Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, നവംബർ 17, 2016

പ്രകൃതിയെ സംരക്ഷിക്കാൻ അൻപു സൈക്കിൾ ചവിട്ടിയത് 61,000 കിലോമീറ്റർ

പ്രകൃതിയും,ജലവും, മണ്ണും സംരക്ഷിക്കുക എന്ന സന്ദേശവുമായി സൈക്കിളിൽ രാജ്യം ചുറ്റുകയാണ് തമിഴ്‌നാട് നാമക്കൽ  സ്വദേശിയായ അൻപു ചാൾസ് എന്ന 59 കാരൻ. 2005 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ അൻപുവിന്റെ സൈക്കിൾ യാത്ര 20 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്റർ പിന്നിട്ടു.
പ്രകൃതി സംരക്ഷണ സന്ദേശവുമായി
യാത്ര ചെയ്യുന്ന അൻപുചാൾസ് കതിരൂർ
പൊന്ന്യം കവലയിലെത്തിയപ്പോൾ

     തമിഴ് നാടിന്റെ തീരങ്ങളെ പിടിച്ചുലച്ച സുനാമി ദുരന്തമാണ് കൃഷിക്കാരനും, സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അൻപു ചാൾസിനെ ഇത്തരമൊരു യാത്രക്ക് പ്രേരിപ്പിച്ചത്. കടന്നുപോകുന്ന വഴികളിലുള്ള അങ്ങാടികൾ,സർ്ക്കാർ ഓഫീസുകൾ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലല്ലാം പ്രകൃതി സംരക്ഷണ പാഠങ്ങൾ നല്കിയാണ് യാത്ര തുടരുന്നത്. ഇതിനകം വിവിധ സംസ്ഥാനങ്ങളിലായി 2500 ലേറെ ക്ലാസുകളെടുത്തു. എവിടെ ചെന്നാലും നല്ല സ്വീകരണം അതാണ് കൂടുതൽ പ്രചോദനമാവുന്നത്.പലരും തരുന്ന സാക്ഷ്യപത്രങ്ങളാണ് തന്റെ സമ്പാദ്യം
     ദിവസം 15 മുതൽ 20 വരെ കിലോമീറ്റർ യാത്ര ചെയ്യും.രാത്രിയിൽ മൈതാനങ്ങളിലോ, മരച്ചുവട്ടിലോ കിടന്നുറങ്ങും. മിക്കവാറും ദിവസങ്ങളിൽ സ്‌കൂളിലാണ് ഉച്ചഭക്ഷണം. രാവിലെയും, വൈകീട്ടും വല്ലപ്പോഴെ ഭക്ഷണം ലഭിക്കുകയുള്ളൂ. മലിനീകരണമില്ലാത്തതും, പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്നതാണ് സൈക്കിൾ യാത്ര.രണ്ടാമത്തെ സൈക്കിളാണിത്. ഉത്തരേന്ത്യയിലെത്തിയാൽ പുതിയൊരെണ്ണം സ്വന്തമാക്കണമെന്നുണ്ട്.
      വെള്ളവും, മരവും, പുല്ലുകളും സംരക്ഷിക്കാത്തതിനാൽ ഭൂമി വരണ്ടുണങ്ങുകയാണ്. നാട്ടിൽ സുലഭമായി കണ്ടു കൊണ്ടിരിക്കുന്ന മിന്നാമിന്നി,തവളകൾ, തുമ്പികൾ,കുരുവികൾ,താറാവ്,ചെറു മത്സ്യങ്ങൾ എന്നിവ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ് .ഇവയൊക്കെ കർഷകന്റെ മിത്രങ്ങളാണ്.ഇവയുടെ നാശമാണ് കൃഷിയിടങ്ങളിൽ കീടങ്ങളുടെ ആക്രമണം വളരുന്നത്. കീടങ്ങളെ നശിപ്പിക്കാൻ പ്രകൃതി തന്നെ സുരക്ഷ നല്കിയിട്ടുണ്ട്.അതു മനസ്സിലാക്കാതെ മനുഷ്യൻ കീടങ്ങളെ നശിപ്പിക്കാൻ വിഷമേറിയ കീടനാശിനികൾ ഉപയോഗിക്കുന്നു. അതിന്റെ ഫലമാണ്  നാം ഇന്നനുഭവിക്കുന്ന പല മാറാരോഗങ്ങളുണ്ടാവുന്നത്. ഇത് കുട്ടികൾ തിരിച്ചറിയണം.അതാണ് യാത്രയുടെ ലക്ഷ്യം.രണ്ടു കുട്ടികളുള്ള കുടുംബം,അണുകുടുംബം ഇതൊക്കെ കൃഷിയെ പ്രത്യക്ഷമായി നശിപ്പിക്കുന്നു. കുട്ടികളെ കൃഷിയെപ്പറ്റി വേണ്ടവിധം പഠിപ്പിക്കുന്നില്ല.കൃഷിക്കാരനെ ബഹുമാനിക്കുന്ന സംസ്‌ക്കാരമാണുണ്ടാക്കേണ്ടത്. കൃഷിയിടം നശിപ്പിട്ടുള്ള വികസനം ആരും പ്രോത്സാഹിപ്പിക്കരുത്. കൃഷി നശിച്ചാൽ ജീവൻ നശിക്കും എന്നത് ആരും മനസ്സിലാക്കുന്നില്ലെന്നും അൻപു പറയുന്നു. 
      യാത്രക്കിടെ ചില ദുരന്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാസ്‌പോർട്ടും, വിസയുമില്ലാതെ സൈക്കിളിൽ നേപ്പാൾ അതിർത്തികടന്നപ്പോൾ ചാരനാണെന്ന് പറഞ്ഞ് മാവോയിസ്റ്റുകൾ പിടികൂടി. 12 ദിവസം തടവിലിട്ടു.ശുദ്ധ തമിഴിൽ സംസാരിച്ചതാണ് രക്ഷയായത്. വിവിധ പത്രങ്ങളിൽ യാത്രയെപ്പറ്റി വന്ന വാർത്തകളും തുണയായി. ഗുജറാത്തിലെ യാത്രക്കിടെയുണ്ടായ വെള്ളപ്പൊക്കം  പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടിവന്നു.ചെറിയ പനിയല്ലാതെ കാര്യമായ കാര്യമായ അസുഖങ്ങളൊന്നും കഴിഞ്ഞ 11 വർഷത്തിനിടെയുണ്ടായിട്ടില്ല.
     2016 നവംബർ 15 ന് ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കതിരൂർ പൊന്ന്യം റോഡ് കവലയിൽ അൻപു ചാൾസ് എത്തിയത്. അൻപുവിന്റെ യാത്ര ശ്രദ്ധിച്ച പൊന്ന്യം കവലയിലെ ഓട്ടോ തൊഴിലാളികൾ സ്വീകരണവും നല്കി.കൂത്തുപറമ്പ്, മാനന്തവാടി വഴി മൈസൂരിലേക്കാണ് അൻപുവിന്റ യാത്രാലക്ഷ്യം.മരത്തിനെ സംരക്ഷിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഓരോ തുള്ളി വെള്ളത്തിനും യുദ്ധം ചെയ്യേണ്ടി വരുമെന്നും അൻപു കേരള ജനതയ്ക്ക് മുന്നറിയിപ്പ് നല്കുന്നു.

ശനിയാഴ്‌ച, ഏപ്രിൽ 02, 2016

ഷിബിനും, സനിലും ചിത്രം വരച്ചു;സമ്മാനമായി കിട്ടിയത് വിദേശയാത്ര

ജി.വി.രാകേശ്

കതിരൂർ, മൊകേരി ഗ്രാമപഞ്ചായത്തുകളെ വേർതിരിക്കുന്ന ചുണ്ടങ്ങാപ്പൊയിൽ ചാടാലപ്പുഴപ്പാലത്തിന്റെ ഒന്നരക്കിലോമീറ്റർ കിഴക്കും, ഒന്നരക്കിലോമീറ്റർ പടിഞ്ഞാറും താമസിക്കുന്ന രണ്ട്  അധ്യാപകരാണ് കെ.കെ.ഷിബിനും, കെ.കെ.സനിൽ കുമാറും. രണ്ടുപേരും ചിത്രകലയിൽ പ്രാവീണ്യം നേടിയവർ. ഒരാൾ കമ്പ്യൂട്ടറിലാണ് ചിത്രരചന നടത്തുന്നതെങ്കിൽ മറ്റേയാൾ ജലച്ചായത്തിലും.മികച്ച ചിത്രം രൂപകല്പന ചെയ്തതിലൂടെ  2015ൽ രണ്ട് പേർക്കും സമ്മാനമായി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ  അവസരം ലഭിച്ചു. ഇത്തരത്തിലുള്ള പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളികളാണ് ഇരുവരും. കൂടാതെ രണ്ട് പേരുടെയും ആദ്യ വിമാനയാത്രയും, വിദേശയാത്രയും.
      2015 വർഷത്തെ ലോക പരിസ്ഥിതിദിന ലോഗോ രൂപകല്പന ചെയ്തതിനാണ് ഷിബിന് ഇറ്റലി, സ്വിസ്റ്റർലാൻഡ്,ഫ്രാൻസിലെ ചില ഭാഗങ്ങൾ എന്നിവ സന്ദർശിക്കാൻ അവസരം ലഭിച്ചത്. ക്യാംലിൻ ആർട്ട് ഫൗഡേഷൻ 2015 ൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം ചിത്രകാരന്മാരിൽ നിന്നായി വിവിധഘട്ടങ്ങളിലായി നടത്തിയ മത്സരത്തിലൂടെ എട്ടുപേരിൽ ഒരാളായി തിരഞ്ഞെടുത്ത ഏക മലയാളി.അങ്ങനെയാണ് സനിലിന് പാരീസ,വെനീസ്് ഉൾപ്പടെയുള്ള  രാജ്യങ്ങൾ സന്ദർശനം നടത്താൻ അവസരം ലഭിച്ചത്.  രണ്ടുപേരും നടത്തിയ യാത്രാനുഭവം പങ്കുവെയ്ക്കുന്നു.

കെ.കെ.ഷിബിൻ
 കൂരാറ സ്വദേശിയായ ഷിബിൻ തലശ്ശരി ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസ്  അധ്യാപകനാണ്.     2010ൽ കേന്ദ്ര ധനകാര്യ വകുപ്പും, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുംചേർന്ന്  നടത്തിയ ഇന്ത്യൻ റുപ്പീ ചിഹ്ന രൂപകൽപനാ മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ അഞ്ച് ഡിസൈനർ മാരിൽഒരാൾ. ഇന്ത്യക്കകത്തും, പുറത്തും നിരവധി ലോഗോ തയ്യാറാക്കിയ വ്യക്തി.
   അന്താരാഷ്ട പരിസ്ഥിതിദിന ലോഗോ - 2015
   2015 ലാണ് ആദ്യമായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതിദിനാഘോഷ ലോഗോയ്ക്ക് വേണ്ടി ആഗോളതലത്തിൽ ഒരു മത്സരം സംഘടിപ്പിച്ചത്. 70 രാജ്യങ്ങളിൽ നിന്നായി 300 ൽ പരം എൻട്രികളാണ് എത്തിയത്.  അതിൽ
നിന്നാണ് ഷിബിന്റെ ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്.  '7 ബില്ല്യൻ സ്വപ്നങ്ങൾ, ഒരേ ഒരു ഭൂമി, കരുതലോടെയുള്ള ഉപഭോഗം എന്ന സന്ദേശം പൂർണ്ണമായി ഉൾക്കൊള്ളുന്നതാണ് ലോഗോ. 2015 ൽ ലോകം മുഴുവൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടികളിൽ ഷിബിൻ രൂപകല്പന ചെയ്ത ലോഗോ ആണ് ഉപയോഗിക്കുന്നത്. 
മിലാൻ:
   ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനയായ യു.എൻ ഇ.പി.യാണ്  യാത്രയുടെ എല്ലാ ചെലവുകളും വഹിക്കുമെങ്കിലും ഏറെക്കൂറെ ഒറ്റയാൻ സഞ്ചാരമാണുണ്ടായത്. മാൽപെൻസ വിമാനത്താവളത്തിൽ നിന്നും ട്രെയിനിൽ ഒരു മണിക്കൂർ സഞ്ചരിച്ചാൽ നഗരഹൃദയമായ മിലാൻ സെൻട്രൽ സ്റ്റേഷനിൽ എത്താം. അവിടെ നിന്ന് മെട്രോ, ബസ്, സൈക്കിൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലൂടെ നമുക്ക് നഗരത്തിലെവിടെയും പോകാം. ആദ്യമായതിനാൽ ഞാൻ ടാക്‌സി പിടിച്ചാണ് ഹോട്ടലിലേക്ക് പോയത്. മിലാനിൽ ടാക്‌സി വളരെ ചിലവേറിയതാണ്. കാരണം വളരെ എളുപ്പത്തിലും, കുറ്റമറ്റതും, ചിലവു കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനമാണ് മിലാനിലേത്.
     മെട്രോ ട്രെയിനാണ് എളുപ്പത്തിൽ നഗരകേന്ദ്രങ്ങളിൽ എത്താനുള്ള മാർഗ്ഗം. ലിയണാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ 'അവസാനത്തെ അത്താഴം' പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്ന സാന്റ മരിയ ഡെൽ ഗ്രേസി ചർച്ചിലേക്കായിരുന്നു ആദ്യ സന്ദർശനം. നിരവധി പള്ളികൾ ഉള്ള ഒരു നഗരമാണ് മിലാൻ.വളരെ പഴക്കമുള്ള സെന്റ് അംബ്രോജയോ പള്ളിയും ബൃഹത്തായതും ഗാംഭീര്യമുള്ളതും ശിൽപകലയുടെ ഔന്നത്യമുള്ളതുമായ മിലാൻ കത്തീഡ്രലും ഇതിൽപെടും. റോമൻ വസ്തു ശിൽപകലയുടെ സ്പർശം ഇവിടങ്ങളിൽ കണാൻ കഴിയും.  മിലാൻ നഗരം വളരെ ആസൂത്രണത്തോടെ  നിർമ്മിച്ചതിനാൽ  നഗരത്തിലൂടെയുള്ള കാൽനട യാത്രപോലും എളുപ്പവും ആസ്വാദ്യകരവുമാണ്.ബഹുമാനത്തോടെയാണ് വണ്ടി നിർത്തി കാൽനടയാത്രക്കാരെ പോകാൻ അനുവദിക്കുക. 
     രാത്രിയാവുന്നതോടെ നവിലയോ കനാലിന്റെ ഇരുവശവും റസ്റ്റോറണ്ടുകളിലും ബാറുകളിലുമായി ആളുകൾ സൗഹൃദ കൂടിച്ചേരലുകൾ ആഘോഷിക്കുകയാണ്.. സംഗീതം, ഭക്ഷണം, സൗഹൃദം, സൗന്ദര്യം, പ്രണയം എന്നിവ  ഇഴുകിച്ചേർന്ന്  രാത്രി ജീവിതം മിലാൻ ജനത ഉത്സവമാക്കും.
മിലാൻ എക്‌സ്‌പോ:
     അടുത്ത ദിവസം എന്റെ യാത്രയുടെ പ്രധാന ലക്ഷ്യമായ മിലാൻ എക്‌സ്‌പോ കാണാൻ ഇറങ്ങി. റോ ഫിയറോ സ്റ്റേഷനിൽ ഇറങ്ങിയാൽ എക്‌സ്‌പോയിലേക്ക് പ്രത്യേക നടപ്പാത ഒരുക്കിയിട്ടുണ്ട്. 146 രാജ്യങ്ങൾ പങ്കെടുക്കു എക്‌സ്‌പോ ശരിക്കും ലോകത്തിലെ വിവിധ സംസ്‌കാരത്തിന്റെ വാതിലുകളാണ്.  എക്‌സ്‌പോയുടെ തീം 'ഭക്ഷണം' ആയതിനാൽ ലോകത്തിലെ ഭക്ഷ്യസംസ്‌കാരങ്ങൾ പ്രതിപാദിക്കുന്ന നിരവധി സ്റ്റാളുകളാണുണ്ടായത്.
 സ്വിറ്റ്‌സർലാന്റ്; ജനീവ

     ലാ ക്യൂർ എന്ന സ്വിസ് ഫ്രാൻസ് അതിർത്തി പ്രദേശത്തുള്ള ഹോട്ടൽ ഫ്രൻകൊ-സ്വിസ്സ് കൗതുകകരമായ ഒരു പ്രത്യേകത ഉൾക്കോള്ളുന്നു. ഈ ഹോട്ടലിന്റെ മുറികൾക്കിടയിലൂടെയാണ് അതിർത്തി രേഖ കടന്നുപോകുന്നത്. അതായത് പകുതി സ്വിറ്റ്‌സർലാന്റിലും പകുതി ഫ്രാൻസിലും. അവിടെ താമസിച്ചാൽ ഉറങ്ങുന്നത് ഫ്രാൻസിലും ബാത്‌റൂമിൽ
 ഫ്രാൻസ് , സ്വിസർലാന്റ് എന്നീരാജ്യങ്ങളെ
 വേർതിരിക്കുന്ന അതിർത്തി രേഖ കടന്നു പോകുന്ന
ഹോട്ടൽ ഫ്രാൻകൊ- സ്വിസ്സിനു മുന്നിൽ  ഷിബിൻ
പോകുന്നത് സ്വിറ്റ്‌സർലന്റിലും! നമ്മുടെ രാജ്യത്ത് അതിർത്തി കെട്ടിപ്പടുക്കാൻ മാത്രം എത്ര രൂപയാണ് ചെലവഴിക്കുന്നതെന്ന ഓർത്തുപോയി.
       ഐക്യരാഷ്ട്ര സംഘടനയിലെ ദുരന്ത നിവാരണ വിഭാഗത്തിന്റെ തലവനും പ്രശസ്ത എഴുത്തുകാരനുമായ  മുരളി തുമ്മരുകുടിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഞാൻ ജനീവയിലെത്തുന്നത്. അടുത്ത ദിവസം ഒറ്റയ്ക്ക് ജനീവയിൽ കറങ്ങാൻ തീരുമാനിച്ചു.പ്രശസ്തമായ ജനീവ ക്ലോക്കിനടുത്തുകൂടി ജനീവ കത്തീഡ്രൽ കാണാനായി നടന്നു. കത്തീഡ്രലും അതിനടുത്ത പ്രദേശവും ഓൾഡ് ജനീവ എന്നാണറിയപ്പെടുന്നത്. ഒരു ക്ലാസ്സിക് യൂറോപ്യൻ നഗരം ആണ് ഓൾഡ് ജനീവ. കെട്ടിടങ്ങളും റോഡുകളും തെരവുകളും പ്രത്യേക യൂറോപ്യൻ വാസ്തുശിൽപ പാരമ്പ്യത്താൽ സമ്പന്നമാണ്. കത്തീഡ്രലിന്റെ ഏറ്റവും മുകളിൽ നിന്നുള്ള ജനീവ നഗരത്തിന്റെ കാഴ്ച്ച മനോഹരമാണ്.

ഐക്യരാഷ്ട്രസഭ ജനീവ ഓഫീസ്
പണ്ടുമുതലേ കേട്ടറിഞ്ഞ ഐക്യരാഷ്ട്ര സംഘടന ജനീവ ആസ്ഥാനം കാണാൻ തിടുക്കമായിരുന്നു. വളരെ ചരിത്ര പ്രധാനമായ ഓഫീസ് നടന്ന് കാണാൻ ഏറെയുണ്ടായിരുന്നു. പല പ്രധാനപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളും ചർച്ചകളും (ഇന്ത്യ പാക്കി്സ്ഥാൻ സമാധാന ഉടമ്പടിഉൾപ്പെടെ) നടന്ന കൗൺസിൽ ഹാൾ, മറ്റ് അസംബ്ലി ഹാളുകൾ, പൂന്തോട്ടത്തിലെ ഗാന്ധിജിയുടെ  പ്രതിമ, ഇന്ത്യയുടെ

സമ്മാനമായ മയിലുകൾ തുടങ്ങി പ്രധാനപ്പെട്ടെ പല കാര്യങ്ങളും കാണാൻ സാധിച്ചു.  കടുത്ത ശത്രു രാജ്യങ്ങൾ ചർച്ച നടത്തുമ്പോൾ നേർക്ക് നേർ ഇരിക്കാൻ കൂട്ടാക്കാറില്ലത്രെ. അതിനു പകരം 'V' ആകൃതിയിൽ ഇരുന്നാണ് ചർച്ച. കൂടാതെ ഹാളിലേക്കുള്ള പ്രവേശന ക്രമത്തിൽ പോലും ശത്രുരാജ്യങ്ങൾക്കിടയിൽ ഈഗോ ഉണ്ടായിരുന്നു.  ഒരേസമയത്ത് കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ പുതുതായി ഒരു വാതിൽ കൂടി പ്രധാന വാതിലിനടുത്ത് പിന്നീട് പണിതിരിക്കുന്നു.  
     സമാനതകളില്ലാത്ത ദൃശ്യ വിരുന്നും അനുഭവങ്ങളും സമ്മാനിച്ച
 ജനീവ സിറ്റി
ജനീവയിൽനിന്ന് തിരിച്ച് മിലാനിലേക്ക് അതിരാവിലെയുള്ള ട്രെയിൻ യാത്ര ജനീവ തടാകത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ളതായിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ ജനീവയിലെ
ആസ്ഥാനത്തുള്ള ഗാന്ധിജിയുടെ പ്രതിമ
കെ.കെ.സനിൽ കുമാർ
     കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണ് സനിൽ കുമാർ. കർണ്ണാടക സർവ്വകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദം. ബംഗഌരു ജെയിൻ സർവ്വകലാശാലയിൽ നിന്നും പെയ്ന്റിങ്ങിൽ ബിരുദാനന്തരബിരുദം.ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ ഏകാംഗപ്രദർശനം
നടത്തി. മയ്യഴിയിലെ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ.ഹൈസ്‌കൂളിലെ ചിത്രകലാധ്യാപകൻ.


ക്യംലിൻ ദേശീയ പുരസ്‌ക്കാരം നേടി സനിൽ കുമാറിന്റെ
മഴക്കാലം എന്ന ജലച്ചായ ചിത്രം


ക്യംലിൻ പുരസ്‌ക്കാര നിർണ്ണയ രീതി 
നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് പതിനായിരത്തോളം അപേക്ഷകരാണുണ്ടായത്. പ്രാഥമിക ഘട്ടം കഴിയുന്നതോടെ 10 ശതമാനം പേരെ തെരഞ്ഞെടുക്കും.കലാജീവിത്തിലെ സംഭാവനകളും ഏറ്റവും പുതിയ ഗുണനിലവാരവും പരിഗണിച്ച് 25 പേരെ തെരഞ്ഞെടുക്കും. അതിൽ നിന്ന് ഏറ്റവും മികച്ച എട്ടു പേരെ തെരഞ്ഞെടുക്കും. ഇവർ ദേശീയ ജേതാക്കളും ഒപ്പം യൂറോപ്യൻ പര്യടനത്തിനുള്ള അവസരവും നേടുന്നു.  17 വർഷം മുന്നെയാണ്  ക്യംലിൻ ആർട്ട് ഫൗണ്ടേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചത്.അംഗീകാരം ലഭിച്ച ആദ്യ മലയാളികൂടിയായ ചിത്രകാരനാണ് സനിൽ കുമാർ. 
പാരീസ്
     ഇന്ത്യയിൽ നിന്ന്  തെരഞ്ഞെടുക്കപ്പെട്ട എട്ട് ചിത്രകാരന്മാരുടെ സംഘത്തെ നയിച്ചത് ക്യാംലിൻ ആർട്ട് ഫൗണ്ടേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ നീലിമ
 പാരീസിലെ ലൂവ്ര് മ്യൂസിയത്തിലെ മൊണാലിസ
 ചിത്രത്തിനു മുന്നിലെ തിരക്ക്
ദിയോധർ ആണ്. മുംബൈയിലെ ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ്  യാത്രപുറപ്പെട്ടത്.മുംബൈയിൽ നിന്ന് നേരെ പാരീസിലെത്തി. ആറ് ദിവസമാണ് അവിടെ ചെലവഴിച്ചത്.
     വിഖ്യതമായ ലൂവ്രറ് മ്യൂസിയമാണ് ആദ്യ സന്ദർശനം. 35000ൽ പരം ചിത്രങ്ങളും, അനേകായിരം ശില്പങ്ങളും, ചരിത്രവസ്തുക്കളും ഉൾപ്പെടുന്ന ലൂവ്‌റിനെ സമ്പന്നമാക്കുന്നത് മൊണാലിസയാണ്. ഏറ്റവും കൂടുതൽ കലാസ്വാദകർ തിങ്ങിനില്ക്കുന്നതും മൊണാലിസയ്ക്ക് മുന്നിൽ തന്നെ. 15 അടി ദൂരെ നിന്ന് മാത്രമേ മൊണാലിസ കാണാനാവൂ. അതീവ സുരക്ഷയാണ് ഇതിന് നല്കുന്നത്. ഫ്രഞ്ച് ശില്പി റോദെ, സ്പാനിഷ് ചിത്രകാരൻ പാബ്ലോ പിക്കാസോ എന്നിവരുടെ പേരിലുള്ള മ്യൂസിയങ്ങളും സന്ദർശിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത  അനുഭൂതിയാണ്. ഒർസെ
,
ലൂവ്ര് മ്യൂസിയത്തിൽ ജോൺ കോൺസ്റ്റബിളിന്റെ
ചിത്രത്തിനു സമീപം കെ.കെ.സനിൽകുമാർ
ഓറഞ്ച്, എന്നീ മ്യൂസിയങ്ങളിലായി ക്ലോദ് മൊനെ,വാൻഗോഗ്, പോൾ ഗോഗിൻ, പോൾ സെസാൻ, റെബ്രാന്റ് തുടങ്ങിയ മഹാരഥന്മാരുടെ കലാസൃഷ്ടികൾ സമൃദ്ധമാണ്. പാരീസിൽ തന്നെയുള്ള മോഡേൺ ആർട്ട് ഗാലറി സന്ദർശിച്ചതിലൂടെ ആധുനിക യൂറോപ്യൻ കലാസങ്കേതങ്ങൾ പരിചയപ്പെടാൻ സാധിച്ചു.


വെനീസ്
     പാരീസിൽ നിന്ന് നേരെ പുറപ്പെട്ടത് ഇറ്റാലിയൻ നഗരമായ വെനീസിലേയ്ക്ക്. വെനീസിലെ മുഖ്യാകർഷണം വെനീസ് കനാൽ. ഇതിലൂടെയുള്ള ഒരുമണിക്കൂർ ബോട്ട് യാത്രയ്ക്ക് ശേഷം എത്തിച്ചേർന്നത് വെനീസ് ബിനാലെ നടക്കുന്ന സ്ഥലത്ത്.150ൽ പരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ രചനകളിലെ സമകാലീന സവിശേതകൾ മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് ഫ്‌ളോറൻസ്, റോം, വത്തിക്കാൻ സിറ്റി എന്നീ നഗരങ്ങളിലെ ആർട്ട് ഗാലറികളും മ്യൂസിയങ്ങളും സന്ദർശിച്ചു.
      ലോകചരിത്രത്തിൽ ക്രൂരതയുടെ  അധ്യായം രേഖപ്പെടുത്തിയ 'കൊളോസിയം' ആണ് റോമിലെ പ്രധാന സന്ദർശന സ്ഥലം. വിവധ നഗരങ്ങളിൽ ആളുകൾ കേന്ദ്രീകരിക്കുന്ന ചത്വരങ്ങൾ ശില്പങ്ങളും, ജലധാരകളും കൊണ്ട് അതിസമ്പന്നം. വത്തിക്കാനിലെ സിസ്റ്റൻ ചാപ്പലിന്റെ മുകൾഭാഗത്ത് മുഴുവനായി തീർത്ത മൈക്കലാഞ്ചലോവിന്റെ ചിത്രങ്ങൾക്ക് മുന്നിൽ ഏതൊരു കലാസ്വാദകനും നമിച്ചുപോകും.
 യൂറോപ്പ്

  യൂറോപ്പിൽ നിരവധി പൊതു സവിശേഷതകളാണുള്ളത്. കെട്ടിട നിർമ്മാണ രീതികൾ ഇന്നും പരമ്പരാഗത ശൈലിയിൽ തന്നെയാണ് തുടരുന്നത്. പുറമെ പൂശുന്ന ചായത്തന് പോലും നഷ്‌ക്കർഷതയുണ്ട്. മഞ്ഞ നിറത്തിൽ ചാരം കലർന്ന നിറമാണ് എല്ലാ കെട്ടിടത്തിന്റെയും പുറംഭാഗത്തുള്ളത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച കുടിവേള്ള സംവിധാനത്തിൽ് പോലും ശില്പമാതൃകകൾ തന്നെയാണ്. ചായക്കോപ്പ, പെൻസിൽ, ബുക്ക്, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി ഉദ്പന്നങ്ങളിലല്ലാം മഹാന്മാരായ കലാകാരന്മാരുടെ ചിത്ര- ശില്പ പ്രിന്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
     പാരീസിലെ സെയിൻ നദിയിലൂടെയും,വെനീസ് കനാലിലൂടെയുമുള്ള േേബാട്ട് യാത്ര കേവലം ഉല്ലാസ യാത്ര മാത്രമല്ല ഒരു ജനതയുടെ പാരിസ്ഥിതിക ബോധത്തിന്റെ നേർക്കാഴ്ചകൂടിയായിരുന്നു. മാലിന്യത്തിന്റെ ഒരംശപോലും കഴിഞ്ഞില്ല. ഇത് ്‌വരുടെ പൗരബോധത്തിന്റെ നേർക്കാഴ്ചകൂടിയാണ്. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതും, ക്ഷമാശീലവും പ്രത്യേകം പരാമർശിക്കേണ്ട സവിശേഷതകൾ  തന്നെ.ഭിക്ഷക്കാരെ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും യാചക വൃത്തിയും, സാധാരണ മനുഷ്യന്റെ സർഗ്ഗാത്മകത അവതരിപ്പിച്ചുകൊണ്ടാണ്. വിവിധ സംഗീതോപകരണങ്ങൾ മീട്ടിയും, ശില്പങ്ങളാണെന്ന് തോന്നത്തക്കവിധത്തിൽ വേഷസംവിധാനം ചെയ്ത് നിശ്ചലമായി നിന്നുകൊണ്ടും ജീവിതോപാധി കണ്ടെത്തുകയാണ് ഭിക്ഷക്കാർ.
(2016 ജനവരി 15 ന് മാതൃഭൂമി കാഴ്ചയിലും, പിന്നീട് മാതൃഭൂമി നഗരത്തിലും പ്രസിദ്ധീകരിച്ച ലേഖനം)
 

വ്യാഴാഴ്‌ച, മാർച്ച് 10, 2016

മലബാർ കാൻസർ സെന്ററിൽ ഇ-പാലിയേറ്റീവ് ചികിത്സ


    മലബാർ കാൻസർ സെന്ററിൽ ഇനി ഇ-പാലിയേറ്റീവ് ചികിത്സയും


     മലബാർ കാൻസർ സെന്ററിലെ ആരോഗ്യ വിവരസാങ്കേതിക വിഭാഗവും സി-ഡിറ്റും ചേർന്ന് വികസിപ്പിച്ചെടുത്ത് നടപ്പിലാക്കിത്തുടങ്ങിയ ഇ-പാലിയേറ്റീവ് സംരംഭം വിജയകരമാവുന്നു. ഒരു വർഷം 600 രോഗികൾക്ക് ഇതുവഴി സാന്ത്വന ചികിത്സ ലഭിക്കുന്നു. 2014ൽ പരീക്ഷണാടിസ്ഥാനത്തിലാണ്
ഇ-പാലിയേറ്റീവ് ചികിത്സ സംവിധാനത്തിലൂടെ
മലബാർ കാൻസർ സെന്ററിലെ ഡോ.എം.എസ്.ബിജി
രോഗികളുമായി സംവദിക്കുന്നു.
ഇ-പാലിയേറ്റീവ് ചികിത്സാരീതി ആരംഭിച്ചത്. ജില്ലയിലെ ഏതാനും പാലിയേറ്റീവ് സെന്ററുകൾ വഴിയും, മലബാർ കാൻസർ സെന്ററിലെ ഗൃഹകേന്ദ്രീകൃത വിഭാഗവും വഴിയാണ്  ഇത് നടപ്പാക്കിയിരുന്നത്. കാൻസർ സെന്ററിൽ നിന്നും ചികിത്സ കഴിഞ്ഞും പൂർണ്ണമായും കിടപ്പിലായ രോഗികളെ  ഉദ്ദേശിച്ചാണ് ഇ.പാലിയേറ്റീവ്  ചികിത്സ ചെയ്യുന്നത്.ഡോക്ടറുടെ അനുമതി നേടിയാൽ ഡോക്ടറുമായി രോഗിക്ക് പരസ്പരം വീഡിയോവിലൂടെ മുഖാമുഖം സംവദിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കിടപ്പിലായ രോഗിക്കും വിദൂരസ്ഥലങ്ങളിലുള്ള രോഗികൾക്കും ഓൺലൈൻമുഖേന നേരിട്ട് വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.   സ്വതന്ത്രസോഫ്റ്റവെയർ അധിഷ്ഠിതമായി നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ് ഇ-പാലിയേറ്റീവ്.  രജിസറ്റർ ചെയ്ത രോഗികൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.വെബ് അഡ്രസ് :  www.mccepalliative.org
 
മലബാർ കാൻസർ സെന്ററിലെ ഇ- പാലിയേറ്റീവ്
 വിഭാഗത്തിലെ ഡോക്ടർമാരും, സഹായികളും

ഇ-പാലിയേറ്റീവ് പ്രവർത്തന രീതി: പാലിയേറ്റീവ് കേന്ദ്രങ്ങളുമായും, ഗൃഹകേന്ദ്രീകൃത പരിചരണ സംഘങ്ങളുമായും ചേർന്നാണ് ഇതിന്റെ പ്രവർത്തനം  ഏകോപിപ്പിക്കുന്നത്.അവരവരുടെ രോഗികളുടെ പരിചരണ വിവരങ്ങൾ ഈ വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ ചേർക്കാൻ സാധിക്കും. ഇ-പാലിയേറ്റീവിൽ ഉൾപ്പെടുത്തിയ ആശുപത്രികളിലെ രോഗികൾക്കാണ് പൂർണ്ണതോതിൽ ഇതിന്റ പ്രയോജനം ലഭ്യമാകുക.രോഗീ പരിചരണം നടത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും സംശയങ്ങളും മറ്റുവിവരങ്ങളും അതാത് രോഗികൾക്ക് നേരെ ചേർക്കുന്നു.
ആവശ്യമാണെങ്കിൽ ഈ റിപ്പോർട്ടുകൾ ഡോക്ടർമാർക്ക് പങ്ക് വെക്കുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുവാനും സാധിക്കുതാണ്. ഇലക്‌ട്രോണിക് വീഡിയോ കൺസൾട്ടേഷൻ ആവശ്യമായ സന്ദർഭങ്ങളിൽ ഇന്റർനെറ്റ് കണക്ഷനും ക്യാമറയും മൈക്കുമുളള ലാപ്‌ടോപ്പുമായി സാന്ത്വന പരിചരണ പ്രവർത്തകർ രോഗിയുടെ മുന്നിലെത്തുന്നു. വീഡിയോ കോൺഫറൻസ് രീതി ഉപയോഗിച്ച് ഡോക്ടർക്കും രോഗിക്കും പരസ്പരം സംവദിക്കുകയും രോഗ വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദ്ദേശിക്കാനും കഴിയും.
      വയർലെസ്സ് ഡാറ്റാകോഡ് ഉപയോഗിച്ചുളള 3 ജി  ഇന്റർനെറ്റ് കണക്ഷൻ അണ് സാധാരണ ഉപയോഗിക്കുത്. ഇ-പാലിയേറ്റീവ് വഴി സംവദിക്കുമ്പോൾ രോഗികൾക്ക് ആത്മസംതൃപ്തി പകരുന്നതോടൊപ്പം രോഗലക്ഷണങ്ങളുടെ പരിപാലനം മികവുറ്റതാക്കി രോഗികളെ കൂടുതൽ സംതൃപ്തരാക്കുന്നു. ഇ പാലിയേറ്റീവ് 24 മണിക്കൂറും പ്രവർത്തിക്കും.
     ആസ്പത്രി അധിഷ്ഠിത കാൻസർ രജിസ്റ്റർ ചെയ്ത റിപ്പോർട്ട് അനുസരിച്ച് മലബാറിൽ കണ്ണൂർ ജില്ലയിലാണ് രോഗികൾ കൂടുതലുള്ളത്. 2010ൽ മലബാർ കാൻസർ സെന്ററിൽ 1054 പേരാണ് രോഗികളായി രജിസ്റ്റർ ചെയ്തതെങ്കിൽ  2015ൽ അത് 3910 ആയി ഉയർന്നു.ഇതിൽ പുരുഷന്മാരിലാണ് രോഗം കൂടുതലായും കാണുന്നത്. എം.സി.സിയിലും വിത്തുകോശചികിത്സാസംവിധാനം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 27 രോഗികൾക്ക് ചികിത്സ നൽകാൻ സാധിച്ചു.അതിൽ  ആറ് രോഗികൾക്ക അല്ലോജനിക്‌ഹെമറ്റോ പോയെറ്റിക ്‌സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ,(മറ്റൊരാളുടെമജ്ജ ഉപയോഗിച്ചുകൊണ്ടുളളചികിത്സാരീതി) 21 രോഗികൾക്ക ഒാേട്ടാലോഗസ് ട്രാൻസ്പ്ലാന്റേഷൻ (സ്വന്തംവിത്തുകോശങ്ങൾ ഉപയോഗിച്ചുകൊണ്ടുളളമജ്ജമാറ്റിവെക്കൽ ചികിത്സ) എന്നിവ വിജയകരമായി നടത്തുവാനായി എന്നത് വളർച്ചയുടെ നാഴികക്കല്ലാണ്.  .രക്താർബുദങ്ങൾ മാത്രമല്ല കാൻസറുകളല്ലാത്ത രക്തസംബന്ധമായരോഗങ്ങളും എം.സി.സിയിൽചികിത്സിക്കുന്നു.
     റേഡിയേഷൻ ചികിത്സയുടെ കൃത്യതകൂട്ടാൻ 4ഡി റേഡിയോ തെറാപ്പി പ്ലാനിങ്ങ് സ്‌കാൻ ഡിജിറ്റൽ എക്‌സറെ സ്ഥാപിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന ചിത്രങ്ങൾ അർബുദരോഗത്തിന്റെ കൃത്യമായ ചലനം പോലും രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന് ശ്വാസോച്ഛസത്തിലുള്ള നേരിയ വ്യതിയാനം പോലും ചികിത്സയിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഡിജിറ്റൽ എക്‌സറെ ഉപയോഗിക്കുന്നതിലൂടെ റേഡിയേഷൻ കുറയ്ക്കുവാനും, വിവരങ്ങൾ ശേഖരിക്കാനും കഴിയും. അതിനാൽ വളരെ വേഗത്തിൽ രോഗനിർണ്ണയം നടത്തുവാൻ സാധിക്കും.
     കാൻസർ ഒരു ജനിതക രോഗമായതിനാൽ കണ്ടുപിടുത്തങ്ങളനുസരിച്ച് കാൻസർ മികച്ച രീതിയിൽ ചികിത്സിക്കാൻ ടാർജറ്റഡ് മരുന്നുകൾ അത്യാവശ്യമാണ്. അതിനുവേണ്ടി ചില ജീനുകളിലുള്ള വ്യതിയാനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അതിനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ഭാവിയിൽ മലബാർ മേഖലയിലെ കാൻസറിന്റെ ജനിതക കാരണങ്ങൾ കണ്ടെത്താനുള്ള പഠനങ്ങൾ നടത്തുവാനുള്ള ശ്രമത്തിലാണ് എം.സി.സി.എന്ന് ഡയറക്ടർ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം പറഞ്ഞു.
     സർക്കാർ തലത്തിലുള്ള വിവിധ പദ്ധതികളിലുൾപ്പെടുത്തി 2014 ൽ 5162 രോഗികൾക്കും,2015 ൽ 7639 രോഗികൾക്കും സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട് ഏകദേശം 90 ശതമാനം രോഗികൾക്കും സർക്കാർ പദ്ധതികളിലൂടെ സൗജന്യ ചികിത്സ നൽകി വരുന്നു.

 (2016 ഫിബ്രവരി 16 ന് മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ച ലേഖനം)

തിങ്കളാഴ്‌ച, ഫെബ്രുവരി 08, 2016

Advt.P.K.RAVEENDRAN

അസഹിഷ്ണുതയുടെ കാലത്ത് പ്രണയയാത്രകൾ നടത്തുന്ന രവീന്ദ്ര കവിതകൾ
'ഇവിടെ സത്യം
കുരിശിൽ പിടയുമ്പോൾ
എവിടെ ഞാനെന്റെ
യൾത്താര പണിയുവാൻ
തെരുവിലങ്ങിങ്ങു
തലകളുരുളുമ്പോൾ
എവിടെ ഞാനെന്റെ
ബുദ്ധനെ തിരയുവാൻ
വാളുകൊണ്ടെന്റെ
നെഞ്ചകം  പിളരുമ്പോൾ
എവിടെ ഞാനെന്റെ
ഗാന്ധിയെ കാണുവാൻ
    
തിന്മയും, അസത്യങ്ങളും,അസഹിഷ്ണുതയും  ഉറഞ്ഞു തുള്ളുന്ന വർത്തമാനകാലത്തിൽ മനസ്സിന്റെ അകത്തളങ്ങളിൽ വീർപ്പുമുട്ടുന്ന  വിഹ്വലതകൾ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് 'എവിടെ ഞാനെന്റെ കുതിരയെക്കെട്ടുവാൻ' എന്ന കവിതയിലൂടെ രവീന്ദ്രൻ മാഷ് എന്ന അഡ്വ. പി. കെ. രവീന്ദ്രൻ.  അടുത്തിടെ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് എവിടെ ഞാനെന്റെ കുതിരയെ കെട്ടുവാൻ എന്ന പുസ്തകം.ആത്മചേതനയുടെ മുള്ളും പൂവും മഴയും വെയിലും മഞ്ഞും ഉരുകിച്ചേർന്ന കവിതകളാണെന്നാണ് ആമുഖത്തിൽ കവി പി.കെ. ഗോപി എഴുതിയിരിക്കുന്നത്. 27 കവിതകളാണ് ഇതിലുള്ളത്. 
     മഴമേഘമെന്തേ മടിക്കുന്നു, പാടാൻ മറന്ന പക്ഷികൾ, വർണ്ണപ്പറവകൾ, മിഠായിപ്പൊതി,പ്രണയകവിതകൾ എവിടെ ഞാനെന്റെ കുതിരയെകെട്ടുവാൻ,  എന്നിങ്ങനെ  ആറ ്കവിതാ  സമാഹാരങ്ങളും രവീന്ദ്രന്റെതായിട്ടുണ്ട്. അതിൽ വർണ്ണപ്പറവകളും, മിഠായിപ്പൊതിയും ബാലസാഹിത്യമാണ്. പ്രണയപർവ്വം,നർമ്മകഥകൾ, എന്നിവ ഉടൻ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പുസ്തകങ്ങളും.
     'ബിംബങ്ങൾ അബോധപൂർവ്വകമായി വാക്കുകളുടെ അനുസ്യൂതിയിലേക്ക് കടന്നു വരുന്നത് രവീന്ദ്രന്റെ ഹൃദയത്തിൽ ഒരു കവിയുണ്ട് എന്നു തന്നെയാണ് ' മഹാകവി അക്കിത്തം 'പാടാൻ മറന്ന പക്ഷികൾ' എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ എഴുതിയതാണിത്.പ്രഥമ സമാഹാരമായ വർണ്ണപ്പറവകൾ എന്ന പുസ്തകത്തിന്റെ അവതാരികയിൽ ബാലസാഹിത്യകാരൻ കെ. തായാട്ട് പറഞ്ഞതിങ്ങനെ: 'എക്കാലത്തേക്കും ഓർമ്മിക്കുന്നവയാവും. അത്രമാത്രം ചലനാത്മകതയും, ജീവസ്സുമണ്ട് കവിതകൾക്ക്.' മഴമേഘമെന്തേ മടിക്കുന്നു എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ 'അനുഭവങ്ങളുടെ യഥാർത്ഥമായ ചിത്രണം എന്നതിനപ്പുറം അനുഭൂതികളുണർത്തുന്ന മാറ്റൊലികളാണ്  ഇതിലെ കവിതകൾ.-എന്നാണ്      വാണിദാസ് എളയാവൂർ സാക്ഷ്യപ്പെടുത്തുന്നത്. മഴമേഘമെന്തേ മടിക്കുന്നു എന്ന പുസ്തകത്തിലെ കവിതകൾ അഡ്വ. പ്രശാന്ത് കതിരൂർ ഈണമിട്ട് പാടി സിഡിയാക്കി പുറത്തിറക്കിയിട്ടുണ്ട്.കൂടാതെ ചാക്യാർ വിനോദം മാസികയുടെ 2008 ലെ മികച്ച കവിതാ സമാഹരത്തിനുള്ള മഹാകവി പി. കുഞ്ഞിരാമൻ നായർ  പുരസ്‌കാരവും ഈ സമാഹാരം  നേടിയിട്ടുണ്ട്.   നർമ്മകഥകൾ എന്ന പുസ്തകത്തിന് പി. ആർ. നാഥനാണ്  അവതാരിക എഴുതിയിട്ടുള്ളത്. നിത്യ കാമുകൻ നിത്യകന്യകയെ തേടി നടക്കുന്ന പ്രണയ യാത്രപോലൊന്ന് രവീന്ദ്രന്റെ കവി മനസ്സും സങ്കല്പിക്കുന്നുണ്ടെന്നാണ് പ്രണയകവിതകൾ എന്ന സമാഹാരത്തിൽ ഡോ.കൂമുള്ളി ശിവരാമൻ കുറിച്ചിട്ടിരിക്കുന്നത്.
പരതുകയാണ് ഞാൻ
മിഴികളിലുപേക്ഷിച്ച
പ്രണയമധുരത്തിന്റെ
മാന്ത്രികസ്പർശം - എന്ന വരികളിലൂടെ പ്രണയം എക്കാലവും ജീവിതത്തിന്റെ ഭാഗമാണെന്നതിലുപരി പ്രണയം മധുരിക്കുന്ന ഓർമ്മകൾ കൂടിയാണ്.  ഇതിനുപിന്നിൽ രവീന്ദ്രന്റെ പ്രണയബന്ധിതമായ ഹൃദയസ്പന്ദനമാണ്‌
    

1966ൽ പ്രധാനമന്ത്രിയായിരുന്ന ലാൽബഹാദൂർ ശാസ്ത്രി മരിച്ചപ്പോൾ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടെഴുതിയ 'ഭാരതസാരഥി' എന്ന കവിതയാണ് ആദ്യമായി എഴുതി പ്രസിദ്ധീകരിച്ചത്. അക്കാലത്ത് കൊച്ചിയിൽ നിന്ന് ഇറങ്ങുന്ന ജനശക്തി വാരികയിലാണ് അച്ചടിച്ചു വന്നത്. പിന്നീട് 300ൽ പരം കവിതകൾ ഈ 67 കാരൻ എഴുതിക്കഴിഞ്ഞു. അതിൽ ഭൂരിഭാഗവും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയണ്.
     അധ്യാപകൻ, അഭിഭാഷകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ , സംഘാടകൻ, നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെതായ മുദ്ര പതിപ്പിച്ച  ബഹുമുഖ പ്രതിഭകൂടിയാണ്  അഡ്വ. പി. കെ. രവീന്ദ്രൻ.കവിയൂർ എൽ. പി. സ്‌കൂളിൽ  27 വർഷം അധ്യാപകനായി ജോലി ചെയ്ത രവീന്ദ്രൻ അതിൽ 11 വർഷം പ്രഥമാധ്യാപകനായിരുന്നു. ഇപ്പോൾ തലശ്ശേരി ജില്ലാകോടതിയിൽ അഭിഭാഷകനും
     വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്‌കൂൾ, കോളജ് ,സർവ്വകലാശാല തലങ്ങളിൽ കവിത, പ്രസംഗം, ലേഖനം എന്നിവയിൽ പലതവണ സമ്മാനങ്ങൾ നേടിയിട്ടണ്ട്. 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിദ്യാഭ്യാസവും,അധ്യാപകരും' എന്ന വിഷയത്തിൽ അഖിലേന്ത്യാ തലത്തിൽ അധ്യാപകർക്കായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനവും,'കേരളത്തിന്റെ വികസന സങ്കല്പങ്ങൾ' എന്ന പ്രബന്ധത്തിന് സി.എച്ച് മൊയ്തു മാസറ്റർ  പുരസ്‌കാരവും  ലഭിച്ചു.
     കവിയൂരിലും, പരിസരങ്ങളിലുമായിട്ടുള്ള സാംസ്‌കാരിക സ്ഥാപനങ്ങൾ ഒരുക്കുന്ന നാടകങ്ങളിൽ രവീന്ദ്രൻ മാസ്റ്റരുടെ സക്രിയ സാന്നിധ്യമണ്ടാവും. സി.എൽ. ജോസിന്റെ 28 നാടകങ്ങളിൽ മാഷ് മുഖ്യ കഥാപാത്രമായിരുന്നു. കൂടാതെ  25 നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്.സത്യൻ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന സിനിമയിൽ പ്രോസിക്യൂട്ടറായും, ക്രിക്കറ്റ്, കാലംസാക്ഷി എന്നീ ടെലീഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. 
     അധ്യാപക സംഘടനയായ കെ.എ.പി.ടി. യൂണിയന്റെ സംസ്ഥാന സെക്രട്ടറി,ഡി.ഐ.സി.ജില്ലാ സെക്രട്ടറി , തോട്ടട മാതൃഭൂമി സ്റ്റഡി സർക്കൾ പ്രസിദ്ധീകരണ സമിതി ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ച രവീന്ദ്രൻ ജനശ്രീ ജില്ലാ വൈസ് പ്രസിഡന്റ്, ജനവാണി 90.8 എഫ്. എം ഡയരക്ടർ, എസ്. എൻ ട്രസ്റ്റ് കൊല്ലം ഡയരക്ടർ,ശ്രീനാരായണ സാഹിത്യ വേദി പ്രസിഡന്റ്  തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികൂടിയാണ്.
 1975 മുതൽ 1983 വരെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രവീന്ദ്രനോട് കോൺഗ്രസ് നേതൃത്വം പെരിങ്ങളം നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 24 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു. 26 ന് രവീന്ദ്രന്റെ വിവാഹവുമായിരുന്നു. എപ്രിൽ 27 ന്റെ പത്രങ്ങളിൽ 'മധുവിധു നാളെ, ഇന്ന്  വോട്ട് പിടുത്തം' എന്ന തലവാചകത്തലായിരുന്നു വിവാഹ വാർത്ത വന്നത്. ഈ വാർത്തക്ക് മറ്റൊരു പ്രത്യേകതകൂടെയുണ്ടായിരുന്നു. കുട്ടനാട് നിയോജക മണ്ഡലത്തിലെ സി. പി. എം സ്ഥാനാർത്ഥി ജി. സുധാകരനായിരുന്നു. അദ്ദേഹത്തിന്റെ കല്ല്യാണവും അന്നുതന്നെയായിരുന്നു. ആ വാർത്തയും ഇതോടൊപ്പമായിരുന്നു വന്നത്. മത്സരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലാഞ്ഞതിനാൽ  രണ്ടുദിവസത്തിനുള്ളിൽ  രവീന്ദ്രൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
     1980ൽ ലീഡർ കെ.കരുണാകരൻ പങ്കെടുത്ത കണ്ണൂരിലെ ഒരു ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർക്കും പ്രസംഗിക്കാൻ അവസരം ലഭിച്ചു.പ്രസംഗം കഴിഞ്ഞയുടൻ കരുണാകരൻ വേദിയിൽ വെച്ചുതന്നെ നല്ല പ്രസംഗമെന്ന് പരസ്യമായി പറഞ്ഞുകൊണ്ടഭിനന്ദിച്ചു. ഇത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാഷ് കണക്കാക്കുന്നു.
     മാഹി ജവഹർ സെക്കന്ററി സ്‌കൂൾ അധ്യാപിക കെ.സതീദേവിയാണ് ഭാര്യ. എം.ബി.ബി.എസ്. വിദ്യാർത്ഥിനിയായ റോസ്‌നയും, ബി.ടെക്ക് വിദ്യാർത്ഥി ഷിബിനും മക്കളാണ്.

 (തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പടയണി സായാഹ്ന പത്രത്തിൽ 5/2/2016 വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയ ലേഖനം)