Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2015

നേതി

  'നേതി' : മലബാർ കാൻസർ സെന്ററിന്റെ പുകയിലക്കെതിരെയുള്ള അക്ഷരയുദ്ധം
 


      ആഗോളതത്തിൽ ഓരോ വർഷവും 5.4 ദശലക്ഷം ആളുകൾ പുകയില ഉപയോഗത്താൽ മരണമടയുന്നു. ഇത്തരത്തിലുള്ള മരണങ്ങളുടെ 80 ശതമാനവും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. സംസ്‌ക്കരിച്ച പുകയിലയിൽ ഏകദേശം 2550 രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. പുകയില കത്തിച്ചു
കഴിയുമ്പോൾ പുറത്തു വരുന്ന രാസവസ്തുക്കളുടെ എണ്ണം 7000ത്തിൽ അധികമാണ്. അതിൽ കുറഞ്ഞത് 69ഓളം രാസവസ്തുക്കൾ അർബുദത്തിന് കാരണമാവുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ പ്രതിവർഷം പുകയില ജന്യരോഗങ്ങളാൽ മരിക്കുന്നു.ഇന്ത്യയിൽ മൂന്നിലൊന്ന് അർബുദവും പുകയിലയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
     പുരുഷൻമാരിലെ 50 ശതമാനം അർബുദവും സ്ത്രീകളിലെ 25 ശതമാനം അർബുദവും പുകയിലയുമായി ബന്ധപ്പെട്ടതാണ്. 15 വയസ്സിൽ താഴെയുള്ള ഇന്ത്യയിലെ കുട്ടികളിൽ ലോകാരോഗ്യസംഘടന നടത്തിയ ഏറ്റവും പുതിയ പഠനപ്രകാരം 14.6 ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗം ശീലമാക്കിയിട്ടുള്ളവരാണെന്ന്  കണ്ടെത്തിയിരിക്കുന്നു.ഇന്ത്യയിൽ പുകയില ഉപയോഗിക്കുന്നവരുടെ ഏകദേശ സംഖ്യ 275 ദശലക്ഷമാണ്.ലോകത്തിൽ വായിൽ അർബുദം ബാധിച്ചവരിൽ 80 ശതമാനവും ഇന്ത്യയിലാണ്.അതിന്റെ പ്രധാന കാരണമാവട്ടെ പുകയില ഉപയോഗവും.  പുകവലിയേക്കാൾ പുകയില ചവയ്ക്കുന്ന ശീലം അനിയന്ത്രിതമായി വർദ്ധിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. കുട്ടികളേയും,യുവാക്കളേയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും മോചിപ്പിക്കുക എന്ന സന്ദേശവുമായി മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആന്റി ടുബാക്കോ സെൽ പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് 'നേതി വാർത്താ പത്രിക'.
     എഴുപത് ശതമാനവും കട്ടികളുടെ രചനയ്ക്കാണ് നേതിയിൽ പ്രധാന്യം നല്കുന്നത്.അതിലൂടെ കുട്ടികളിൽ പുകയില വിരുദ്ധചിന്ത വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.നാല് മാസം കൂടുമ്പോൾ ഒരു തവണയാണ് നേതി പ്രസിദ്ധീകരിക്കുക. ഒരു വർഷത്തിൽ മൂന്ന് പതിപ്പ്. ഓരോ പതിപ്പും 5000 കോപ്പികളാണ് അച്ചടിച്ചിറക്കുന്നത്. കാസർഗോഡ്, കണ്ണൂർ,  മാഹി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം തുടങ്ങയ ജില്ലകളിലെ സ്‌കൂളുകൾ, ക്ലബ്ബുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നേതി നല്കുന്നത്. നേതിയുടെ വിതരണം പൂർണ്ണമായും സൗജന്യമാണ്.
     2012 മെയ് 31 നാണ് നേതിയുടെ ആദ്യലക്കം  എട്ടാം ലക്കം ഡിജിറ്റൽ എഡിഷനായും പുറത്തിറക്കി. ജൂൺ 20ന് മന്ത്രി കെ.പി.മോഹനൻ പാനൂരിൽ നിന്ന് ഡിജിറ്റൽ എഡിഷൻ പ്രകാശനം ചെയ്തു.  www.mcc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡിജിറ്റൽ എഡിഷൻ വായിക്കാനാവും.  
     മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യനാണ് നേതിയുടെ എഡിറ്റർ. ഡോ.ഫിൻസ് എം.ഫിലിപ്പ്, ഡോ.എ.പി.നീതു, ഡോ.വി.രാമചന്ദ്രൻ, മേജർ പി.ഗോവിന്ദൻ, ചാലക്കര പുരുഷു, ടി.സി.പ്രദീപ്, ദയാനന്ദൻ എന്നിവരാണ് പത്രാധിപസമിതി അംഗങ്ങൾ. നേതിയിലേക്കുള്ള സൃഷ്ടികൾ സ്‌കൂൾ,കോളജ് വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി എല്ലാവർക്കും അയക്കാവുന്നതാണ്. ചെറുകഥ, ചെറുകവിത, നുറുങ്ങുകൾ, അനുഭവക്കുറിപ്പുകൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ എന്നിവയൊക്കെ അയക്കാം.എല്ലാ സൃഷ്ടികളുടെയും ആശയം വിദ്യാലയങ്ങളിൽ നി്ന്നും, സമൂഹത്തിൽ നിന്നും ഹാൻസ്, പാൻപരാഗ്, ബീഡി,സിഗരറ്റ്, മദ്യം, വെറ്റിലമുറുക്ക്, തുടങ്ങിയ അർബുദകാരണങ്ങളായ ശീലങ്ങളെ അകറ്റുക എന്നതാവണം.സൃഷ്ടികൾ അയക്കേണ്ട വിലാസം : എഡിറ്റർ, നേതി വാർത്താ പത്രിക, കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം, മലബാർ കാൻസർ സെന്റർ, പി.ഒ.മൂഴിക്കര, തലശ്ശേരി.  ഫോൺ : 9496048812,9496048817  Email: tccthalassery@gmai.com 

വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2015

കതിരൂരിലെ ഗ്യാസ് ശ്മശാനം

മലബാറിലെ ആദ്യത്തെ മലിനീകരണ വിമുക്ത ശ്മശാനം കതിരൂരിൽ


   മലബാറിലെ ആദ്യത്തെ മാതൃകാ ഗ്യാസ് ശ്മശാനം കതിരൂരിലെ കുണ്ടുചിറ വ്യവസായ എസ്റ്റേറ്റിന് സമീപം പൂർത്തിയായി. പൂർണ്ണമായും മലിനീകരണവിമുക്ത ശ്മശാനമാണ്. 54 സെന്റ് സ്ഥലത്ത് 1549 ചതുരശ്ര അടി
ഗ്യാസ് ശ്മശാന കെട്ടിടം
വിസ്തീർണ്ണമുള്ള കെട്ടിടമാണ് ശ്മശാനത്തിനായി പണിതിട്ടുള്ളത്.           
    ജലനിധിയുടെ ശുചിത്വപദ്ധതിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപാ ചെലവിലാണ് കതിരൂർ ഗ്രാമപഞ്ചായത്തിനായി ശ്മശാനം പണിതത്. കൂടാതെ ആറ് ലക്ഷം രൂപാ ചെലവിൽ ജനറേറ്ററും
സ്ഥാപിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌ക്കരിക്കുമ്പോഴുണ്ടാവുന്ന പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴിയാണ് പുക പുറംതള്ളുക. അതുകൊണ്ട് തന്നെ മണമോ, മറ്റ് അസ്വസ്ഥതകളോ ഉണ്ടാവില്ല. എട്ട് ഗ്യാസ് കുറ്റിയിൽ നിന്ന് ഒരേ സമയം ഒരേ അളവിൽ ഗ്യാസ് തുറന്ന്  വിട്ടാണ് ദഹിപ്പിക്കുക. എട്ട് കുറ്റി ഗ്യാസ് കൊണ്ട് 13 മൃതദേഹങ്ങൾ ദഹിപ്പിക്കാനാവും. ഒരു മൃതദേഹം ദഹിച്ച് ചാരമാവാൻ 10 മുതൽ 12 കിലോ ഗ്യാസാണ് വേണ്ടത്.  ദിവസത്തിൽ ആദ്യത്തെ ഒരു മൃതദേഹം

ശ്മശാനത്തിലെ  ഫർണ്ണസ്
ദഹിക്കാൻ 40 മുതൽ 50 മിനുട്ട് വരെ സമയമെടുക്കും.പിന്നീടുള്ളവയ്ക്ക് 30 മിനുട്ട് മാത്രമേ വേണ്ടൂ.മൃതദേഹത്തിൽ കർപ്പൂരം കത്തിച്ച് വെച്ച് ഫർണ്ണസിന്റെ വാതിലടച്ചാൽ  മാത്രമേ തീ പടരുകയുള്ളൂ. 
     ശവസംസ്‌ക്കാരച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇരിക്കാനും , കർമ്മങ്ങൾ ചെയ്യുന്നവർക്ക് കുളിക്കാനും വസ്ത്രം മാറ്റാനുമുള്ള സൗകര്യവുമുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന യന്ത്രം സ്ഥാപിച്ചത് വിശാലമായ ഒരു മുറിയിലാണ്.ഇതിന്റെ ചുമരിൽ കതിരൂരിലെയും. പരിസങ്ങളിലേയും ചിത്രകാരന്മാരുടെ സൃഷ്ടികൾ സ്ഥിരമായി പ്രദർശിപ്പിക്കും
 രണ്ട് കുളിമുറി, കക്കൂസ്, വരാന്ത, ഓഫീസ് റൂം, കൂടാതെ ഗ്യാസ് സൂക്ഷിക്കുന്ന മുറിയും പ്രത്യേകമായിട്ടുണ്ട്. കെട്ടിടത്തിൽ നിന്നും അല്പം മാറി ഒരു കിണറും പൂർത്തീകരിച്ചിട്ടുണ്ട്.  കുണ്ടുചിറയുടെ കരയ്ക്ക് സമീപമായതിനാൽ പുഴയിൽ മുങ്ങിക്കുളിച്ച ശേഷം കർമ്മം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള സൗകര്യവും അടുത്തുതന്നെ ഏർപ്പെടുത്തും.കർമ്മം ചെയ്യാനുള്ള ചാരം മൺകുടത്തിൽ നല്കും. കെട്ടിടത്തിന് സമീപം ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനള്ള സൗകര്യവും, പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.ശ്മശാനവും പരിസരവും പൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
    ഒരു മൃതദേഹം ദഹിപ്പിക്കാനായി 2500 രൂപയും,  ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയോ,മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ സമ്മതപത്രവും ശ്മശാന ഓഫീസിൽ നല്കണം.  കർമ്മങ്ങൾ ചെയ്യാനാവശ്യമായ സാധനങ്ങൾ സ്വന്തം ചെലവിൽ കൊണ്ടുവരേണം.ശ്മശാനത്തിന്റെ നടത്തിപ്പ് ഗ്രാമപഞ്ചായത്ത് അനുശാസിക്കുന്ന നിയമപ്രകാരം കരാർ അടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച് നല്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.    
      2015 സപ്തംബർ 13 ന് ഒമ്പത് മണിക്ക് ശ്മശാന കെട്ടിടത്തിന് സമീപം നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ കെട്ടിടത്തിന്റെ  താക്കോൽ കതിരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പവിത്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ പി.ബാലകിരൺ മുഖ്യാതിഥിയായി.

കതിരൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ , വി.ചന്ദ്രൻ, സി.വത്സൻ, എം.ഷീബ, പി.വി.രാഘവൻ, സി.ബാലകൃഷ്ണൻ, ടി.സീത, ടി.കെ.ഷാജി, ടി.എം.ദിനേഷ് ബാബു, എ.വാസു,പി.ജനാർദ്ദനൻ, പൊന്ന്യം കൃഷ്ൺ,
ജില്ലാ കളക്ടർ പി.ബാലകിരൺ
ബഷീർ ചെറിയാണ്ടി, വി.രാമകൃഷ്ണൻ, സുനിൽ പരുമാനൂർ, എൻ.പവിത്രൻ, എം.മോഹനൻ എന്നിവർ സംസാരിച്ചു.   

    കെട്ടിടത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും, മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള അംഗീകാരം കൂടി ലഭിക്കണം.മാത്രവുമല്ല യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കാനും, ദഹിപ്പിക്കാനുള്ള പരിശീലനവും അവിടെ നിയമിക്കുന്നവർക്ക് നല്‌കേണ്ടതുണ്ട്.   അത് കൂടി പൂർത്തിയായാൽ മാത്രമേ മൃതദേഹങ്ങൾ സ്വീകരിക്കുകയുള്ളു.

(2015 സപ്തംബർ 10 & 14 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത)
 

ഞായറാഴ്‌ച, ഓഗസ്റ്റ് 16, 2015

പോക്കുവരവ്
പോക്കുവരവ്
 
വാസുയേട്ടൻ ഓട്ടോയിൽ കയറി ഡ്രൈവർ വിനുവിനോട് പറഞ്ഞു രജിസ്ട്രാഫീസ്. വിനു നേരെ റജിസ്ട്രാഫീസിന് മുന്നിലെത്തിച്ചു.ഒരു പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണം. ചിലപ്പോൾ വില്ലേജ് ഓഫീസ് വരെ പോവേണ്ടിവരും.  വാസുയേട്ടൻ തിരച്ചെത്തി. വിനൂ.., നേരെ വില്ലേജ്.
     വില്ലേജിന് മുന്നിലെത്തി പത്ത് മിനുട്ട് വെയ്റ്റ് ചെയ്യണേ... വാസുയേട്ടൻ വില്ലേജിലേയ്ക്ക് പോയി. അഞ്ച് മിനുട്ട് കഴിയുമ്പോഴേയ്ക്കും തിരിച്ചു വന്നു. വിനുവോട് പറഞ്ഞു റജിസ്ട്രാഫീസ്. വിനു റജിസ്്ട്രാഫീസിലേയ്ക്ക് വിട്ടു.
 വിനു വാസുയേട്ടനോട് ചോദിച്ചു 'റജിസ്ട്രാഫീസിലും, വില്ലേജിലുമായിട്ടെന്താ പരിപാടി?'
വാസുയേട്ടൻ : അതില്ലെ വിനു ഞാനൊരു സ്ഥലം കച്ചവടമാക്കിയിരുന്നു. അതിന്റെ റജിസ്‌ട്രേഷനൊക്കെ കഴിഞ്ഞു. സർവ്വെ നമ്പറിൽ ചെറിയ തിരുത്തുണ്ട്. റജിസ്ട്രാഫീസിന്ന് പറഞ്ഞു വില്ലേജ്ന്ന്് നമ്പറ് വാങ്ങിക്കണമെന്ന്.
    വില്ലേജ്ന്ന് പറയാ റജിസ്ട്രാഫീസ്ന്ന് അടിയാധാരം വാങ്ങിക്കണമെന്ന്. അടിയാധാരം വാങ്ങി വില്ലേജിൽ കൊടുത്താലേ നികുതി മുറിച്ചുതരും.നികുതി ശീട്ട് കാണിച്ചാലെ റജിസ്്ട്രാഫീസിന്ന് നമ്പറ് മാറ്റീത്തരൂ.  വില്ലേജ്- റജിസ്ട്രാഫീസ്, റജിസ്ട്രാഫീസ് - വില്ലേജ് ഇങ്ങനെ മൂന്നാല് തവണ പോവേണ്ടതുകൊണ്ടാണിതിന് 'പോക്കുവരവ്' എന്ന പേര് വന്നത്.


നമ്പര്‍ : 9447....20

നമ്പര്‍ : 9447....20
വടക്കേലെ ചന്ദ്രന്റെ പൊരേക്കൂടലായ ദിവസം മുത്തപ്പന്റെ വെള്ളാട്ടം. വെള്ളാട്ടം കഴിയാറയപ്പോള്‍ ചന്ദ്രനെ മുത്തപ്പന്‍ അരികിലേക്ക് വിളിച്ചു. ചന്ദ്രന്റെ കൈപിടിച്ച്  പറഞ്ഞു ഒന്നിനും വിഷമിക്കേണ്ട എപ്പോഴും മുത്തപ്പന്‍ കൂടെയുണ്ട്. മുത്തപ്പനെ വിളിച്ചാല്‍ മതി കേട്ടോ.....
 ചന്ദ്രന്‍ കീശയില്‍ നിന്ന് മൊബൈലെടുത്തു നമ്പറെത്രയാ....?


....................................................................................................................................................

കൊടംപുളി


പുല്ലോടിയിലെ മാധവേട്ടന്റെയും, രമണിയുടെയും മകന്‍ രമേശന്‍ കോട്ടയക്കാരി ജഗദമ്മയെ കല്യാണം കഴിച്ചു.മാധവേട്ടനും, ജഗദമ്മയും മാത്രമായുള്ള ഒരു പകല്‍.മാധവേട്ടന്‍ ജഗദമ്മക്ക് കുറച്ച് മത്തി വാങ്ങിച്ചു കൊടുത്തു. മത്തി മുറിച്ചു വന്നപ്പോള്‍ ജഗദമ്മ മാധവേട്ടനോട് പറഞ്ഞു കൊടംപുളിയിട്ടുവെച്ചാല്‍ നല്ല രുചിയായിരിക്കും.
    ധൃതിപിടിച്ച് റോഡിലൂടെ നടക്കുന്ന മാധവേട്ടനെക്കണ്ട് തെങ്ങ് കയറ്റക്കാരന്‍ നാണു ചോദിച്ചു :നിങ്ങളേടിയാ മാതവാട്ടാ ബേജാറ്‌പോന്ന്? ഉയന്റെ നാണൂ..., രമണിയും, രമേശനും പൊരക്കില്ലേനൂം, അന്നേരം രമേശന്റോള് എന്നോട് പറയാ അച്ഛാ.. കൊടം  പുളിയിട്ടു ബെച്ചാല്‍ നല്ല രസോണ്ടാവൂന്ന്. ഓള് കാണാണ്ട് രക്ഷപ്പെട്ടതാ...മോനേ...

തിങ്കളാഴ്‌ച, ജൂലൈ 13, 2015

മുരുകനെ കണാനായി ഒരു പഴനി യാത്ര

തലശ്ശേരിയിലെ അമേച്വര്‍ നാടക സംഘമായ പൊന്ന്യം കലാധാരയുടെ നേതൃത്വത്തിലാണ് ഇത്തവണ ഞാനും കുടുംബവും പഴനി, മധുര,രാമേശ്വരം, ധനുഷ്‌ക്കോടി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടത് 2015 ജനവരി
23ന്.കലാധാരയുടെ മുന്‍സെക്രട്ടറിയായ ഞാനടക്കം നാല് പേരാണ് ഈ യാത്ര സംഘത്തെ നയിച്ചത്.   വൈകീട്ട് അഞ്ച് മണിക്ക് പൊന്ന്യത്തുനിന്നും പുറപ്പെട്ട ബസ്സ്  പഴനിയിലെത്തിയത് 24ന് പുലര്‍ച്ചെ നാല് മണിക്ക്. ഉറക്കപ്പിച്ചില്‍ പഴനി എത്തി എന്ന് ആരോ വിളിച്ചു പറഞ്ഞതും കലാധാര സെക്രട്ടറി രഞ്ജിത്ത് പഴയ തമിഴ് പാട്ടായ ' പഴനിയപ്പാ ജ്ഞാനപ്പഴം നീയപ്പാ.. ' എന്നു പാടാനും തുടങ്ങി. ജ്ഞാനപ്പഴവുമായി ബന്ധപ്പെട്ടാണ് പഴനി എന്ന വാക്കുണ്ടായത്. നാരദമുനി നല്‍കിയ
ജ്ഞാനപ്പഴത്തിന് വേണ്ടി ഗണപതിയുമായി വഴക്കിട്ട മുരുകന്‍ വീട് വിട്ട് ഇറങ്ങി എത്തിച്ചേര്‍ന്ന സ്ഥലമാണ് പഴനി. മരുകനെ തേടിയെത്തിയ ശിവന്‍ മുരുകനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കില്‍ നിന്നാണ് പഴനി എന്ന വാക്ക് ഉണ്ടായത്. നീ ആണ് ജ്ഞാനപ്പഴം എന്ന അര്‍ത്ഥത്തിലാണ് പഴനി എന്ന വാക്ക് വന്നത്.തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്.
     സ്ത്രീകളും, കുട്ടികളുമടക്കം 56 പേരടങ്ങുന്ന സംഘമാണ് ഞങ്ങളുടേത്.പ്രഭാത കൃത്യങ്ങള്‍ ചെയ്യാനും, കുളിക്കാനും, വസ്ത്രം മാറാനും ലഭിച്ചത് മൂന്ന് മുറികളാണ്.  എല്ലാവരും അതില്‍ തൃപ്തരായിരുന്നു. ആറ് മണിയായപ്പോഴേക്കും എല്ലാവരും റെഡിയായി.അപ്പോഴാണ് മുപ്പത് പേരടങ്ങുന്ന ഒരു സംഘം ഞങ്ങള്‍ തങ്ങിയ  അതേ സ്ഥലത്തുനിന്ന്  കാഷായ വേഷവും ധരിച്ച് കാവടിയുമേന്തി തുകിലിന്റെ അകമ്പടിയോടെ പഴനിയാണ്ടവനെ ഹരോഹര... ആറുമുഖനെ ഹരോഹര... എന്നും വിളിച്ച് നീങ്ങിയത്.ആസംഘത്തിലെ ചിലര്‍ തല മുണ്ഡനവും ചെയ്തിട്ടുണ്ട്.അവരുടെ ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ വെളിച്ചക്കുറവ് കാരണം അതിനു പറ്റിയില്ല.  അതിനു തൊട്ടു പിറകിലാണ് നമ്മുടെ സംഘം  ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.  മലകയറ്റത്തിന്റെ തുടക്കത്തില്‍ ഗണപതി മണ്ഡപം. അതില്‍ നല്ലൊരു ഗണപതി പ്രതിഷ്ഠയും.പ്രതിഷ്ഠയില്‍ പാലഭിഷേകം ചെയ്യുന്ന രീതി കൗതുകമായി. പാക്കറ്റ് പാലിന്റെ ഒരു മൂല പൊട്ടിച്ചാണ് വിഗ്രഹത്തിന്റെ തലയിലൂടെ ഒഴിക്കുന്നത്.  ഗണപതിക്ക് മുന്നില്‍ കര്‍പ്പൂരം കത്തിച്ചും, ആരതിയുഴിഞ്ഞും ഭണ്ഡാരം പെരുക്കിയും,ചിലര്‍ ഏത്തമിട്ടുമാണ് മലകയറ്റത്തിന് തുടക്കം കുറിക്കുന്നത്.
    കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങള്‍ നിറഞ്ഞ മണ്ഡപത്തില്‍ നിന്നും രണ്ട് വഴികളായി പിരിയുന്നു. ഒന്ന് കുത്തനെയുള്ള പടികള്‍ നിറഞ്ഞ വഴി. മറ്റേത് വളഞ്ഞ് പുളഞ്ഞ പടികളില്ലാത്ത വഴി.അത് ഇടത്തുഭാഗത്തു കൂടിയാണ് പോവുന്നത്.  പഴനിയില്‍ പോകുന്നുണ്ടെങ്കില്‍ പടി ചവിട്ടിപ്പോവണമെന്നാണ് പണ്ടു മുതലേയുള്ള വിശ്വാസം. പടികളില്ലാത്ത വഴി കുറച്ചു കാലം മുന്നെ നിര്‍മ്മിച്ചതാണ്. ഞാനടക്കമുള്ള മറ്റുള്ളവര്‍ പടിചവിട്ടിക്കയറാം എന്ന് തീരുമീനിച്ചു. പടി കയറാന്‍ തുടങ്ങയപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. മലയാളികളല്ലാത്ത ചില ഭക്തര്‍ പടികളുടെ നടുവിലായി കര്‍പ്പൂരം കത്തിക്കുകയും, പടികളില്‍ കളഭം പുരട്ടുന്നതും കണ്ടത്.ചെറുനാരങ്ങയുടെ അകം പുറമാക്കി അതില്‍ എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ച് പടികളില്‍ വെയ്ക്കുന്നതും രസകരമായ കാഴ്ചയാണ്.  ഏതാണ്ട് നൂറിലധികം പടികള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ചിലയിടങ്ങളില്‍ നിരപ്പായ സ്ഥലവുമുണ്ട്. നിരപ്പായ ഇടങ്ങള്‍ ശരിയായ കച്ചവട കേന്ദ്രങ്ങളാണ്.ചില തട്ടിപ്പ് വീരന്മാര്‍ അവിടെയുമുണ്ട് . ചെറിയ വിഗ്രഹങ്ങള്‍ തട്ടില്‍ വെച്ച് ആളുകളെ കാണുമ്പോള്‍ തട്ടില്‍ ഇത്തിരി കര്‍പ്പുരം തെളിയിച്ച് ഒന്ന് ഉഴിയും. ചില ദുര്‍ബലമനസ്‌കരായ വിശ്വാസികള്‍ തട്ടില്‍ പണമിട്ടുകൊടുക്കും.അവര്‍ക്ക് വാരിപൂശാനായി കൈനിറയെ ഭസ്മവും നല്കും ചിലര്‍ 'പഴനിയാണ്ടവന്‍ കാപ്പാത്തും'എന്നും പറഞ്ഞ്  ഭസ്മമെടുത്ത് ഭക്തന്റെ നെറ്റിയില്‍ ചാര്‍ത്തിക്കൊടുക്കും.മലകയറ്റത്തിനടെ വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകളുണ്ട്. ചിലര്‍ തളര്‍ന്ന് പടിയില്‍തന്നെ കുത്തിയിരിക്കും. ഞങ്ങളുടെ സംഘം മുഴുവനായും മലമുകളിലെത്താന്‍ ഏതാണ്ട് 40 മിനുട്ടെടുത്തു. മൂന്ന് വയസ്സുകാരന്‍ ഇശാന്‍ പ്രവീഷും 75 വയസ്സ് പിന്നിട്ട ഒരു അമ്മൂമ്മയും ഞങ്ങളുടെ സംഘത്തിലുണ്ട്. മല കയറുന്നതിന് മുന്നെ ഞാന്‍ മൊബൈലില്‍ താപനില നോക്കി. 19 ഡിഗ്രി സെല്‍ഷ്യസ്. സുഖമുള്ള തണുപ്പുമാണ് അനുഭവപ്പെട്ടത്. തണുപ്പും, കാലിയായ വയറും,രാവിലെയുള്ള ഉന്‍മേഷവും ക്ഷീണത്തെ അകറ്റാന്‍ ഏറെ സഹായിച്ചു. അഞ്ച് വര്‍ഷം മുന്നെ ഞാന്‍ മറ്റൊരു സംഘത്തിന്റെ കൂടെ പഴനിയാത്ര നടത്തിയിരുന്നു. അത് ഒരു ഏപ്രില്‍ മാസത്തിലായിരുന്നു..കഠിനചൂടും. മലകയറിയതോ ഉച്ചഭക്ഷണവും കഴിച്ച് മൂന്ന് മണിയോടെ. ഏതാണ്ട് 100 പടികള്‍ കയറുമ്പോഴേയ്ക്കും കാലും,ശരീരവും തളര്‍ന്നു പോയി.ഇത്തവണ ഞാന്‍ കയറ്റം ശരിക്കും ആസ്വദിച്ചു എന്നുതന്നെ പറയാം. മലമുകള്‍
പൂര്‍ണ്ണമായും നിരപ്പായ സ്ഥലമാണ്.മുകളില്‍ എത്തിയയുടന്‍ നമ്മുടെ കൂട്ടത്തിലെ 14 കാരിയായ മാളവിക പറഞ്ഞു. പടികള്‍ മുഴുവനായും ഞാനെണ്ണി , 732 പടികളുണ്ടെന്ന് അവളുറപ്പിച്ചു പറഞ്ഞു. വേറെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഞങ്ങളും അതുറപ്പിച്ചു.
        പഴനിയില്‍ വിഗ്രഹംപ്രതിഷ്ഠിച്ചിരിക്കുന്നത്  പടിഞ്ഞാറ് ദര്‍ശനമായിട്ടാണ്. സാധാരണ ഹിന്ദു
ക്ഷേത്രങ്ങളില്‍ വിഗ്രഹം കിഴക്ക് ദര്‍ശനമായാണ് ഉണ്ടാവുക.ശ്രീകോവിലിനുള്ളിലെ ഗര്‍ഭഗൃഹത്തിലാണ് വിഗ്രഹം സ്ഥിതിചെയ്യുന്നത്. പഴനിയിലെ സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികള്‍ സാധാരണയിലും വലുപ്പമുള്ളതാണ്. തന്റെ ഭക്തരുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂര്‍വ്വം ആ ചെവികളില്‍ എത്താനായിരിക്കും എന്നാണ് വിശ്വാസം. പതിനെട്ടു മഹര്‍ഷിമാരില്‍ ഒരാളായ ഭോഗര്‍ മഹര്‍ഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയില്‍ സ്ഥാപിച്ചതെന്നു കരുതുന്നു. ശ്രീകോവിലിനു മുകളിലായി സ്വര്‍ണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു.ശ്രീകോവിലിനരുകിലായി സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും, പാര്‍വ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേര്‍ന്ന് പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗ മഹര്‍ഷിയുടെ ആരാധനാലയമാണ്. പുറത്ത് സഹോദരനായ ഗണപതിയുടെതും.
     ശ്രീകോവിലിലെ പ്രതിഷ്ഠ  കണ്ട് തൊഴണമെങ്കില്‍ 20,രൂപ, 100 രൂപ എന്നിങ്ങനെയുള്ള ടിക്കറ്റ് എടുക്കണം.  സൗജന്യ വഴിയുമുണ്ട്.  100 രൂപയ്ക്ക് മുന്നില്‍ നിന്ന് കാണാം. 20രൂപയ്ക്ക് കുറച്ച് അകലെ നിന്ന് സൗജന്യ ദര്‍ശനമാണെങ്കില്‍ വളരെ അകലത്തില്‍ നിന്ന്.സൗജന്യ ക്യൂവില്‍ കയറി ശാന്തിക്കാരന് നൂറോ, അമ്പതോ നല്കിയാല്‍ മുന്നില്‍ കുറച്ച് നേരം നിന്ന് തൊഴാം എന്ന പ്രത്യേകതയുമുണ്ട്. ഞങ്ങള്‍ 20 രൂപയുടെ ടിക്കറ്റാണ് എടുത്തത്. ക്യൂവില്‍ നില്‍ക്കുമ്പോഴാണ്  ഒരു സംഘം പീലിക്കാവടിയെടുത്ത് തുകിലിന്റെ മുറുകിക്കയറിയ താളത്തിനൊത്ത് കാവടി നൃത്തവും, പാന്‍സിട്ട നാല് യുവതി യുവാക്കള്‍ ഡാന്‍സും ചെയ്ത് പ്രദക്ഷിണം വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.  വടം കെട്ടിതിരിച്ച ക്യൂവില്‍ അകപ്പെട്ടതിനാല്‍ അതിന്റെ ഫോട്ടോയും എനിക്ക് നഷ്ടപ്പെട്ടു.അതിനിടെയാണ് വാനരന്മാര്‍ ഞങ്ങളുടെ തലക്കുമുകളില്‍ ചാടിക്കളിച്ചത്. വാനരന്മാരുടെ സങ്കേതം കൂടിയാണ് പഴനി. 20 മിനുട്ടുനുള്ളില്‍ ശ്രീകോവിലിനുള്ളിലെത്തി. ഭഗവാനെ മനം നിറയെ കണ്ടു. ഭണ്ഡാരവും പെരുക്കി പുറത്തിറങ്ങി. പുറത്ത്  നിറയെ പ്രസാദ കൗണ്ടറുകളാണ്. ലഡ്ഡു, പലതരം മുറുക്കുകള്‍, കല്‍ക്കണ്ടം, അപ്പം, പൊങ്കല്‍, പഞ്ചാമൃതം എന്നിങ്ങനെയുള്ള പ്രസാദങ്ങളാണ് ലഭിക്കുക.
     മലമുകളില്‍ നിന്ന് പഴനി നഗരം ഏതാണ്ട് പൂര്‍ണ്ണമായും കാണാനാവും.കൃഷിയിടങ്ങളും, തടാകവും കെട്ടിട സമുച്ചയങ്ങളും എല്ലാം ഒത്തുചേര്‍ന്ന്  കോടമഞ്ഞിന്റെ
അകമ്പടിയോടെയുള്ള കാഴ്ച കണ്ണിന് മാത്രമല്ല മനസ്സിനും നല്ലൊരു അനുഭൂതി പകരും. ഒരു മണിക്കൂര്‍  അവിടെ ചെലവഴിച്ചശേഷം വളഞ്ഞു പുളഞ്ഞ പടികളില്ലാത്ത വഴിയിലൂടെ മലയിറങ്ങി.ശ്രീകോവിലിന്റെ ഉള്ളില്‍ ഫോണ്‍, ക്യാമറ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പടികള്‍ കയറുന്നത് നഗ്നപാദമായിട്ടായിരിക്കണം.  ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ പടികയറുന്നതിന് സമീപം കടകളുണ്ട്. അവിടെ സൂക്ഷിച്ച് ടോക്കണ്‍ വാങ്ങിയാല്‍ മതി.
    പ്രഭാത കൃത്യങ്ങള്‍ ചെയ്യാന്‍ എടുത്ത മുറികളില്‍ തന്നെ എല്ലാവരും ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി.മൂന്നു നേരത്തെ  ഭക്ഷണം ടൂര്‍ ബസ് വകയാണ്.പ്രാതല്‍ കഴിക്കാന്‍ ആകുമ്പോഴേയ്ക്കും സമയം 10 മണി. ഉച്ചഭക്ഷണത്തിന്റെ സാമ്പാര്‍ കൂടി ആയാല്‍ മാത്രമാണ് വണ്ടി പുറപ്പെടുകയുള്ളൂ. അതുവരെ  മറ്റ് തിരക്കുകളൊന്നുമില്ല.  വെറുതെ റൂമിന് പുറത്തിറങ്ങിയപ്പോഴാണ് മലമുകളില്‍ നിന്ന് കണ്ട തടാകം തൊട്ടരുകിലായി കാണുന്നത്. കെട്ടിടത്തിനും, തടാകത്തിനും ഇടയിലുള്ള സ്ഥലത്ത്  മാലിന്യ കൂമ്പാരമാണ്.. അതിനിടയിലായി അരളിയുടെ ചുവന്ന പൂക്കളും, കോളാമ്പി പൂവിനോട് സാദൃശ്യമുള്ള മഞ്ഞ നിറമുള്ള പൂക്കളും ഉയരത്തില്‍  പൂത്തു നില്‍ക്കുന്നതായി കണ്ടത്.കെട്ടിടത്തിന്റെ മുകളില്‍ കയറി പുറത്തെ വരാന്തയില്‍ നിന്ന് ക്യാമറയിലൂടെ ഒന്ന് നോക്കയപ്പോള്‍ തടാകത്തിന്റെയും
  ആകാശത്തിന്റെയും നീല നിറവും, ചുവന്ന അരളിയും , മഞ്ഞപ്പൂവും,  ഒത്തു ചേര്‍ന്ന  ദൃശ്യഭംഗി അവര്‍ണ്ണനീയം തന്നെ.ഈ തടാകത്തിലെത്തിയാണ് മുരുകന്‍ ദിവസവും കുളിക്കുന്നതെന്ന്  കലാധരയുടെ മുന്‍ സെക്രട്ടറി ഉച്ചമ്പള്ളി രാധാൃഷ്ണന്‍ അവിടെയുള്ള ഏതോരു തമിഴനോട് ചോദിച്ച് മനസ്സിലാക്കിവെച്ചിരുന്നു.
       12 മണിയോടെ ബസ്സ്  ഗുഹാക്ഷേത്രമായ തിരുപ്പരംകുണ്‍ട്രം വഴി മധുരയിലേക്ക്  പുറപ്പെട്ടു.
എഴുത്തും, ചിത്രവും : ജി.വി.രാകേശ്

ഞായറാഴ്‌ച, മേയ് 10, 2015

കതിരൂര്‍ ശുചിത്വവും, ആലപ്പുഴ യാത്രയും

കതിരൂര്‍ ശുചിത്വവും, ആലപ്പുഴ യാത്രയും
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 52-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളന ഭാഗമായി 2015 മെയ് 5ന് ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ക്ലീന്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത്. സുസ്ഥിര ശുചിത്വ പദ്ധതി പ്രകാരം
ജനപങ്കാളിത്തത്തോടെ വിജയകരമായി കതിരൂരില്‍ നടപ്പാക്കിവരുന്ന ശുചിത്വ പദ്ധതികള്‍ കേരളത്തിന് തന്നെ മാതൃകയായി വരികയാണ്.ജനപങ്കാളിത്തോടെ ഒരു ഗ്രാമപഞ്ചായത്ത് എങ്ങനെ പദ്ധതി നടപ്പാക്കുന്നു എന്നത് വിശദീകരിക്കാനാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന്‍, വൈസ് പ്രസിഡന്റ് എം.ഷീബ, അസി.സെക്രട്ടറി മുന്ന മാതൃഭൂമി കതിരൂര്‍ ലേഖകന്‍ ജി.വി.രാകേശ് എന്നിവരാണ് ക്ലീന്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചത്.

(കതിരൂര്‍ ശുചിത്വ പദ്ധതിയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
     കതിരൂരില്‍ നിന്നും നാലാം തിയ്യതി രാത്രി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഞങ്ങളുടെ സംഘം യാത്രപോയത്. കുണ്ടുചിറയിലെ നിജേഷാണ് സാരഥി. കോഴിക്കോട് നിന്ന് രാത്രി ഭക്ഷണം.ഏറണാകുളം,വഴി ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ആലപ്പുഴയിലെത്തി.യാത്രക്കിടെ മലപ്പുറം ജില്ല കഴിഞ്ഞയുടന്‍ റോഡരുകില്‍ വണ്ടി നിര്‍ത്തി എല്ലാവരും പുറത്തിറങ്ങി. തെരുവ് വിളക്കിന്റെ വെട്ടത്തില്‍ ഒരു ഫോട്ടോ
എടുപ്പ്. യാത്രയിലെ ആദ്യ ഫോട്ടോയും. പിന്നെ നിര്‍ത്തിയത് ഏറണാകുളം നഗരത്തിലെ റോഡിനോട് ചേര്‍ന്നുള്ള പെട്ടിക്കടയില്‍ കട്ടന്‍ചായ കുടിക്കാനിറങ്ങാനാണ്. ഒരുപാട് ആളുകള്‍ അവിടെ നിന്നും ചായ കുടിക്കുന്നുണ്ട്. പക്ഷെ ഏവരുടെയും ശ്രദ്ധ മറ്റൊരിടത്താണ്. കടയോട് ചേര്‍ന്നുള്ള കോണിപ്പടിയില്‍ പത്തിരുപത് വയസ്സുള്ള ഒരു പെണ്ണും, ഏതാണ്ട് 22-23 വയസ്സുള്ള ഒരു ചെക്കനും കളിക്കുന്ന കളിയാണ് ശ്രദ്ധാകേന്ദ്രം. ബാംഗ്ലൂരും, മുംബൈയിലും ഇത് സര്‍വ്വസാധാരണയാണ്. പക്ഷെ കേരളത്തില്‍ ഇത് വിരളമാണ്.ഇത് കേരളത്തിന്റെ സംസ്‌കാരവുമല്ല. രണ്ട് കുട്ടികളും പണമുള്ള വീട്ടിലെ വിദ്യാര്‍ഥികളായ കുട്ടികളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. അതേ സമയം രണ്ട് പേരും ഏതോ മയക്ക് മരുന്നിന് അടിമകളാണെന്നും അവരുടെ ചേഷ്ടകള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമില്ലആ കാഴ്ച മുന്നയെയും, ഷീബയേയും എവിടെയൊക്കെയോ വേദനിപ്പിച്ചു..പ്രായപൂര്‍ത്തിയായ മക്കളുള്ള അമ്മമാരുടെ ആധിയാണ് പിന്നീടങ്ങോട്ടുള്ള യാത്രയില്‍ ഇരുവരും പങ്കുവെച്ചത്. 
     നാല് മണിയോടെ ആലപ്പുഴ നഗരത്തിലെത്തി.വിശ്രമത്തിനായി ഒരു വിശ്രമ കേന്ദ്രം കണ്ടെത്തി.അവിടെ അഞ്ച് മണിക്കൂര്‍ വിശ്രമിച്ചതിന് ശേഷം ഇന്നവേറ്റേഴ്‌സ് മീറ്റ് നടക്കുന്ന നഗരചത്വരത്തിലെത്തി. 12 മണിയോടെ കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 'കതിരൂര്‍ ശുചിത്വം പദ്ധതി'ഭ അവതരിപ്പിച്ചു. പ്രസിഡന്റ് പവിത്രന്റെ അവതരണം അതിമനോഹരമായിരുന്നു. പവിത്രന്റെ
അവതരണത്തിനു ശേഷം സദസ്യരുടെയും,മറ്റ് വിശിഷ്ടാതിഥികളുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത് ഞാനും, ഷീബയുമാണ്.അതിനിടെ മുന്ന പവര്‍ പോയന്റില്‍ കതിരൂര്‍ ശുചിത്വം പ്രൊജറ്ററില്‍ കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. 
     രണ്ട് മണിയോടെ അവിടെ നിന്നും യാത്ര തിരിച്ചു.ആലപ്പുഴയിലെ ബീച്ച് മനോഹരമാണെന്ന് നിജേഷാണ് പറഞ്ഞു അതിനാല്‍ നേരെ ബീച്ചിലേക്ക്. ബീച്ച് വണ്ടിയില്‍ നിന്ന് കണ്ടെപ്പോള്‍ തന്നെ ആര്‍ക്കും ഇറങ്ങേണ്ട.കാരണം കണ്ണ് ചൂഴ്ന്ന് പോകുന്ന വെയില്‍.തലശ്ശേരിയിലെയും, മുഴപ്പിലങ്ങാടിലെയും ബീച്ച് സ്ഥിരം കാണുന്ന നമുക്ക് ആലപ്പുഴ
ബീച്ചിന് വലിയ പ്രത്യേകതയൊന്നും തോന്നിയില്ല എന്നതും നേരാണ്. തലശ്ശേരി കടല്‍പ്പാലത്തിനേക്കാളും വൃദ്ധനായ ഒരു പാലം ദൂരെ നിന്നുതന്നെ അവിടെ കാണുന്നുണ്ട്. പിന്നെയെന്ത് കാണാനാണുള്ളത്. ഒന്നുമില്ല. തൊട്ടപ്പുറത്ത് ലൈറ്റ് ഹൗസ്. അത് കാണാന്‍ എല്ലാവരും തയ്യാറായി. ഒരാള്‍ക്ക് 10 രൂപയാണ് ലൈറ്റ് ഹൗസ് കാണാനുള്ള പ്രവേശന ഫീസ്. രാജ്യത്തെ രണ്ടാമത്തെ ആധുനിക ലൈറ്റ് ഹൗസാണ് ആലപ്പുഴയിലേത്. രാജ്യത്തെ നാവിക ചരിത്രത്തില്‍ പ്രധാന സ്ഥാനം ആലപ്പുഴ ലൈറ്റ് ഹൗസിനുണ്ട്. ആലപ്പുഴ ലൈറ്റ് ഹൗസ് 150 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ശതോത്തര സുവര്‍ണജൂബിലി സ്മാരക സ്റ്റാമ്പ് എന്ന പേരില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് 20 രൂപാ, അഞ്ചുരൂപാ വിലയുള്ള
ഒരുലക്ഷം സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.തപാല്‍ സ്റ്റാമ്പില്‍ ഇടംപിടിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ലൈറ്റ് ഹൗസ് എന്ന നേട്ടവും ഇതോടൊപ്പം ആലപ്പുഴ ലൈറ്റ് ഹൗസിന് ലഭിച്ചു.അര്‍ദ്ധവൃത്താകൃതിയില്‍ മരത്തില്‍ നിര്‍മ്മിച്ച ഏണിപ്പടികളാണ്.മുകളിലെത്തുമ്പോഴേയ്ക്കും കാലുകള്‍ കുഴഞ്ഞു. മുകളിലെത്തിയാലുള്ള കാഴ്ച്ച കാലുകളുടെ വേദന മറക്കും. ഇരിക്കാനും, നില്ക്കാനും സ്ഥലമുണ്ട്. കടല്‍, റെയില്‍,തീവണ്ടി, ഗോഡൗണുകള്‍,മറ്റ് കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവയല്ലാം ഒറ്റ നോട്ടത്തില്‍ കാണാനാവും എന്നതാണ് പ്രത്യേകത. മുകളിലെ കാഴ്ചയും മറ്റും ഫോട്ടോവില്‍ പകര്‍ത്തിയശേഷം യാത്ര തുടര്‍ന്നു. 
    ആലപ്പുഴ നഗരത്തില്‍ എത്തിയപ്പോള്‍ പെട്ടന്ന് നിജേഷ് തോടിനപ്പുറത്തെ ഒരു വീട് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു സിനിമാ സംവിധായകന്‍ ഫാസിലിന്റെയും. നടന്‍ ഫഹദിന്റെയും വീടാണെന്ന്. കൗതുകത്തിന് വീടിന് മുന്നിലെത്തി വണ്ടി നിര്‍ത്തി.വീടിന്റെ കാവല്‍ക്കാരനോട് ഞങ്ങള്‍ ഫാസില്‍
സാറുണ്ടോ എന്ന് വെറുതെയൊന്ന് ചോദിച്ചു. ആആ.. എന്നും പറഞ്ഞ് ഗെയിറ്റ് തുറന്നു തന്നപ്പോള്‍ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാതെ വീടിന്റെ ഉമ്മറത്ത് ഫാസില്‍ ചിരിച്ചും കൊണ്ട് നില്‍ക്കുന്നു.ചിരിച്ചു കൊണ്ടുതന്നെ അദ്ദേഹം ഞങ്ങളഎ വീട്ടിലേയ്ക്ക് സ്വീകരിച്ചിരുത്തി. പ്രസിഡന്റം, ഞാനും സ്വയം ഞങ്ങളെ പരിചയപ്പെടുത്തി. കതിരൂര്‍ എന്ന് പറയുമ്പോള്‍ കതിരൂര്‍ ഗുരുക്കളുടെ കഥയാണ് ഓര്‍മ്മയില്‍ വരുന്നതെന്ന് ഫാസില്‍ പറഞ്ഞു.കുറച്ച് പഴമയും, പുതിയ കതിരൂരും പവിത്രന്‍ ഫാസിലിന് വിസ്തരിച്ചു പറഞ്ഞു കൊടുത്തു. വളരെ ആശ്ചര്യത്തോടെയാണ് അദ്ദേഹം പവിത്രന്റെ ഒരോ വാക്കും കേട്ടത്. 20 മിനുട്ട് അവിടെ ചിലവഴിച്ച് ഇറങ്ങാനൊരുങ്ങുമ്പോള്‍ മുന്നയും, ഷീബയും ഫഹദ് ഫാസിലിനെക്കുറിച്ചും, നസ്രിയയെക്കുറിച്ചും ചോദിച്ചു. ഫഹദും, ഭാര്യയും കുറച്ച് ദിവസമായി ബാംഗ്ലൂരിലാണ് ഉള്ളതെന്ന് ഫാസില്‍ പറഞ്ഞു. പിന്നെ ഒരു ഫോട്ടോയെടുപ്പ്. വളരെ സന്തോഷത്തോടെയാണ് ഫാസില്‍ ഞങ്ങളോടൊപ്പം നിന്നത്. വിടചൊല്ലി പിരിയാനാകുമ്പോഴാണ് പഞ്ചായത്ത് തയ്യാറാക്കിയ 'കതിരൂര്‍ പൂമ്പാറ്റകളുടെ പറുദ്ദീസ ' എന്ന ഡോക്യുമെന്‍ഡറി സി.ഡി.
പവിത്രന്റെ കൈയ്യിലുള്ള ബാഗില്‍ ഉള്ള കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ഉടന്‍ അതെടുത്ത് ഫാസിലിന് കൈമാറി.ഒരു ഫോട്ടോയും എടുത്ത് വീടിന് വെളിയിലേക്ക് ഇറങ്ങി. സത്യം പറഞ്ഞാല്‍ ആലപ്പുഴ പോയപ്പോള്‍ അറിയാതെ കിട്ടിയ ഒരു ബോണസ്സായി ഫാസിലിനെ കണ്ടത്. എല്ലാവരും വന്‍ ഹാപ്പി. 
ആലപ്പുഴയില്‍ പോകുമ്പോള്‍ തന്നെ മനസ്സിലെ ഒരു മോഹമായിരുന്നു കരിമീന്‍ പൊള്ളിച്ചത് കഴിക്കണമെന്ന്.പവിത്രനും പലവട്ടം കരിമീനിനെ ഓര്‍മ്മപ്പിച്ചു. ആലപ്പുഴ നഗരത്തില്‍ കാണുന്ന ഹോട്ടലിലൊക്കെ നമ്മള്‍ അന്വേഷിച്ചു.പക്ഷെ എവിടെയും കിട്ടാനില്ല. ഒരാള്‍ പറഞ്ഞു കള്ള് ഷാപ്പില്‍ കിട്ടുമെന്ന്.പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍,വനിതകളേയും കൂട്ടി കള്ള് ഷാപ്പില്‍ പോവാന്‍ പറ്റില്ലല്ലോ?. കരിമീന്‍ പൊള്ളിച്ചത് കഴിക്കാന്‍ യോഗമില്ലെന്ന വിശ്വാസത്തോടെ ആ പദ്ധതി ഉപേക്ഷിച്ചു.ഡ്രൈവിങ്ങിനിടെ നിജേഷ് പറഞ്ഞു കരിമീന്‍ പൊള്ളിച്ചത് ഞാന്‍ സംഘടിപ്പിച്ചു തരുമെന്ന്. പിന്നെയും കരിമീനിന്റെ വിചാരം പിടിമുറുക്കി. ഏറണാകുളം നഗരത്തിലെത്തും വരെ കരിമീനിനെ കണ്ടില്ല. ഞാന്‍ നിജേഷിനോട് പറഞ്ഞു. കരിമീന്‍ മോഹം ഞാന്‍ ഉപേക്ഷിച്ചതായിരുന്നു. നീ വീണ്ടും എന്നെ കൊതിപ്പിച്ചു. എന്നാലോ അത് കിട്ടിയതുമില്ല. ഞാന്‍ നിന്നെ ശപിക്കുന്നു... എനിക്ക് തരാതെ നിനക്കൊരിക്കലും കരിമീന്‍ പൊള്ളിച്ചത് കഴിക്കാനാവാതെ പോവട്ടെ. അത് കേട്ടയുടന്‍ എല്ലാവരും കൂട്ടച്ചിരി.
     മൂന്ന് മണിയോടെ ആലപ്പുഴയോട് ഞങ്ങള്‍ യാത്രപറഞ്ഞു.നേരെ ഏറണാകുളത്തെ ലുല്ലുമാളിലേയ്ക്ക് വെച്ചു പിടിച്ചു. രണ്ട് മൂന്ന് ഉദ്ദേശമാണ് അതിനുണ്ടായത്. വൈകീട്ട് ഏറണാകുളത്തു നിന്നും തൃശൂരിലേയ്ക്കുള്ള വഴി മുഴുവന്‍ ഗതാഗത തടസ്സമാണ്. അതിന് പരിഹാരമായി ഏറ്റവും നല്ല മാര്‍ഗ്ഗം ലുല്ലൂ മാള്‍ സന്ദര്‍ശനമാണ്.നിജേഷിന് ദീര്‍ഘദൂരം ഡ്രൈവ് ചെയ്യുമ്പോഴുണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്ന് അല്പം
മോചനം.ലുല്ലു മാള്‍ കാണാത്തത് ഞാനും, ഷീബയും മാത്രമാണ്. രണ്ട് മണിക്കൂര്‍ ലുല്ലുമാളില്‍ ചെലവഴിച്ചു.കോഴി ഇറച്ചി വളരെ ഭവ്യതയോടെ പൊതിഞ്ഞു വെച്ചത് കണ്ടതാണ് അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ചോറും, കറിയും, ഉപ്പേരിയും ,ചപ്പാത്തിയും ചൂടോടെ അവിടെ നിന്നും തൂക്കി വില്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അപ്പേഴേയ്ക്കും സമയം എട്ടുമണി.ഏറണാകുളം നഗരം വിടുന്നതിന് മുമ്പായി ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം അകത്താക്കി. നേരെ ഗുരുവായൂരേയ്ക്ക് പുറപ്പെട്ടു. പവിത്രനും, നിജേഷിനും അല്പം ഉറങ്ങാണമെന്നുണ്ട്. അല്പം ഒന്ന് ഉറങ്ങണമെങ്കില്‍ വണ്ടിതന്നെയാണ് ശരണം.ആ സമയം ഷീബക്കും, മുന്നക്കും ടോയിലറ്റിലും പോവണം. അതിനൊക്കെ പറ്റിയ സ്ഥലം ഗുരുവായൂര്‍ തന്നെ.10 മണി മുതല്‍ 11 വരെ ഗുരുവായൂരില്‍ തങ്ങി. മേല്പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ അരങ്ങേറ്റം തകൃതിയായി നടക്കുന്നു. നട അടച്ചിട്ടുണ്ട്. അടച്ച നടയുടെ വാതിലിന് ഗുരുവായൂരപ്പന്റെ സംരക്ഷണത്തിനായി പോലീസ് കാവലും.അടച്ച നടയുടെ മുന്നില്‍ പോയ ഞാന്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു ഭണ്ഡാരം പെരുക്കി. നേരെ തലശ്ശേരിയെ ലക്ഷ്യമായി നിജേഷ് വണ്ടി വിട്ടു. നിജേഷ് ഉറങ്ങാതെ നോക്കേണ്ട കടമ നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമായിരുന്നു. അതുകൊണ്ടു തന്നെ ആരും കാര്യമായി ഉറങ്ങിയിട്ടില്ല. വടകര മൂരാട് പാലത്തിനടുത്ത് എത്തിയപ്പോള്‍ പോലീസിന്റെ രാത്രികാല പട്രോളിങ്ങ്. പോലീസുകാരന്‍ വണ്ടിയൊന്ന് സൂക്ഷിച്ചു നോക്കി. പഞ്ചായത്തിന്റെ ബോര്‍ഡുള്ളതുകൊണ്ട് ഒന്നു തലയാട്ടി പോകാന്‍ അനുമതി തന്നു. പക്ഷെ നിജേഷ് വണ്ടി അവിടെ നിര്‍ത്തി. എല്ലാവരും ഒന്ന് എഴുന്നേറ്റോ. കാലും,കൈയ്യും കുറച്ച് നിവര്‍ത്തി എന്നിട്ടാവാം യാത്ര എന്നു പറഞ്ഞു. അതുപ്രകാരം എല്ലാവരും പുറത്തിറങ്ങി. ഞാന്‍ അവിടെയുള്ള കടയുടെ പിന്നാമ്പുറത്ത് പോയി ഇരുട്ടിന്റെ മറവില്‍ മൂത്രം ഒഴിക്കാനായി തയ്യാറെടുക്കുമ്പോഴാണ് പെട്ടൊന്നൊരാള്‍ ഉുംംം. എന്ന മുളിച്ചയോടെ അവിടെ നിന്നും ഏഴുന്നേറ്റത്. ഒന്നു ഞാന്‍ ഞെട്ടി. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കടയുടെ പിന്നിലെ കല്ലിന്റെ മുകളില്‍വെച്ച കോണ്‍ക്രീറ്റ് ഇലക്ട്രിക്ക് പോസ്റ്റലില്‍ ക്ഷീണം മാറ്റാന്‍ കിടന്ന കണ്‍ട്രോള്‍ റൂമിലെ എസ്.ഐ.ആണെന്ന് മനസ്സിലായത്.യൂണിഫോമിലായിരുന്നു അദ്ദേഹം. 
     പത്തു പതിനഞ്ച് മിനുട്ട് അവിടെ ചെലവഴിച്ച ശേഷം യാത്ര തുടര്‍ന്നു. പുന്നോല്‍ എത്തിയപ്പോള്‍ നിജേഷ് മൊബൈല്‍ എടുത്തു ചോദിച്ചു. അച്ഛനെവിടയാ ലോഡ്?.മംഗലാപുരത്താ..? ആ.. ഞാന്‍ നിങ്ങളുടെ പിറകിലുണ്ട്. ഒരു ഹോണടിച്ചു തൊട്ടുമുന്നിലെ ചരക്ക് ലോറിയെ നിജേഷ് മറികടന്നു. .എന്നാ അച്ഛാ ഞാന്‍ പോട്ടെ..എന്നും പറഞ്ഞ് അവന്‍ ഫോണ്‍ ഓഫ് ചെയ്തു. എന്നിട്ട ഞങ്ങളോടായി  പറഞ്ഞു പറഞ്ഞു : ലോറി ഡ്രൈവര്‍ എന്റെ ഭാര്യയുടെ അച്ഛനാണ്. മൂപ്പരോടാണ് ഞാന്‍ സംസാരിച്ചത്.നാല് മണിയോടെ മാഹി , പന്തക്കല്‍  പൊന്ന്യം പാലം വഴി നമ്മള്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് കടന്നു.

     [ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 52-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളന ഭാഗമായി 2015 മെയ് 5ന് ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന ക്ലീന്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞടുക്കപ്പെട്ട പഞ്ചായത്തുകളില്‍ നിന്നും ഒന്നാം സ്ഥാനം കതിരൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.3000 രൂപയും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.അരവിന്ദന്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.പവിത്രന് പുരസ്‌കാരം സമ്മാനിച്ചു. ]

ഞായറാഴ്‌ച, മേയ് 03, 2015

Ponniam Agro

 പൊന്ന്യത്ത് വിളയുന്നത് പൊന്ന്
     കൃഷി ഒരു സംസ്‌കാരവും,കൂട്ടായ്മയുമാണെന്ന് തെളിയിക്കുകയാണ് പൊന്ന്യത്തെ പൊന്ന്യം ആഗ്രോ സൊസൈറ്റി അഥവാ 'പാസ് ' . ഒരുകാലത്ത് പൊന്ന്യത്തെ പച്ചക്കറിക്ക് തലശ്ശേരിയിലും പരിസരത്തും നല്ല വിപണിയുണ്ടായിരുന്നു. പക്ഷെ കുറച്ചുകാലങ്ങളായി പൊന്ന്യത്തും പരിസരത്തുമുള്ള വയലുകളില്‍ കര്‍ഷകരും മറ്റും കൃഷിചെയ്യാതെ തരിശ്ശുനിലമാക്കിയിടുകയായിരുന്നു.ചിലര്‍
വയല്‍ നികത്തുവാനും തുടങ്ങി. പൊന്ന്യത്തെ കാര്‍ഷിക സംസ്‌കാരം പൂര്‍ണ്ണമായും നിലച്ചുപോവുന്ന അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി അപ്പോഴാണ് പൊന്ന്യത്തെ സാമൂഹിക പ്രവര്‍ത്തകരും കൃഷി ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാറും  ചേര്‍ന്ന് പൊന്ന്യത്തെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ ഒത്തുചേര്‍ന്നത്. അങ്ങനെ അവര്‍  കെ.സി.ചന്ദ്രന്‍ പ്രസിഡന്റും, കെ.നൂറുദ്ദീന്‍ സെക്രട്ടറിയുമായുള്ള പൊന്ന്യം ആഗ്രോ സൊസൈറ്റിക്ക് രൂപം നല്കി.2014 നവംബര്‍ 16 ന് പൊന്ന്യത്ത് 300പേരെ പങ്കെടുപ്പിച്ച് ജനകീയ കര്‍ഷക കണ്‍വെന്‍ഷന്‍ നടത്തി.
     പൊന്ന്യത്ത് 16 ഏക്കര്‍ വയലാണുള്ളത്. അതില്‍ നാല് ഏക്കറില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. 12 ഏക്കര്‍ സ്ഥലം

തരിശാക്കി ഒഴിച്ചിട്ടിരിക്കയാണ്. നവംബര്‍ 20 ന് 60 കൃഷിക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തു. തരിശ്ശാക്കിയിടാനുള്ള കാരണവും, തൊഴിലാളികളുടെ ക്ഷാമവും ചര്‍ച്ച ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്നെ സര്‍ക്കാര്‍ വക ലഭിച്ച ഒരു ടില്ലര്‍ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ടായിരുന്നു. അത് 15,000 രൂപ
ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കി. അപ്പോഴാണ് മറ്റൊരു പ്രശ്‌നം പൊന്തിവന്നത്. ടില്ലര്‍ ശാസ്ത്രീയമായ രീതിയില്‍ ഉപയോഗിക്കാന്‍ ആളില്ലാത്തത്. പാസ് അംഗമായ കെ.കെ.ബാലകൃഷ്ണന്‍ ടില്ലര്‍ ഉപയോഗം ശാസ്ത്രീയമായരീതിയില്‍ പഠിക്കാന്‍ തയ്യാറായി. അങ്ങനെ തരിശുഭൂമിയടക്കം മുഴുവന്‍ കൃഷി ഭൂമിയും  ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കിതീര്‍ത്തു.
      കുണ്ടുചിറ ചാളവട്ടത്ത് 15 വര്‍ഷമായി മൂന്ന് ഏക്കര്‍ സ്ഥലം തരിശുഭൂമിയായിരുന്നു. അവിടെ പാസിന്റെ പ്രവര്‍ത്തകര്‍ ഇടപെട്ട് 10 അംഗങ്ങളുള്ള ഹരിതസേന രൂപവത്ക്കരിച്ചു. അവര്‍ക്ക് ആവശ്യമായ വിത്തുകള്‍ നല്കി അവിടം കൃഷിയോഗ്യമാക്കി. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന യൂണിറ്റിന്റെ സഹായത്തോടെ മുഴുവന്‍ പ്രദേശത്തെയും മണ്ണ് പരിശോധിച്ചതിനു ശേഷം കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡ് നല്കി.
മണ്ണിനെ പുഷ്ടിപ്പെടുത്താനുള്ള ഡോളോമൈറ്റ് സൊസൈറ്റി നല്കി. അടുക്കളത്തോട്ടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മമാര്‍ക്ക് 24000 തൈകള്‍ നല്കി.
     പൊന്ന്യത്തെ കര്‍ഷിക സമൃദ്ധിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊന്ന്യം ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയും, ഗുണ്ടല്‍പ്പേട്ടിലെ യുവകര്‍ഷകനുമായ ആയിച്ചോത്ത് വീട്ടില്‍ വി.കെ.ഗിരീഷും, സുഹൃത്തായ മാണിക്കത്തറയില്‍ എം.പ്രദീപനും ചേര്‍ന്ന് പൊന്ന്യം വയലില്‍ രണ്ടര ഏക്കറില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമുപയോഗിച്ച് വെണ്ട, തണ്ണിമത്തന്‍, കുമ്പളം, വെള്ളേരി,ബീട്രൂട്ട്, മുള്ളങ്കി എന്നിവയുടെ കൃഷി ആരംഭിച്ചു.50 മുതല്‍ 70 കിലോ വരെ വെണ്ടെയ്ക്ക  ദിവസവും ഗിരീഷും, പ്രദീപനും വിളവെടുക്കുന്നുണ്ട്.  ഇത് മറ്റുള്ളവര്‍ക്കും ഏറെ ആവേശമായി.  അങ്ങനെ പൊന്ന്യം സ്വദേശികളായ പലരും പാസില്‍ അംഗത്വമെടുത്ത് പൊന്ന്യം വയലില്‍ കൃഷി ചെയ്യാന്‍ തുടങ്ങി.
വിപണനം പ്രശ്‌നമായപ്പോള്‍ വിപണന കേന്ദ്രം തുടങ്ങി. 
      വ്യാപകമായി കൃഷി ആരംഭിച്ചതോടെ വിപണനം പലരിലും ആശങ്കയുണര്‍ത്തി.ഇതിന് പരിഹാരമെന്ന നിലയില്‍ പൊന്ന്യം പാലത്തിന് സമീപം നാടന്‍ പച്ചക്കറി വിപണന കേന്ദ്രം ഫിബ്രവരി 21 ആരംഭിച്ചു. പാസില്‍ അംഗത്വമെടുത്ത 96 കര്‍ഷകരില്‍ നിന്നുമാത്രം സംഭരിക്കുന്ന  ഉത്പന്നങ്ങള്‍  വില്ക്കാനാണ് വിപണനകേന്ദ്രം തുടങ്ങിയത്. ദിവസവും ശരാശരി അഞ്ഞൂറ് മുതല്‍ എണ്ണൂറ് കിലോവരെ  പച്ചക്കറികള്‍ സംഭരിക്കും.രാവിലെയും, വൈകീട്ടുമായി സംഭരിക്കുന്ന പച്ചക്കറികള്‍ അതാത് ദിവസം തന്നെ പൂര്‍ണ്ണമായും വിറ്റ് തീരും. ശരാശരി 13,000 മുതല്‍ 15,000 രൂപവരെയുള്ള വില്പനയാണ് നടക്കാറ്. ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി സ്ഥിരമായി പച്ചക്കറികള്‍ വാങ്ങിച്ചു പോകുന്നുണ്ട്. സൊസൈറ്റി നാമമാത്രമായ ലാഭം മാത്രമാണ് ഈടാക്കുന്നത്. കര്‍ഷകന് പൊതുവിപണിയേക്കാള്‍ വില നല്കിയാണ് സംഭരിക്കുന്നതെങ്കിലും, പൊതുവിപണിയിലുള്ള വിലയ്ക്കാണ് വില്ക്കുന്നത്.രാസകീടനാശിനി ഉപയോഗിക്കാത്ത, തോട്ടത്തില്‍ നിന്ന് പറിച്ചെടുത്തയുടനെയുള്ള പച്ചക്കറി ലഭിക്കും എന്നതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

     ആഗ്രോ ഡിസ്‌പെന്‍സറി
     രാസകീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറി എന്നതാണ് പാസിന്റെ പ്രധാന ലക്ഷ്യം. ഘട്ടം ഘട്ടമായി രാസവളങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നതും പാസിന്റെ ലക്ഷ്യമാണ്. പലരും രാസവളങ്ങള്‍ കുറച്ചൊക്കെ ഉപയോഗിക്കുന്നുണ്ട്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കില്ലെന്നാണ് പലരുടെയും വിശ്വാസം. അത് മാറ്റിയെടുക്കാനാണ് പൊന്ന്യം പോസ്‌റ്റോഫീസിന് സമീപം ആഗ്രോ ഡിസ്‌പെന്‍സറി തുടങ്ങിയത്. പുകയില കഷായം, വേപ്പെണ്ണ സോപ്പ് മിശ്രതം തുടങ്ങിയ പല ജൈവ കീടനാശിനികളും സൊസൈറ്റി നേരിട്ട് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വില്ക്കുന്നു. ചാണക-ഗോമൂത്ര മിശ്രിതം, മത്സ്യഫെഡിന്റെ വളങ്ങള്‍ എന്നിവയും ആഗ്രോ

ഡിസ്‌പെന്‍സറിയിലൂടെ വില്ക്കുന്നുണ്ട്. കൂടതെ കാര്‍ഷിക മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനുള്ള സൗകര്യങ്ങളും ഡിസ്‌പെന്‍സറി  ഒരുക്കിയിട്ടുണ്ട്. ഫിബ്രവരി ഒമ്പതിനാണ് കൃഷി മന്ത്രി കെ.പി.മോഹനന്‍ ആഗ്രോ ഡിസ്‌പെന്‍സറി  ഉദ്ഘാടനം ചെയ്തത്.
     പച്ചക്കറി കഴിഞ്ഞാലുടന്‍ നിലവില്‍ കൃഷിചെയ്ത മുഴുവന്‍ സ്ഥലങ്ങളിലും നെല്‍കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊന്ന്യം ആഗ്രോ സൊസൈറ്റി  പ്രവര്‍ത്തകര്‍. 

Text : G.V.Rakesh
Photo : G.V.Rakesh & K.Noorudeen 
  (മാതൃഭൂമി കാഴ്ച 2015 ഏപ്രില്‍ 10 ന് പ്രസിദ്ധീകരിച്ചത് )

ഞായറാഴ്‌ച, ഏപ്രിൽ 26, 2015

Kadirur Suryanarayana Temple സൂര്യനാരായണ ക്ഷേത്രം - കതിരൂര്‍

ഒരു ദൈവ നിയോഗം
ഇന്ത്യയിലെതന്നെ അപൂര്‍വ്വക്ഷേത്രമായ കതിരൂര്‍ സൂര്യനാരായണ ക്ഷേത്രത്തിലെ ആസ്ഥാന ജ്യോത്സ്യന്മാര്‍ കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരാണ്. അതിനാല്‍ ഉത്സവത്തിനോടനുബന്ധിച്ച് ദേവന് ചൂടാനുള്ള കുട സമര്‍പ്പണവും കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിന്റെ അധികാരമാണ്.
     വര്‍ഷങ്ങളായി ഉത്സവം മുടങ്ങിക്കിടക്കുന്ന കതിരൂര്‍ സൂര്യനാരാണക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം (25/4/2015) ധ്വജപ്രതിഷ്ഠ നടത്തുകയും, തുടര്‍ന്ന് കൊടിയേറ്റ ഉത്സവം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുട സമര്‍പ്പണം കതിരൂര്‍ ഗുരുക്കള്‍ തറവാട്ടുകാരുതന്നെ ചെയ്യണമെന്ന് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍

നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.അതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി.സദാനന്ദന്‍,
ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് കതിരൂര്‍ ഗുരുക്കള്‍ തറവാടായ ചുണ്ടങ്ങാപ്പൊയിലിലെ ജി.വി.ഹൗസിലെത്തി നിങ്ങള്‍ ഈ വര്‍ഷം മുതല്‍ ഉത്സവത്തിന് കുട സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു. 
     മഹാക്ഷേത്രത്തിലെ കുടസമര്‍പ്പണം ദൈവനിയോഗവും, വലിയൊരു അംഗീകാരവും ആയതിനാല്‍ ആ കര്‍മ്മം സസന്തോഷം ഏറ്റെടുത്തു. ധ്വജപ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രഥമ കൊടിയേറ്റ ദിവസമായ 2015 ഏപ്രില്‍ 25 ന് വൈകീട്ട് അഞ്ച് മണിയോടെ കതിരൂര്‍ ഗുരുക്കള്‍ തറവാട്ടിലെ ഏറ്റവും മുതിര്‍ന്നയംഗവും എന്റെ അച്ഛനുമായ ജി.വി.കുഞ്ഞിരാമന്‍ മാസ്റ്റരില്‍ നിന്നും കുട ഏറ്റുവാങ്ങി ഞാന്‍
ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു

     ക്ഷേത്രച്ചിറയോടു ചേര്‍ന്നുള്ള കിഴക്കെ നടയിലെ പ്രവേശന കവാടത്തു വെച്ച് ക്ഷേത്രം ഭാരവാഹികളും, അനേകം ഭക്തരും ചേര്‍ന്ന് ആനയിച്ച് എന്നെ ക്ഷേത്ര തിരുമുറ്റത്തേയ്ക്ക് ആനയിച്ചു. കുടയുമായി പ്രദക്ഷിണം ചെയ്തശേഷം ആചാരപ്രകാരം യഥാവിധി കുട ശ്രീകോവിലിന് മുന്നില്‍ സമര്‍പ്പിച്ചു.
     സത്യം പറഞ്ഞാല്‍ കുടയുമായി ക്ഷേത്രത്തിലേയ്ക്ക് പോവുന്നതിനെക്കുറിച്ച ആദ്യം എനിക്ക് വല്ലാത്തൊരു ജാള്യത മനസ്സിലുണ്ടായിരുന്നു. സൂര്യനാരായണനേയും മനസ്സില്‍ ധ്യാനിച്ച് പുറപ്പെട്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത മറ്റൊരു
അനുഭൂതിയാണനുഭവപ്പെട്ടത്. ഇതും ഒരു ദൈവ നിയോഗം തന്നെ.  

ഞായറാഴ്‌ച, മാർച്ച് 15, 2015

പൊതുജനമാണിവിടെ തോറ്റത്

     നിയമസഭ ഒരു ദേവാലയം പോലെ എന്നും സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജി.കാര്‍ത്തികേയന്‍. മാര്‍ച്ച് 13-ാം
തിയ്യതി കേരള നിയമസഭയിലെ പ്രകടനം കണ്ട് ജി.കാര്‍ത്തികേയന്റെ ആത്മാവ് സത്യം പറഞ്ഞാല്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടാവും. ബജറ്റ് അവതരണ ദിവസം നമ്മുടെ സാമാജികര്‍ കാട്ടിക്കൂട്ടിയ പേക്രാന്തങ്ങള്‍  തലയിലില്‍ ആള്‍പ്പാര്‍പ്പിടമുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവില്ല. ഒരു ചെറുഅനക്കം പോലും ലോകസമക്ഷം കാണുന്ന  അധുനിക കാലത്ത് ഉളുപ്പും മാനവും, വിവരവുമില്ലാത്ത ഇവന്‍മാരുടെ പ്രകടനം മലയാളിക്ക്  പുച്ഛത്തോടെ സ്വയം ലജ്ജിക്കാനെ തോന്നുന്നുള്ളൂ.  . വിദ്യാസമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിക്ക് അവന്റെ പ്രതിനിധിയായി നിയമസഭയിലേയ്ക്ക് പറഞ്ഞയക്കുന്ന ഈ ആഭാസന്‍മാര്‍ മഴപെയ്യുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍  കയറി നിന്ന വിവരം പോലും കാണിച്ചില്ല.
     മുണ്ട് മാടിക്കുത്തി തെരുവു തെണ്ടികളുടെ സംസ്‌കാരം പോലും കാണിക്കാത്ത ഇവന്‍മാര്‍ക്ക് തുണിയില്ലാതെ നിന്ന് പ്രതിഷേധിക്കുന്നതായിരുന്നു അഭികാമ്യം.ഇവരെയാണോ നാം മാതൃകയാക്കി പുതുതലമുറയ്ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പരിചയപ്പെടുത്തേണ്ടത് ! ഈ ആഭാസന്മന്‍മാരെയാണോ നാളെ സ്‌കൂളുകളിലും,സാംസ്‌കാരിക സദസ്സുകളിലും വിശിഷ്ടാതിഥിയായിയും, മുഖ്യപ്രഭാഷകനായും  കെട്ടിയെഴുന്നള്ളിക്കേണ്ടത് ? പ്രതിഷേധിക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. അവയൊന്നും സ്വീകരിക്കാതെ സ്പീക്കറുടെ ഡയസ്സും, കമ്പ്യൂട്ടറും തല്ലിത്തകര്‍ക്കുന്ന ഇവന്‍മാര്‍ ദേഷ്യം വന്നാല്‍ വീട്ടില്‍ സ്വന്തം ചെലവില്‍ വാങ്ങിച്ചു വെച്ചിട്ടുള്ള സാധനങ്ങള്‍ നശിപ്പിക്കുമോ?
     ആരാന്റെ മക്കളുടെ കാര്യം പോട്ടെ. എം.എല്‍.എ മാര്‍ക്കും മക്കളും, മരുമക്കളും,ചെറുമക്കളും ഒക്കെയുള്ളവരാണ്. അവനവന്റെ മക്കള്‍ക്ക ഏറ്റവും നല്ല മാതൃകയാവേണ്ടത്
അവരുടെ അച്ഛനമ്മമാരാണ്. അവരിങ്ങനെയാകുമ്പോള്‍ അവരുടെ മക്കളുടെ കാര്യം തഥൈവ. എന്റെ അച്ഛനാണ് / വല്യച്ഛനാണ്/ അമ്മാവനാണ് നിയമസഭയില്‍ മുണ്ടും മടക്കിക്കുത്തി താണ്ഡവമാടിയതെന്ന് മറ്റുള്ളവരോട് അവര്‍ക്കെങ്ങനെ പറയാനാവുമെന്ന്  ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ഇക്കണ്ടതിന്റെ പകുതി മാത്രമല്ലെ അരങ്ങേറുകയുളളൂ.
      അടിച്ചവനും, അടികൊണ്ടവനും, കടിച്ചവളും ,കടിയേറ്റവനും നാളെ മുഖാമുഖം കാണേണ്ടവരല്ലേ. ഇങ്ങനെയുള്ള ഇവന്‍മാര്‍ എങ്ങനെ നാട് നന്നാക്കും.സ്വയം നന്നാവാത്തവനാണ് ഒരു സംസ്ഥാനം നന്നാക്കാനൊരുങ്ങുന്നത് !
     അടിച്ചവനും, തുള്ളിയവനും, നശിപ്പിച്ചവനും,കാഴ്ചക്കാരനായി നിന്നവനും നിയമസഭാ ഹാജര്‍ പുസ്തകത്തില്‍ ഒപ്പു വെച്ചാണ് സഭയിലേക്ക് പോവുന്നത്. അടിച്ചാലും, തുള്ളിയാലും അവന് അന്നേ ദിവസത്തെ മുഴുവന്‍ അലവന്‍സും അവന്റെ അക്കൗണ്ടിലെത്തും. അതവന്‍ ഉറപ്പ് വരുത്തിയിട്ടാണ് ഈ തെമ്മാടിത്തരത്തിന് പോകുന്നതെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.ഹാജര്‍ പുസ്തകത്തില്‍ ഒപ്പു വെച്ച് പ്രതിഷേധ സൂചകമായി അന്നേദിവസത്തെ ആനുകൂല്യം വേണ്ടെന്ന് വെച്ചിരുന്നുവെങ്കില്‍ ജനത്തിന്റെ വക എപ്ലസ് കിട്ടിയേനെ.  ഈ പരിപാടികൊണ്ട് രക്ഷപ്പെട്ടത് ചാനലുകാരാണ്. അവന് അന്നേക്ക മാത്രമല്ല കുറച്ചു ദിവസത്തേയ്ക്കുള്ള വിഭവങ്ങളായി. അടികൊണ്ട വാച്ച് ആന്റ് വാര്‍ഡന് അടികിട്ടിയത് മിച്ചം. ഭരണപക്ഷവും, പ്രതിപക്ഷവും ഒരുപോലെ ജയിച്ചപ്പോള്‍ ഇവിടെ തോറ്റത് കേരളത്തിലെ വോട്ടര്‍മാര്‍ തന്നെ.ബജറ്റ് അവതരണദിവസം ജനത്തെ പൊട്ടനാക്കിയതിലും രസകരം പിറ്റേദിവസത്തെ ഹര്‍ത്താലാണ്.എന്തിനാണ് ഹര്‍ത്താലെന്നത് ഉത്തരം കിട്ടാത്ത ചോദ്യം. ഇവിടെയും ജനം ഏറാന്‍മൂളികളാവുന്നു.കേരള ജനതയ്ക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ലെന്ന് ആണയിട്ട് പറയാനാവും.
     
13-ാം നിയമസഭയില്‍ 13-ാം സമ്മേളനത്തില്‍ 2015 മാര്‍ച്ച് 13 ന് കെ.എം.മാണിയുടെ 13-ാമത്തെ ബജറ്റ് അങ്ങനെ വിപ്ലവാത്മകമായ അവതരണത്തിന് സാക്ഷിയായെന്ന് നിയമസഭാ രേഖകളിലും, മാണിയുടെ ജീവചരിത്ര പുസ്തകത്തിലും ഇടംപിടിക്കാന്‍ സഹായിച്ചത് അടിച്ചവന്റെയും, കടിച്ചവളുടെയും മിടുക്കായി മാറി. മാണി ഇവരോടാണ് നന്ദി പറേണ്ടത്.
     ഒന്നൊന്നൊര വര്‍ഷത്തിനുശേഷം 52 പല്ലും ഇളിച്ച് കാട്ടി മുണ്ടും താഴ്ത്തിയിട്ട് തൊഴുകൈയ്യോടെ പൊട്ടന്‍കളിച്ച ഈ വിദ്വാന്‍മാര്‍ വീണ്ടും നമ്മുടെ മുന്നിലെത്തും. അപ്പോള്‍ എല്ലാം മറന്ന് അവന്റെ പൊട്ടന്‍കളിക്ക് മുന്നില്‍ കഴുതകളായ പൊതുജനം വീണുപോകും. ജനത്തെ ഒന്നടങ്കം വിഢികളാക്കി ഇവന്‍ സുരക്ഷിതാനാവും. ഇതാണ് ജനാധിപത്യം.

വ്യാഴാഴ്‌ച, ജനുവരി 15, 2015

Devanand

ദേവാനന്ദ് : ചുമട്ട്‌  തൊഴിലാളിയായ
                            ക്രിക്കറ്റ് പരിശീലകന്‍
     രാവിലെ തലശ്ശേരി പച്ചക്കറി മാര്‍ക്കറ്റില്‍ ചുമടെടുക്കുന്ന ദേവാനന്ദനെ വൈകീട്ടൊന്ന് കാണണമെന്നുവെച്ച് മാര്‍ക്കറ്റില്‍ പോയി അന്വേഷിച്ചാല്‍ കാണാനാവില്ല. ദേവാനന്ദനെ കാണണമെങ്കില്‍ തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പോവണം.അവിടെ നിങ്ങള്‍  ദേവാനന്ദനെ മറ്റൊരു വേഷത്തിലാവും കാണുക.അതായത്  കര്‍ക്കശക്കാരനായ ലെവല്‍  വണ്‍ ക്രിക്കറ്റ് പരിശീലകന്റെ വേഷത്തില്‍.വിസമയകരമായ ഒരു വേഷപ്പകര്‍ച്ച.
     പഠിക്കുന്ന കാലം മുതല്‍ ക്രിക്കറ്റിനെ പ്രണയിച്ച  46-കാരനായ എം.സി.ദേവാനന്ദ് രണ്ട് വര്‍ഷമായി പിണറായി ഗ്രാമ പഞ്ചായത്തിലെ 
എടക്കണ്ടി മുക്കിലെ 'ലക്ഷ്മി നന്ദന'ത്തിലാണ്  താമസം. തലശ്ശേരി എന്‍.സി.സി.റോഡിലായിരുന്നു തറവാട് .തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളിലാണ് പഠിച്ചത്. വീട്ടിലെ ദാരിദ്ര്യവും പഠിക്കാനുള്ള മടിയും കാരണം പഠനം ആറാം ക്ലാസില്‍ അവസാനിപ്പിച്ചു  അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബ്രണ്ണന്‍ ഹൈസ്‌കൂളിലെ കായികാധ്യാപകന്‍ സഹദേവനാണ് ദേവാനന്ദനിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞത്.   ബ്രണ്ണനിലെ ജൂനിയര്‍ ടീമില്‍ ആദ്യമായി സെലക്ട് ചെയ്തു. ഒരു മേച്ച് മാത്രം കളിച്ചു.ഫൈനലില്‍  തോറ്റു.ആറാം ക്ലാസില്‍ ചേര്‍ന്നെങ്കിലും  തലശ്ശേരി പച്ചക്കായ മാര്‍ക്കറ്റായിരുന്നു ദേവാനന്ദന്റെ ഇഷ്ട കേന്ദ്രം.അവിടെ നിന്ന് ചുമടെടുത്തും,കായപെറുക്കിയും കിട്ടുന്ന തുകയായിരുന്നു അന്ന് വിദ്യഭ്യാസത്തിനേക്കാള്‍ പ്രധാനം. പിന്നീട് മാര്‍ക്കറ്റ് ജീവിതത്തിന്റെ ഭാഗമായി മാറി.ഒപ്പം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നുള്ള ക്രിക്കറ്റും. 
 ദേവാനന്ദന്റെ  ഓരോ ദിവസവും തുടങ്ങുന്നത് രാവിലെ ആറര മണിയോടെ തലശ്ശേരി പുതിയ ബസ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിലെത്തന്നതോടെയാണ്.മാമ്പഴക്കാലമായാല്‍ ആറ് മണിക്കും മുന്നെയെത്തണം.പിന്നെ വൈകീട്ട് മൂന്ന് മണിവരെ ചുമടെടുക്കല്‍. പച്ചക്കായ് കുലകളാണ് പ്രധാനമായും ചുമടുണ്ടാവുക.മൂന്നരയോടെ തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തും.രാത്രി ഏഴ് മണിവരെ ക്രക്കറ്റ് പരിശീലനം.

രാവിലെ ലുങ്കിയും, ഷര്‍ട്ടും,തോര്‍ത്തുകൊണ്ടുള്ള തലേക്കെട്ടുമാണ്  വേഷമെങ്കില്‍ സ്റ്റേഡിയത്തില്‍ പാഡും, തൊപ്പിയും അണിഞ്ഞ് പൂര്‍ണ്ണമായും ഒരു ക്രിക്കറ്റ് പരിശീലകന്റെ വേഷത്തിലത്രെ. ദേവാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാവിലെത്തേത് എനിക്കു വേണ്ടി.അതായത് കുടുംബം പോറ്റാന്‍. വൈകീട്ടേത് കായിക ലോകത്തിനു വേണ്ടി പുതിയൊരു താരത്തെ രാജ്യത്തിനു നല്കാന്‍. ലെവല്‍ ഒ പരീക്ഷ പാസായ ദേവാനന്ദ് ലെവല്‍ വണ്‍ പരീക്ഷയില്‍ ഒമ്പത് മാര്‍ക്കിനാണ് പരാജയപ്പെട്ടത്. പരാജയപ്പെട്ടാലും പരീക്ഷക്കിരുന്നു എന്നതിനാല്‍ ലവല്‍ വണ്‍ പരിശീകനായാണ് പരിഗണിക്കുക. 
     ആര്‍.ശ്രീധര്‍, ഭാരത് അരുണ്‍, ദിനേശ് നാനാവതി, ഡോ.സൂറത്ത് വാല എന്നീ പ്രശസ്തരായ ദേശീയ ക്രിക്കറ്റ് കോച്ചുമാരുടെ ശിക്ഷണം ദേവാനന്ദ് നേടിയിട്ടുണ്ട്. 2007 മുതല്‍ 2009 വരെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായും പ്രവര്‍ത്തിച്ചു .30 കൊല്ലമായി ലീഗില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല 30 വര്‍ഷം ഒരേ ക്ലബ്ബിനുവേണ്ടി കളിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഏക കളിക്കാരനും ദേവാനന്ദ് മാത്രമാണ്. ഇപ്പോള്‍ സി.ഡിവിഷന്‍ കളിക്കാരനാണ്.ക്രിക്കറ്റ് കളിയുള്ള ദിവസം ദേവാനന്ദ് മാര്‍ക്കറ്റില്‍ പോവാറില്ല. തലശ്ശേരി കായ തൊഴിലാളി യൂണിയന്‍ അംഗവും,മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു.
      1986- 87 കലം മുതലാണ്  ക്രിക്കറ്റില്‍ പ്രൊഫഷണലായി വരുന്നത്. സുഹൃത്തുക്കളായ ഇര്‍ഷാദ്, അഷ്‌വാക്ക് എന്നിവര്‍ ചേര്‍ന്ന് 'ലക്കി എംബ്ലം' എന്നപേരില്‍ ഒരു ക്ലബ് രൂപവത്ക്കകരിച്ചു.ആറ് മാസം കഴിഞ്ഞാണ് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഫിലിയേഷന്‍ നല്കിയത്. 
അസോസിയേഷന്‍ അന്ന് ഒരു കൂട്ടം ചില പ്രമാണിമാരുടെ കൈയ്യിലായിരുന്നു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നല്ല അതിന്റെ യഥാര്‍ത്ഥ പേര് കേനന്നൂര്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ എന്നാണ്.ചാരിറ്റബിള്‍ ട്രസ്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. അതുകൊണ്ട് ഒരിക്കലും അതിന്റെ പേര് മാറ്റാനാവില്ല.അതിന് 150 വര്‍ഷത്തെ പഴക്കവുമുണ്ട്. 
     അസോസിയേഷന്‍ ഡി ഡിവിഷനില്‍ എന്‍ട്രി തന്നു. ആവര്‍ഷം തന്നെ ആറ് കളിയിലും ജയിച്ചു.ചാമ്പ്യന്‍മാരുമായി. ഇതൊരു വഴിത്തിരിവാകുകയും ചെയ്തു.1989-90 കാലത്ത് തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് പ്രാക്ടീസ് നടത്തിയിരുന്നത്.  പ്രാക്ടീസ് കാണാന്‍ വേണ്ടി മാത്രം മുന്‍കല ക്രിക്കറ്റര്‍മാരായ ഒരു കൂട്ടം പ്രായമുള്ള ആളുകള്‍ സ്റ്റേഡിയത്തിലെത്തും.അവരായിരുന്നു പ്രധാനമായും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നത്.  അപ്പോഴേയ്ക്കും  ഡി ഡിവിഷനില്‍ നിന്നും ചാമ്പ്യന്‍മാരായി സി.ഡിവിഷനിലെത്തി.അതിന്റെ പിറ്റേവര്‍ഷം  സി.യില്‍ ചാമ്പ്യന്‍സായി സിയില്‍ നിന്നും ബി യിലേക്ക് കളിച്ചു.അക്കാലത്ത്  ആറ് വര്‍ഷം  കൂത്തുപറമ്പില്‍ ടൂര്‍ണ്ണമെന്റ് നടത്തിയിരുന്നു.  നാല് വര്‍ഷം തുടര്‍ച്ചായി 'ലക്കി എംബ്ലം' ചാമ്പ്യന്‍മാരായി.
    1993-94 കാലഘട്ടത്തിലാണ് കെ.സി.എ യുടെ ഭാരവാഹയായിരുന്ന പി.വി.സിറാജ്ജുദ്ദീനെ പരിചയപ്പെടുന്നത്.അതോടൊപ്പം ലക്കി എംബ്ലം ക്ലബ് ജില്ലക്കകത്തും പുറത്തും അറിയപ്പെട്ടുതുടങ്ങി.  സിറാജ്ജുദ്ദീനുമായുള്ള ബന്ധം ദേവാനന്ദന്റെ ക്രിക്കറ്റ് ജീവതത്തിലെ വഴിത്തിരിവായിമാറി. അദ്ദേഹത്തിന് ഗുരുസ്ഥാനമാണ് നല്കിയിട്ടുള്ളത്. എന്റെ ഉയര്‍ച്ചക്ക് കാരണം സിറാജ്ജുദ്ദീനാണെന്ന് എപ്പോഴും അഭിമാനത്തോടെ ഞാന്‍ പറയും.അദ്ദേഹമാണ് എന്നെ ലെവല്‍ വണ്‍ പരീക്ഷയ്ക്ക് അയക്കുന്നത്.  അതിനിടെ  ക്ലബിലെ നല്ലൊരു കളിക്കാരനായ ഇര്‍ഷാദ് കണ്ണൂരിലെ

ബ്രദേഴ്‌സ് ക്ലബിലേക്ക് മാറി. അതോടെ ക്ലബ്ബിന്റെ മുഴുവന്‍ ചുമതലയും ദേവാനന്ദനിലെത്തി.. ക്ലബ്ബില്‍ കളിക്കാന്‍ എപ്പോഴും ആളെ കിട്ടിയിരുന്നു.  ഒരുഘട്ടത്തില്‍ ക്ലബിന്റെ  അവസ്ഥ വളരെ മോശമായിരുന്നു. നല്ല പാഡും, ക്യാപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നേവരെ കണ്ണൂര്‍ ജില്ലാ ലീഗ് മത്സരത്തില്‍ ഇറങ്ങാതിരുന്നിട്ടില്ല. സിറാജ്ജുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലക്കി എംബ്ലം എന്ന പേര് മാറ്റി തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്നാക്കുന്നത്. ഇപ്പോള്‍ തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഇന്ന് തലശ്ശേരി ക്രിക്കറ്റ് ക്ലബ് നല്ല നിലവാരത്തിലാണ് മുന്നോട്ട് പോവുന്നത്.
      ജില്ലാ ക്രിക്കറ്റ അസോസിയേഷനുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായ ശേഷം ക്ലബിലെ  അംഗങ്ങള്‍ക്ക് മാത്രമേ ദേവാനന്ദ് കോച്ച് നല്‍കുന്നുള്ളൂ. ഓരോ കൊല്ലവും രണ്ടും, മൂന്നും കുട്ടികളെ പുതുതായി  ക്ലബില്‍ എത്തിക്കും പലരും സോണല്‍ ലവലില്‍ വരെയെത്തിക്കഴിഞ്ഞു. ഇപ്പോള്‍ ക്ലബിലുള്ള സജീര്‍ ബാംഗ്ലൂരില്‍ കിര്‍മ്മാണിയുടെ ക്യാമ്പില്‍ പങ്കെടുത്തതാണ്. 
     'പുതിയ കുട്ടികള്‍ ക്രിക്കറ്റിലേക്ക് വരവ് കുറവാണ്.  അതിന് കാരണം വിദ്യാഭ്യാസപരമായി അവര്‍ക്ക് യാതൊരു അംഗീകാരവും കിട്ടുന്നില്ല.ക്രിക്കറ്റ്  അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല..സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ.അത് ലഭിക്കാഞ്ഞാല്‍ പിന്നെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്'ദേവാനന്ദ് പറഞ്ഞു. 
     ദേവാനന്ദന്‍ ഇന്നേവരെ ക്രിക്കറ്റില്‍ നിന്ന് ഒന്നും സമ്പാതിച്ചിട്ടില്ല. ഒരിക്കല്‍ 500 രൂപ കിട്ടി. അത് പിന്നീട് ഒരു അനാഥാലയത്തില്‍ നല്കുകയാണ് ചെയ്തത്. സ്വന്തം ചിലവില്‍ രണ്ട് മാസം മലേഷ്യയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.മാര്‍ക്കറ്റില്‍ ഞാന്‍ തനി കൂലിക്കാരനാണ്. കളിക്കളത്തിലെത്തിയാല്‍ ഞാന്‍ തനി ക്രിക്കറ്ററുമാണ്. അതായത് രണ്ടിലും ഒരു വിട്ടുവീഴ്ചയുമില്ലന്നര്‍ത്ഥം.
     പരേതരായ സി.എച്ച് ചാത്തുവിന്റെയും ലക്ഷ്മിയുടെയും മകനാണ് ദേവാനന്ദ്. ഭാര്യ കുറ്റിയാടി സ്വദേശിനി എ.കെ ഷൈനി. മമ്പറം യു.പി.സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഋതിക ദേവ്, ഒന്നര വയസ്സുകാരന്‍ ഋതുദേവ് എന്നിവര്‍ മക്കളാണ

അസോസിയേഷനെതിരെ ദേവാനന്ദന്റെ ചില വെളിപ്പെടുത്തലുകള്‍
     'കണ്ണൂര്‍ ജില്ലാ അസോസിയേഷനെതിരെ ഒരു പാട് പരാതിയുണ്ടെങ്കിലും ഒരു കാര്യം ഞാനുറപ്പിച്ചു പറയാം.യഥാര്‍ഥ സെലക്ഷനുംയഥാര്‍ഥ പരിശീലനവും, യഥാര്‍ഥ രീതിയിലുള്ള മേച്ചസും നടന്നാല്‍ കണ്ണൂര്‍  ജില്ല ക്രിക്കറ്റ് ടീമിനെ  വെല്ലുവിളിക്കന്‍ പറ്റുന്ന ഒരു ടീമും ഇന്ന് കേരളത്തിലില്ലെന്ന് എനിക്കുറപ്പ് പറയാനാവും അത്ര മികവുറ്റതാണ്. കുറച്ചു കാലമായി അല്പം പിന്നോട്ടാണ് ജില്ലാ ടീം. അതിനു കാരണം ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടാണ്.കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വി.പി.ഇസാക്ക്  ഫുട്‌ബോള്‍ കളിക്കാരനാണ്. ഏറണാകുളത്തെ പ്രീമിയം ടയേഴ്‌സിനെ പ്രതിനിധീകരിച്ച ഒരുപാട്കാലം ഫുട്‌ബോള്‍ കളിച്ചതാണ്. ഇപ്പോഴത്തെ പ്രസിഡന്റും, കല്ലിക്കണ്ടി എന്‍.എ.എം.കോളജ് സ്‌പോര്‍ട്‌സ് മാഷുമായ മധു മാഷക്ക  ക്രിക്കറ്ററല്ല. അയാള്‍ക്ക് ക്രിക്കറ്ററിയില്ല. അയാള് കബഡി കളിക്കാരനാണ്. പിന്നെ   കെ.സി.എന്‍ അംഗവും കണ്ണൂര്‍ എസ്.എന്‍.കോളജ് കായികാധ്യാപകനുമായ അജയന്‍ മാഷും ക്രിക്കറ്ററല്ല.അദ്ദേഹം 2009 ല്‍ ജില്ലാ അസോസിയേഷനിലേക്കുള്ള മത്സരത്തില്‍ സ്ഥാനത്തിന് വില പറഞ്ഞിട്ട് സ്ഥാനം കരസ്ഥമാക്കിയ ആളാണ്. അയാളും ഫുട്‌ബോളറാണ്. മറ്റൊരു കെ.സി.എ.അംഗമായ ചിറക്കുനിയിലെ അശോകന്‍ ക്രിക്കറ്ററല്ല. പക്ഷെ അയാള്‍ക്ക ക്രിക്കറ്റിനെക്കുറിച്ചറിയാം.സ്വന്തമായി പ്രാദേശിക ക്ലബ്ബുണ്ട്. അതുകൊണ്ട് അസോസിയേഷനെ അംഗീകരിക്കാനാവില്ല. ഇതൊക്കെ ഞാന്‍ വിളിച്ചു പറയാറുണ്ട് അതിനാല്‍ അവര്‍ എന്നെ പലപ്പോഴായും തഴയുകയാണ് പതിവ്.
     കെ.സി.എ യുടെയും അവസ്ഥ വളരെ മോശമാണ്. പ്രസിഡന്റ് ടി.സി.മാത്യു ക്രിക്കറ്ററല്ല. അയാള്‍ പഠിക്കുന്ന കാലത്തും ഇപ്പോഴും ക്രിക്കറ്റ് കളിച്ചിട്ടില്ല. സെക്രട്ടറി അനന്തു ക്രിക്കറ്ററാണ്. അയാളെ അംഗീകരിക്കാം.കെ.സി.എ. ക്രിക്കറ്റിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. കുറെ ഡ്രാമ കളിക്കുന്നു.ബി.സി.സി ക്ക് പണമുണ്ടാക്കലാണ് പ്രധാനം അവര്‍ക്ക് ക്രിക്കറ്റിനോടൊന്നും താല്പര്യമില്ല.
  ക്രിക്കറ്റിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാറില്‍ നിന്ന് ഗ്രാന്‍്‌റ് ലഭിക്കും.അപ്പോള്‍ വിവരാവകാശത്തിന്റെ കീഴില്‍ വരും. അപ്പോള്‍ പല കള്ളക്കളികളും പുറത്താവും.അതുകൊണ്ടാണ് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങാത്തത്.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ.അത് ലഭിക്കാഞ്ഞാല്‍ പിന്നെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്  '.

Photo and Text :G.V.Raksh