Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, ഒക്‌ടോബർ 01, 2014

Akalekkozhukunna Puzha by Pushpa Sajeenthran

 അകലേക്കൊഴുകുന്ന പുഴ അഥവാ 
ഒരു പെണ്ണിന്റെ ആത്മകഥ
ഗ്രാമീണഗൃഹാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ പഷ്പാ സജീന്ദ്രന്‍ എഴുതിയ പ്രഥമ നോവലാണ് 'അകലേക്കൊഴുകുന്ന പുഴ' .കടുത്ത സാമ്പത്തിക പരാധീനതയും,കുടുംബാന്തരീക്ഷത്തിലെ ലിംഗവിവേചനവും,
പുരുഷാധിപത്യവും അനുഭവിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭവ കഥയാണ് നോവലിലൂടെ പറയുന്നത്.
   .പിറന്നു വീഴുന്ന ഓരോകുട്ടിക്കും പഠിച്ചുവളരാനുള്ള അവകാശം കുടുംബത്തിന്റെയും, സമൂഹത്തിന്റെയും ബാധ്യതയാണ്.പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് ബോധപൂര്‍വ്വം മറക്കുന്ന കുടുംബത്തിനും,സമൂഹത്തിനും എതിരെ നിശ്ശബ്ദ വിപ്ലവം നയിക്കുകയാണ്  രോഹിണിക്കുട്ടി എന്ന കഥാനായിക . സ്ത്രീയെ രണ്ടാംതരമായി കാണുന്ന ചില പുരുഷാധിപത്യവും, അതില്‍നിന്നുടലെടുക്കുന്ന അധിക്ഷേപ വാക്കുകളും നായികയുടെ വിപ്ലവത്തിന് വീര്യം കൂട്ടുന്നതായി നോവലില്‍ ഉടനീളം കാണാനാവും. പ്രതികൂല സാഹചര്യങ്ങളോട് യുദ്ധം ചെയ്ത് വിദ്യാഭ്യാസം നേടി സ്‌കൂള്‍ അധ്യാപികയായി ജോലി സമ്പാതിക്കുന്നു.അപ്പോള്‍ അവിടെയും ചില പ്രതിബന്ധങ്ങള്‍ തലപൊക്കുന്നു.തന്റെ മനക്കരുത്തുകൊണ്ട് അതല്ലാം അതിജീവിച്ച് മാതൃകാധ്യാപികയായി മാറുന്നതാണ് നോവലിന്റെ ഇതിവൃത്തം.
     സ്വാതന്ത്ര്യവും, സ്‌നേഹവും മക്കള്‍ക്ക് കൊടുക്കേണ്ട മാതാപിതാക്കള്‍ പെണ്‍കുട്ടിയായതിനാല്‍ അവളെ ക്രൂരമായ വാക്കുകള്‍ പറഞ്ഞ് മാനസികമായി പീഢിപ്പിച്ചു. കൂടാതെ ചെറുപ്രായത്തില്‍ തന്നെ പല ഘട്ടങ്ങളിലായി കുടുംബഭാരം മുഴുവന്‍ അവളില്‍ ചുമത്തുന്നു.ഇതൊക്കെ അവളില്‍ ഏറെ വിദ്വേഷവും വളര്‍ത്തി. പക്ഷെ അച്ഛനമ്മമാരെ തന്റെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താനോ, അവരെ സ്‌നേഹിക്കാതിരിക്കാനോ അവള്‍ക്ക് കഴിഞ്ഞില്ല എന്നു മാത്രവുമല്ല അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നതിനാലാണ് രോഹിണിക്കുട്ടിയെ വായനക്കാരന്‍ നെഞ്ചിലേറ്റുന്നത്.
     പെണ്‍കുട്ടികള്‍ പഠിക്കുന്നതിലും, ജോലി നേടുന്നതിലും താല്പര്യമില്ലാത്ത ആളായിരുന്നു രോഹിണിക്കുട്ടിയുടെ അച്ഛന്‍. അധ്യാപികയായി ജോലി  ലഭിച്ച് ശമ്പളം അച്ഛന്റെ കൈയ്യില്‍ ഏല്പിക്കുമ്പോള്‍ 'ഓട്ടക്കയ്യാണെങ്കിലും മക്കളുടെ പണം വാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ട്' എന്ന് അച്ഛന്‍ പറയുമ്പോള്‍ മകളുടെ അഭിമാനവും, അച്ഛന്റെ കുറ്റസമ്മതവും ഒരുപോലെ
വായനക്കാരനനുഭവപ്പെടും. ഇത്തരത്തിലുള്ള ചില പ്രയോഗങ്ങള്‍ വായനക്ക് സുഖം തരുന്നു.496 പേജുള്ള നോവലില്‍ 25 അധ്യായങ്ങളാണുള്ളത്. തലശ്ശേരി, വടകര മേഖലകളിലെ ഗ്രാമീണഭാഷയാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്.പൂര്‍ണ്ണമായും  സ്ത്രീപക്ഷനോവല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് 'അകലേക്കൊഴുകുന്ന പുഴ' എന്ന നോവലും. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ റിട്ട.പ്രൊഫ.എം.സജീന്ദ്രന്റെ ഭാര്യയും, പാട്യം വെസ്റ്റ് യു.പി.സ്‌കൂളിലെ അധ്യാപികയുമാണ് പഷ്പാ സജീന്ദ്രന്‍. 

     ( 2015 മാര്‍ച്ച് 31 ന് പുഷ്പ സജീന്ദ്രന്‍ എന്ന കഥാകാരി ഈ ലോകത്തോട് വിടപറഞ്ഞു.)