Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

Dr.C.K. Bhagyanath Thalassery (Drama writer)

തിരശ്ശീലയ്ക്ക് പിന്നിലെ ഡോക്ടര്‍
  രോഗിക്ക് മരുന്ന് കുറിച്ച് കൊടുക്കുന്ന ഗൗരവത്തോടെ നാടകം രചിച്ച് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ആയുര്‍വേദ ഡോക്ടറാണ് ഡോ.സി. കെ. ഭാഗ്യനാഥ്. ആതുര ശുശ്രൂഷയുടെ ഭാരിച്ച തിരക്കുകള്‍ക്കിടയിലും നാടകരചനയിലൂടെയാണ് തലശ്ശേരിക്ക് സമീപം കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്ന്യം സറാമ്പിയില്‍ സ്വന്തമായി പ്രാക്ടീസ് നടത്തുന്ന സി. കെ. വൈദ്യശാലയിലെ ഈ ഡോക്ടര്‍ ആശ്വാസം കണ്ടെത്തുന്നത്.
ഇരുപതില്‍പരം നാടകങ്ങള്‍ ഇതിനകം രചിച്ചുകഴിഞ്ഞു. ഓരോ നാടകവും അതാത് കാലഘട്ടങ്ങളിലെ ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ആധാരമാക്കിയുള്ളവയാണ്. 2011 മാര്‍ച്ച് 19 മുതല്‍ 26 വരെ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് ചെന്നൈയില്‍ നടത്തിയ ഫെയ്മ അഖിലേന്ത്യാ നാടകമത്സരത്തില്‍ പൊന്ന്യം കലാധാര അവതരിപ്പിച്ച രണ്ട് നാടകങ്ങളില്‍ 'ചെന്നല്ലൂര്‍മാത' നാല് അവാര്‍ഡും, 'കാല്‍വരിയിലേക്കുള്ള വഴി' എന്ന നാടകം ഒരു അവാര്‍ഡും കരസ്ഥമാക്കി.
ചെന്നല്ലൂര്‍ മാത എഴുതിയ ഡോ. സി. കെ. ഭാഗ്യനാഥാണ് ഏറ്റവും നല്ല നാടക രചയിതാവ്. മികച്ച നാടകത്തിനുള്ള രണ്ടാംസ്ഥാനവും ചെന്നല്ലൂര്‍ മാത നേടി. ഇതില്‍ അഭിനയിച്ച ബിന്ദു സജിത്ത് മികച്ച നടിയായി തിരഞ്ഞെടുത്തു. കൂടാതെ ഇതില്‍ ബാലതാരങ്ങളായി അഭിനയിച്ച ബാലുകൃഷ്ണ, അഭിരാമി എന്നിവര്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡിനും അര്‍ഹരായി. ചെന്നല്ലൂര്‍ മാത സുനില്‍ കാവുംഭാഗമാണ് സംവിധാനം ചെയ്തത്.
'കാല്‍വരിയിലേക്കുള്ള വഴി' എന്ന നാടകം സംവിധാനം ചെയ്ത പി. കെ. ജഗത്ത് കുമാറാണ് മികച്ച രണ്ടാമത്തെ സംവിധായകന്‍. 'കാല്‍വരിയിലേക്കുള്ള വഴി' എന്ന നാടകവും രചിച്ചത് ഡോ. സി. കെ. ഭാഗ്യനാഥാണ്. ഓണത്തിനും, വിഷുവിനും മറ്റ് വിശേഷ ദിവസങ്ങളിലും പൊന്ന്യത്തെ 'ഗീതാ നിവാസ്'എന്ന വീട്ടുമുറ്റത്ത് സ്റ്റേജൊരുക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് നാടകം കളിച്ചാണ് നാടകത്തിലേക്കുള്ള കടന്നുവരവ്.
1976ല്‍ ഷോര്‍ണ്ണൂര്‍ ആയുര്‍വേദ കോളജില്‍ പഠിക്കുമ്പോള്‍ കോളജില്‍ അവതരിപ്പിക്കാനായി എഴുതിയ മരണമേഖല'എന്ന നാടകമാണ് ആദ്യമായി വേദിയില്‍ അരങ്ങേറിയത്. പിന്നീട് ഡോള്‍ഡ്രാമ, സമാസമം, സംവാദം എന്നീ ഏകാംഗ നാടങ്ങളെഴുതി. 1984ല്‍ ജനകീയ കൂട്ടായ്മയോടെ 'പൊന്ന്യം കലാധാര'രൂപവത്ക്കരിച്ചു. അതോടെ പിന്നീടുള്ള എഴുത്ത് മത്സരനാടകങ്ങള്‍ക്ക് വേണ്ടിയുള്ളതായി. 84 മുതല്‍ തന്നെ അമേച്വര്‍ നാടക മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കലാധാരയാണ് ഡോക്ടറുടെ എല്ലാ നാടകങ്ങളും അരങ്ങിലെത്തിച്ചത്.
നാടകങ്ങള്‍ അരങ്ങേറിയതോടെ 'പൊന്ന്യം കലാധാര' ഇന്ന് ഉത്തരകേരളത്തില്‍ അമേച്വര്‍ നാടക വേദിയില്‍ അറിയപ്പെടുന്ന ഒരു നാമധേയമായി മാറി. 1992 ല്‍ പയ്യന്നൂര്‍ കേളോത്ത് രംഗവേദിയുടെ ഉത്തരകേരളാ മത്സരത്തില്‍ 'കാക്കച്ചിപറഞ്ഞ കഥ'യ്ക്ക് മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കൂന്നതിനെതിരെയുള്ളതാണ് പ്രമേയം. സംവിധാനം ചെയ്ത രാജേന്ദ്രന്‍ തായാട്ടിന് കൊച്ചി ഇടപ്പള്ളിയില്‍ നടന്ന പി. ജെ. ആന്റണി പി. എം. താജ് സ്മാരക സംസ്ഥാന അവാര്‍ഡും ലഭിച്ചു.
ചെന്നൈ മലയാളി സമാജവും, മെഡിമിക്‌സും ചേര്‍ന്ന് നടത്തിയ 'ദൃശ്യോത്സവ് 97' ദേശീയ മത്സരത്തില്‍ 'കാടെവിടെ മക്കളെ'എന്ന നാടകത്തിന് രചന ഉള്‍പ്പടെ നാല് അവാര്‍ഡുകള്‍ ലഭിച്ചു. സംവിധായകനായ സുശീല്‍കുമാര്‍ തിരുവങ്ങാട് മികച്ച സംവിധായകനായും, ഡോക്ടറുടെ സഹോദരന്‍ കൂടിയായ സി. കെ.രാധാകൃഷ്ണന്‍ സ്വഭാവനടനായും, കതിരൂര്‍ തങ്കമണി മികച്ച നടിയായും തിരഞ്ഞെടുത്തു. 2004 ല്‍ ശ്രീനി തലായി ആര്‍ട്‌സ് ഫൗണ്ടേഷന്‍ തലശ്ശേരിയില്‍ നടത്തിയ അഖില കേരളാ നാടക മത്സരത്തില്‍ 'ബാലനും, ദാസനും പിന്നെ പ്രേതങ്ങള്‍'ക്കും 2007 ല്‍ ശ്രീനി തലായി ആര്‍ട്‌സ് ഫൗണ്ടേഷന്‍ തലശ്ശേരിയില്‍ നടത്തിയ അഖില കേരളാ നാടക മത്സരത്തില്‍ 'മീനച്ചൂടിനും'മികച്ച രചനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
അതിനിടെ 'എയ്ഡ്‌സ് മാത'എന്ന നാടകം കേരളാ സംഗീത നാടക അക്കാദമിയുടെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2007 ല്‍ ചെന്നൈയില്‍ നടന്ന ഭാരതീരാജ സ്മാരക ദേശീയ നാടക മത്സരത്തില്‍ 'കോരന്‍ മേസ്ത്രി കുഴിച്ച കിണര്‍' എന്ന നാടകം മികച്ച രചനക്കും, സ്‌പെഷല്‍ ജൂറി അവാര്‍ഡിനും അര്‍ഹമായി. 2010 നവംമ്പറില്‍ ചെന്നൈയിലെ 'ടീം ആര്‍ട്‌സ്' നടത്തിയ അഖിലേന്ത്യാ മലയള നാടക രചനാ മത്സരത്തില്‍ ഡോ.ഭാഗ്യനാഥിന്റെ 'ചെന്നല്ലൂര്‍മാത' എന്ന നാടകത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു 'ഭാഗ്യരത്‌നം'എന്ന വീട് ഡോക്ടര്‍ നിര്‍മ്മിക്കുമ്പോള്‍ വീട്ടിന്റെ മൂന്നാം നിലയില്‍ നാടകത്തിന് പരിശീലനം നടത്താനായിക്കൊണ്ട് വിശാലമായ ഹാളും നിര്‍മ്മിച്ചു.
ഈ ഹാളില്‍ നിന്നാണ് അവാര്‍ഡ് കിട്ടിയ മിക്ക നാടകങ്ങളും പൂര്‍ണ്ണമായും പരിശീലനം നടത്തിയത്. വിശേഷദിവസങ്ങളില്‍ നാടകവും, മറ്റ് കലാപരിപാടികളും അവതരിപ്പിക്കാന്‍ വേണ്ടി മാത്രം തറവാട് വീടായ ഗീതാ നിവാസിന്റെ മുറ്റത്ത് 'സി. കെ. കണാരന്‍ വൈദ്യര്‍ നവതി മണ്ഡപം' എന്ന പേരില്‍ സ്ഥിരം സ്റ്റേജും നിര്‍മ്മിച്ചിട്ടുണ്ട്. ഡോക്ടറുടെ മിക്കനാടകങ്ങളിലും മുഖ്യ നടന്‍ സഹോദരനായ ബി. എസ് എന്‍. എല്‍. ഉദ്യോഗസ്ഥന്‍ സി. കെ. വിശ്വനാഥ് ആണ്.
നാടകത്തിന് ആവശ്യമായ സഹായവും, പിന്തുണയും നല്‍കുന്നതാവട്ടെ തലശ്ശേരിയിലെ പ്രശസ്ത മാനസികരോഗ വിദഗ്ദ്ധനും, സഹോദരനുമായ ഡോ. സി. കെ. ഗംഗാധരനാണ്. ചികിത്സക്കിടെ രോഗികളില്‍നിന്നും കിട്ടിയ ചില മിത്തുകളാണ് മീനച്ചൂട്, വിഷം സര്‍വ്വത്രവിഷം എന്നീ നാടകങ്ങളുടെ രചനക്ക് പാത്രമായത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പണിയരുടെ ജീവിതം, ഭാഷ, സംസ്‌കാരം എന്നിവ പ്രമേയമാക്കി രചിച്ച 'കാടെവിടെ മക്കളെ' എന്ന നാടകം പുസ്തകമാക്കിയിട്ടുണ്ട്.
കതിരൂര്‍ ഗ്രാമപഞ്ചായത്ത്, തലശ്ശേരി ശ്യാമ, പൊന്ന്യം യുവജന ക്ലബ്ബ്, ശ്രീനി തലായി ആര്‍ട്‌സ് ഫൗണ്ടേഷന്‍ , കുട്ടിമാക്കൂല്‍ ശങ്കരനാട്യ വിദ്യാലയം, ദേശീയ ശാസ്ത്ര വേദി എന്നിവര്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പ്രൈവറ്റ് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷ്‌നേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഉത്തരമേഖലാ പ്രസിഡന്റ്, പൊന്ന്യം കലാധാര ഖജാന്‍ജി, തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ലേബര്‍ സഹകരണ സംഘം ഡയരക്ടര്‍, ഉത്തരകേരളാ മലയന്‍ സമുദായോദ്ധാരണ സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ദേവു അമ്മയുടെയും ആര്യവൈദ്യന്‍ പരേതനായ സി. കെ. കണാരന്റെയും മകനാണ് അദ്ദേഹം. ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ കോളജില്‍ പഠിക്കുമ്പോള്‍ കോളജില്‍ അവതരിപ്പിക്കാനായി എഴുതിയ 'മരണമേഖല' എന്ന നാടകത്തില്‍ അഭിനയിച്ച സഹപാഠി കൂടിയായ ഡോക്ടര്‍ പി. രത്‌നകുമാരിയാണ് ജീവിതസഖി. മക്കള്‍: കൗശിക്ക്, കശ്യപ്, കാവ്യ. ഡോ. സി. കെ. ഭാഗ്യനാഥ് ഫോണ്‍: 9446657590, 0490-22307177