Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 21, 2014

Kolathunadu nalvazhi charitham - C.I.K.V.Babu

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എഴുതിയ ചരിത്ര പുസ്തകം ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം
ടി പി ചന്ദ്രശേഖരന്‍ വധവും തുടര്‍ുള്ള പോലീസ് അന്വേഷണവും കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂത്തുപറമ്പില്‍ ഒരു പ്രമുഖ
രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോള്‍ നേതാവ് പറഞ്ഞു ''കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ. വി.ബാബു ചരിത്രം പഠിക്കണം'. രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് നേതാവിന് സി.ഐ.കെ.വി.ബാബു മറുപടിയായി നല്കിയത്  അദ്ദേഹം രചിച്ച 'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന ചരിത്ര പുസ്തകം.ചരിത്രം പഠിക്കുക മാത്രമായിരുന്നില്ല അത് അക്ഷരങ്ങളിലൂടെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തി. .അതിനൊരംഗീകാരം എന്ന നിലയില്‍  കണ്ണൂര്‍ സര്‍വ്വകലാശാല പാഠപുസ്തകവുമാക്കി. കണ്ണൂര്‍ കൊയ്യം സ്വദേശിയും, ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ കെ.വി.ബാബുവിന്റെ ' കോലത്തുനാട് നാള്‍വഴി ചരിതം' എന്ന ചരിത്രാന്വേഷണ പുസ്തകത്തിനാണ് ഡോ.ജയചന്ദ്രന്‍ കീഴോത്ത് ചെയര്‍മാനായിട്ടുള്ള യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകാരം നല്കിയത്.
     ''ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും,ചരിത്രവും ആ പ്രദേശത്തിന്റെ കുറ്റകൃത്യങ്ങളുമായി നേരിട്ടുബന്ധപ്പെട്ടുകിടക്കുന്ന ഘടകങ്ങളാണ്. പോലീസ് ജോലിയുടെ ഭാഗമായി ഒരു കൗതുകത്തിനാരംഭിച്ച പ്രാദേശിക ചരിത്ര പഠനം ക്രമേണ ഗൗരവമുള്ളതായിത്തീരുകയായിരുന്നു.ഇങ്ങനെ ലഭിച്ച അറിവുകള്‍ പ്രദേശത്തെ കുറ്റകൃത്യങ്ങളെ തടയുന്നതിനുമാത്രമല്ല പ്രദേശത്തെ ജനതയുമായി ഒരാത്മബന്ധം സ്ഥാപിക്കുന്നതിനും അത് സഹായകമായി. ഇതെന്റെ പോലീസ് ജോലികളില്‍ കുറച്ചൊന്നുമല്ല സഹായിച്ചത്'' - ബാബു പറഞ്ഞു.
     ഓരോ പ്രദേശത്തിന്റെയും ചരിത്രം വളരെ വിശദമായി പഠിച്ചാല്‍ അതിന്റെ പിന്തുടര്‍ച്ച തന്നെയായിരിക്കും പുതിയ കാലത്തും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാം. ഉദാഹരണമായി പറയാം  ' കോട്ടയം രാജ്യത്തില്‍ ധാരാളം കാണാനാവുന്ന ക്ഷേത്രങ്ങളിലൊന്നാണ് യുദ്ധവീരനായ വേട്ടക്കൊരുമകന്‍ ക്ഷേത്രം. മാവിലാക്കാവിലെ അടിയുത്സവം, പടുവിലായിക്കാവിലെ തേങ്ങപിടുത്തം, അണ്ടലൂര്‍ക്കാവിലെ ദൈവത്താറുടെ യുദ്ധം എന്നിവ പ്രദേശത്തിന് പൂര്‍വ്വികമായി കൈവന്ന സമര വീര്യമാണ്. എന്റെ പോലീസ് കണ്ണിലൂടെ  വീക്ഷിക്കമ്പോള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന യുദ്ധോത്സുകതയും, കായിക പാരമ്പര്യവും, ആദര്‍ശധീരതയുമാണ്  ആധുനിക കാലത്ത് പോലും ഈ പ്രദേശത്തെ സംഘര്‍ഷത്തിന്റെയും, സംഘട്ടനത്തിന്റെയും വേദിയാക്കി മാറ്റാന്‍ ഇടയാക്കിയത്.'
     ഏഴിമല ആസ്ഥാനമായി മൂഷികവംശമെന്ന് ആദ്യകാലങ്ങളിലും, കോലത്തിരിമാര്‍ എന്ന പേരില്‍ പിന്നീടും അറിയപ്പെട്ട രാജവംശഭരണം നടത്തിയ ഉത്തരകേരളം കോലത്തുനാട് എന്നറിയപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ തറയും,നാട്ടുകൂട്ടങ്ങളും പുകള്‍പെറ്റ തിണയും നിലനിന്നിരുന്ന ഈപ്രദേശം ഒട്ടനവധി വൈദേശിക പടയോട്ടങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്  .' ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ പുസ്തകത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചരിത്രം അന്വേഷിക്കുമ്പോള്‍ യഥാര്‍ത്ഥ സത്യത്തെ അതിവേഗം തിരിച്ചറിയാനാവും.അത് നിങ്ങള്‍ക്ക് എന്റെ പുസ്തകം വായിച്ചാല്‍ മനസ്സിലാവും..'
ഇനി  'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന പുസ്തകത്തിലൂടെ
  'പൂര്‍വ്വ പഠനങ്ങളില്‍ പ്രധാനം എറിക് ജെ മില്ലറുടെ കോലത്തുനാടന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു.  അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപന രീതിയാണ് ബാബു കൈക്കൊണ്ടിട്ടുള്ളത്. ഇവിടെ ഗ്രാമീണ സമൂഹങ്ങളുടെ വിന്യാസ രീതിയല്ല,അനേകം ഗ്രാമങ്ങള്‍ ചേര്‍ന്ന് ഒരുനാടിന്റെ ചരിത്രമാണ് പ്രതിപാദ്യം. അതിനൊപ്പിച്ചു ഭൂപ്രകൃതി, ആവാസവ്യവസ്ഥ, തൊഴില്‍കൂട്ടായമകളുടെ സാന്നിധ്യം, ഉത്പാദനരൂപങ്ങള്‍ , സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവധ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്നു. ഈ വിവരണം ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിന്റെ വിവരണമോ വിശദീകരണമോ അല്ല. മറിച്ച് ഒരു ഭൂപ്രദേശത്തിന്റെ ചരിത്ര പഠനത്തിന് ഒഴിച്ച്കൂടാത്ത വിഷയങ്ങളുടെ സമാഹരണവും ക്രമീകരണവുമാണ്. ദേശചരിത്രത്തിനെന്നപോലെ ഈ പ്രാദേശിക ചരിത്രത്തിനും, വസ്തുതകളുടെയും.സംഭവങ്ങളുടെയും തെരഞ്ഞെടുപ്പും ക്രമീകരണവും ആവശ്യമുണ്ട്. അത് ആവുന്നത്ര ഇവിടെ പാലിച്ചതായി കാണാം. പൊതുവെ പ്രാദേശിക ചരിത്ര പഠനങ്ങള്‍ ചെയ്യുന്നതുപോലെ പ്രദേശത്തിന്റെ ചരിത്രം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആഖ്യാനമായി ചുരുങ്ങുന്നില്ല. എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത' അവതാരിക എഴുതിയ ചരിത്ര പണ്ഡിതനും, ഗ്രന്ഥകാരനുമായ ഡോ. എം.ആര്‍.രാഘവവാരിയര്‍ കുറിച്ചിട്ട വരികളാണിത്.
     312 പേജുള്ള പുസ്തകത്തില്‍ 32 അധ്യായങ്ങളാണുള്ളത്. 'കോലത്തുനാട് - ചരിത്രമുറങ്ങുന്ന നാട്' എന്നതാണ് ആദ്യ അധ്യായം.      കേരളത്തിലെ ഏറ്റവും പഴയനാട് എന്ന് വിശേഷിപ്പിക്കുന്നത് കോലത്തുനാടിനെയാണ്.കോലത്തുനാട്ടില്‍ നിന്നും ലഭിച്ച പുരാതന റോമന്‍ നാണയങ്ങള്‍ തെളിയിക്കുന്നത് റോമാക്കാരും ഏഴിമല രാജാക്കന്മാരും തമ്മിലുണ്ടായിരുന്ന ചരിത്രാതീത കാലത്തിലെ വ്യാപാരത്തെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോമന്‍ നാണയങ്ങള്‍ കിട്ടിയത് കണ്ണൂര്‍ ജില്ലയിലെ കോട്ടയത്തുനിന്നാണ്. ഏറ്റവും മികച്ച കുരുമുളക് ഉല്പാദിപ്പിക്കുന്ന പ്രദേശം എന്ന പ്രത്യേകത കൂടി കോട്ടയത്തിനുണ്ട്.
     കേരളത്തില്‍ നിലനിന്നിരുന്ന ആയോധനകലയായ കളരിപ്പയറ്റിന് 'വടക്കന്‍ ശൈലി' തന്നെ രൂപപ്പെടുത്തിയ പ്രദേശാണ് കോലത്തുനാട്. പുരുഷന്മാര്‍ക്കൊപ്പം ഇവിടുത്തെ സ്ത്രീകളും കളരിപ്പയറ്റ് അഭ്യസിച്ചിരുന്നു. കര്‍ഷക സമൂഹത്തിന്റെ പാരമ്പര്യകലയാണ് പൂരക്കളി. ശിവന്റെയും വിഷ്ണുവിന്റയും അപദാനമാണ് പൂരക്കളി പാട്ടിലെ ഇതിവൃത്തം.ഈ അധ്യായത്തിലൂടെ കോലത്തുനാടിന്റെ ചെറുചരിത്രം വായനക്കാരന് മനസ്സിലാവും.
     ഏഴിമല രാജ്യം എന്ന അധ്യായത്തില്‍ ഏഴിമല രാജ്യത്തിന്റെ ഉത്ഭവവും, മൂഷിക വംശത്തിന്റെ ആവിര്‍ഭാവവും, ഐതിഹ്യവും, രാജാക്കന്മാരെക്കുറിച്ചുമാണ് പറയുന്നത്.ഋഷഭശൃംഗാദ്രിയില്‍ ചെന്ന് മൃതസഞ്ജീവിനി തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഹനുമാന്‍ ആ മലയും പറിച്ചെടുത്ത് ലങ്ക ലക്ഷ്യമാക്കിയിട്ടുള്ള ആകാശയാത്രക്കിടയില്‍ ഏഴ് കൊച്ചുമലകള്‍ അടര്‍ന്ന് താഴേക്ക് പതിച്ചു. ഈ മലകളാണത്രെ 'ഏഴിമല'യെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം.
    ആധുനിക കാലഘട്ടത്തില്‍ കടലിനോടൊരുമ്മിനില്ക്കുന്ന ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രധാന്യം മനസ്സിലാക്കിയാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഇവിടെ സ്ഥാപിച്ചത്. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായതും വംശനാശഭീഷണി നേരിടുന്നതുമായ ഒട്ടനവധി ജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളുടെ കലവറ എന്ന നിലയിലും ഇവിടം ശ്രദ്ധേയമാണ്.
     മൂഷികവംശത്തിലെ 118-ാമത്തെ രാജാവായ ശ്രീകണ്ഠന്‍ പണിതതാണ് മലയോര നഗരമായ ശ്രീകണ്ഠാപുരം. ശ്രീകണ്ഠാപുരത്തുനിന്നാണ് കുരുമുളക്, ഏലം, നെല്ല് എന്നിവ കയറ്റുമതി ചെയതിരുന്നത്.ഇന്ത്യയില്‍ ആദ്യമായി സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതും ആദ്യത്തെ രജിസ്ട്രാഫീസ് സ്ഥാപിച്ചതും കോലത്തുനാട്ടില്‍പ്പെട്ട അഞ്ചരക്കണ്ടിയിലാണ്.വടക്ക് നേത്രാവതി മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശമാണ് കോലത്തുനാട്. കോലത്തിരി എന്നത് രാജാവിന്റെ സ്ഥാനപ്പേരാണ്.
     കോലത്തുനാടും തിരുവിതാംകൂറും,കോലത്തുനാടും ലക്ഷദ്വീപും എന്നീ അധ്യായങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചാണ് പറയുന്നത്.
     'കോലത്തുനാടും നാട്ടും കോട്ടയം രാജവംശവും കോട്ടയം രാജവംശത്തിന്റെ ഉത്ഭവകഥ' എന്നതില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിതമ്പുരാന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ച് മലബാര്‍ നോര്‍ത്തേണ്‍ ഡിവിഷന്‍ സബ് കലക്ടറായിരുന്ന ടി.എച്ച് ബാബര്‍ പുല്‍പ്പള്ളി ക്യാമ്പില്‍ നിന്ന് പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ കത്താണ്.
     'കോലത്ത്‌നാട് 8 മുതല്‍ 15 വരെ നൂറ്റാണ്ടുകളില്‍ ' എന്നതില്‍ ആര്യന്മാരുടെ ആഗമനത്തോടെ കോലത്തുനാട്ടില്‍ നിലനിന്നിരുന്ന സാമൂഹ്യഘടന,ജാതി വ്യവസ്ഥ, സാമന്തന്മരുടെ ഐതിഹ്യം,കൃഷി,സാമൂഹ്യ ബന്ധങ്ങള്‍, ഭാഷ, സംസ്‌കാരം ,ക്ഷേത്രം, ആരാധന,ക്ഷേത്രകലകള്‍,ഭൂ പ്രകൃതി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
     'കോലത്തുനാടിന്റെ കളരി പാരമ്പര്യം' എന്നതില്‍ കളരിയുടെ ഉത്ഭവവും,ഐതിഹ്യവും കളരി സമ്പ്രദായങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരാതനകേരളത്തില്‍ കായിക പരിശീലനത്തിനും ആയുധപരിശീലനത്തിനുമുള്ള കേന്ദ്രങ്ങളാണ് കളരികള്‍. 'ഖലൂരിക' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് കളരി ഉത്ഭവിച്ചത്.പരമശിവന്റെ താണ്ഡവനൃത്തമാണ് കളരിയുടെ ചുവടുകളായി പരിണമിച്ചത്. ശിവന്റെ ശിഷ്യനായ പരശുരാമന്‍ ഈ അഭ്യാസമുറകള്‍ ഹൃദിസ്ഥമാക്കുകയും ഇവ തന്റെ 21 ശിഷ്യന്മാര്‍ക്ക് പകര്‍ന്ന് നല്കുകയും ചെയ്തു. 108 കളരികള്‍ സ്ഥാപിച്ച പരമശിവന്‍ അവിടങ്ങളില്‍ കാളിപ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതിഹ്യം.പൊന്ന്യത്തങ്കക്കളരി ശാസ്ത്ര വിധി പ്രകാരം നിര്‍മ്മിച്ച കോലത്തുനാട്ടിലെ ഏക അങ്കക്കളരിയാണ്.കോലത്തുനാടിന്റെ സാമൂഹ്യ ജീവിതത്തില്‍ കളരിപ്പയറ്റ് എന്ന ആയോധനകല വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുദ്ധദേവതകളെ ആരാധിക്കുന്ന പതിവ് കോലത്തുനാട്ടിലുണ്ടായിരുന്നു. അതിനുള്ള തെളിവാണ് പയ്യമ്പള്ളി ചന്തു, തച്ചോളി ഒതേനന്‍ എന്നീ തെയ്യക്കോലങ്ങള്‍. 

      'കോലത്തുനാട്ടിലെ പ്രമുഖ ജാതി വിഭാഗങ്ങള്‍' എന്നതില്‍ തീയ്യര്‍, പുലയര്‍,നായര്‍,വണ്ണാന്‍,മലയന്‍,കണിയാന്‍,ആശാരി,ശാലിയന്‍ എന്നിവരെക്കുറിച്ചാണ് വിശദമായി പ്രതിപാദിച്ചിട്ടുള്ളത്.
തീയ്യര്‍ : കോലത്തുനാട്ടിലെ ജനസംഖ്യയില്‍ മുന്‍തൂക്കം നില്ക്കുന്ന വിഭാഗമാണ് തീയ്യര്‍.കള്ള് ചെത്ത് കുലത്തോഴിലായി സ്വീകരിച്ചവര്‍.നായര്‍ ഗൃഹങ്ങളില്‍ മരണം സംഭവിച്ചാല്‍ മരണ വിവരം വേണ്ടപ്പെട്ടവരെ അറിയിക്കുക മുതല്‍ വിറകൊരുക്കി ശവദാഹം നടത്തുന്നതുവരെയുള്ള ചുമതലകള്‍ തിയ്യന്റെതാണ്. തീയൊരുക്കുന്നവരായതുകൊണ്ട് തീയ്യരായി എന്നൊരു ഐതിഹ്യമുണ്ട്. തിയ്യര്‍ സിലോണില്‍ നിന്നുവന്നു എന്ന വിശ്വാസമുണ്ട്. കൂടാതെ ബുദ്ധ -ജൈന മതങ്ങളുടെ അപചയത്തോടെ ഹൈന്ദവരായി മാറിയവരാണ് ഈഴവര്‍ എന്ന പ്രബലമായ അഭിപ്രായം നിലവിലുണ്ട്. തലശ്ശേരി ഭാഗങ്ങളിലാണ് തീയ്യ വിഭാഗത്തിന്റെ ആദ്യ കുടിയേറ്റ കേന്ദ്രം.
പുലയര്‍ : കോലത്തുനാട്ടിലെ ആദിമ നിവാസികളാണ്. കോലത്തുനാട്ടില്‍ കൃഷിപ്പണിക്കായിരുന്നു ഇവരെ ഉപയോഗിച്ചിരുന്നത്. വളരെ ശോചനീയമായിരുന്നു എല്ലാ നിലകളിലും ഇവരുടെ സ്ഥിതി.
നായര്‍ :നായന്മാര്‍ക്കിടയില്‍ ഒട്ടേറെ അവാന്തര വിഭാഗങ്ങളുണ്ട്. ഒരു നായര്‍ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം അവാന്തര വിഭാഗത്തില്‍പ്പെട്ട നായന്മാര്‍ ഭക്ഷിക്കില്ല.  അവാന്തര വിഭാഗത്തില്‍പ്പെട്ട നായന്മാര്‍ ഒരേ പന്തിയിലിരുന്ന് ആഹാരം കഴിക്കില്ല. കോലത്തുനാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരു നായര്‍ വിഭാഗമാണ് 'നമ്പ്യാര്‍മാര്‍'. നായര്‍ യുവതികളില്‍ നമ്പൂതിരി സംബന്ധത്തില്‍ ജനിക്കുന്നവരെയാണ് നമ്പ്യാന്മാര്‍ എന്ന പേരിലറിയപ്പെടുന്നത്. ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ നായന്മരാണ് മുമ്പന്‍.
വണ്ണാന്‍ : ദൈവാരാധനയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുനിന്ന് വന്നവരാണ് വണ്ണാന്മാര്‍ ദ്രാവിഡരില്‍വര്‍ണ്ണത്തോടുകൂടി സംസാരിക്കുന്നതുകൊണ്ടാണ് ഇവരെ 'വര്‍ണ്ണാന്‍' എന്നു വിളിച്ചു വന്നത്.
മലയന്‍ : തെയ്യം,മന്ത്രവാദം എന്നീ കുലത്തൊഴിലുകളില്‍ ഏര്‍പ്പെടുന്ന വിഭാഗമാണ്. പൊതുവെ ശബ്ദ ശുദ്ധിയുള്ളവരാകയാല്‍ മികച്ച ഗായകരാണിവര്‍.
കണിയാന്‍ : ഇവര്‍ കണിയാന്‍, കണിശന്‍, കണിയാര്‍, ഗണകന്‍ എന്നല്ലാം അറിയപ്പെടുന്നു.കുട്ടികളെ എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നവരാണിവര്‍ . ജ്യോതിഷവും, ജാതകം എഴുത്തും കണിശന്റെ ജന്മാവകാശമാണ്. കോലത്തരചന്‍ ഇവരെ 'പെരുങ്കണിശന്‍' പട്ടം നല്കി ആദരിക്കാറുണ്ട്.
ആശാരി : ആശാരിമാര്‍ അയിത്ത ജാതിക്കാര്‍ ആയിരുന്നെങ്കിലും മുഴക്കോല്‍ കൈയ്യിലുണ്ടങ്കില്‍ അമ്പലത്തിനകത്ത് കയറുന്നതിന് അവകാശമുണ്ട്. ആദ്യകാലത്തുതന്നെ ആശാരിമാര്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയവരാണ്.
ശാലിയന്‍ : സാമൂതിരി തമിഴ്‌നാട്ടില്‍ നിന്നുകൊണ്ടുവന്ന് പാര്‍പ്പിച്ചവരാണിവര്‍. വസ്ത്ര നിര്‍മ്മാണവും, വ്യാപാരവുമാണ് മുഖ്യതൊഴില്‍.ഇവരുടെ സങ്കേതങ്ങളെ ചാലിയതെരുവ് എന്നാണ് അറിയപ്പെടുന്നത്.

     കേരളത്തിലെ ഏറ്റവും പ്രാചീനമായ അനുഷ്ഠാന കലയായതെയ്യത്തിന്റെ ഉത്ഭവ ഭൂമിയാണ് കോലത്തുനാട്. ഇവിടെ അമ്പലങ്ങള്‍ നിര്‍മ്മിക്കപ്പെട്ട കാലത്തിനു മുമ്പെ തോയ്യക്കോലങ്ങള്‍ കെട്ടിയാടിയിരുന്നു. തെയ്യവും, കോലത്തുനാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതാണ്  'തെയ്യം - കോലത്തുനാടിന്റെ സ്വന്തം അനുഷ്ഠാനകല' എന്നതില്‍. ചോന്നമ്മ,മാക്കം, തോട്ടിന്‍കര ഭഗവതി, പുതിയഭഗവതി, കതിവന്നൂര്‍ വീരന്‍, മുച്ചിലോട്ട് ഭഗവതി, പൊട്ടന്‍ തെയ്യം, വിഷകണ്ടന്‍ തെയ്യം, മുത്തപ്പന്‍ എന്നീ തെയ്യങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല ഐതിഹ്യവും, ചൈതന്യവും പ്രത്യേകം എടുത്തു പറയുന്നുണ്ട്.
     കോലത്തുനാട്ടിലെ  പല സ്ഥലങ്ങളും ഒരുകാലത്ത് ബുദ്ധമത കേന്ദ്രങ്ങളോ ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളോ ആയിരുന്നു. ഇതിനെക്കുറിച്ചുള്ള ഒരു പഠനം തന്നെയാണ് 'തെയ്യങ്ങളില്‍ ബുദ്ധമതത്തിന്റെയും, ആര്യമതത്തിന്റെയും സ്വാധീനം' . ബുദ്ധമതത്തെ ഏറ്റവും ജനകീയമാക്കിയത് അവര്‍ ആയുര്‍വേദത്തോടൊപ്പം പ്രാണചികിത്സയും പ്രചരിപ്പിച്ചിരുന്നു.അതില്‍ നിന്ന് ഉടലെടുത്തതാണ് മരുന്നും മന്ത്രവും എന്ന പ്രയോഗം.  തെയ്യക്കോലങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കുന്ന സമയത്ത് കുത്തുവിളക്കിലെ ദീപത്തിനുമേല്‍ കൈവെള്ള വെച്ചതിനു ശേഷം , നെഞ്ചിന്റെ മധ്യഭാഗത്ത് (ഹൃദയചക്രത്തില്‍) സ്വല്പനേരം സ്പര്‍ശിച്ച് ഭക്തന്റെ

നെഞ്ചിലും, നെറുകയിലും അനുഗ്രഹിക്കുന്നതുകാണാം. ലോകവ്യാപകമായി ഇന്നു വളര്‍ന്നു പ്രചരിച്ചുകൊണ്ടിരിക്കുന്ന 'പ്രാണക് ഹീലിങ്ങ് ' എന്ന ജീവശക്തി ചികിത്സയുടെ പ്രാക്തന രൂപം തന്നെയാണിത്.ഭക്തനിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ വകഞ്ഞുമാറ്റി ശക്തമായ പോസറ്റീവ് ഊര്‍ജ്ജം നല്കുകയാണിവിടെ. പ്രധാന തെയ്യമായ മുത്തപ്പന്‍ ദൈവത്തില്‍ ഇത് കുറേകൂടി തെളിഞ്ഞ് കാണാം.മഞ്ഞളും, നൂറും അണുനാശകങ്ങളും നെഗറ്റീവ് ചൈതന്യത്തെ നശിപ്പിക്കുവാന്‍ കെല്പുള്ളതുമാണ്.
     തളിപ്പറമ്പ്, വളഭട്ടണം, ശ്രീകണ്ഠാപുരം, ചെങ്ങളായി, പാപ്പിനിശ്ശേരി, പളളിക്കുന്ന് പയ്യന്നൂര്‍, കണ്ണൂര്‍,ഇരിക്കൂര്‍, തലശ്ശേരി, ധര്‍മ്മപട്ടണം, ചെറുകുന്ന്, കൊട്ടിയൂര്‍ മാടായി എന്നീ സ്ഥലങ്ങളെക്കുറിച്ചുള്ള ചരിത്രം ആധുനിക കാലഘട്ടവുമായി ചേര്‍ത്തുകൊണ്ടുള്ള വിവരണമാണ് 14 അധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതില്‍ 'പ്ടാരന്‍മാര്‍' എന്ന വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ട്. ശാകതേയ കര്‍മ്മം നടത്തുന്ന ബ്രാഹ്മണരാണ് പ്ടാരന്‍മാര്‍.ഇവര്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നവരാണ്.മാടായിക്കാവ്, ഇരിക്കൂറിലെ മാമാനത്തമ്പലം, വളപട്ടണത്തെ കളരിവാതുക്കല്‍, നീലേശ്വരത്ത് മന്ദംപുറത്തുക്കാവ്, കൂത്തുപറമ്പിലെ തിരുവഞ്ചാരിക്കാവ്, എന്നിവിടങ്ങളിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ പൂജാരികളാണിവര്‍.
     കേരളത്തിലെ ഏക മുസ്ലിം നാടുവാഴികളാണ് അറക്കല്‍ രാജവംശം.അറക്കല്‍ രാജവംശത്തെക്കുറിച്ചും, രാജാക്കന്മാരെക്കുറിച്ചുമാണ് 'അറക്കല്‍ രാജവംശം' എന്നതില്‍ പറയുന്നത്. മാലിദ്വീപുകള്‍, ലക്ഷദ്വീപുകള്‍ എന്നീ പ്രദേശങ്ങളുടെ മേല്‍ അറക്കല്‍ രാജവംശത്തിന് ആധിപത്യമുണ്ടായിരുന്നതിനാല്‍ സുസജ്ജമായൊരു നാവിക വിഭാഗത്തെ അറക്കല്‍ കുടുംബക്കാര്‍ നിലനിര്‍ത്തിയിരുന്നു.
     കോലത്തുനാട്ടിലെ സാമാന്തന്മാര്‍,വിദേശികളുടെ ആഗമനം, ഹൈദരിന്റെയും, ടിപ്പുവിന്റെയും പടയോട്ടം, മൈസൂര്‍ അധിനിവേശം വരുത്തിയ മാറ്റങ്ങള്‍, ക്രിസ്തുമതവും കോലത്തുനാടും കുടിയേറ്റവും, കര്‍ഷക പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം എന്നിവയാണ് മറ്റ് അധ്യായങ്ങള്‍.
     അവസാന അധ്യായമാണ് 'കോട്ടയവും കൂത്തുപറമ്പും' . കോട്ടയം രാജവംശം നിലവില്‍ വരുന്നതിന് മുമ്പ് ഈ പ്രദേശങ്ങള്‍ കോലത്തിരിയുടെ അധീനതയിലായിരുന്നു. കോട്ടയം രാജാക്കന്മാരെ 'പുറനാട്ടടികള്‍' എന്നാണ് വിളിച്ചത്. പുറത്തു നിന്ന് വന്നവര്‍ എന്നാണര്‍ത്ഥം. വടക്കന്‍ കേരളത്തിലെ ഏക ക്ഷത്രിയ രാജവംശമാണ് കോട്ടയം രാജവംശം.
     കേരളത്തില്‍ ഇതുവരെയായി കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ്ണ നാണയ ശേഖരം കിട്ടിയ കോട്ടയം അങ്ങാടി പുരാതനകാലത്തുതന്നെ അറബികള്‍ പ്രധാന കച്ചവട കേന്ദ്രമാക്കിയിരുന്നു.
     വടക്കേ മലബാറിലെ ഏറ്റവും വലിയ ക്ഷേത്രമാണ് കോട്ടയം തൃക്കൈക്കുന്ന് ശിവക്ഷേത്രം. ക്ഷേത്രത്തില്‍ ശ്രദ്ധേയങ്ങളായ നിരവധി ശില്പങ്ങളുണ്ട്. ബലിക്കല്‍ പുരയില്‍ നിരവധി രതിചിത്രങ്ങളുണ്ട്. സംഭോഗം മുതല്‍ സ്ത്രീ പ്രസവിക്കുന്നതു വരെയുള്ള രംഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. അശ്വാരൂഢനായ അയ്യപ്പന്റെ പ്രതിഷ്ഠയുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കിഴക്ക് ദര്‍ശനമായി പാര്‍ത്ഥസാരഥിയായ ശ്രീകൃഷ്ണനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൂത്തുപറമ്പ് എന്ന് ഇന്നറിയപ്പെടുന്ന പ്രദേശം തൃക്കൈക്കുന്ന് ക്ഷേത്രത്തിലെ വാര്‍ഷിക കൂത്ത് നടത്തിയിരുന്ന സ്ഥലമാണ്
     പഴശ്ശിയുടെ വിശ്വസ്തനായി അന്ത്യ നിമിഷം വരെ നിലകൊണ്ട മാക്കത്തിന്റെ സഹോദരന്‍ കൈതേരി അമ്പു ഇന്ത്യയുടെ സ്വതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടാതെ പോയ ധീരദേശാഭിമാനിയായിരുന്നു.
     വടക്കേ മലബാറിന്റെ തന്നെ ആയോധനകലയുടെ സിരാകേന്ദ്രമാണ് കതിരൂര്‍. സൂര്യനാരായണ ക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.കോട്ടയം തമ്പുരാന്റെ 42കളരികള്‍ക്കും, പന്തീരായിരത്തി ഒരുന്നൂറ് നായര്‍ പടയാളികള്‍ക്കും ഭീഷ്മാചാര്യനായിരുന്ന കതിരൂര്‍ ഗുരുക്കള്‍.ഗുരുക്കളും തച്ചോളി ഒതേനനും,  തമ്മില്‍ നടന്ന പൊയ്തില്‍ പൂഴിക്കടകന്‍ എന്ന കള്ളച്ചുവടിനാല്‍ അടിപതറിവീണ് വീരമൃത്യുവരിച്ച കതിരൂര്‍ ഗുരുക്കളുടെ ജന്മഭൂമിയും, കര്‍മ്മഭൂമിയാണിവിടം.കുംഭം 10,11 തിയ്യതികളിലാണ് പൊന്ന്യം ഏഴരക്കണ്ടത്തില്‍ പൊയ്ത്ത് നടന്നത്.കതിരൂര്‍ ഗുരുക്കളുടെ ശിഷ്യന്മാരില്‍ പ്രധാനികള്‍ അയിത്ത ജാതിയില്‍പ്പെട്ട ചുണ്ട് പെരുമലയനും, മുസല്‍മാനായ മായന്‍പക്കിയുമായിരുന്നു.
 ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് കൂത്തുപറമ്പ് ഭാഗത്തെ പുരാതന ക്ഷേത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. വടക്കന്‍ കേരളത്തില്‍ ഏറ്റവുമധികം കളരികള്‍ സ്ഥിതിചെയ്യുന്ന പ്രദേശവും ഇതുതന്നെയാണ്. എണ്ണത്തില്‍ കുറവായ നായര്‍പടയാളികള്‍ ടിപ്പുവിന്റെ വന്‍ സൈന്യത്തെ അരിഞ്ഞുതളളി വിജയമാഘോഷിച്ചത് രേഖപ്പെടുത്തിയ ചരിത്ര സത്യവുമാണ്. .
     'കോലത്തുനാട്ടിലെ മറ്റ് രാജാക്കന്മാരും, പഴശ്ശിക്ക് ഇക്കാലത്ത് പിന്തുണ നല്കിയിരുന്നുവെങ്കില്‍ ഭാരത ചരിത്രം തന്നെ മറ്റൊരു രീതിയിലായി മാറുമായിരുന്നു.' - എന്നൊരു നിരീക്ഷണത്തോടെയാണ് ബാബു പുസ്തകം അവസാനിപ്പിച്ചത്.
     2003 ഫിബ്രവരി 19 ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന ആദിവാസി സമരത്തിനിടയില്‍ മരണപ്പെട്ട സഹോദരന്‍ കൂടിയായ മാങ്ങാട്ടുപറമ്പ്

കെ.എ.പി.ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ കെ.വി.വിനോദിനാണ് ബാബു 'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
     തെയ്യം- കോലത്തുനാടിന്റെ സ്വന്തം അനുഷ്ഠാന കല മുതല്‍ മാടായി - സംസ്‌കാരങ്ങളുടെ സംഗമ ഭൂമി എന്നുവരെയുള്ള 15 അധ്യായങ്ങളാണ് മലയാളം രണ്ടാം ഭാഷയായി എടുത്തിട്ടുള്ള ബി.കോം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യവിഷയമാക്കിയിട്ടുള്ളത്.
     ശ്രീകണ്ഠാപുരത്തിനടുത്ത് കൊയ്യത്തെ ടി.പി. കുഞ്ഞിരാമന്റെയും, കെ.വി.നാരായണിയുടെയും മകനാണ് ബാബു. കൊയ്യം ഗവ. ഹൈസ്‌കൂള്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എന്നിവിടങ്ങളില്‍ പഠനം. തുടര്‍ന്ന് 1991 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 2003 ഒക്ടോബര്‍ ഒന്നിന് കേരളാ പോലീസില്‍ സബ് ഇന്‍സ്പകടറായി സെലക്ഷന്‍
നേടി. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, പേരാമ്പ്ര, കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍, ധര്‍മ്മടം, കുടിയാന്മല, ആലക്കോട് കാസര്‍ഗോഡ് ജില്ലയിലെ ബേക്കലിലും സബ് ഇന്‍സ്പകടറായി  ജോലി ചെയ്തു. ഇപ്പോള്‍ ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍.ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ 2010 ലെ ജനമിത്ര അവാര്‍ഡിനര്‍ഹനായി.ആലക്കോട് സബ് ഇന്‍സ്പക്ടറായിരിക്കുമ്പോള്‍ ' വൈതല്‍മല ചരിത്ര പശ്ചാത്തലവും ടൂറിസം സാധ്യതകളും' എന്ന പുസ്തകവും രചിച്ചുട്ടുണ്ട്.  ഭാര്യ : സുധ, മക്കള്‍ : ദൃശ്യ, മേഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍ )
     2013 ഫിബ്രവരിയില്‍ കൂത്തുപറമ്പ് മാറോളിഘട്ടില്‍ വെച്ച് കഥാകൃത്ത്
എം.മുകുന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. 2014 ല്‍ രണ്ടാം പതിപ്പ്  കൂത്തുപറമ്പ് മാറോളിഘട്ടില്‍ വെച്ച് തന്നെ കഥാകൃത്ത് പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. കണ്ണൂരിലെ കൈരളി ബുക്‌സാണ്  'കോലത്തുനാട് നാള്‍വഴി ചരിതം' എന്ന പുസ്തകത്തിന്റെ പ്രസാധകര്‍. വില : 300 രൂപ.  
Photo and Text : G.V.Rakesh 

 അഴിമുഖം ഔണ്‍ലൈന്‍ മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനമാണിത്.
നിങ്ങള്‍ അഴിമുഖം ഔണ്‍ലൈന്‍ മാഗസീന്‍ വായനക്കാരനാവുക



1 അഭിപ്രായം: