Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, ജൂലൈ 02, 2014

പി.സുരേന്ദ്രന്‍ എന്ന റഫറി

ദേശീയ താരങ്ങളെ നിയന്ത്രിച്ച
 കൊളച്ചേരിക്കാരന്‍
ഫുട്‌ബോള്‍ കളിക്കാരെയും, അവരുടെ ഗോളുകളും, ഫൗളുകളും, കളികളും ഫുട്‌ബോള്‍ പ്രേമികള്‍ എക്കാലവും ഓര്‍ത്തുവെയ്ക്കും. പക്ഷെ കളിയെയും, കളിക്കാരെയും നിയന്ത്രിക്കുന്ന റഫറിയെ ആരും ഓര്‍ക്കാറില്ലെന്നതാണ് സത്യം.  കൊളച്ചേരിപ്പറമ്പില്‍ നിന്ന് പത്താം വയസ്സില്‍ പന്തുരുട്ടിക്കളിച്ച്
 കൊളച്ചേരിപ്പറമ്പ് ഗ്രൗഡില്‍ നിന്നും 
കുട്ടികളെ പരിശീലിപ്പിക്കുന്ന 
പി.സുരേന്ദ്രന്‍
പിന്നീട് ദേശീയതല ഫുട്‌ബോള്‍ മത്സരം വരെ നിരവധിത്തവണ നിയന്ത്രിച്ച റഫറിയാണ് കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ചേലേരി സ്വദേശി പി.സുരേന്ദ്രന്‍ എന്ന 52  കാരന്‍. കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഊര്‍ജ്ജതന്ത്രം അധ്യാപകന്‍ കൂടിയാണ്
     സന്തോഷ് ട്രോഫി-ആസാം, നാഷണല്‍ ഗെയിംസ് - മണിപ്പൂര്‍, നാഷണല്‍ ലീഗ് - ഗോവ, അണ്ടര്‍ 21 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ചണ്ഡീഗഢ്, അണ്ടര്‍ 19 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ജെയ്പൂര്‍,വുമണ്‍സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ഭോപ്പാല്‍, ബി ഡിവിഷന്‍ നാഷണല്‍ ലീഗ് - ഡല്‍ഹി , മാതൃഭൂമി ട്രോഫി - കല്പറ്റ , ഓള്‍ ഇന്ത്യ ബി.എസ്.എന്‍. എല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എന്നിവയാണ് സുരേന്ദ്രന്‍ നിയന്ത്രിച്ച പ്രധാന മത്സരങ്ങള്‍. കൂടാതെ നിരവധി ചെറുമത്സരങ്ങളിലും റഫറിയായിട്ടുണ്ട്. ഐ.എം.വിജയന്‍, വി.പി.സത്യന്‍, ജോപ്പോള്‍ അഞ്ചേരി, ഷറഫലി, പാപ്പച്ചന്‍, വി.പി.ഷാജി തുടങ്ങിയ ഇന്ത്യയിലെ എണ്ണപ്പെട്ട താരങ്ങളുടെ കളി പലവട്ടം നിയന്ത്രിക്കാനും സുരേന്ദ്രന് ഭാഗ്യം ലഭിച്ചു.
     2007ല്‍ അതായത് 45 വയസ്സായപ്പോള്‍ റഫറി നിയമപ്രകാരം ദേശീയ - സംസ്ഥാന തലത്തിലുള്ള അംഗീകൃത കളികള്‍ നിയന്ത്രക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ റഫറിയായി പങ്കെടുക്കലില്ല.പിന്നീട്  ഹോളന്റുകാരനായ കോച്ച് വില്ല്യം വാന്‍ഡിക്ക്, ഇന്ത്യന്‍ അസി.കോച്ച് നാരായണമേനോന്‍,ഇന്ത്യയിലെ മികച്ച പരിശീലകരായ കുന്തന്‍ചന്ത, സജീവന്‍ബാലന്‍ എന്നിവരുടെ ശക്ഷണത്തില്‍ കോച്ചിങ്ങ് അഭ്യസിച്ച് 2012 ല്‍  കോച്ചിങ്ങ് ലൈസന്‍സ് കരസ്ഥമാക്കിയതോടെ കളിക്കാരന്‍, റഫറി, കോച്ച് എന്നീ മൂന്ന് മേഖലയിലും ഔദ്യോഗികമായ അംഗീകാരം സുരേന്ദ്രന്‍ നേടിയെടുത്തു.വളരെ ചെറിയപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ വളര്‍ത്താനായി പരിശീലനം നല്കുന്ന സെപ്റ്റ് എന്ന സംഘടനയുടെ കമ്പില്‍ സെന്ററിന്റെ കോച്ചുകൂടിയാണ് സുരേന്ദ്രന്‍.  
     കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഫുട്‌ബോളിനെ സ്‌നേഹിച്ച സുരേന്ദ്രന്റെ ആദ്യ കോച്ച് ഹാന്റ്‌ബോള്‍ താരം കൂടിയായിരുന്ന അമ്മ പി.നാരായണിയാണ്.  ആറ് വര്‍ഷമായി കുട്ടികള്‍ക്ക് കൊളച്ചേരിയില്‍ വെച്ച്  സുരേന്ദ്രന്‍ സൗജന്യമായി  ഫുട്‌ബോള്‍ പരിശീലനം നല്കി വരികയാണ്.സഹപാഠിയും പോലീസ് എസ്. ഐ. യുമായ രവീന്ദ്രന്‍, സി.പി.രാജീവന്‍, സുജിത്ത്, പ്രകാശന്‍ എന്നിവരാണ് പരിശീലന സഹായികള്‍.  എല്ലാ അവധി ദിവസവും അതിരാവിലെ രണ്ട് മണിക്കൂറാണ് പരിശീലനം നല്കുന്നത്. കുട്ടികള്‍ക്കാവശ്യമായ ട്രാക്സൂട്ട്, പഴം,പാല്‍,മുട്ട എന്നവ വിവധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സംഭാവനയായി സ്വീകരിച്ചാണ് നല്കുന്നത്.35 കുട്ടികളാണ് ക്യാമ്പിലുള്ളത്.അക്ഷയ്,റിന്‍ഷിന്‍,നിധിന്‍ സാഗര്‍, നിഖില്‍ രാജ് എന്നീ വിദ്യാര്‍ത്ഥികള്‍  ജില്ലയുടെ വിവിധ ടീമുകളില്‍ മികച്ച കളിക്കാരായി മാറി.കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്കുമ്പോഴും ഗ്രാമപഞ്ചായത്തില്‍ നിന്നോ മറ്റോ യാതൊരു സഹായവും ലഭിക്കാറില്ലെന്ന് സുരേന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഒഴിവ് സമയങ്ങളില്‍പരിശീലനം നല്കുന്നുണ്ട്. റന്‍ഷിന്‍, നൂര്‍മുഹമ്മദ് എന്നിവര്‍ പൈക്കാടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്.    
     ഒന്നര കിലോമീറ്ററിലധികം ദൂരം വരുന്ന ചേലേരി അമ്പലം - ഇടക്കൈത്തോട് റോഡ് പരസഹായം കൂടാതെ 45 വര്‍ഷങ്ങള്‍ക്ക് മുന്നെ നിര്‍മ്മിച്ച പരേതനായ എം.കെ.രാമുണ്ണി മാസ്റ്റരുടെ മകനാണ് സുരേന്ദ്രന്‍.  രാമുണ്ണിയുടെ അഭിലാഷപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പരിയാരം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുകയായിരുന്നു.അതുപോലെ മരണാനന്തരം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാനാണ് സുരേന്ദ്രന്റെയും ആഗ്രഹം.ഭാര്യ : പി.കെ.ലതിക  മക്കള്‍ : പരിയാരം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി പി.ഫിനിയ, കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും സെപ്റ്റ് ജില്ലാ ടീം ക്യാപ്റ്റനുമായ ഫിമിസ്.

 പി.സുരേന്ദ്രന്‍ Phone : 9446778107
(2014 ജുലായ് 1 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ