Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, ജൂലൈ 13, 2015

മുരുകനെ കണാനായി ഒരു പഴനി യാത്ര

തലശ്ശേരിയിലെ അമേച്വര്‍ നാടക സംഘമായ പൊന്ന്യം കലാധാരയുടെ നേതൃത്വത്തിലാണ് ഇത്തവണ ഞാനും കുടുംബവും പഴനി, മധുര,രാമേശ്വരം, ധനുഷ്‌ക്കോടി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടത് 2015 ജനവരി
23ന്.കലാധാരയുടെ മുന്‍സെക്രട്ടറിയായ ഞാനടക്കം നാല് പേരാണ് ഈ യാത്ര സംഘത്തെ നയിച്ചത്.   വൈകീട്ട് അഞ്ച് മണിക്ക് പൊന്ന്യത്തുനിന്നും പുറപ്പെട്ട ബസ്സ്  പഴനിയിലെത്തിയത് 24ന് പുലര്‍ച്ചെ നാല് മണിക്ക്. ഉറക്കപ്പിച്ചില്‍ പഴനി എത്തി എന്ന് ആരോ വിളിച്ചു പറഞ്ഞതും കലാധാര സെക്രട്ടറി രഞ്ജിത്ത് പഴയ തമിഴ് പാട്ടായ ' പഴനിയപ്പാ ജ്ഞാനപ്പഴം നീയപ്പാ.. ' എന്നു പാടാനും തുടങ്ങി. ജ്ഞാനപ്പഴവുമായി ബന്ധപ്പെട്ടാണ് പഴനി എന്ന വാക്കുണ്ടായത്. നാരദമുനി നല്‍കിയ
ജ്ഞാനപ്പഴത്തിന് വേണ്ടി ഗണപതിയുമായി വഴക്കിട്ട മുരുകന്‍ വീട് വിട്ട് ഇറങ്ങി എത്തിച്ചേര്‍ന്ന സ്ഥലമാണ് പഴനി. മരുകനെ തേടിയെത്തിയ ശിവന്‍ മുരുകനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കില്‍ നിന്നാണ് പഴനി എന്ന വാക്ക് ഉണ്ടായത്. നീ ആണ് ജ്ഞാനപ്പഴം എന്ന അര്‍ത്ഥത്തിലാണ് പഴനി എന്ന വാക്ക് വന്നത്.തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്.
     സ്ത്രീകളും, കുട്ടികളുമടക്കം 56 പേരടങ്ങുന്ന സംഘമാണ് ഞങ്ങളുടേത്.പ്രഭാത കൃത്യങ്ങള്‍ ചെയ്യാനും, കുളിക്കാനും, വസ്ത്രം മാറാനും ലഭിച്ചത് മൂന്ന് മുറികളാണ്.  എല്ലാവരും അതില്‍ തൃപ്തരായിരുന്നു. ആറ് മണിയായപ്പോഴേക്കും എല്ലാവരും റെഡിയായി.അപ്പോഴാണ് മുപ്പത് പേരടങ്ങുന്ന ഒരു സംഘം ഞങ്ങള്‍ തങ്ങിയ  അതേ സ്ഥലത്തുനിന്ന്  കാഷായ വേഷവും ധരിച്ച് കാവടിയുമേന്തി തുകിലിന്റെ അകമ്പടിയോടെ പഴനിയാണ്ടവനെ ഹരോഹര... ആറുമുഖനെ ഹരോഹര... എന്നും വിളിച്ച് നീങ്ങിയത്.ആസംഘത്തിലെ ചിലര്‍ തല മുണ്ഡനവും ചെയ്തിട്ടുണ്ട്.അവരുടെ ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ വെളിച്ചക്കുറവ് കാരണം അതിനു പറ്റിയില്ല.  അതിനു തൊട്ടു പിറകിലാണ് നമ്മുടെ സംഘം  ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.  മലകയറ്റത്തിന്റെ തുടക്കത്തില്‍ ഗണപതി മണ്ഡപം. അതില്‍ നല്ലൊരു ഗണപതി പ്രതിഷ്ഠയും.പ്രതിഷ്ഠയില്‍ പാലഭിഷേകം ചെയ്യുന്ന രീതി കൗതുകമായി. പാക്കറ്റ് പാലിന്റെ ഒരു മൂല പൊട്ടിച്ചാണ് വിഗ്രഹത്തിന്റെ തലയിലൂടെ ഒഴിക്കുന്നത്.  ഗണപതിക്ക് മുന്നില്‍ കര്‍പ്പൂരം കത്തിച്ചും, ആരതിയുഴിഞ്ഞും ഭണ്ഡാരം പെരുക്കിയും,ചിലര്‍ ഏത്തമിട്ടുമാണ് മലകയറ്റത്തിന് തുടക്കം കുറിക്കുന്നത്.
    കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങള്‍ നിറഞ്ഞ മണ്ഡപത്തില്‍ നിന്നും രണ്ട് വഴികളായി പിരിയുന്നു. ഒന്ന് കുത്തനെയുള്ള പടികള്‍ നിറഞ്ഞ വഴി. മറ്റേത് വളഞ്ഞ് പുളഞ്ഞ പടികളില്ലാത്ത വഴി.അത് ഇടത്തുഭാഗത്തു കൂടിയാണ് പോവുന്നത്.  പഴനിയില്‍ പോകുന്നുണ്ടെങ്കില്‍ പടി ചവിട്ടിപ്പോവണമെന്നാണ് പണ്ടു മുതലേയുള്ള വിശ്വാസം. പടികളില്ലാത്ത വഴി കുറച്ചു കാലം മുന്നെ നിര്‍മ്മിച്ചതാണ്. ഞാനടക്കമുള്ള മറ്റുള്ളവര്‍ പടിചവിട്ടിക്കയറാം എന്ന് തീരുമീനിച്ചു. പടി കയറാന്‍ തുടങ്ങയപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. മലയാളികളല്ലാത്ത ചില ഭക്തര്‍ പടികളുടെ നടുവിലായി കര്‍പ്പൂരം കത്തിക്കുകയും, പടികളില്‍ കളഭം പുരട്ടുന്നതും കണ്ടത്.ചെറുനാരങ്ങയുടെ അകം പുറമാക്കി അതില്‍ എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിച്ച് പടികളില്‍ വെയ്ക്കുന്നതും രസകരമായ കാഴ്ചയാണ്.  ഏതാണ്ട് നൂറിലധികം പടികള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ചിലയിടങ്ങളില്‍ നിരപ്പായ സ്ഥലവുമുണ്ട്. നിരപ്പായ ഇടങ്ങള്‍ ശരിയായ കച്ചവട കേന്ദ്രങ്ങളാണ്.ചില തട്ടിപ്പ് വീരന്മാര്‍ അവിടെയുമുണ്ട് . ചെറിയ വിഗ്രഹങ്ങള്‍ തട്ടില്‍ വെച്ച് ആളുകളെ കാണുമ്പോള്‍ തട്ടില്‍ ഇത്തിരി കര്‍പ്പുരം തെളിയിച്ച് ഒന്ന് ഉഴിയും. ചില ദുര്‍ബലമനസ്‌കരായ വിശ്വാസികള്‍ തട്ടില്‍ പണമിട്ടുകൊടുക്കും.അവര്‍ക്ക് വാരിപൂശാനായി കൈനിറയെ ഭസ്മവും നല്കും ചിലര്‍ 'പഴനിയാണ്ടവന്‍ കാപ്പാത്തും'എന്നും പറഞ്ഞ്  ഭസ്മമെടുത്ത് ഭക്തന്റെ നെറ്റിയില്‍ ചാര്‍ത്തിക്കൊടുക്കും.മലകയറ്റത്തിനടെ വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകളുണ്ട്. ചിലര്‍ തളര്‍ന്ന് പടിയില്‍തന്നെ കുത്തിയിരിക്കും. ഞങ്ങളുടെ സംഘം മുഴുവനായും മലമുകളിലെത്താന്‍ ഏതാണ്ട് 40 മിനുട്ടെടുത്തു. മൂന്ന് വയസ്സുകാരന്‍ ഇശാന്‍ പ്രവീഷും 75 വയസ്സ് പിന്നിട്ട ഒരു അമ്മൂമ്മയും ഞങ്ങളുടെ സംഘത്തിലുണ്ട്. മല കയറുന്നതിന് മുന്നെ ഞാന്‍ മൊബൈലില്‍ താപനില നോക്കി. 19 ഡിഗ്രി സെല്‍ഷ്യസ്. സുഖമുള്ള തണുപ്പുമാണ് അനുഭവപ്പെട്ടത്. തണുപ്പും, കാലിയായ വയറും,രാവിലെയുള്ള ഉന്‍മേഷവും ക്ഷീണത്തെ അകറ്റാന്‍ ഏറെ സഹായിച്ചു. അഞ്ച് വര്‍ഷം മുന്നെ ഞാന്‍ മറ്റൊരു സംഘത്തിന്റെ കൂടെ പഴനിയാത്ര നടത്തിയിരുന്നു. അത് ഒരു ഏപ്രില്‍ മാസത്തിലായിരുന്നു..കഠിനചൂടും. മലകയറിയതോ ഉച്ചഭക്ഷണവും കഴിച്ച് മൂന്ന് മണിയോടെ. ഏതാണ്ട് 100 പടികള്‍ കയറുമ്പോഴേയ്ക്കും കാലും,ശരീരവും തളര്‍ന്നു പോയി.ഇത്തവണ ഞാന്‍ കയറ്റം ശരിക്കും ആസ്വദിച്ചു എന്നുതന്നെ പറയാം. മലമുകള്‍
പൂര്‍ണ്ണമായും നിരപ്പായ സ്ഥലമാണ്.മുകളില്‍ എത്തിയയുടന്‍ നമ്മുടെ കൂട്ടത്തിലെ 14 കാരിയായ മാളവിക പറഞ്ഞു. പടികള്‍ മുഴുവനായും ഞാനെണ്ണി , 732 പടികളുണ്ടെന്ന് അവളുറപ്പിച്ചു പറഞ്ഞു. വേറെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഞങ്ങളും അതുറപ്പിച്ചു.
        പഴനിയില്‍ വിഗ്രഹംപ്രതിഷ്ഠിച്ചിരിക്കുന്നത്  പടിഞ്ഞാറ് ദര്‍ശനമായിട്ടാണ്. സാധാരണ ഹിന്ദു
ക്ഷേത്രങ്ങളില്‍ വിഗ്രഹം കിഴക്ക് ദര്‍ശനമായാണ് ഉണ്ടാവുക.ശ്രീകോവിലിനുള്ളിലെ ഗര്‍ഭഗൃഹത്തിലാണ് വിഗ്രഹം സ്ഥിതിചെയ്യുന്നത്. പഴനിയിലെ സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികള്‍ സാധാരണയിലും വലുപ്പമുള്ളതാണ്. തന്റെ ഭക്തരുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂര്‍വ്വം ആ ചെവികളില്‍ എത്താനായിരിക്കും എന്നാണ് വിശ്വാസം. പതിനെട്ടു മഹര്‍ഷിമാരില്‍ ഒരാളായ ഭോഗര്‍ മഹര്‍ഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയില്‍ സ്ഥാപിച്ചതെന്നു കരുതുന്നു. ശ്രീകോവിലിനു മുകളിലായി സ്വര്‍ണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു.ശ്രീകോവിലിനരുകിലായി സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും, പാര്‍വ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേര്‍ന്ന് പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗ മഹര്‍ഷിയുടെ ആരാധനാലയമാണ്. പുറത്ത് സഹോദരനായ ഗണപതിയുടെതും.
     ശ്രീകോവിലിലെ പ്രതിഷ്ഠ  കണ്ട് തൊഴണമെങ്കില്‍ 20,രൂപ, 100 രൂപ എന്നിങ്ങനെയുള്ള ടിക്കറ്റ് എടുക്കണം.  സൗജന്യ വഴിയുമുണ്ട്.  100 രൂപയ്ക്ക് മുന്നില്‍ നിന്ന് കാണാം. 20രൂപയ്ക്ക് കുറച്ച് അകലെ നിന്ന് സൗജന്യ ദര്‍ശനമാണെങ്കില്‍ വളരെ അകലത്തില്‍ നിന്ന്.സൗജന്യ ക്യൂവില്‍ കയറി ശാന്തിക്കാരന് നൂറോ, അമ്പതോ നല്കിയാല്‍ മുന്നില്‍ കുറച്ച് നേരം നിന്ന് തൊഴാം എന്ന പ്രത്യേകതയുമുണ്ട്. ഞങ്ങള്‍ 20 രൂപയുടെ ടിക്കറ്റാണ് എടുത്തത്. ക്യൂവില്‍ നില്‍ക്കുമ്പോഴാണ്  ഒരു സംഘം പീലിക്കാവടിയെടുത്ത് തുകിലിന്റെ മുറുകിക്കയറിയ താളത്തിനൊത്ത് കാവടി നൃത്തവും, പാന്‍സിട്ട നാല് യുവതി യുവാക്കള്‍ ഡാന്‍സും ചെയ്ത് പ്രദക്ഷിണം വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.  വടം കെട്ടിതിരിച്ച ക്യൂവില്‍ അകപ്പെട്ടതിനാല്‍ അതിന്റെ ഫോട്ടോയും എനിക്ക് നഷ്ടപ്പെട്ടു.അതിനിടെയാണ് വാനരന്മാര്‍ ഞങ്ങളുടെ തലക്കുമുകളില്‍ ചാടിക്കളിച്ചത്. വാനരന്മാരുടെ സങ്കേതം കൂടിയാണ് പഴനി. 20 മിനുട്ടുനുള്ളില്‍ ശ്രീകോവിലിനുള്ളിലെത്തി. ഭഗവാനെ മനം നിറയെ കണ്ടു. ഭണ്ഡാരവും പെരുക്കി പുറത്തിറങ്ങി. പുറത്ത്  നിറയെ പ്രസാദ കൗണ്ടറുകളാണ്. ലഡ്ഡു, പലതരം മുറുക്കുകള്‍, കല്‍ക്കണ്ടം, അപ്പം, പൊങ്കല്‍, പഞ്ചാമൃതം എന്നിങ്ങനെയുള്ള പ്രസാദങ്ങളാണ് ലഭിക്കുക.
     മലമുകളില്‍ നിന്ന് പഴനി നഗരം ഏതാണ്ട് പൂര്‍ണ്ണമായും കാണാനാവും.കൃഷിയിടങ്ങളും, തടാകവും കെട്ടിട സമുച്ചയങ്ങളും എല്ലാം ഒത്തുചേര്‍ന്ന്  കോടമഞ്ഞിന്റെ
അകമ്പടിയോടെയുള്ള കാഴ്ച കണ്ണിന് മാത്രമല്ല മനസ്സിനും നല്ലൊരു അനുഭൂതി പകരും. ഒരു മണിക്കൂര്‍  അവിടെ ചെലവഴിച്ചശേഷം വളഞ്ഞു പുളഞ്ഞ പടികളില്ലാത്ത വഴിയിലൂടെ മലയിറങ്ങി.ശ്രീകോവിലിന്റെ ഉള്ളില്‍ ഫോണ്‍, ക്യാമറ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. പടികള്‍ കയറുന്നത് നഗ്നപാദമായിട്ടായിരിക്കണം.  ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ പടികയറുന്നതിന് സമീപം കടകളുണ്ട്. അവിടെ സൂക്ഷിച്ച് ടോക്കണ്‍ വാങ്ങിയാല്‍ മതി.
    പ്രഭാത കൃത്യങ്ങള്‍ ചെയ്യാന്‍ എടുത്ത മുറികളില്‍ തന്നെ എല്ലാവരും ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി.മൂന്നു നേരത്തെ  ഭക്ഷണം ടൂര്‍ ബസ് വകയാണ്.പ്രാതല്‍ കഴിക്കാന്‍ ആകുമ്പോഴേയ്ക്കും സമയം 10 മണി. ഉച്ചഭക്ഷണത്തിന്റെ സാമ്പാര്‍ കൂടി ആയാല്‍ മാത്രമാണ് വണ്ടി പുറപ്പെടുകയുള്ളൂ. അതുവരെ  മറ്റ് തിരക്കുകളൊന്നുമില്ല.  വെറുതെ റൂമിന് പുറത്തിറങ്ങിയപ്പോഴാണ് മലമുകളില്‍ നിന്ന് കണ്ട തടാകം തൊട്ടരുകിലായി കാണുന്നത്. കെട്ടിടത്തിനും, തടാകത്തിനും ഇടയിലുള്ള സ്ഥലത്ത്  മാലിന്യ കൂമ്പാരമാണ്.. അതിനിടയിലായി അരളിയുടെ ചുവന്ന പൂക്കളും, കോളാമ്പി പൂവിനോട് സാദൃശ്യമുള്ള മഞ്ഞ നിറമുള്ള പൂക്കളും ഉയരത്തില്‍  പൂത്തു നില്‍ക്കുന്നതായി കണ്ടത്.കെട്ടിടത്തിന്റെ മുകളില്‍ കയറി പുറത്തെ വരാന്തയില്‍ നിന്ന് ക്യാമറയിലൂടെ ഒന്ന് നോക്കയപ്പോള്‍ തടാകത്തിന്റെയും
  ആകാശത്തിന്റെയും നീല നിറവും, ചുവന്ന അരളിയും , മഞ്ഞപ്പൂവും,  ഒത്തു ചേര്‍ന്ന  ദൃശ്യഭംഗി അവര്‍ണ്ണനീയം തന്നെ.ഈ തടാകത്തിലെത്തിയാണ് മുരുകന്‍ ദിവസവും കുളിക്കുന്നതെന്ന്  കലാധരയുടെ മുന്‍ സെക്രട്ടറി ഉച്ചമ്പള്ളി രാധാൃഷ്ണന്‍ അവിടെയുള്ള ഏതോരു തമിഴനോട് ചോദിച്ച് മനസ്സിലാക്കിവെച്ചിരുന്നു.
       12 മണിയോടെ ബസ്സ്  ഗുഹാക്ഷേത്രമായ തിരുപ്പരംകുണ്‍ട്രം വഴി മധുരയിലേക്ക്  പുറപ്പെട്ടു.
എഴുത്തും, ചിത്രവും : ജി.വി.രാകേശ്

2 അഭിപ്രായങ്ങൾ: