Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2018

ശബരിമല : വിചാരണയും വിധിയെഴുത്തും

18 ആളുകൾ 18 ലേഖനങ്ങൾ 128 പേജ് 150 രൂപ. ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ട ആദ്യ പുസ്തകം ജി വി ബുക്‌സ് പുറത്തിറക്കുന്നു.
' ശബരിമല : വിചാരണയും വിധിയെഴുത്തും '
 നവംബർ മൂന്ന് ശനിയാഴ്ച മൂന്ന് മണിക്ക് മയ്യിൽ വെച്ച് പ്രകാശനം ചെയ്യുന്നു.
ശബരിമല : വിചാരണയും വിധിയെഴുത്തും  എന്ന പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക. വിലാസവും ( പിൻകോഡ് സഹിതം) ഫോൺ നമ്പറും അയച്ചു തന്നാൽ വി.പി.പി. ആയി അയച്ചു തരും.
gvrbooks@gmail.com
9447707920

വ്യാഴാഴ്‌ച, ഓഗസ്റ്റ് 30, 2018

 ക്യാമ്പ്മാൻ
രോഗം ബാധിച്ചിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് നേരത്തെ കണ്ടെത്തി തടയുന്നതാണ്. അതിനുനള്ള ഏറ്റവും നല്ലതും ചെലവ് കുറഞ്ഞതുമായ മരുന്നാണ് ബോധവത്ക്കരണം.
കെ.സന്തോഷ് കുമാർ.
അർബുദത്തിന്റെ കാര്യത്തിൽ അത് തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സയും രോഗമുക്തിയും എളുപ്പമാകും. രോഗികളെന്ന തിരിച്ചറിവില്ലാതെ രോഗത്തിന്റെ ദുരിതവലയത്തിലേക്ക് കണ്ടെത്തുന്നതിനുള്ള ക്യാമ്പുകളുടെ സംഘാടകനായി ഒരാൾ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (എം.സി.സി) രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്നുണ്ട്, തിരുവനന്തപുരം സ്വദേശിയായ ലാബ് അസിസ്റ്റന്റ് കെ.സന്തോഷ് കുമാർ.
     ഏഴ് ജില്ലകളിലായി 18 വർഷത്തിനുള്ളിൽ 2500ൽ അധികം ക്യാമ്പുകൾ സന്തോഷ്  സംഘടിപ്പിച്ചു കഴിഞ്ഞു. . ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള സന്തോഷിന്റെ മികവിന് അംഗീകാരമായി എം.സി.സി.ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ സ്‌നേഹപൂർവ്വം  വിളിക്കുന്നത് 'ക്യാമ്പ്മാൻ' എന്നാണ്.
 ആദിവാസികൾ, എച്ച്.ഐ.വി.രോഗികൾ,ലൈംഗികതൊഴിലാളികൾ. ഇവർക്കിടയിൽ  അർബുദരോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്.  അവർക്കിടയിൽ ഇറങ്ങിച്ചെന്ന് അർബുദത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും സന്തോഷ് സംസസാരിക്കും. ആ വാക്കുകളുടെ ഗൗരവമുൾക്കൊണ്ടതിന്റെ ഫലം മനസ്സിലാവുക അടുത്ത ക്യാമ്പിലെത്തുന്നവരുടെ എണ്ണം കാണുമ്പോഴായിരിക്കും.   രോഗം പിടിപെട്ടവരെ ക്യാമ്പിലൂടെ കണ്ടെത്തുകയും അവരെ എം.സി.സി.യിൽ എത്തിക്കാനും കൃത്യമായ ചികിത്സ നേടിക്കൊടുക്കാനുമുള്ള സന്തോഷിന്റെ പ്രവർത്തനമാണ് ഓരോ ക്യാമ്പ് കഴിയുമ്പോഴും പുതിയ ക്യാമ്പിലേക്കുള്ള ഊർജ്ജം തരുന്നതെന്ന് കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവൻ ഡോ.എ.പി.നീതുവും,ഡോ. ഫിൻസ് എം.ഫിലിപ്പും പറയുന്നു.

വർഷത്തിൽ 146 ക്യാമ്പുകൾ


     ഒരു വർഷം ചുരുങ്ങിയത് 146 ക്യാമ്പുകൾ സംഘടിപ്പിക്കും.ഓരോ ക്യാമ്പിലും 200 മുതൽ 250 വരെ ആളുകൾ പങ്കെടുക്കും. എച്ച്.ഐ.വി; ലൈംഗിക തൊഴിലാളികൾ എന്നിവർക്കുമാത്രമായി 30 ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഇടുക്കി,അട്ടപ്പാടി,ആറളംഫാം,വയനാട് എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുക. പക്ഷെ ഭൂരിഭാഗം ആളുകളും ക്യാമ്പിൽ വരാൻ മടിക്കും. ക്യാമ്പിന്റെ തലേദിവസം ഡോ.എ.പി.നീതു,ഡോ.ഡോ. ഫിൻസ് എം.ഫിലിപ്പ്,സി.നിഷ, സന്തോഷ് എന്നിവരടങ്ങുന്ന
കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ക്യാമ്പ് അംഗങ്ങൾ :
കെ.സന്തോഷ് കുമാർ, ഡോ.ഫിൻസ് എം.ഫിലിപ്പ്,
 ഡോ.എ.പി.നീതു,സി.നിഷ


സംഘം സ്ഥലത്തെത്തും. ചില ക്യാമ്പുകളിൽ മാഹി, കണ്ണൂർ എന്നീ ദന്തൽ കോളജുകളിലെ വിദ്യാർഥികളും പങ്കെടുക്കും.  ആദിവാസി ഊരിലെ ഓരോ വീട്ടിലും ചെന്ന് സന്തോഷ് ക്യാമ്പിനെക്കുറിച്ച് പറയും. പക്ഷെ കുട്ടികളടക്കം സഹകരിക്കാൻ തയ്യാറാവില്ല. ഇന്ന് രാത്രി ഊരിൽ സിനിമാ പ്രദർശനമുണ്ടെന്ന് പറയും. സിനിമ കാണാൻ പ്രയഭേദമന്യേ എല്ലാവരുമെത്തും. കാൻസർ ബോധവത്ക്കരണ സിനിമ കണ്ട് കഴിയുമ്പോഴേക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവർ തയ്യാറാവും.പിന്നെ ഡോക്ടർമാർക്ക് രോഗികളെ കണ്ടെത്താനും പ്രയാസകരമാവില്ല. കണ്ടെത്തിയ രോഗികളെ ക്യാമ്പിന് നേതൃത്വം നല്കിയ സംഘടനകളുടെ സഹകരണത്തോടെ കാൻസർ സെന്ററിലെത്തിക്കും.സെന്ററിൽ എത്തിയാൽ അവർക്കുള്ള തുടർചികിത്സയടക്കമുള്ള കാര്യങ്ങൾ സന്തോഷ് സ്വയം ഏറ്റെടുക്കും. ചിലപ്പോൾ തിരിച്ചു പോകാൻ പണമില്ലെങ്കിൽ  അവരെ സാമ്പത്തികമായും സന്തോഷ് സഹായിക്കാറുണ്ട്.
     ലൈംഗികതൊഴിലാളിയായ ഒരു സ്ത്രീക്ക് കാൻസർ രോഗം പിടിപെട്ടതായി ക്യാമ്പിലൂടെ കണ്ടെത്തി.   കാൻസർ സെന്ററിൽ അവർ ചികിത്സയ്‌ക്കെത്തിയപ്പോൾ സഹായത്തിന് ആരും കൂടെയുണ്ടായിരുന്നില്ല. സന്തോഷ് അവർക്ക് ആവശ്യമായ സഹായം ചെയ്തപ്പോൾ സഹപ്രവർത്തകരിൽ ചിലർ പരിഹസിച്ച സംഭവവും ഉണ്ടായിരുന്നു.ക്യാൻസർ സെന്ററിലെ ചികിത്സക്കിടെയാണ് അവർ എച്ച്.ഐ.വി.ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്.തുടർ ചികിത്സക്കായി എം.സി.സി.യിൽ ഒരോ തവണ വരുമ്പോഴും അവരെ സഹയിക്കുന്നത് സന്തോഷ് തന്നെ.

അർബുദത്തിനെതിരെ മഹോത്സവങ്ങൾ

    അർബുദത്തിനെതിരെ നാടൻഫലവർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓങ്കോളജി വിഭാഗം കണ്ണപുരം പഞ്ചായത്തിന്റെ സഹകരണത്തോടെ ഏപ്രിൽ 28 മുതൽ 30 വരെ നടന്ന ചക്ക മഹോത്സവത്തിന്റെ ചുക്കാൻ പിടിച്ചതും സന്തോഷ് തന്നെയാണ്.
    2017  മെയ് മാസം തിരുനെല്ലി ക്ഷേത്രത്തിൽ ക്ഷേത്ര ഭരണ സമിതിയുമായി ചേർന്ന് ആദിവാസികളുൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. സാധാരണ ഇത്തരം ക്യാമ്പുകൾ പരാജയപ്പെടുകയാണുണ്ടാവാറ്.പക്ഷെ സന്തോഷിന്റെ ഇടപെടൽ കാരണം ക്യാമ്പ് വൻവിജയമായിത്തീർന്നു.  വരും വർഷങ്ങളിൽ മാമ്പഴമഹോത്സവം എന്ന പേരിൽ അർബുദത്തിനെതിരെയുള്ള ബോധവത്ക്കരണം നടത്തുമെന്ന് തിരുനെല്ലി ക്ഷേത്രം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ പറഞ്ഞു.
     കണ്ണൂർ, കാസർഗോഡ് ജയിലുകളിലുംകാൻസർ ബോധവത്ക്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇടുക്കി ആദിവാസി ഊരിൽ സ്ഥിരമായി ക്യാമ്പ് സംഘടിപ്പിക്കക, കണ്ണൂർ, കോഴിക്കോട്,കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലെ നിരവധി വിദ്യാലയങ്ങളിൽ കാൻസർ,ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ,ആരോഗ്യ പ്രദർശനം എന്നിവ ഓങ്കോളജി വിഭാഗം സ്ഥിരമായിനടത്തുന്നുണ്ട്.വിദ്യാർഥികളെ ഉദ്ദേശിച്ചു കൊണ്ട് ഓങ്കോളജി വിഭാഗം
മലബാർ കാൻസർ സെന്ററിൽ സന്തോഷ് തയ്യാറാക്കിയ
കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം.
പുറത്തിറക്കുന്ന നേതി വാർത്താ പത്രിക തലശ്ശേരിയിലും പരിസരത്തുമുള്ള വിദ്യാലയങ്ങളിൽ വിതരണം നടത്തുന്നതും സന്തോഷാണ്.
     ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി കാൻസർ ബാധിച്ച അവയവങ്ങളുടെ മ്യൂസിയം തയ്യാറാക്കിയതും പരിപാലിക്കുന്നതിനും പിന്നിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് കെ.സന്തോഷ് കുമാറാണെന്ന് ഡോ.സതീശൻ ബലസുബ്രഹ്മണ്യൻ പറഞ്ഞു.
     തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാർ റീജിനൽ കാൻസർ സെന്ററിൽ നിന്ന് 2000-ലാണ് എം.സി.സി.യിൽ എത്തിയത്. എസ്.പ്രേമലതയാണ് ഭാര്യ.അഞ്ജു, കാർത്തിക എന്നിവർ മക്കളും.

Text and Photo : G.V.Rakesh

തിങ്കളാഴ്‌ച, മേയ് 28, 2018

കെ.സുരേശൻ

 മൂന്നര പതിറ്റാണ്ടിന്റെ ചെയർമാൻ
     മുപ്പത്തി ഏഴ് വർഷം മുമ്പ് രാത്രി പത്ത് മണി. തലശ്ശേരി പഴയബസ്റ്റാൻഡിൽ എൽ.ഡി.എഫിന്റെ ഭാഗമായിട്ടുള്ള എ.കെ.ആന്റണി നേതൃത്വം നല്കുന്ന എ കോൺഗ്രസിന്റെ പ്രദേശിക നേതാക്കൾ 25 വയസ്സുകാരനായ തലശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ കൈയ്യോടെ പിടികൂടാൻ തീരുമാനിച്ചു. 

    കതിരൂരിലെ ഒരു യോഗത്തിൽ പങ്കെടുത്ത്  കെ.എസ്.ആർ.ടി.സി.ബസ്സിൽ ഇറങ്ങിയ കെ.സുരേശനോട്
അവർ പറഞ്ഞു:  ' നീ നാളെ കൂത്തുപറമ്പിൽ നടക്കുന്ന കെ.എസ്.യു. വിന്റെ താലൂക്ക് സമ്മേളനത്തിൽ  പോകേണ്ട. പകരം സഹകരണ രജിസ്ട്രാറുടെ മുന്നിലെത്തി തലശ്ശേരി സഹകരണ അർബൻ ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ തിരഞ്ഞെടുപ്പിന് നോമിനേഷൻ നല്കുക.ഇങ്ങോട്ടൊന്നും പറയേണ്ട. ഇത് പാർട്ടി തീരുമാനമാണ്. അനുസ്സരിക്കുക.' അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കെ.സുരേശൻ പിറ്റേദിവസം രാവിലെ നോമിനേഷൻ നല്കി. ഡയറക്ടർ ബോർഡ് അംഗമായി.പാർട്ടിയിലെ മുതിർന്ന അംഗം പി.സുകുമാരൻ മാസ്റ്റർ പ്രസിഡന്റായുള്ള ഒമ്പതംഗ എൽ.ഡി.എഫ്. ഭരണസമിതിയിൽ സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവരാണ് സുരേശന്റെ കൂടെയുള്ളവർ. കോടിയേരി ബാലകൃഷ്ണൻ അന്ന് സി.പി.എം.തലശ്ശേരി ഏറിയ സെക്രട്ടറിയായിരുന്നു. ബാങ്ക് ഡയറക്ടറായി ഇരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ നിന്ന് ആദ്യമായി എം.എൽ.എ.ആവുന്നത്.
    
ഭരണസമിതിയിൽ ഭൂരിപക്ഷം കോൺഗ്രസിനാണ്. മൂന്ന് മാസം കഴിഞ്ഞപ്പോൾ സാങ്കേതിക കാരണങ്ങളിൽപ്പെട്ട് സുകുമാരൻ മാസ്റ്റർക്ക് പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. പാർട്ടിയും, ഭരണസമിതിയും സുരേശനോട് ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞു. 1981 സപ്തംബർ നാലിന് സുരേശൻ തലശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റ് പദം ഏറ്റെടുത്തു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഹകരണ ബാങ്ക് പ്രസിഡന്റ്. 2018 ലെത്തുമ്പോൾ തുടർച്ചയായി 37 വർഷം ഒരു ബാങ്കിന്റെ അല്ല ഒരു സഹകരണ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കേരളത്തിലെ ഏക വ്യക്തി എന്ന പദവി കെ.സുരേശൻ എന്ന സഹകാരിക്ക് മാത്രം സ്വന്തം.81 ൽ  പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ സുരേശൻ എം.എ.വിദ്യാർത്ഥിയായിരുന്നു.  ബ്രണ്ണൻ കോളജിൽ നിന്ന് എക്‌ണോമിക്‌സിൽ ബിരുദം നേടിയ സുരേശൻ  തലശ്ശേരിയിൽ അക്കൗണ്ടന്റായി ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ട്.
      റിട്ട.ഡെപ്യൂട്ടി കളക്ടർ എം.കരുണാകരന്റെ നേതൃത്വത്തിലുള്ള 20 അംഗങ്ങളാണ് 1937-ൽ  ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്  ലിമിറ്റഡ്,നമ്പർ എഫ് -1005 എന്ന പേരിൽ റജിസ്റ്റർ ചെയ്യുന്നത്. 1932-ലെ ആറാം നമ്പർ മദിരാശി
1932-ലെ ആറാം നമ്പർ മദിരാശി ആക്ട് പ്രകാരം
പരസ്പര സഹായ സംഘം എന്ന പേരിൽ നടന്ന
ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ
റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്.
ആക്ട് പ്രകാരം പരസ്പര സഹായ സംഘം എന്ന പേരിലണ് റജിസ്‌ട്രേഷൻ.  മലബാർ ഡിസ്ട്രിക്ടിൽപ്പെട്ട കോട്ടയം താലൂക്കിലെ തലശ്ശേരി ടൗണാണ് പ്രവർത്തപരിധി. തലശ്ശേരിയിലെ അറിയപ്പെടുന്ന സ്ഥലം ഏതാണെന്ന് അപേക്ഷാ ഫോറത്തിൽ ചോദിക്കുന്നുണ്ട്. അതിന് അന്ന് നല്കിയ  ഉത്തരം തലശ്ശേരി റെയിൽവെ സ്‌റ്റേഷനാണ്. ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എന്ന പേരിൽത്തന്നെയാണ് 1986-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് ലഭിക്കുന്നതും. നിലവിൽ തലശ്ശേരി താലൂക്കിൽ  റിസർവ് ബാങ്കിന്റെ ലൈസൻസുള്ള ഏക പ്രാഥമിക സഹകരണ സംഘവും ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കാണ്. കെ.സുരേശന്റെ നിരന്തരമായ ഇടപെടലും പരിശ്രമവുമാണ് റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭിച്ചത്. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം 1999 ആഗസ്ത് ഒന്നു മുതൽ  പ്രസിഡന്റ് എന്നത് ചെയർമാനും സെക്രട്ടറി എന്നത് ജനറൽ മാനേജറുമായിമാറി.
    1988-ൽ ചിറക്കരയിൽ ആദ്യത്തെ ബ്രാഞ്ച് തുടങ്ങി.1994-ൽ മഞ്ഞോടി, 1997-ൽ സെയ്താർപ്പള്ളി, 1998-ൽ കൊളശ്ശേരി ബ്രാഞ്ചും പ്രവർത്തനം തുടങ്ങി. ഇപ്പോൾ 36 സ്ഥിരം ജീവനക്കാരും 12 താല്ക്കാലിക ജീവനക്കാരുമാണുള്ളത്. 2013-ൽ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഒരുകോടി രൂപ ചെലവിൽ ഹെഡ്ഓഫീസിനുവേണ്ടി സ്വന്തം കെട്ടിടം പണിതു. തലശ്ശേരി എൻ.സി.സി റോഡിലുള്ള ശാഖ പൊതുഅവധി ദിനങ്ങളൊഴിച്ച് ഞായറാഴ്ചയടക്കം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തന സമയം.കൊളശ്ശേരി ബ്രാഞ്ച് അത്യാധുനീക സജ്ജീകരണങ്ങളോടു കൂടിയതാണ്. മഞ്ഞോടി ശാഖ ഹെഡ്ഓഫീസ് കെട്ടിടത്തിലാണ്  പ്രവർത്തിക്കുന്നത്.എല്ലാ ബ്രാഞ്ചിലും കോർബാങ്കിങ്ങ് ,ഇന്റർനെറ്റ് ബാങ്കിങ്ങ് സൗകര്യങ്ങളുണ്ട്. മെയ് മാസം മുതൽ എ.ടി.എം.കാർഡ് സംവിധാനവും ഒരുക്കുന്നുണ്ട്. അതോടെ ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എ.ടി.എം.കാർഡുപയോഗിച്ച് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാനാവും. 
      തലശ്ശേരി,പാനൂർ,കൂത്തുപറമ്പ് നഗരസഭകൾ,പന്ന്യന്നൂർ,ചൊക്ലി,ധർമ്മടം,കതിരൂർ,ന്യൂമാഹി,എരഞ്ഞോളി,പിണറായി,കോട്ടയം മലബാർ എന്നീ പഞ്ചായത്തുകളിലുമാണ് ഇപ്പോൾ ബാങ്കിന്റെ  പ്രവർത്തനപരിധി.
      'പ്രമുഖ സഹകാരി ഇ.നാരായണൻ പ്രസിഡന്റായിട്ടുള്ള തലശ്ശേരി ടൗൺ സഹകരണ ബാങ്കിന്റെ പ്രഭവകാലത്താണ് ഞാൻ അർബൻ ബാങ്കിന്റെ പ്രസിഡന്റാവുന്നത്.അന്ന് ഞങ്ങളുടെ ബാങ്ക് ഒരുപാട് പ്രതിസന്ധികളിൽ ഉഴലുകയായിരുന്നു. പാർട്ടി എന്നിലർപ്പിച്ച വിശ്വാസം മാത്രമാണ് കൈമുതലായിട്ടുണ്ടായിരുന്നത്.പ്രതിസന്ധികൾ മറികടന്ന് ജനവിശ്വാസം നേടി കരുത്താർജ്ജിച്ചു.  നോട്ട് നിരോധനവും തുടർന്ന് വന്ന സാമ്പത്തിക പ്രതിസന്ധിയും ബാങ്കിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. അതിനുകാരണം  ഉദ്യോഗസ്ഥർ, ഭരണസമിതി എന്നിവർ ഇടപാടുകാരോട് കാണിക്കുന്ന സ്‌നേഹവും, ബഹുമാനവും തിരിച്ച് ഇടപാടുകാർക്ക്  ബേങ്കിനോടുള്ള വിശ്വാസ്യതയുമാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വിജയം. പാർട്ടി ഏല്പിച്ച ജോലി ഓരോ മണിക്കൂറിലും ഭംഗിയായി നിർവ്വഹിക്കുന്നു എന്ന ആത്മ സംതൃപ്തിയുണ്ട്.' - കെ.സുരേശൻ പറഞ്ഞു.
     കണ്ണൂർ ജില്ലയിൽ ആകെ അഞ്ച് സഹകണ ബാങ്കുകൾക്ക് മാത്രമാണ് നിലവിൽ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ളത്.അതിലൊന്നാണ് ടെലിച്ചറി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്.1981 സപ്തംബർ നാലിന് സുരേശൻ പ്രസിഡന്റാവുമ്പോൾ 9,563 മെമ്പർമാർ,10,000 ഓഹരി,15 ലക്ഷം രൂപ ഡെപ്പോസിറ്റ്,44 ലക്ഷം രൂപ ലോണുമാണ് ഉണ്ടായിരുന്നത്. 2018 മാർച്ച് മാസത്തെ കണക്ക് പ്രകാരം 14,000 മെമ്പർമാർ,നാല് കോടി ഓഹരി, 131.29കോടി രൂപ ഡെപ്പോസിറ്റ്, 94 കോടി രൂപ ലോൺ
    തലശ്ശേരിയിലെ ആദ്യകാല അക്കൗണ്ടന്റായിരുന്ന പരേതനായ പി.കെ.കുഞ്ഞിക്കണ്ണന്റെയും പരേതയായ സി.കെ.ജാനകിയുടേയും മകനാണ് സുരേശൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കണക്കെഴുതാൻ അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. പ്രീഡിഗ്രി പഠിക്കുമ്പോൾ രാവിലെ കോളജിലും  വൈകീട്ട് കണക്കെഴുതാൻ കടകളിലും പോയിരുന്നു. അതുകൊണ്ടുതന്നെ പഠിക്കാനുള്ള പണം മാത്രമല്ല വീട്ടുചെലവിനും പൊതുപ്രവർത്തനത്തിനുമുള്ള പണം അതുവഴി ലഭിച്ചിരുന്നു.1970-ൽ ധർമ്മടം പഞ്ചായത്തിലെ എട്ടാം വാർഡിലെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ്, ബ്രണ്ണൻ കോളജിലെ കെ.എസ്.യു.വിന്റെ ഭാരവാഹി എന്നിവ ഒരേ
ഹെഡ് ഓഫീസ് കെട്ടിടം

സമയം ആയിക്കൊണ്ടാണ് പൊതുപ്രവർത്തന രംഗത്തേക്കുള്ള വരവ്. ഇപ്പോൾ എൻ.സി.പി.സംസ്ഥാന നിർവ്വാഹക സമിതിയംഗം, നവഭാരത് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി, നെഹറു സാംസ്‌ക്കാരിക വേദി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.കഴിഞ്ഞ വർഷം വരെ എൻ.സി.പി.ദേശീയ സമിതി അംഗവുമായിരുന്നു. 25 വർഷം സർക്കിൾ സഹകരണ യൂണിയൻ മെമ്പറായിരുന്നു. 15 വർഷം സംസ്ഥാന അർബൻ ബാങ്ക് ഫെഡറേഷൻ ഡയറക്ടറുമായിട്ടുണ്ട്.   ഭാര്യ : കെ.ഷീബ,മക്കൾ : ഷിജിൻ ( ജിഗ്മർ -പോണ്ടിച്ചേരി), സ്‌നേഹ. 
  നിലവിലെ ഭരണസമിതി അംഗങ്ങൾ : ടി.ഇസ്മയിൽ (വൈസ്.ചെയർമാൻ),പി.ശിവദാസൻ,പി.വി.രമേശൻ,എ.വത്സൻ,ടി.കെ.രജീഷ്,എം.ആർ.വിജയരാഘവൻ,എം.സി.മുകുന്ദൻ,ഇ.എം.സുകുമാരൻ,കെ.കെ.റെയ്‌ന, എം.കെ.ശ്യാമള, പി.സന്ധ്യാസുകുമാരൻ. ജനറൽ മാനേജർ പി.രത്‌നേഷ്.
      1950 മുതൽ അഞ്ച് വർഷക്കാലം ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ബാങ്കിന്റെ ഡയറക്ടറായിരുന്നു. അദ്ദേഹം അന്ന്  തലശ്ശേരി കോടതയിലെ അഭിഭാഷകനാണ്.

Photo : Prajith Theroor- Kadirur
Text : G.V.Rakesh
സഹകരണ മാസികയായ 'മൂന്നാംവഴി'യുടെ 2018 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്‌ )