Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വെള്ളിയാഴ്‌ച, ജൂൺ 28, 2019

യാത്രതന്നെ ഒരു തീർത്ഥാടനം

 അമ്പലം എന്നത്  ചുറ്റമ്പലത്തിനുള്ളിലെ പ്രാർത്ഥനകളും പൂജകളും മാത്രമല്ല,  ഭക്തർക്ക് മാനസികമായ ഉല്ലാസം തരുന്ന കേന്ദ്രങ്ങളായി മാറണം. അതിലൂടെ 
ഭാരതത്തെ അറിയാനാവണമെന്ന ഉദ്ദേശത്തോടെയാണ് പൊന്ന്യം കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ - ഭഗവതി ക്ഷേത്രം ട്രസ്റ്റ് തീർത്ഥാടന- ഉല്ലാസയാത്രക്ക് രൂപം നല്കിയത്. അതിന്റെ നൂറാമത് യാത്ര ജൂൺ 30-ന് പുറപ്പെടുകയാണ്. 2004 നവംബർ ആറിനാണ് രാമേശ്വരത്തേക്ക് ആദ്യമായി നൂറുപേരുമായി  യാത്ര നടത്തിയത്.  ഇതുവരെയായി 99 യാത്രകൾ.  കൊട്ടിയൂർ മുതൽ കൈലാസം വരേയും ഭാരതാതിർത്തി കടന്ന്  ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ എന്നീ രാഷ്ട്രങ്ങളും ഇതിനകം യാത്ര പോയിക്കഴിഞ്ഞു.

നൂറാമത്തെ യാത്ര സമർപ്പണയാത്ര
   
    നൂറാമത്തെയാത്ര ശരിക്ക് പറഞ്ഞാൽ ഒരു സമർപ്പണയാത്രയാണ്. വൃദ്ധർ, പരസഹായമില്ലാത്തവർ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർ എന്നിവരടങ്ങുന്ന 45 പേരാണുള്ളത്. ഇവരുടെ  സഹായികളായിട്ടാണ് 55 പേരെ കൂട്ടുന്നത്. ഇവർ കമ്മിറ്റയംഗങ്ങളും, മാതൃസമിതി അംഗങ്ങളുമാണ്.ആകെ യാത്രാഗംങ്ങൾ 100 പേർ. ആരിൽ നിന്നും ഒരു തുകയും ഈടാക്കുന്നില്ല. എല്ലാ ചെലവുകളും ട്രസ്റ്റാണ് വഹിക്കുന്നത്. 30-ന് പുറപ്പെട്ട് ഒന്നിന് വൈകീട്ട് തിരിച്ചെത്തും.ഗുരുവായൂർ,മമ്മിയൂർ,ആനത്താവളം,തുഞ്ചൻപറമ്പ്,കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    
നൂറാമത് യാത്രയിൽ പങ്കെടുക്കുന്നവർ
1993-ലാണ് സി.പി.ദേവദാസൻ നായർ ചെയർമാനും എൻ.പി.കരുണാകരൻ സെക്രട്ടറിയുമായ ട്രസ്റ്റ് നിലവിൽ വന്നത്. പി.ഡബ്ല്യൂ.ഡി.റിട്ട.എൻജിനിയറും സഞ്ചാരപ്രിയനുമായ എൻ.പി.കരുണാകരനാണ് പൊന്ന്യത്തെ ഗ്രാമവാസികൾക്ക് ഏറെ സുരക്ഷയോടെ യാത്രചെയ്യാനാവുന്ന തീർത്ഥാടന- ഉല്ലാസയാത്ര എന്ന ആശയം ട്രസ്റ്റിനുമുന്നിൽ അവതരിപ്പിച്ചത്. ഇത് ട്രസ്റ്റും അംഗീകരിച്ചു. അങ്ങനെയാണ് രാമേശ്വരം യാത്രക്ക് പദ്ധതികൾ തയ്യാറാക്കിയത്. സ്ഥിരമായി ഒരു സ്വകാര്യ ട്രാവൽ ഏജൻസിയുടെ സഹകരണത്തോടെയാണ് യാത്രചെയ്യുന്നത്. എല്ലാവർഷവും കൊട്ടിയൂർ, നാലമ്പലയാത്രയും നടത്താറുണ്ട്.

വിജ്ഞാനപ്രദമായ യാത്രകൾ

  തികച്ചും ഹിന്ദു ആദ്ധ്യാത്മീക യാത്ര എന്നതിൽ നിന്ന് മാറ്റി ഒരോ യാത്രക്കാരനും മനസ്സിൽ ഇടം നേടുന്ന യാത്രകളാണ് നടത്താറെന്ന് എൻ.പി.കരുണാകരൻ പറഞ്ഞു. പ്രമുഖ മുസ്ലീം തീർത്ഥാടന കേന്ദ്രമായ അജ്മീർ ദർഗ്ഗ, മാഹി മുതൽ വേളാങ്കണ്ണി വരേയും കൊച്ചിമുതൽ ഗോവ വരെയുള്ള വിവിധ ക്രിസ്ത്യൻ ചർച്ചുകൾ, ബഹായി മതക്കാരുടെ ഡൽഹിയിലെ ലോട്ടസ് ടെംബിൾ,സിക്ക് മതക്കാരുടെ അമൃതസറിലെ സുവർണ്ണ ക്ഷേത്രം, ശ്രാവണബൽഗോള, ധർമ്മസ്ഥല ,കപിലവസ്തു,രാഷ്ട്ര പിതാവിന്റെ ജന്മസ്ഥലമായ പോർബന്ധർ, രാജ്ഘട്ട്, ഡൽഹി, ആഗ്ര, ഹൈദ്രബാദ്, ചെന്നൈ, ദ്വാരക,അലഹബാദ്,മുന്നാർ, ഊട്ടി,തേക്കടി,മൈസൂർ,ഹംബി, കന്യാകുമാരി,ശ്രീപെരുംമ്പത്തൂർ,പ്രസിദ്ധമായ കോട്ടകൾ, കൊട്ടാരങ്ങൾ,മ്യൂസിയങ്ങൾ എന്നിവയല്ലാം പലയാത്രകളിലായി സന്ദർശിച്ചിട്ടുണ്ട്.
     ഒരു ദിവസം മുതൽ 15 ദിവസം വരെയുള്ള യാത്രകൾ പോയിട്ടുണ്ട്. ഇതിൽ രാമായണപഥ യാത്ര ഏറെ വ്യത്യസ്തമായത്. അയോദ്ധ്യ,നാസി,പഞ്ചവടി,കിഷ്‌കിന്ധ,പമ്പ (വടക്കേ ഇന്ത്യ),രാമേശ്വരം,ധനുഷ്‌ക്കോടി,എന്നീ പുണ്യസ്ഥലങ്ങൾ പിന്നിട്ട് ലങ്കയിൽ പോയി അവിടെ ഹനുമാൻ ആദ്യമായി കാലുകുത്തിയ സ്ഥലം, അശോകവനം,സീതാദേവി അഗ്നിപ്രവേശനം ചെയ്ത് പരിശുദ്ധത തെളിയിച്ച ഇടം എന്നിങ്ങനെയുള്ള രാമായണവുമായി ബന്ധപ്പെട്ട യാത്ര അതിമനോഹരമായിരുന്നു. പഞ്ചവടിമുതൽ ശ്രീലങ്ക വരെയുള്ളസ്ഥലം ഇന്ത്യയുടെ മാപ്പിൽ അടയാളപ്പെടുത്തിയാൽ ഒരു നേർരേഖയായി കാണാം. രാവണൻ സീതാദേവിയെ പുഷ്പകവിമാനത്തിൽ കൊണ്ടുപോയതിന്റെ തെളിവുകൂടിയാണിത്. നൂറാമത് യാത്ര കഴിഞ്ഞാൽ 101-ാമത്തെ യാത്ര കൃഷ്ണഗാഥാ മാസമായ ചിങ്ങത്തിലാണ്.  ഒറീസ, ഭുവനേശ്വർ,കൊണാർക്ക്, തിരുവോണത്തിന് പുരിയിൽവെച്ച് ഓണസദ്യകഴിക്കാനുള്ള സംവിധാനം കൂടി ഒരുക്കിയാണ് യാത്ര തയ്യാറാക്കുന്നത്.
   

  രണ്ട് വർഷം മുന്നെ ട്രസ്റ്റിന്റെ സഹകരണത്തോടെ പൊന്ന്യം സ്വദേശികളായ എൻ.പി.റിനീഷ്, എം.കെ.വിപിൻ എന്നിവർ മോട്ടോർ ബൈക്കിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ബൈക്ക് യാത്രനടത്തി. ഹിമാലയത്തിലെ ലെ, ലഡാക്ക് എന്നിവിടങ്ങളിലെത്തിയാണ് തിരിച്ചു വന്നത്.
     യു.രഘുനാഥ് (ചെയർ.)എം.സജിനനാഥ് ( വൈസ്.ചെയർ).സി.പി.സന്തോഷ് (സെക്ര.),കെ.പി.ഷാജി (ജോ.സെക്ര.) സി.ബാലകൃഷ്ണൻ (ഖജാ.) എന്നിവരാണ് നിലവിലെ ഭാരവാഹികൾ.
( 2019 ജൂൺ 28 മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ചത്‌)