Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ജനുവരി 30, 2014

Priyadarsan - Ormakkilukkam.

പുസ്തക പരിചയം
പ്രിയദര്‍ശന്റെ കിലുങ്ങുന്ന 
ഓര്‍മ്മകള്‍
പ്രിയദര്‍ശന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന സിനിമകളാണ് മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളായ കിലുക്കവും, തേന്മാവിന്‍കൊമ്പത്തും. അതുപോലെ ഒരു
വായനക്കാരന്റെ മനസ്സിലെന്നും കിലുങ്ങുന്ന ഒരു പുസ്തകമായി മാറുകയാണ് പ്രിയദര്‍ശന്റെ ‘ഓര്‍മ്മക്കിലുക്കം’.
     മലയാള മനോരമ ദിനപത്രത്തില്‍ പ്രതിവാര പംക്തിയായി പ്രസിദ്ധീകരിച്ച 23 ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ഓര്‍മ്മക്കിലുക്കം’.പ്രിയന്‍ സിനിമകളില്‍ കാണാറുള്ള ഒരു പ്രത്യേക സൌന്ദര്യം പോലെ മറ്റൊരു അനുഭൂതി ഈ കുറിപ്പുകളിലോരോന്നിലും നമുക്കനുഭവിച്ചറിയാനാവും.ഇന്ത്യയിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളായ പ്രിയന്‍ താന്‍ വളര്‍ന്നുവന്ന വഴികളും, വഴികളില്‍ കണ്ടുമുട്ടിയവരെയും എന്നും മനസ്സിന്റെ കോണില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഓരോകുറിപ്പ് വായ്ക്കുമ്പോഴും നമുക്ക് മനസ്സിലാവും. നിരവധി സിനിമകള്‍ക്ക് കഥയും, തിരക്കഥയും ഒരുക്കിയിട്ടുള്ള പ്രിയന്‍ അതുപോലെ ഓരോകുറിപ്പിലും നര്‍മ്മവും, ഗൌരവും,ക്ലൈമാക്സും കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ  വായിക്കുമ്പോള്‍ സിനിമ കാണുന്നതുപോലെ ഓരോ ഫ്രെയ്മായിത്തന്നെ  മനസ്സില്‍ പതിയും.
     ‘ഓര്‍മ്മകള്‍ക്കു കളഭത്തിന്റെ സുഗന്ധമുള്ള ചില നിമിഷങ്ങള്‍ എന്റെ ജീവിതത്തിലുണ്ട് ’. എന്ന വാചകത്തോടെ തുടങ്ങുന്ന ‘കഥപറച്ചിലിന്റെ ജീന്‍’  എന്ന  ആദ്യകുറിപ്പ് അമ്മമ്മ (അമ്മയുടെ അമ്മ)യ്ക്കുള്ള സമര്‍പ്പണം തന്നെയാണ്.‘കഥപറച്ചിലിന്റെ ആ ജീന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ പ്രിയദര്‍ശന്‍ ഉണ്ടാകുമായിരുന്നില്ല’.എന്ന അവസാനത്തെ വാചകം അമ്പലപ്പുഴ എന്ന ഗ്രാമത്തിലെ  നാട്ടിന്‍ പുറത്തുകാരിയായ ലക്ഷ്മിക്കുട്ടിയമ്മ എന്ന   എന്റെ അമ്മമ്മ കുട്ടികള്‍ക്ക് കഥ പറഞ്ഞുതരുന്ന  രീതി എന്നില്‍ കുടിയിരുന്നിട്ടുള്ളതാണ് തന്റെ വിജയമെന്ന്  അഭിമാനത്തോടെ വിളിച്ചു പറയുകയാണ് പ്രിയന്‍.
     പഠനരീതിയുടെ ഭാഗമായി പ്രിയന്റെ മകള്‍ അമ്മു തായ് ലന്ഡിലെ  അനാഥശാലയില്‍ എത്തി ആ കുട്ടികളോടൊപ്പം താമസിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതിനിടെ പരിചയപ്പെട്ട പത്തുവയസ്സുകാരിയുമായുള്ള അനുഭവം മകളിലൂടെ അറിഞ്ഞ് ഹൃദയസ്പര്‍ശിയായി എഴുതിയ രണ്ടാമത്തെ ലേഖനമാണ് അമ്മുവിനെ തൊട്ടകുഞ്ഞിക്കൈ.
     മലയാള സിനിമ എന്റെ ഉള്ളം കൈയ്യിലാണെന്ന് അഹങ്കരിച്ച നാളുകളില്‍ ഒന്നിച്ച് മൂന്ന് സിനിമ പൊട്ടിപാളീസായി. അതോടെ മുറിയിലെ ഫോണ്‍പോലും ശബ്ദിക്കാതായി. എല്ലാവരാലും അകറ്റിനിര്‍ത്തി. ഡിന്നറിനുള്ളക്ഷണം പോലും നിലച്ചു. അപ്പോഴാണ് ദൈവദൂതനെപ്പോലെ കലൈഞ്ജര്‍ എം. കരുണാനിധി സിനിമ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിനു വേണ്ടിചെയ്ത സിനിമയാണ് ‘ഗോപുരവാസലിലെ’.അതോടെ തിരക്കിന്റെ ലോകം തുറന്നു. മലയാള സിനിമയിലെ  രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം പുച്ഛിച്ചവര്‍ക്കും, അകറ്റിനിര്‍ത്തിയവര്‍ക്കുമുള്ള  മറുപടിയായി സംവിധാനം ചെയ്ത സിനിമയാണ് കിലുക്കം.(പ്രിയന്‍ തന്നെ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കിലുക്കം . പക്ഷെ ഇന്നുവരെ കിലുക്കത്തിന്റെ തിരക്കഥ സംബന്ധിച്ച് യാതൊരു വെളിപ്പെടുത്തലുകളും പ്രിയന്‍ നടത്തിയിട്ടില്ല.ടൈറ്റിലില്‍ ഇപ്പോഴും വേണു നാഗവള്ളി തന്നെയാണ് തിരക്കഥാകൃത്ത്. 60ലക്ഷം രൂപ മുതല്‍ മുടക്കി രണ്ടരക്കോടിയിലേറെ കളക്ട് ചെയ്ത സിനിമ കൂടിയാണ് കിലുക്കം.കിലുക്കത്തിന്റെ നിര്‍മ്മാതാവായ ഗുഡ്നൈറ്റ് മോഹന്‍ 2013 ഏപ്രില്‍ മാസത്തെ നൊസ്റ്റാള്‍ജിയ എന്ന മാസികയിലൂടെ വെളിപ്പെടുത്തിയതാണ് ഈ രഹസ്യം.) തോല്ക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന തകരപ്പാത്രം മാത്രമാണ് ജീവിതമെന്ന് മനസ്സിലാക്കുകയും, വിജയാഘോഷങ്ങളെ പേടിയാണെന്ന് പേടിയോടെ പറയുകയും ചെയ്യുന്ന ലേഖനം മാത്രമല്ല തന്റെ ഉയര്‍ച്ചയെയും താഴ്ചയേയും ഒരുപോലെ വെളിപ്പെടുത്തുന്ന ലേഖനമാണ് ‘ആ വിരല്‍ത്തുമ്പിന്റെ വില’.
     പ്രിയന്‍ സിനിമയില്‍ തമാശക്ക് നല്‍കുന്ന പ്രാധാന്യം പോലെ വായനക്കാരന് നല്‍കുന്ന ഒരു തമാശ ലേഖനമാണ് ‘സൌഹൃദങ്ങളുടെ മാത്രം ചിരിഭാഷ.’ മുകേഷ്, കൊച്ചിന്‍ ഹനീഫ എന്നിവരാണ് ഇതിലെ താരങ്ങള്‍. 
     കൊച്ചിന്‍ ഹനീഫ എന്ന സ്നേഹനിധിയായ സുഹൃത്തിന്റെ അവസാനനാളുകളെക്കുറിച്ചുള്ള ലേഖനമാണ് ‘സ്വയം നൊന്ത് ആരെയും നോവിക്കാതെ’. വില്ലനും, തമാശക്കാരനുമയ ഹനീഫയുടെ പ്രേക്ഷകര്‍ക്ക് അറിയാത്ത മുഖം, അതായത് മദ്യപിക്കാത്ത, മുറുക്കാത്ത ഹനീഫയെ പരിചയപ്പെടുത്തുന്ന ലേഖനം കൂടിയാണിത്.
     ഏതെങ്കിലും ചടങ്ങിലോ ആള്‍ക്കൂട്ടത്തിലോ വച്ച് എന്നെ കാണുമ്പോള്‍ എം. ടി. വാസുദേവന്‍ നായര്‍ എന്നെ പ്രിയന്‍ എന്ന് വിളിച്ച് , നോക്കി ചിരിക്കണം.തോളിലൊന്നു തട്ടണം . അതുകണ്ടു ചുറ്റും നില്‍ക്കുന്നവര്‍ അസൂയപ്പെടണം. പ്രിയദര്‍ശന്‍ എന്ന വലിയ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരാഗ്രഹം. അതിനായി പ്രിയന്‍ കാത്തിരിക്കയാണ്. അതിനെക്കുറിച്ചാണ് ‘സ്വന്തമാക്കാനായി ഒരു അഹന്ത’എന്ന ലേഖനം. 
       രജനികാന്ത് എന്ന താരത്തേക്കാള്‍ എത്രയോ വലുതാണ് രജനിയെന്ന മനുഷ്യന്‍  എന്ന്  വായനക്കാരന്റെ മുന്നിലേക്ക് തുറന്നു കാണിച്ചു തരുന്ന കുറിപ്പാണ് അടുത്തറിഞ്ഞ അദ്ഭുതം.   
     അമേരിക്കക്കാരുടെ സോപ്പുപൊടി വിയറ്റ്നാമില്‍ ഇറക്കുന്നതിന്റെ പരസ്യം സംവിധാനം ചെയ്യാന്‍ എത്തിയ പ്രിയന്‍ ‘വിയറ്റ്നാമിനെപ്പോലെ സ്വപ്നം കാണാം’ എന്ന കുറിപ്പില്‍ വായനക്കാരന് സ്വപ്നം മാത്രമല്ല വിയറ്റ്നാമിനെ പൂര്‍ണ്ണമായും ആവാഹിച്ച് മുന്നില്‍ എത്തിക്കുന്നുണ്ട്.   
     കേരളത്തിലെ കുട്ടനാടിനോട് ഏറെ സാദൃശ്യമുള്ള ഒരു സ്ഥലമാണ് വിയറ്റ്നാം.  കുട്ടനാട് എന്നതിലുപരി വിയറ്റ്നാമിലെ മീന്‍കറിക്ക് കേരളത്തിലെ മീന്‍കറിയുടെ അതേ സ്വാദാണ്. നാളികേരം അമ്മിക്കല്ലില്‍ അരച്ച് ഇപ്പോഴും അവിടെ മീന്‍ കറിവെയ്ക്കുന്നു.   
       35 വര്‍ഷം മുമ്പ് അമേരിക്ക കുഴിച്ചിട്ടിട്ടുപോയ മൈനുകളും, ബോംബുകളും ഇപ്പോഴും വെള്ളത്തിലും കരയിലുമെല്ലാം പൊട്ടാതെ കിടപ്പുണ്ട്. കളിപ്പാട്ടമെന്ന് കരുതി കുട്ടികള്‍ എടുത്ത് കളിക്കുമ്പോഴും കൃഷിപ്പണി ചെയ്യുന്നതിനിടയിലും ബോംബുകള്‍ പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ്. 42,000 പേരാണ് യുദ്ധം അവസാനിച്ച ശേഷം ബോംബും, മൈനും പൊട്ടിമരിച്ചത്. 64,000 പേര്‍ക്ക് പരിക്കേറ്റു.ഭൂരിഭാഗം പേരും വികലാംഗരും. ഇങ്ങനെ പോകുന്നു വിയറ്റ്നാം വിശേഷങ്ങള്‍.
     ‘കടപ്പാടുകളുടെ ചങ്ങല’, ‘കിടക്കാതെ പോയ പട്ടിണി’, ‘പകുത്തുകൊടുക്കാം;ചേര്‍ത്തുപിടിക്കം’ ‘നെറുകയില്‍ തൊട്ട ആകൈകള്‍’ എന്നീ ലേഖനങ്ങള്‍ യഥാക്രമം എം. ജി. സോമന്‍, ശ്രീനിവാസന്‍, ലിസി,അമിതാഭ് ബച്ചന്‍  എന്നിവര്‍ ജീവിതത്തില്‍ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതിന്റെ മറയില്ലാത്ത തുറന്നെഴുത്തുകളാണ്.
      ‘ഊര്‍ന്നുവീഴുന്ന ചില സ്വര്‍ണ്ണ മോതിരങ്ങള്‍’ എന്ന ലേഖനം സിനിമയെന്ന ശാശ്വതമല്ലാത്ത ഗ്ലാമര്‍ ലോകത്തുനിന്നും ഊരിവീണ രണ്ട്  പ്രമുഖരായവരെയാണ് പരിചയപ്പെടുത്തുന്നത്. ചില  ഗുണപാഠങ്ങളുമുണ്ട്. കൂടാതെ മകന്റെ കാര്യത്തില്‍ പ്രിയദര്ശന്‍ എന്ന സംവിധായകനില്ല. എന്റെ മനസ്സില്‍ സ്വാര്‍ത്ഥനായ അച്ഛന്‍ മാത്രമേയുള്ളൂ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്ന ശക്തനായ ഒരച്ഛനെയും നമുക്ക് കാണാം.മാത്രവുമല്ല സിനിമ എന്ന പഞ്ചനക്ഷത്ര സൌകര്യങ്ങളില്‍ നിന്ന് പിച്ചപാത്രത്തിലെക്കുള്ള ദൂരം വളരെ ചെറുതാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 
     രണ്ട് കുട്ടികളുടെ അച്ഛനായ പ്രിയദര്‍ശന്‍ മക്കളുടെ കാര്യത്തില്‍ അനുഭവിക്കുന്ന ചില അസ്വസ്ഥതകളും, മാനസികപിരിമുറുക്കങ്ങളുമാണ് ‘വഴിമുടക്കാത്ത വഴികാട്ടി’ യിലുള്ളത്.അതിന്റെ തുടര്‍ച്ചയായിത്തന്നെയാണ് ‘ആ നിലവിളി കേള്‍ക്കാതെ പോകരുതേ...’ എന്ന ലേഖനവും. മനസ്സിനെ പിടിച്ചുലച്ച ചില സംഭവങ്ങളും കാഴ്ചകളും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ അത് വായനക്കാരന്റെ മനസ്സിലും  എവിടെയൊക്കെയോ ചില നൊമ്പരങ്ങളും, വേദനകളും കോറിയിടുന്നു.
   ഇന്നസന്റ്, സത്യന്‍ അന്തിക്കാട് എന്നിവരെക്കുറിച്ചാണ് ‘അസൂയ തോന്നുന്ന രണ്ടുപേര്‍’. ‘കടല്‍ നല്‍കിയ കൂടപ്പിറപ്പ് ’എന്നതില്‍  പാലക്കാട് കോട്ടായിക്കാരന്‍ ജി. രാമചന്ദ്രന്‍ നായരെന്ന രാമ, ‘കുതിരവട്ടം പപ്പു ഒരു താരമയിരുന്നു’ എന്നതില്‍ കുതിരവട്ടം പപ്പു , ‘എങ്ങനെ മറക്കും ഞാനിവരെ’ എന്നതില്‍ എം. ജി. സോമന്‍, കൊച്ചിന്‍ ഹനീഫ, ശങ്കരാടി  ‘അങ്ങനെ ഒരാളേയുള്ളൂ സുകുമാരി’എന്നതില്‍ സുകുമാരി, ജഗതിയുടെ ജിംനാസ്റ്റിക്സ് എന്നതില്‍ ജഗതി ശ്രീകുമാര്‍ എന്നിവരെക്കുറിച്ചുള്ള രസകരവും ചിന്തനീയവുമായ കുറിപ്പുകളാണ്. ഇതിലൂടെ ഇവരുടെ മറ്റൊരു മുഖം നമുക്ക് ദര്‍ശിക്കാനാവും. 
     ശ്രീനിവാസനുമായി ചേര്‍ന്ന് സുന്ദരമായ ചില സിനിമകള്‍ പുറത്തു വന്നെങ്കിലും അടുത്തകാലത്തായി അത്തരം സിനിമകള്‍ സൃഷ്ടിക്കാനാവാത്തതിന്റെ ആകുലതകള്‍ പങ്കുവെയ്ക്കുകയാണ് വരുമോ വീണ്ടും ആ മാമ്പഴക്കാലത്തിലൂടെ.അവസാന ലേഖനമായ ‘പൂമരങ്ങളുടെ തണലില്‍’ അച്ഛന്‍ സോമന്‍ നായര്‍ എങ്ങനെ ജീവിതത്തില്‍ സ്വാധീനിച്ചു എന്നു പറഞ്ഞുതരുന്നതാണ്. അതിന്റെ അവസാന ഭാഗം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത് : ‘പപ്പാ,പപ്പ നട്ട പൂമരങ്ങളുടെ തണലിലൂടെ മാത്രമാണെന്റെ യാത്ര . എന്റെ കുട്ടികള്‍ക്കായി ഒരു ജമന്തിപ്പൂച്ചെടിയെങ്കിലും നടാനുള്ള ഭാഗ്യമുണ്ടാകാന്‍ എന്നെ അനുഗ്രഹിക്കുക’. സത്യം പറഞ്ഞാല്‍ ഒരു ഗുരുത്വം നിറഞ്ഞ വാക്കുകള്‍ തന്നെയാണത്. ഗുരുത്വമുള്ളവര്‍ എന്നും ജീവിതത്തില്‍ വിജയിക്കും. അത് അനശ്വരവുമാണ്. അതായിരിക്കാം പ്രിയദര്‍ശന്‍ എന്ന പ്രതിഭയ്ക്ക് താന്‍ തിരഞ്ഞെടുത്ത രംഗത്ത് ഒരു കൊമ്പനെപ്പോലെ തലയുയര്‍ത്തി നില്ക്കാനാവുന്നതിന്റെ രഹസ്യം.വളര്‍ന്നു വരുന്ന വഴികള്‍ മറക്കുന്നവര്‍ക്ക് ഒരു മറുപടികൂടിയാണ്  പ്രിയദര്‍ശന്റെ ‘ഓര്‍മ്മക്കിലുക്കം’ എന്ന പുസ്തകം.
     ഡി. സി. ബുക്സാണ് പ്രസാധകര്‍. വില 80 രൂപ.  

വെള്ളിയാഴ്‌ച, ജനുവരി 10, 2014

K.P.Narayanan Master


കെ. പി. നാരായണന്‍ എന്ന
 വിപ്ലവകാരിയായ അദ്ധ്യാപകന്‍
 പൌരുഷമുള്ള മുഖം, മുഖത്തെ ഒന്നുകൂടി ഗൌരവമാക്കുന്ന കട്ടിഫ്രെയ്മുള്ളകണ്ണട, ഇടതു കൈയ്യില്‍ മുണ്ടിന്റെ കോന്തലയും, ഒരു സിഗററ്റ് പെട്ടിയും, വലതു കൈയ്യില്‍ എരിയുന്ന ഒരു സിഗററ്റും.  ആരെയും കൂസാക്കാതെ ഒരു വിപ്ലവകാരിയുടെ തലയെടുപ്പോടുകൂടിയുള്ള നടത്തം. ഭംഗിയായുള്ള വസ്ത്രധാരണവും. ആ രൂപം കണ്ടാല്‍ ആരും ഒന്ന് ശ്രദ്ധിക്കും. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത ക്ഷുഭിത യൌവ്വനത്തിന്റെയും, വിപ്ലവ വീര്യത്തിന്റെയും സ്വപ്നങ്ങള്‍കണ്ട നക്‌സല്‍ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് മാത്രമായിരുന്നില്ല വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ എന്നും ചിരപ്രതിഷ്ഠ നേടിയ അധ്യാപകന്‍ കൂടിയായിരുന്നു 2014 ഡിസംബര്‍ എട്ടിന്  അന്തരിച്ച കെ. പി. നാരായണന്‍ മാസ്റ്റര്‍. 
     വിമോചന സമരകാലത്ത് കതിരൂര്‍ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു നാരായണന്‍.അതിനു മുന്‍പ് ലക്ഷദ്വീപിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കമ്മ്യൂണിസ്റ്റ് ആയതിനാല്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടു.
     1964 ല്‍ സി. പി. എം രൂപവത്ക്കരിച്ചപ്പോള്‍ എ. കെ. ജി. യുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്കായി മലബാറില്‍ രൂപം കൊടുത്ത കെ. എസ്. വൈ. എഫ്‌ന്റെ സംസ്ഥാന നേതാക്കളില്‍ ഒരാളായിരുന്നു. കെ. സി. നന്ദനന്‍ പരേതനായ പി. എം.  ഗോപാലന്‍ എന്നിവരായിരുന്നു മറ്റ് നേതാക്കള്‍. 1968ല്‍ കെ. എസ്. വൈ. എഫ്‌ന്റെ കോഴിക്കോട് സമ്മേളനത്തില്‍ തീവ്രവാദം പോരെന്ന പേരില്‍ നാരായണന്റെ   നേതൃത്വത്തിലുള്ള സംഘം മാര്‍ക്‌സിസ്റ്റ് റിബല്‍സ് എന്ന പേരില്‍ സമ്മേളനത്തില്‍ നിന്നു ഇറങ്ങിവന്നു. കേരളത്തിലെ ആദ്യ നക്‌സല്‍ ഗ്രൂപ്പിന് രൂപം കൊടുത്തു. അതിനിടെ ബംഗാളില്‍ രൂപംകൊണ്ട  നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവരിലേക്ക് പടര്‍ന്നിരുന്നു. പിന്നീട് നക്‌സല്‍ പ്രസ്ഥാനം മലബാറില്‍ ശക്തിപ്രാപിക്കുകയും 1969 നവംബര്‍ 22 ന് തലശ്ശേരി പോലീസ് സ്റ്റേഷനു നേരെ  അക്രമം നടത്തി. അതിന്റെ മുഖ്യധാരാ പ്രവര്‍ത്തകര്‍ കുന്നിക്കല്‍ നാരായണന്‍, വി. കെ. ബാലന്‍ കെ. പി. നാരായണന്‍ എന്നിവരായിരുന്നു. സ്റ്റേഷനില്‍  സൂക്ഷിച്ചിട്ടുള്ള എന്‍. സി. സി. ഓഫീസര്‍മാര്‍ ഉപയോഗിക്കുന്ന 303 റൈഫിള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അക്രമം നടത്താന്‍ തയ്യാറാകുമ്പൊഴേകും പദ്ധതി പരാജയപ്പെട്ടു. സൂത്രധാരകര്‍ ഒളിവിലും  പോയി. മാസങ്ങള്‍ക്ക് ശേഷം നാരായണന്‍ മാസ്റ്ററെ  മദ്രാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് പിടികൂടി. മൃഗീയമായി മര്‍ദ്ദിക്കുകയും  ജയിലിലടകുകയും ചെയ്തു.ഒളിവു ജീവിതകാലത്തും  അതിനു മുന്‍പും   കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, അജിത, ഗ്രോ വാസു, തുടങ്ങിയ അക്കാലത്തെ നേതാക്കളുമായാണ്  നാരായണന്‍ അടുത്ത്  പ്രവര്‍ത്തിച്ചത്. ബര്‍ദ്വാനില്‍ നടന്ന സി. പി. എം പ്ലീനത്തില്‍ ബദല്‍രേഖ അവതരിപ്പിച്ച ടി. നാഗറഢിയുടെ വിവാദക്കുറിപ്പുകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതും കെ. പി. നാരായണനാണ്.
    നക്‌സല്‍ പ്രസ്ഥാനം തളര്‍ന്നതോടെ നാരായണന്‍ സി. പി. എമ്മു മായി സഹകരിച്ച് കതിരൂരില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അക്കാലത്താണ് കതിരൂരില്‍ നാരായണന്‍ പ്രിന്‍സിപ്പാലായി 1974ല്‍ സമാന്തര കോളജായ കേപ്പീസ് ടൂട്ടോറിയല്‍ കോളജ് സ്ഥാപിച്ചു.  1989 വരെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നാരായണന്‍ മാസ്റ്റരുടെ ശിഷ്യന്മാരായി. പ്രിഡിഗ്രിക്കും, ഡിഗ്രിക്കും ഇംഗ്ലീഷാണ് മാഷ് പഠിപ്പിച്ചത്. കണക്കിലും പ്രാഗല്‍ഭ്യമുണ്ടായിരുന്നു.   ഗാംഭീര്യമുള്ള ശബ്ദവും, ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനവും, പഠിപ്പിക്കുന്നതിലെ പ്രത്യേക ശൈലിയും, വിദ്യാര്‍ത്ഥികള്‍ ഏറെ ഇഷ്ടപ്പെട്ടു.
     1984 മുതല്‍ 1995 വരെ കതിരൂര്‍ ഗ്രാമപഞ്ചായത്തംഗവുമായി. ആരെയും ആകര്‍ഷിക്കുന്ന നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു കെ. പി. നാരായണന്‍.ദീര്‍ഘകാലം കതിരൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തിയതും ഇദ്ദേഹത്തിന്റെ കാലത്താണ്.പ്രസിഡന്റെന്നനിലയില്‍ ഓണറേറിയം എല്ലാ മാസവും കൈപ്പറ്റുമെങ്കിലും തുക പൂര്‍ണ്ണമായും പാര്‍ട്ടിയെ ഏല്പിക്കുകയാണ് പതിവ്.  1995 ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സി. പി. എമ്മുമായി അഭിപ്രായ വെത്യാസമുണ്ടണ്ടായി . തുടര്‍ന്ന്  പൊതുരംഗത്തു നിന്നും അദ്ധ്യാപകരംഗത്തു നിന്നും പൂര്‍ണ്ണമായും പിന്മാറി വീട്ടില്‍ വിശ്രമ ജീവിതമായി. 2014 ഡിസംബര്‍ എട്ട് ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്‌.
കാര്യമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല, അന്ത്യാഭിലാഷ പ്രകാരം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിനു നല്‍കി. മരിക്കുമ്പോള്‍ നാരായണന്‍ മാസ്റ്റര്‍ക്ക് 80 വയസ്സായിരുന്നു. അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ പഴയ സഹപ്രവര്‍ത്തകന്‍ ഗ്രോവാസുവും കതിരൂരിലെ  A`b എന്ന വീട്ടില്‍ എത്തിയിരുന്നു. 
     ഭാര്യ : പി. കെ. സരോജിനി (റിട്ട.പ്രിന്‍സിപ്പാള്‍ ടീച്ചേഴ്‌സ് ട്രെനിങ്ങ് സെന്റര്‍ –കണ്ണൂര്‍ ), മക്കള്‍ :ജീജ (മസ്‌ക്കറ്റ്), ഡോ. നിഷ(അമേരിക്ക), മരുമക്കള്‍ : വിജയമണി (മസ്‌ക്കറ്റ്), സുജിത്ത് (സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍ –അമേരിക്ക)  സഹോദരങ്ങള്‍ : ജാനകി, ലക്ഷ്മി, ചന്ദ്രമതി, പരേതരായ നാരായണി, രാഘവന്‍, രാമചന്ദ്രന്‍

ചൊവ്വാഴ്ച, ജനുവരി 07, 2014

Olivu Jeevitham Novel

 കാമ്പില്ലാത്ത 
‘ഒളിവു ജീവിതം’

ചിത്രകാരനായ പൊന്ന്യം ചന്ദ്രന്റെ പ്രഥമ നോവലാണ് ഒളിവ് ജീവിതം.എഴുപതുകളിലെ തലശ്ശേരിയുടെ ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ് പശ്ചാത്തലം. ആ കാലഘട്ടത്തിലെ കാര്‍ഷിക സംസ്കാരത്തിലധിഷ്ഠിതമായ  തലശ്ശേരി ഗ്രാമീണ സംസാരഭാഷയാണ് ഉടനീളം പ്രയോഗിച്ചിരിക്കുന്നത്.
   ഓലക്കണ്ണികൊണ്ട് മടഞ്ഞുണ്ടാക്കിയ കുട്ട, വെള്ളേരി മിടിയിട്ടു,പൊലര്യാനാവ്മ്പം,ഷോടതി,ബെല്തായി,തേങ്ങകൊത്തീറ്റ്ണ്ട്, നാസ്ത്യാക്കീട്ട് തുടങ്ങിയ നിരവധി പദങ്ങള്‍ പോയകാലത്തിന്റെ ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവരുന്നു.എണ്‍പതു മുതല്‍  വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ ലിറ്റര്‍, ഹോബി എന്നീ വാക്യങ്ങള്‍ അറിയാതെ കയറി വന്നിട്ടുമുണ്ട്.ഗ്രാമീണരുടെ ഒത്തൊരുമ്മ പലസ്ഥലത്തും എടുത്തുകാണുന്നു. അത് പുതുതലമുറയിലെ വായനക്കാരന് ഏറെ ആശ്ചര്യമായി  തോന്നും.
     ചിത്രകാരന്‍ കഥാകാരനായി മാറുമ്പോള്‍   വര്‍ണ്ണവും വര്‍ണ്ണനയും തീരെ മറന്നുപോവുന്നു.  കഥ നടക്കുന്ന പ്രദേശത്തിന്റെ പേരോ, ഭംഗിയോ, ഭൂമി ശാസ്ത്രമോ  ഒന്നും പറയുന്നില്ല. അവിടുത്തെ ജനത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുപോലും മൌനം പാലിക്കുകയാണ് ചെയ്തത്.ഇതുപോലെ നിരവധി അപാകതകള്‍ ഉടനീളം മുഴച്ചുനില്ക്കുന്നു.
     ചില കഥാപാത്രങ്ങളെ കണക്കിലെ സൂത്രവാക്യ പദങ്ങളെപ്പോലെ  എക്സ്, വൈ, എ എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത്.അതൊരു പുതിയ പരീക്ഷണമാണെങ്കിലും നല്ലൊരു രീതിയായി അംഗീകരിക്കാനാവില്ല.
     കാക്കനാടന്റെയും, യു. എ. ഖാദറിന്റെയും ചില കൃതികള്‍ ഇതില്‍ അറിഞ്ഞോ അറിയാതെയോ കയറിപ്പറ്റിയിട്ടുണ്ട്.  21 അദ്ധ്യായങ്ങളായിട്ടാണ് ‘ഒളിവു ജീവിതം’എന്ന നോവല്‍ എഴുതിയിട്ടുള്ളത്.ഒരു മുസ്ലീം വീട്ടില്‍ പാര്‍ട്ടിക്കാരനായ ഗൃഹനാഥന്റെ ഒത്താശയോടെ രണ്ട് ചെറുപ്പക്കാരായ പാര്‍ട്ടിക്കാര്‍ ഒളിവില്‍ താമസിക്കുകയും, ഒളിവ് ജീവിതം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ അതിലൊരുത്തന്‍  ഗൃഹനാഥന്റെ മകളെ ഗര്‍ഭിണിയാക്കുകയും ചെയ്യുന്നു.ഒരു കാലഘട്ടത്തില്‍ ഒളിവു ജീവിതത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ പലരും ഇത്തരത്തിലുള്ള ഗര്‍ഭം സമ്മാനിച്ചാണ് കടന്നുപോയത്.  ഇതിന്റെ പിന്തുടച്ചക്കാരാണ് ഇന്ന് പുരോഗമന ചിന്താഗതിക്കാരായും, സ്ത്രീ സംരക്ഷകരായും ചമഞ്ഞു നടക്കുന്നതെന്ന് പറയാതെ പറയുന്നുമുണ്ട്. 
     ഒരദ്ധ്യായത്തില്‍ പോലും എന്നും ഓര്‍ത്തുവെയ്ക്കാവുന്ന മുഹൂര്‍ത്തങ്ങളോ, സന്ദര്‍ഭങ്ങളോ,പരസ്പരബന്ധമോ ഇല്ല. അതിനു കാരണം ‘ഒളിവു ജീവിതം’ എന്ന നോവലില്‍  കഥയില്ല എന്നതാണ് സത്യം.കുറേ ഗ്രാമീണരുടെ സംഭാഷണങ്ങളും, എഴുത്തുകാരന്റെ ഓര്‍മ്മയിലെ ചില സംഭവങ്ങളും,നാട്ടിലെ പരദൂഷണവും ചില വ്യക്തികളിലൂടെ കൂട്ടിക്കുഴച്ചെഴുതി എന്നല്ലാതെ മറ്റൊന്നും ഒളിവു ജീവിതത്തിലില്ല. കാമ്പില്ലാത്ത പുറംപോളയായ ഒരു കൃതി മാത്രമാണിത്.  നോവല്‍ എന്നൊന്നും ഇതിനെ വിളിക്കാനാവില്ല.  കഥയോ, കവിതയോ, ചിത്രമോ എന്തോ ആവട്ടെ അതൊക്കെ ആസ്വാദകന്‍ അനുഭവിച്ചറിയുന്ന ഒരു താളമുണ്ട് ആ താളം പോലും ഈ കൃതിയിലില്ല.
     ആരും വായിക്കാനിഷ്ടപ്പെടാത്ത പുസ്തകവും 2000 കോപ്പികളെങ്കിലും ചെലവാക്കാന്‍ ഗ്രന്ഥകാരനും, പ്രസാധകനും ഒന്നു മനസ്സുവെച്ചാല്‍ നടക്കാവുന്നതേയുള്ളൂ. ഒന്നും മനസ്സിലാകാത്ത രീതിയിലാണ് വാചകഘടനയെങ്കില്‍ ആ ഗ്രന്ഥത്തെ പ്രശംസിക്കാനും, വാതോരാതെ സംസാരിക്കാനും ചില അല്പന്മാര്‍ മുന്നോട്ടും വരും.പണവും സ്വാധീനവും ഉപയോഗിച്ച്  അല്ലറ ചില്ലറ അംഗീകാരവും നേടിയെടുക്കുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനുമില്ല.ആ ഗണത്തിലാണ് ഒളിവു ജീവിതത്തിന്റെ സ്ഥാനം.
     സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം നാഷണല്‍ ബുക്ക് സ്റ്റാള്‍ ആണ് ഒളിവു ജീവിതത്തിന്റെ പ്രസാകര്‍: വില : 55 രൂപ