Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ഞായറാഴ്‌ച, നവംബർ 03, 2013

നിട്ടോനിമൂപ്പന്‍ ചെറുകഥാ സമാഹാരം പരിചയപ്പെടുത്തല്‍ (Nittoni Mooppan)

 നേര്ക്കാഴ്ചയിലൂടെ 
തുറന്നെഴുതിയ കഥകള്‍
കണ്ടും, കേട്ടും, അനുഭവിച്ചും അറിഞ്ഞ ചില സത്യങ്ങളായ വസ്തുതകളെ ഏകാകികളുടെ ജീവിതങ്ങളില്‍ ആവാഹിച്ചിരുത്തി വേറിട്ട ശൈലിയില്‍ അവതരിപ്പിക്കുന്ന ഏഴ് ചെറുകഥകളുടെ സമാഹരണമാണ് രാജന്‍ പാനൂരിന്റെ ‘നിട്ടോനിമൂപ്പന്‍’ അധ്യാപകനായി വടക്കന്‍ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ എത്തിയ രാജന്‍ അവിടെ നിന്നാണ് ആദ്യകഥയിലെ നിട്ടോനി മൂപ്പനെ പരിചയപ്പെടുന്നത്. 2012 ലെ റസാക്ക് കുറ്റിക്കകം അവര്‍ഡ് നേടിയ കഥകൂ‍ടിയാണ് നിട്ടോനിമൂപ്പന്‍. 
     തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് മൂപ്പന്റേത്. ചുവന്ന പട്ടുപോലൊരു തോര്‍ത്താണ് അയാളുടെ വേഷം. അതിനുമീതെ അരപ്പട്ടപോലൊരു തോര്‍ത്തും മുറുക്കിയുടുത്തിട്ടുണ്ടാവും. പാളത്തൊപ്പിയും, മൂക്കുത്തിയും, കടുക്കനുമുണ്ട്. മൂപ്പന്റെ കൈയ്യില്‍ പണം വെച്ചുകൊടുത്താല്‍ അതിന് നന്ദി പറഞ്ഞ് തിരിച്ചു പോകുന്നതിലുമുണ്ട് ചില സവിശേഷതകള്‍. 
     ‘മുപ്പത് വയസ്സായ കുഞ്ഞ് , കോലായില്‍ മരത്തൂണോട് ചാരിവെച്ചിട്ടുള്ള മണ്‍പ്രതിമ’ എന്നീ വാക്കുകളിലൂടെ മാരക വിഷദുരന്തത്തിന്റെ ഇരയായിത്തീര്‍ന്ന മൂപ്പന്റെ മകനെ പരിചയപ്പെടുത്തുമ്പോള്‍ മനുഷ്യസ്നേഹിയായ ഏതൊരു വായനക്കാരന്റെയും മനസ്സില്‍ ഒരു സമൂഹത്തെ മുഴുവന്‍ വിഷദുരന്തത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്റെ ഭീകരത ആളിക്കത്തും.
      ‘ക്വട്ടേഷന്‍’ എന്നാണ് രണ്ടാമത്തെ കഥയുടെ പേര്.
രാജന്‍ പാനൂര്‍
അനുഭവത്തിലേക്ക് ഇറങ്ങിയും, നീന്തിയും, മരണക്കുറിപ്പ് നടത്തിയുമാവണം കഥാകാരന്‍ കഥയെഴുതാന്‍ എന്ന വിമര്‍ശനത്തിന് അറുതി വരുത്താനാണ് ദിവാകരന്‍ മാഷെന്ന കഥാകാരന്റെ ശ്രമം. അതിനായി അദ്ദേഹം ക്വട്ടേഷന്‍ നേതാവിന്റെ ജീവിതം കഥയാക്കാന്‍ തീരുമാനിച്ചു. ക്വട്ടേഷന്‍ നേതാവിനെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്ന് നന്നായി സല്ക്കരിച്ച് നേതാവിന്റെ വീരശൂരപരാക്രമങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനിടെ മൂത്രമൊഴിക്കാന്‍ പോയ നേതാവ് കഥാകാരന് താങ്ങാവുന്നതിലപ്പുറമുള്ള ഒരു കഥാതന്തു സമ്മാനിച്ച് രക്ഷപ്പെടുന്നതാണ് ഇതിവൃത്തം. 
     പാനൂരില്‍ ഒരു കാലഘട്ടത്തില്‍ അരങ്ങേറിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതയില്‍ ഒന്നായിരുന്നു ഒരാളുടെ തലയറുത്ത് ഒരു പാത്രത്തിലിട്ട സംഭവം. അതിനെ ആസ്പദമാക്കിയാണ് ‘ഓട്ടുപാത്രങ്ങള്‍’ എന്ന മൂന്നാമത്തെ കഥ. മറ്റുള്ള  എല്ലാ കഥകളെയും അപേക്ഷിച്ച് ഒരു പ്രത്യേകരീതിയിലാണ് ഇതിന്റെ അവതരണം. അതുകൊണ്ടുതന്നെ എഴുത്തുകാരന്റെ പല മൌനങ്ങളും വായനക്കാരന് നിരവധി ചോദ്യങ്ങളായി മാറുന്നു. 
     മദ്യമില്ലാതെ ശവസംസ്കാരച്ചടങ്ങ് പോലും നടക്കില്ലെന്ന പുത്തന്‍ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചയാണ് നാലാമത്തെ കഥയായ മരണമൊഴി. നെറ്റിക്കുമീതെ കൈപ്പത്തിഞാലി കെട്ടി മാനത്ത് മഴക്കാറുണ്ടോ എന്നൊരു ഗവേഷണം നടത്തി. ഒരു തുള്ളി മുന്‍പരിചയം പോലുമില്ലാതെ നിന്റെയീ ഭാവം എന്നെ അതിശയിപ്പിക്കുന്നു. ഇത്തരത്തിലുള്ള  ശൈലി ഈ കഥയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് കാരണമാവുന്നു.
     ദേശീയ അധ്യാപക പുരസ്കാരം തരുന്ന രാഷ്ട്രപതിക്ക് ക്ഷാത്രരക്തമില്ലാത്തതിനാല്‍ പുരസ്കാരം നിരസിച്ച അധ്യാപകന്റെ കഥയാണ് രക്തവിന്യാസം. ആറും, ഏഴും കഥകളായ പ്രണയഹത്യ, വിളക്കുതിരി എന്നിവയുടെ പ്രമേയങ്ങള്‍ എത്രയോപേര്‍ പറഞ്ഞുപോയതാണെങ്കിലും അവതരണരീതിയിലെ പുതുമകൊണ്ട് വായനക്കാരന് ഹൃദ്യമാവും. ഏഴ് കഥകള്‍ക്കും നേര്‍കാഴ്ചകളായി ചിത്രങ്ങള്‍ വരച്ചിട്ടുള്ളത് രാജന്‍ പാനൂരിന്റെ ശിഷ്യനും, ചിത്രകാരനുമായ ഗിരീഷ് മക്രേരിയാണ്. 
     വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഒരു ഗ്രാമത്തിന്റെ ആകുലതകള്‍ ആവിഷ്ക്കരിച്ച് രാജന്‍ പാനൂര്‍ എഴുതിയ അഗ്രയാനം എന്ന ആദ്യ നോവലിന് 2012 ലെ എ. പി. കളയ്ക്കാട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ചെറുകഥാ സമാഹരണമാണ് നിട്ടോനിമൂപ്പന്‍. കൈരളി ബുക്സാണ് നിട്ടോനിമൂപ്പന്റെ പ്രസാധകര്‍. 
     പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായ രാജന്‍ പാനൂര്‍ മൊകേരി സ്വദേശിയാണ്. എ. പി. കളയ്ക്കാട്, റസാക്ക് കുറ്റിക്കകം എന്നീ അവാര്‍ഡുകല്‍ നേടിയടിന്റെ ഭാഗമായി മൊകേരി ദേശീയ വായനശാല ആന്റ് ഗ്രന്ഥാലയം രാജനെ ആദരിച്ചിരുന്നു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രഷീനയാണ് ഭാര്യ. മക്കള്‍ : ഹൃദ്യുത്, ഹൃദേന്ദ് . ഫോണ്‍ : 09747536091    
(1/11/2013 മാതൃഭൂമി കാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ) 

2 അഭിപ്രായങ്ങൾ:

  1. രാജൻ പാനുരിനെ ഇതുവരെ വായിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് നേര്. ഈ പരിചയപ്പെടുത്തൽ വായിക്കാനുള്ള താൽപ്പര്യമുണർത്തുന്നു

    മറുപടിഇല്ലാതാക്കൂ
  2. He was my physics sir .......... And grate pleasure to know that other than physics he travels in the world of literature .......... Sir proud to be ur student & i will definitely read your book ......... Thank you rakeshetta for ur report & introduction about "nittoni mooppan " .

    മറുപടിഇല്ലാതാക്കൂ