയാണ്
     സന്തോഷ് ട്രോഫി-ആസാം, നാഷണല്‍ ഗെയിംസ് - മണിപ്പൂര്‍, നാഷണല്‍ ലീഗ് - ഗോവ, അണ്ടര്‍ 21 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ചണ്ഡീഗഢ്, അണ്ടര്‍ 19 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ജെയ്പൂര്‍,വുമണ്‍സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ഭോപ്പാല്‍, ബി ഡിവിഷന്‍ നാഷണല്‍ ലീഗ് - ഡല്‍ഹി , മാതൃഭൂമി ട്രോഫി - കല്പറ്റ , ഓള്‍ ഇന്ത്യ ബി.എസ്.എന്‍. എല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എന്നിവയാണ് സുരേന്ദ്രന്‍ നിയന്ത്രിച്ച പ്രധാന മത്സരങ്ങള്‍. കൂടാതെ നിരവധി ചെറുമത്സരങ്ങളിലും റഫറിയായിട്ടുണ്ട്. ഐ.എം.വിജയന്‍, വി.പി.സത്യന്‍, ജോപ്പോള്‍ അഞ്ചേരി, ഷറഫലി, പാപ്പച്ചന്‍, വി.പി.ഷാജി തുടങ്ങിയ ഇന്ത്യയിലെ എണ്ണപ്പെട്ട താരങ്ങളുടെ കളി പലവട്ടം നിയന്ത്രിക്കാനും സുരേന്ദ്രന് ഭാഗ്യം ലഭിച്ചു.
     2007ല്‍ അതായത് 45 വയസ്സായപ്പോള്‍ റഫറി നിയമപ്രകാരം ദേശീയ - സംസ്ഥാന തലത്തിലുള്ള അംഗീകൃത കളികള്‍ നിയന്ത്രക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ റഫറിയായി പങ്കെടുക്കലില്ല.പിന്നീട്  ഹോളന്റുകാരനായ കോച്ച് വില്ല്യം വാന്‍ഡിക്ക്, ഇന്ത്യന്‍ അസി.കോച്ച് നാരായണമേനോന്‍,ഇന്ത്യയിലെ മികച്ച പരിശീലകരായ കുന്തന്‍ചന്ത, സജീവന്‍ബാലന്‍ എന്നിവരുടെ ശക്ഷണത്തില്‍ കോച്ചിങ്ങ് അഭ്യസിച്ച് 2012 ല്‍  കോച്ചിങ്ങ് ലൈസന്‍സ് കരസ്ഥമാക്കിയതോടെ കളിക്കാരന്‍, റഫറി, കോച്ച് എന്നീ മൂന്ന് മേഖലയിലും ഔദ്യോഗികമായ അംഗീകാരം സുരേന്ദ്രന്‍ നേടിയെടുത്തു.വളരെ ചെറിയപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ വളര്‍ത്താനായി പരിശീലനം നല്കുന്ന സെപ്റ്റ് എന്ന സംഘടനയുടെ കമ്പില്‍ സെന്ററിന്റെ കോച്ചുകൂടിയാണ് സുരേന്ദ്രന്‍.  
     കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഫുട്‌ബോളിനെ സ്‌നേഹിച്ച സുരേന്ദ്രന്റെ ആദ്യ കോച്ച് ഹാന്റ്‌ബോള്‍ താരം കൂടിയായിരുന്ന അമ്മ പി.നാരായണിയാണ്.  ആറ് വര്‍ഷമായി കുട്ടികള്‍ക്ക് കൊളച്ചേരിയില്‍ വെച്ച്  സുരേന്ദ്രന്‍ സൗജന്യമായി  ഫുട്‌ബോള്‍ പരിശീലനം നല്കി വരികയാണ്.സഹപാഠിയും പോലീസ് എസ്. ഐ. യുമായ രവീന്ദ്രന്‍, സി.പി.രാജീവന്‍, സുജിത്ത്, പ്രകാശന്‍ എന്നിവരാണ് പരിശീലന സഹായികള്‍.  എല്ലാ അവധി ദിവസവും അതിരാവിലെ രണ്ട് മണിക്കൂറാണ് പരിശീലനം നല്കുന്നത്. കുട്ടികള്‍ക്കാവശ്യമായ ട്രാക്സൂട്ട്, പഴം,പാല്‍,മുട്ട എന്നവ വിവധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സംഭാവനയായി സ്വീകരിച്ചാണ് നല്കുന്നത്.35 കുട്ടികളാണ് ക്യാമ്പിലുള്ളത്.അക്ഷയ്,റിന്‍ഷിന്‍,നിധിന്‍ സാഗര്‍, നിഖില്‍ രാജ് എന്നീ വിദ്യാര്‍ത്ഥികള്‍  ജില്ലയുടെ വിവിധ ടീമുകളില്‍ മികച്ച കളിക്കാരായി മാറി.കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്കുമ്പോഴും ഗ്രാമപഞ്ചായത്തില്‍ നിന്നോ മറ്റോ യാതൊരു സഹായവും ലഭിക്കാറില്ലെന്ന് സുരേന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഒഴിവ് സമയങ്ങളില്‍പരിശീലനം നല്കുന്നുണ്ട്. റന്‍ഷിന്‍, നൂര്‍മുഹമ്മദ് എന്നിവര്‍ പൈക്കാടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്.    
     ഒന്നര കിലോമീറ്ററിലധികം ദൂരം വരുന്ന ചേലേരി അമ്പലം - ഇടക്കൈത്തോട് റോഡ് പരസഹായം കൂടാതെ 45 വര്‍ഷങ്ങള്‍ക്ക് മുന്നെ നിര്‍മ്മിച്ച പരേതനായ എം.കെ.രാമുണ്ണി മാസ്റ്റരുടെ മകനാണ് സുരേന്ദ്രന്‍.  രാമുണ്ണിയുടെ അഭിലാഷപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പരിയാരം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുകയായിരുന്നു.അതുപോലെ മരണാനന്തരം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാനാണ് സുരേന്ദ്രന്റെയും ആഗ്രഹം.ഭാര്യ : പി.കെ.ലതിക  മക്കള്‍ : പരിയാരം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി പി.ഫിനിയ, കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും സെപ്റ്റ് ജില്ലാ ടീം ക്യാപ്റ്റനുമായ ഫിമിസ്.

 പി.സുരേന്ദ്രന്‍ Phone : 9446778107
(2014 ജുലായ് 1 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് )

തിങ്കളാഴ്‌ച, ജൂൺ 30, 2014

ലില്ലിക്ക് സര്‍ക്കസ് കുടുംബകാര്യം


ജീവിതം സര്‍ക്കിസാനായി ഉഴിഞ്ഞുവെച്ച കലാകാരിയായിരുന്നു 2014മെയ് 25ന്  അന്തരിച്ച കതിരൂര്‍ വിജയ ഭവനിലെ ലില്ലി എന്ന 76 കാരി.പതിനൊന്നാം വയസ്സിലാണ് നേപ്പാളുകാരിയായ  ലില്ലി തമ്പിലെത്തുന്നത്. സര്‍ക്കസ്  കലാകാരനായ തലശ്ശേരി  സ്വദേശി ആവിക്കല്‍ വിജയനെ വിവാഹം ചെയ്തതോടെ പിന്നെ നാലു പതീറ്റാണ്ടോളം കുടുംബസമേതം സര്‍ക്കസ് കൂടാരത്തിലായി ജീവിതം. 
ലില്ലിയും, ഭര്‍ത്താവ് വിജയനും
മകന്‍ പ്രദീപും ഹിന്ദി താരം
ധര്‍മ്മേന്ദ്രയോടൊപ്പം
    ബീഹാറിലെ ബാറാബക്കിയില്‍ പഞ്ചസാര കമ്പനിയിലായിരുന്നു ലില്ലിയുടെ അച്ഛന് ജോലി. അച്ഛനും, അമ്മയും ഉള്‍പ്പെടുന്ന കുടുംബം കമ്പനിക്ക് സമീപം തന്നെയായിരുന്നു താമസിച്ചിരുന്നത് ഇതിനിടയില്‍ അമ്മ മരിച്ചു. തുടര്‍ന്ന് അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. ഈ ജീവിതം ലില്ലിക്ക് ഏറെ വിഷമതകള്‍ സൃഷ്ടിച്ചു. ലില്ലിയുടെ വിഷമം കണ്ട് അമ്മാവന്‍ മറാഠിയുടെ ഉടമസ്ഥതയിലുള്ള സര്‍ക്കസില്‍ ചേര്‍ത്തു.സര്‍ക്കസ് ഏറെ ഇഷ്ടപ്പെട്ട ലില്ലി സൈക്കിളിങ്ങ്, സ്റ്റാന്‍ഡിങ്ങ് വയര്‍, തുടങ്ങിയ സാഹസിക പ്രകടനങ്ങളില്‍ വൈദഗ്ദ്ധ്യം നേടി കാണികളുടെ ഹരമായി മാറി. 
     ജമിനി സര്‍ക്കസില്‍ ചേരുകയും, അവിടെ റിങ്ങ് മാസ്റ്ററായിരുന്ന വിജയനെ ജീവിത പങ്കാളിയാക്കുകയും ചെയ്തു. സര്‍ക്കസ് കൂടാരം കതിര്‍ മണ്ഡപമാക്കിയാണ് ഇരുവരുടെയും വിവാഹം നടന്നത്. മക്കള്‍ പിറന്നതും കൂടാരത്തില്‍ വെച്ചു തന്നെ . മൂത്തമകള്‍ ലതയെ സര്‍ക്കസ് ഉടമ പഠിപ്പിച്ച് നേഴ്‌സാക്കി. ലതയിപ്പോള്‍ യു. എസിലാണ് ജോലിചെയ്യുന്നത്. മറ്റ്  മക്കളായ പ്രദീപ്, ലളിത, പവിത്രന്‍, സുനിത, എന്നിവര്‍ മികച്ച സര്‍ക്കസ് കലാകാരന്മാരായി മാറി. ലതയും സുനിതയും സര്‍ക്കസ് കൂടാരത്തിന് പുറത്തുള്ള വരെ വിവാഹം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ കൂടാരത്തില്‍ നിന്നുള്ളവരെ തന്നെ കണ്ടെത്തി. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞതോടെ ലില്ലിയും, വിജയനും സര്‍ക്കസ് ജീവിതത്തോട് വിടപറഞ്ഞു നാട്ടില്‍ താമസം തുടങ്ങി.  വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ മരണപ്പെട്ടു. 
     പവിത്രനൊഴിച്ച് മറ്റെല്ലാമക്കളും സര്‍ക്കസില്‍ നിന്ന് വിട്ടുപോന്നു. പവിത്രന്‍ ഏഷ്യയിലെ മികച്ച മൃഗ പരിശീലകനായി ഇപ്പോഴും സര്‍ക്കസില്‍ തുടരുന്നു. ലില്ലി സര്‍ക്കസ് കലയ്ക്ക് ചെയ്ത സംഭാവനകള്‍ കണക്കിലെടുത്ത് സര്‍ക്കസ് അക്കാദമി ആദരിച്ചിരുന്നു. 

(2014മെയ് 27ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത)