Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ശനിയാഴ്‌ച, ജൂൺ 29, 2013

Nettur P.Damodaran

ചുരുള്‍ നിവര്‍ത്തിയ അനുഭവങ്ങള്‍
1947 ആഗസ്ത് 14 രാത്രി 12 മണി കേരളക്കരയില്‍ ബ്രിട്ടീഷുകാര്‍ ആദ്യമായി താവളമുറപ്പിച്ച തലശ്ശേരി കോട്ടയുടെ മുകളില്‍ രണ്ടുപേര്‍ മാത്രം.ഇരുന്നോറോളമാണ്ടുകള്‍ അടിമത്വമനുഭവിച്ച ഭാരതം സ്വതന്ത്രമാവുന്ന ധന്യനിമിഷം ആഘോഷിക്കാന്‍ എത്തിയതാണ് അവരിരുവരും. മണി 12 അടിച്ചപ്പോള്‍ ഞാന്‍ വിളിച്ചു പറഞ്ഞു ‘സ്വതന്ത്ര ഇന്ത്യയിലെ പൌരാ അങ്ങയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു’. മറ്റേയാള്‍ ഉത്തരം നല്‍കി ‘സ്വതന്ത്ര ഇന്ത്യയിലെ പൌരാ അങ്ങയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു’.ചരിത്ര പ്രസിദ്ധമായ ആ മുഹൂര്‍ത്തം ഞങ്ങളാഘോഷിച്ചതങ്ങനെയാണ്. നെട്ടൂര്‍ പി. ദാമോദരനും, എസ്. കെ. പൊറ്റക്കാടുമാണ് പരസ്പരം അഭിവാദ്യം ചെയ്ത് സ്വതന്ത്ര്യം ആഘോഷിച്ചത്. സ്വാതന്ത്ര്യ സമരസേനാനിയും തലശ്ശേരിയുടെ പ്രഥമ ലോകസഭാംഗവുമായ നെട്ടൂര്‍ പി. ദാമോദരന്‍ എഴുതിയ ‘അനുഭവച്ചുരുളുകള്‍’ എന്ന ആത്മകഥാ പുസ്തകത്തിലാണ് ജ്വലിക്കുന്ന ഈ അനുഭവക്കുറിപ്പുള്ളത്.
     ‘പ്രശാന്ത ശോഭനമുയരുക വാനില്‍
     സ്വതന്ത്ര ഭാരതഭാഗ്യ പതാകേ
     ഇരുന്നൂറ്റാണ്ടുകള്‍ കരിനിഴല്‍ വീഴ്ത്തിയ...
   ഭരണമൊഴിഞ്ഞിന്നിരുളകലുന്നു’   എന്നു തുടങ്ങുന്ന പതാകഗാനം സ്വാതന്ത്ര്യ ദിനത്തില്‍ പാടുവാന്‍ വേണ്ടി എസ്. കെ. പൊറ്റക്കാട് എഴുതിയതാണ്. തലശ്ശേരി ഫര്‍ക്കാഡവലപ്പ്മെന്റ് ഓഫീസര്‍ കൂടിയായ നെട്ടൂര്‍ പി. ദാമോദരന്‍ ഓഫീസര്‍ എന്ന നിലയില്‍ തലശ്ശേരി ഫര്‍ക്കായില്‍ ആ പതാകഗാനം അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ആ ഗാനം പാടിയാണ് തലശ്ശേരി ഫര്‍ക്കായില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെട്ടത്. 
     മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹറു മഹാകവി രവീന്ദ്രനാഥടാഗോര്‍, സരോജിനി നായിഡു എന്നിവരെ തൊടാന്‍ കഴിഞ്ഞതിന്റെ ആവേശകരമായ സന്ദര്‍ഭങ്ങളും,അവരുടെ പ്രസംഗത്തിന്റെ ആഴവും, പരപ്പും, തീവ്രതയും   വാക്കുകളിലൂടെ ജ്വലിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങള്‍ അതിന്റെ ആവേശം ചോര്‍ന്നുപോവാതെ എഴുതിയിട്ടുണ്ട്.

   സാഹിത്യ പ്രവര്‍ത്തകനായ നെട്ടൂര്‍ നല്ലൊരു സാഹിത്യകാരനാണെന്ന് അനുഭവച്ചുരുള്‍ വായിക്കുന്നതിലൂടെ മനസ്സിലാക്കാം.കൂടാതെ അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാരുമായുള്ള അടുത്ത പരിചയവും എഴുത്തില്‍ ഏറെ സ്വാധീനിച്ചതായി വായനയില്‍ അനുഭവപ്പെടുന്നുണ്ട്.
     ഉപരിപഠനാര്‍ത്ഥം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നത്  അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന കാലഘട്ടമായാണ് കരുതുന്നത്. കോളജില്‍ ചേര്‍ന്ന കൊല്ലം തന്നെ കോളജ് യൂണിയന്‍ സെക്രട്ടറിയാവുകയും, അടുത്ത കൊല്ലം  കോളജ് യൂണിയന്‍ പ്രസിഡന്റാവുകയും ചെയ്തു. കൂടാതെ മാതൃഭൂമിയുടെ മദ്രാസ് ലേഖകനായും പ്രവര്‍ത്തിച്ചു. ‘മദിരാശിയിലെ മലയാളികള്‍’ എന്ന പേരില്‍ മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതി. ആ ലേഖനത്തില്‍ മദിരാശിയിലെ മലയാളികള്‍ക്ക് സക്രിയമായ ഒരു സംഘടനയില്ലെന്നും അതിന്റെ ആവശ്യവും പറഞ്ഞിരുന്നു. അത് വായിച്ച മലയാളികള്‍ സംഘടന രൂപവത്ക്കരണത്തെക്കുറിച്ച് ഗൌരവമായി ആലോചന  തുടങ്ങി.ആഘട്ടത്തിലാണ് ചെങ്ങന്നൂരിലെ വെടിവെപ്പിനെ പ്രതിഷേധിക്കുവാന്‍ വേണ്ടി നേപ്പിയര്‍പാര്‍ക്കില്‍ യോഗം ചേരുന്നത്. ആ യോഗത്തില്‍ പാസാക്കിയ പ്രമേയത്തില്‍ ഒന്ന് മലയാളി സമാജം രൂപവത്ക്കരിക്കണം എന്നായിരുന്നു. അതിനെത്തുടര്‍ന്ന് റോയപ്പേട്ടയില്‍ ചേര്‍ന്ന മലയാളി യോഗത്തില്‍ വെച്ച് ‘മദിരാശി മലയാളിസമാജം’രൂപീകരിച്ചു. പ്രസിഡന്റായി പി. കൊന്നനേയും, സെക്രട്ടറിമാരായി നെട്ടൂര്‍ പി. ദാമോദരനെയും, കെ. പത്മനാഭന്‍ നായരെയും തിരഞ്ഞെടുത്തു.
  ബ്രിട്ടനെതിരെ സമരം നയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷക്കാലം ബല്ലാരിയിലെ ആലിപുരം ജയിലില്‍ കഴിച്ചുകൂട്ടിയ ജീവിതം നമ്മെ ഏറെ ത്രസിപ്പിക്കുന്നതും,അതേസമയം ഏറെ വേദനിപ്പിക്കുന്നതുമാണ്.  നമ്മുടെ രാജ്യത്തോടുള്ള സ്നേഹവും, കൂറും മാത്രമാണ് ഇവരൊക്കെ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായി സ്വയം മുന്നോട്ട് വരാന്‍ പ്രേരിപ്പിച്ചത്. ആധുനിക രാഷ്ട്രീയക്കാരെപ്പോലെ ഭാവിയില്‍ എന്തെങ്കിലും സമ്പാതിക്കാം എന്നു വിചാരിച്ചല്ല ഇവരൊന്നും ത്യാഗങ്ങള്‍ സഹിച്ചതെന്ന് നമുക്ക് ബോധ്യമാവും.പുതുതലമുറയ്ക്ക് ഏറെ പഠിക്കാനും,ജീവിതത്തില്‍ പകര്‍ത്താനുമുണ്ട് ഇവരുടെയൊക്കെ ജീവിതത്തില്‍ നിന്ന്.
     ആചാര്യ ജെ. ബി.കൃപലാനിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ‍ അടിസ്ഥാനത്തില്‍ രൂപം കൊണ്ട കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ കേരളാഘടകം  കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ട കെ.കേളപ്പന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടു. ദാമോദരനും പ്രജാപാര്‍ട്ടി പ്രവര്‍ത്തകനായി മാറി.  നെട്ടൂര്‍ പി. ദാമോദരന്‍ പ്രജാപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തലശ്ശേരി മണ്ഡലത്തില്‍ നിന്നും ലോകസഭാംഗമായി.(തലശ്ശേരി,കൂത്തുപറമ്പ്,വടകര, നാദാപുരം,പേരാമ്പ്ര എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തലശ്ശേരി ലോകസഭാ മണ്ഡലം)  ഒരുലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസിലെ പി. കുഞ്ഞിരാമനെ നെട്ടൂര്‍ പരാജയപ്പെടുത്തിയത്.  പൊന്നാനിയില്‍നിന്ന് പ്രജാപാര്‍ട്ടിയിലെ കെ. കേളപ്പനും, കണ്ണൂരില്‍നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എ.കെ.ഗോപാലന്‍ എന്ന എ.കെ.ജിയും ലോകസഭയിലെത്തി.
     പ്രതിപക്ഷത്തുള്ള ഗ്രൂപ്പുകളില്‍ 31 അംഗമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്ഷി.അതിന്റെ നേതാവെന്ന നിലയില്‍ എ. കെ. ജി. പ്രതിപക്ഷത്തെ ഒന്നാം സ്ഥാനക്കാരനായി.ഒരു കാലത്ത് എ. കെ.ജി. യുടെ നേതാവായിരുന്ന കെ. കേളപ്പന്റെ സ്ഥാനം രണ്ടാം ക്ലാസ് പാര്‍ട്ടിയുടെ മൂന്നാം ക്ലാസ് നേതാവെന്ന നിലയില്‍ വളരെപിന്നിലായിരുന്നു. 
     ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ഒന്നാമത്തെ രാഷ്ട്രപതിയായ രാജേന്ദ്രപ്രസാദ് ഇരുസഭകളെയും അഭിമുഖീകരിച്ചുകൊണ്ട് സെന്‍ട്രല്‍ ഹാളില്‍ വെച്ച് പാര്‍ല്ലിമെന്റ് ഉദ്ഘാടനം ചെയ്തു. ആ ഉദ്ഘാടനപ്രസംഗത്തിന്  പ്രസിഡന്റിനോട് നന്ദി പറയുക എന്ന ഔപചാരികമായ ചടങ്ങ് ആരംഭിച്ചു.പ്രതിപക്ഷ നേതാവെന്ന നിലയില്‍ എ. കെ. ജി. യാണ് ചര്‍ച്ചക്ക് ആരംഭം കുറിച്ചത്. എ. കെ. ജി. എഴുന്നേറ്റപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എല്ലാവരും ഒരുങ്ങിനിന്നു. പ്രസിഡന്റിന്റെ പ്രസംഗം ജനങ്ങളോടുള്ള ഒരു യുദ്ധപ്രഖ്യാപനമെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും, വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞുവെന്നുള്ളതെല്ലാതെ ആ പ്രസംഗത്തില്‍ പൊതുവായി വേറൊന്നുമുണ്ടായിരുന്നില്ല. പ്രസംഗം എല്ലാവരെയും നിരാശപ്പെടുത്തി. 
     എ. കെ. ജി. എന്ന ബിംബം ചീട്ട്  കൊട്ടാരം പോലെ  തകര്‍ന്നു വീഴുന്ന രംഗമാണ് എല്ലാവരും കണ്ടത്. കൂടാതെ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് എ. കെ. ജി. എന്ന് മറ്റുള്ളവരെ അദ്ദേഹം സ്വയം ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന്  വായനക്കാരന് നിസ്സംശയം മനസ്സിലാവും. 
    കേളപ്പന്‍ പാര്‍ല്ലിമെന്റ് തന്നെ അനാവശ്യമാണെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്.  എല്ലാവരും പറഞ്ഞു കഴിഞ്ഞ ശേഷം പ്രധാനമന്ത്രി എന്ന നിലയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു മറുപടി പറഞ്ഞ വാക്കുകള്‍ വിശേഷണങ്ങള്‍ക്ക് അതീതവും, പ്രൌഢവുമായിരുന്നു.
     ആദ്യത്തെ ലോകസഭാസമ്മേളനത്തില്‍ തന്നെ പ്രസംഗിക്കാനവസരം കിട്ടിയ നെട്ടൂര്‍ റെയില്‍വെ വികസനത്തെക്കുറിച്ചാണ് പറഞ്ഞത്. തലശ്ശേരി ... മൈസൂര്‍ റെയില്‍വെ, മംഗലാപുരം .... ബോംബെ റെയില്‍, പയ്യോളി റെയില്‍വെ സ്റ്റേഷന്‍ എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആ പ്രസംഗത്തെക്കുറിച്ച് മാതൃഭൂമി ‘പടിഞ്ഞാറന്‍ കരയുടെ ശബ്ദം’ എന്ന പേരില്‍ മുഖപ്രസംഗം തന്നെ എഴുതി. തലശ്ശേരി ... മൈസൂര്‍ റെയില്‍വെയുടെ ആവശ്യം മനസ്സിലാക്കാനായി അന്നത്തെ റെയില്‍ മന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ മൈസൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് കാര്‍ മാര്‍ഗ്ഗം കൊണ്ടുവരികയും ചെയ്തു എന്നു മാത്രമല്ല തലശ്ശേരിയില്‍ ഒരു പോതുയോഗം സംഘടിപ്പിക്കുകയും പൊതുയോഗത്തില്‍ വെച്ച് തലശ്ശേരി ... മൈസൂര്‍ റെയില്‍വെ വളരെ പ്രധാനപ്പെട്ടതാണെന്നും, സര്‍വ്വെ ജോലി അടുത്തുതന്നെ ആരംഭിക്കുന്നതാണെന്നും അദ്ദേഹത്തെക്കൊണ്ട് പ്രഖ്യാപിപ്പിക്കുകയും ചെയ്തു. ശാസ്ത്രി തിരിച്ചുപോയി രണ്ടു മാസത്തിനുള്ളില്‍ സര്‍വ്വെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. പിന്നീടെല്ലാം കടലാസില്‍ ഒതുങ്ങുകമാത്രം. 2013 മെയ് 14 ന് നെട്ടൂരിന്റെ നൂറാം ജന്മവാര്‍ഷികം അദ്ദേഹം പഠിച്ച തലശ്ശേരി ബി. ഇ. എം. പി. ഹൈസ്കൂളില്‍ നടത്തിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച തലശ്ശേരി ഉള്‍പ്പെടുന്ന വടകര പാര്‍ല്ലിമെന്റ് അംഗവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് തലശ്ശേരി ... മൈസൂര്‍ റെയില്‍വെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പദ്ധതി നടപ്പാവില്ലെന്നാണ്. ഇതോടെ നെട്ടൂരിന്റെ ഏറ്റവും വലിയ സ്വപ്നവും ഇല്ലാതായി. 
     നെഹറുവുമായുള്ള അടുത്ത ബന്ധവും, പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസവും നെട്ടൂരിനെ വീണ്ടും കോണ്‍ഗ്രസ്സ്കാരനാക്കി. പണ്ഡിറ്റ്ജിയെ കളരിപ്പയറ്റ്, സര്‍ക്കസ് എന്നിവയില്‍ ആകൃഷ്ടനാക്കിയതും നെട്ടൂരാണ്. നല്ലൊരു പരിഭാഷകന്‍ കൂടിയായ നെട്ടൂര്‍ പണ്ഡിറ്റ്ജി അടക്കമുള്ള ദേശീയ നേതാക്കള്‍ തലശ്ശേരി ഉള്‍പ്പടെ കേരളത്തിലെ പല സ്ഥലങ്ങളിലും വന്ന് പ്രസംഗിക്കുമ്പോള്‍ നിരവധിത്തവണ പരിഭാഷ നടത്തിയിട്ടുണ്ട്. 
     മയ്യഴിയുടെ വിമോചനം, തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍, തളിപ്പറമ്പ് റോഡ്, ഒലവക്കോട് റെയില്‍വെ ഡിവിഷന്‍, ഡല്‍ഹിയില്‍ നടന്ന ശ്രീനാരായണഗുരുദേവ ശതാബ്ദി ആഘോഷം,കേരളപ്പിറവി, കണ്ണൂര്‍ ജില്ലാ രൂപീകരണം എന്നിവയില്‍ നെട്ടൂര്‍ വഹിച്ച പങ്കിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. കണ്ണൂര്‍ ജില്ലാ രൂ‍പീകരണവുമായി ബന്ധപ്പെട്ട് തലശ്ശേരി ജില്ലാ തലസ്ഥാനമാക്കാന്‍ തലശ്ശേരി എം. പി. കൂടിയായ നെട്ടൂര്‍ തയ്യാറാകാഞ്ഞത് ഏറെ വിമര്‍ശനത്തിന് വഴിയൊരുക്കുകയും ‘തലസ്ഥാനം മുക്കി’ എന്ന് ആളുകള്‍ വിളിച്ച് അപമാനിക്കുന്ന തരത്തിലെത്തുകയും ചെയ്തു;  പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുവാന്‍ കാരണങ്ങളില്‍ ഒന്നായിരുന്നു അത്. കൂടാതെ കോണ്‍ഗ്രസ്സിലെ കരുനീക്കങ്ങളും. 
     നെട്ടൂര്‍ തന്റെ അമ്പത്തിഒമ്പതാമത് വയസ്സിലാണ് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയത്. നെട്ടൂരിലെ മലബാര്‍ മിഷ്യന്‍ മിഡില്‍ സ്കൂളിലെ അനുഭവമായ  ‘ഹിപ്പ് ഹിപ്പ് ഹുറേ’ എന്ന സംഭവത്തോടെയാണ് ഓര്‍മ്മക്കുറിപ്പ് തുടങ്ങുന്നത്. ‘കേരളം പിറക്കുന്നു’എന്ന ലേഖനത്തോടെയാണ് സമാപിക്കുന്നത്.അതിനുശേഷം മക്കളായ ചിത്ര പത്മനാഭന്റെ മനസ്സില്‍ തെളിയുന്നത്,  പ്രദീപ് നെട്ടൂരിന്റെ ‘ഓര്‍ക്കുവാന്‍ എന്തല്ലാം’,പ്രമോദ് നെട്ടൂരിന്റെ ‘അച്ഛന്‍ എന്റെ കാഴ്ചപ്പാട് ’ഹീരാ നെട്ടൂരിന്റെ ‘അച്ഛന്‍ എന്റെ സ്മൃതിപഥത്തില്‍’തുടങ്ങിയ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  
   ‘കേരളം പിറക്കുന്നു’എന്ന ലേഖനത്തിന്റെ അവസാനം പറയുന്നതിങ്ങനെ  : ജിനചന്ദ്രനെ രണ്ടാമത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ത്തു ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടുപോയ എസ്. കെ. പോറ്റക്കാട്ടുതന്നെയാണ് മൂന്നാമത് ലോകസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും, മുസ്ലീം ലീഗിന്റെയും സ്വതന്ത്രസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുകുമാര്‍ അഴീക്കോടിനെ പരാജയപ്പെടുത്തി വിജയിച്ചത്. 
     സ്വാതന്ത്ര്യം നേടുന്ന മുഹൂര്‍ത്തം ആഘോഷിക്കാന്‍  തലശ്ശേരി കോട്ടയിലേക്ക് പോകുന്ന വഴിയില്‍ തലശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ എസ്. കെ. പൊറ്റക്കാട് നെട്ടൂരിനോട് പറഞ്ഞത് ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയില്‍ ഏറ്റവും അധികം ബ്ലീച്ചായിട്ടുള്ളത് ഒന്ന് ഇന്ത്യയിലെ പോലീസുകാരും, രണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരുമാണ്. മൂന്നാം ലോകസഭയിലേക്ക് എസ്. കെ. പൊറ്റക്കാട് തിരഞ്ഞെടുത്തത് ബ്ലീച്ചായ കമ്മ്യൂണിസ്റ്റ്കാരുടെ സഹായത്തോടെയാണെന്നുള്ളത് മറ്റൊരു ചരിത്രം.  
     300 പേജുള്ള നെട്ടൂര്‍ പി. ദാമോദരന്റെ ‘അനുഭവച്ചുരുളുകള്‍’ കണ്ണൂരിലെ സമയം പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.