Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, സെപ്റ്റംബർ 04, 2023

ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കുന്നു

 ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കുന്നു

' നാടുകാണിച്ചുരം' എന്ന വാക്ക് ഞാൻ പരിചയപ്പെടുന്നത് യു.പി. ക്ലാസിൽ പഠിക്കുമ്പോഴാണ്. പ്രശസ്ത ബാലസാഹിത്യകാരൻ കെ. തായാട്ടിന്റെ ഒരു കഥാസമാഹാരത്തിന്റെ പേരാണ് നാടുകാണിച്ചുരം.ഒരു എലി കെണിയിൽ അകപ്പെട്ടുപോയ കഥയാണ്.
    വർഷങ്ങൾക്ക് ശേഷം ഇന്ന് (2-9 - 2023 ) കുടുംബസമേതം നിലമ്പൂർ
നാടുകാണിച്ചുരത്തിലേക്ക് 13 കിലോ മീറ്റർ 

നാടുകാണിച്ചുരം വഴി ഗൂഡല്ലൂരിൽ എത്തി. തിരിച്ച് നാടുകാണി വഴി നിലമ്പൂരിലേക്കും.
നാടുകാണി ഉൾപ്പെടുന്ന വഴിക്കടവ് പോലീസ് സ്റ്റേഷൻ മേധാവിയും
കഥാകൃത്തുമായ മനോജ് പറയറ്റ നാടുകാണി എന്ന ഗ്രാമം കൂടുതൽ പരിചയപ്പെടുത്തിത്തന്നു.
 
    എന്റെ അച്ഛന്റെ സുഹൃത്തും ഞാൻ ഏറെ സ്നേഹിക്കുകയും ചെയ്ത കെ. തായാട്ടിനെയും നാടുകാണിച്ചുരം എന്ന കഥയും ഒരിക്കൽകൂടി ഓർത്തു. മനസ്സിൽ കുടിയേറിയ കഥയുടെ ഒരു തിരിച്ചു വരവ്. അതാണ് ആ കഥയുടെ ശക്തി.
ഇന്നലെ രാവിലെയാണ് നിലമ്പൂരിലെത്തിയത്. ഷോർണ്ണൂരിൽ നിന്നും

നിലമ്പൂരിലേക്ക് ട്രയിനിൽ. സാധാരാണ ട്രെയിൻ യാത്രയേക്കാൾ മനോഹരം . സാധാരണ ട്രെയിൻ യാത്രയിൽ കാണുന്ന കാഴ്ചയല്ലിത്. റബ്ബർ , കവുങ്ങ്, വാഴ, വയൽ, പാറക്കൂട്ടം എന്നിവയുടെ നടുവിലൂടെയുള്ള
യാത്ര . കുഞ്ഞു റെയിൽവെ സ്റ്റേഷനുകളും. കേരളത്തിൽ ഇത്ര മനോഹര ട്രെയിൻ യാത്ര വേറെയില്ല. ഒരു ട്രയിൽ ഒഴിച്ച് മറ്റെല്ലാ ട്രെയിനുകളും ലോക്കൽ .
കെനോലി (തേക്ക് കൂടുതലുള്ള കാട് ) തേക്ക് മ്യൂസിയം എന്നിവയും കാണേണ്ടതാണ്. തേക്ക് മ്യൂസിയത്തിലെ ജൈവപാർക്കും വേറിട്ട കാഴ്ചയാണ്.
മലബാർ കാൻസർ സെന്ററിൽ എന്റെ കൂടെ എത്തിക്സ് കമ്മിറ്റി അംഗമായിരുന്ന ഡോ. വാസുദേവൻ (എം.ഡി. ജനറൽ മെഡിസിൻ ) സാറിന്റെ വീട് നിലമ്പൂർ കോവിലകം ഗെയിറ്റിന് മുന്നിലാണ്. അദ്ദേഹവും ഭാര്യ ഡോ. രമാദേവി ( ഗൈനോക്കോളജിസ്റ്റ്) യും കോവിലകത്തിന്റെ ചരിത്രം പറഞ്ഞു തന്നു. ഒരുപാട് ചരിത്രം ഇവിടെ ഉറങ്ങുന്നുണ്ട്. പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രന്റെ തറവാട് വീടും ഈ കോവിലകത്താണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇപ്പോഴും കോവിലകത്തുണ്ട്. ഡോ. രമാദേവിയുടെ കൂടെ കോവിലകത്തിന്റെ മുന്നിലൂടെ
കോവിലകം ഗെയ്റ്റ്

ഞങ്ങൾ നടന്നു. കോവിലകത്ത് വേട്ടക്കൊരുമകൻ ക്ഷേത്രമുണ്ട്. അവസാനം ചെന്നെത്തുന്നത് ചാലിയാർ പുഴയോരത്തും. കൃത്യമായി മഴ പെയ്യാത്തതിനാൽ ചാലിയാർ മെലിഞ്ഞിരിക്കുന്നു.
നിലമ്പൂർ ഗൂഡല്ലൂർ യാത്ര മനോഹരമാണ്. ബസ്സിലാണ് ഞങ്ങൾ പോയത്.
ഗൂഡല്ലൂർ

നിലമ്പൂരിൽ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്രയും ഒരനുഭവമാണ്. നട്ടുച്ചക്ക് പോലും സൂര്യവെളിച്ചം കുറഞ്ഞ ശക്തമായ കാട്, ചുരം, പാറക്കെട്ടുകൾ, പേടിയാവുന്ന കൊല്ലി എല്ലാം ആസ്വദിക്കാവുന്ന യാത്ര .
തിരിച്ചു വരുമ്പോഴാണ് മനോജ് പറയറ്റയെ കാണുന്നത്. 2020-ൽ ജി വി ബുക്സ് പ്രസിദ്ധീകരിച്ച 20 പോലീസുകാരുടെ കഥാസമാഹാരമായ സല്യൂട്ട് പുസ്തകത്തിലേക്ക് കഥ അയച്ച അന്നുമുതൽ അടുപ്പമുള്ള പറയറ്റയെ ഇന്നാണ് ആദ്യമായി നേരിൽ കാണുന്നത്. അദ്ദേഹം ഞങ്ങളോട് കാണിച്ച സ്നേഹം വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല.
മനോജ് പറയറ്റയോടൊപ്പം 
എല്ലാ ബന്ധങ്ങളും എന്നെ കോർത്തിണക്കുന്നത് അക്ഷരങ്ങളും പുസ്തകങ്ങളുമാണ്.
സപ്തംബർ മൂന്ന് 2021 മുതൽ മറക്കാനാവാത്ത തിയ്യതി. അമ്മ ( കെ.മാധവി ടീച്ചർ ) വിട്ടുപോയ ദിനം. നാളെ മൊറ്റൊരു സപ്തംബർ മൂന്ന് . ആദ്യാക്ഷരം നാവിൽ കുറിച്ചത് അച്ഛൻ. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ചത് അമ്മ . എന്റെ ഒന്നാം ക്ലാസിലെ അധ്യാപിക കൂടിയായിരുന്നു അമ്മ. ഈ അക്ഷരങ്ങൾ അമ്മയ്ക്കായി സമർപ്പിക്കട്ടെ !
അമ്മ