Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വെള്ളിയാഴ്‌ച, ജനുവരി 10, 2014

K.P.Narayanan Master


കെ. പി. നാരായണന്‍ എന്ന
 വിപ്ലവകാരിയായ അദ്ധ്യാപകന്‍
 പൌരുഷമുള്ള മുഖം, മുഖത്തെ ഒന്നുകൂടി ഗൌരവമാക്കുന്ന കട്ടിഫ്രെയ്മുള്ളകണ്ണട, ഇടതു കൈയ്യില്‍ മുണ്ടിന്റെ കോന്തലയും, ഒരു സിഗററ്റ് പെട്ടിയും, വലതു കൈയ്യില്‍ എരിയുന്ന ഒരു സിഗററ്റും.  ആരെയും കൂസാക്കാതെ ഒരു വിപ്ലവകാരിയുടെ തലയെടുപ്പോടുകൂടിയുള്ള നടത്തം. ഭംഗിയായുള്ള വസ്ത്രധാരണവും. ആ രൂപം കണ്ടാല്‍ ആരും ഒന്ന് ശ്രദ്ധിക്കും. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്ത ക്ഷുഭിത യൌവ്വനത്തിന്റെയും, വിപ്ലവ വീര്യത്തിന്റെയും സ്വപ്നങ്ങള്‍കണ്ട നക്‌സല്‍ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് മാത്രമായിരുന്നില്ല വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ എന്നും ചിരപ്രതിഷ്ഠ നേടിയ അധ്യാപകന്‍ കൂടിയായിരുന്നു 2014 ഡിസംബര്‍ എട്ടിന്  അന്തരിച്ച കെ. പി. നാരായണന്‍ മാസ്റ്റര്‍. 
     വിമോചന സമരകാലത്ത് കതിരൂര്‍ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു നാരായണന്‍.അതിനു മുന്‍പ് ലക്ഷദ്വീപിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കമ്മ്യൂണിസ്റ്റ് ആയതിനാല്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടു.
     1964 ല്‍ സി. പി. എം രൂപവത്ക്കരിച്ചപ്പോള്‍ എ. കെ. ജി. യുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്കായി മലബാറില്‍ രൂപം കൊടുത്ത കെ. എസ്. വൈ. എഫ്‌ന്റെ സംസ്ഥാന നേതാക്കളില്‍ ഒരാളായിരുന്നു. കെ. സി. നന്ദനന്‍ പരേതനായ പി. എം.  ഗോപാലന്‍ എന്നിവരായിരുന്നു മറ്റ് നേതാക്കള്‍. 1968ല്‍ കെ. എസ്. വൈ. എഫ്‌ന്റെ കോഴിക്കോട് സമ്മേളനത്തില്‍ തീവ്രവാദം പോരെന്ന പേരില്‍ നാരായണന്റെ   നേതൃത്വത്തിലുള്ള സംഘം മാര്‍ക്‌സിസ്റ്റ് റിബല്‍സ് എന്ന പേരില്‍ സമ്മേളനത്തില്‍ നിന്നു ഇറങ്ങിവന്നു. കേരളത്തിലെ ആദ്യ നക്‌സല്‍ ഗ്രൂപ്പിന് രൂപം കൊടുത്തു. അതിനിടെ ബംഗാളില്‍ രൂപംകൊണ്ട  നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവരിലേക്ക് പടര്‍ന്നിരുന്നു. പിന്നീട് നക്‌സല്‍ പ്രസ്ഥാനം മലബാറില്‍ ശക്തിപ്രാപിക്കുകയും 1969 നവംബര്‍ 22 ന് തലശ്ശേരി പോലീസ് സ്റ്റേഷനു നേരെ  അക്രമം നടത്തി. അതിന്റെ മുഖ്യധാരാ പ്രവര്‍ത്തകര്‍ കുന്നിക്കല്‍ നാരായണന്‍, വി. കെ. ബാലന്‍ കെ. പി. നാരായണന്‍ എന്നിവരായിരുന്നു. സ്റ്റേഷനില്‍  സൂക്ഷിച്ചിട്ടുള്ള എന്‍. സി. സി. ഓഫീസര്‍മാര്‍ ഉപയോഗിക്കുന്ന 303 റൈഫിള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അക്രമം നടത്താന്‍ തയ്യാറാകുമ്പൊഴേകും പദ്ധതി പരാജയപ്പെട്ടു. സൂത്രധാരകര്‍ ഒളിവിലും  പോയി. മാസങ്ങള്‍ക്ക് ശേഷം നാരായണന്‍ മാസ്റ്ററെ  മദ്രാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് പിടികൂടി. മൃഗീയമായി മര്‍ദ്ദിക്കുകയും  ജയിലിലടകുകയും ചെയ്തു.ഒളിവു ജീവിതകാലത്തും  അതിനു മുന്‍പും   കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, അഡ്വ. ഫിലിപ്പ് എം. പ്രസാദ്, അജിത, ഗ്രോ വാസു, തുടങ്ങിയ അക്കാലത്തെ നേതാക്കളുമായാണ്  നാരായണന്‍ അടുത്ത്  പ്രവര്‍ത്തിച്ചത്. ബര്‍ദ്വാനില്‍ നടന്ന സി. പി. എം പ്ലീനത്തില്‍ ബദല്‍രേഖ അവതരിപ്പിച്ച ടി. നാഗറഢിയുടെ വിവാദക്കുറിപ്പുകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതും കെ. പി. നാരായണനാണ്.
    നക്‌സല്‍ പ്രസ്ഥാനം തളര്‍ന്നതോടെ നാരായണന്‍ സി. പി. എമ്മു മായി സഹകരിച്ച് കതിരൂരില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അക്കാലത്താണ് കതിരൂരില്‍ നാരായണന്‍ പ്രിന്‍സിപ്പാലായി 1974ല്‍ സമാന്തര കോളജായ കേപ്പീസ് ടൂട്ടോറിയല്‍ കോളജ് സ്ഥാപിച്ചു.  1989 വരെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നാരായണന്‍ മാസ്റ്റരുടെ ശിഷ്യന്മാരായി. പ്രിഡിഗ്രിക്കും, ഡിഗ്രിക്കും ഇംഗ്ലീഷാണ് മാഷ് പഠിപ്പിച്ചത്. കണക്കിലും പ്രാഗല്‍ഭ്യമുണ്ടായിരുന്നു.   ഗാംഭീര്യമുള്ള ശബ്ദവും, ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനവും, പഠിപ്പിക്കുന്നതിലെ പ്രത്യേക ശൈലിയും, വിദ്യാര്‍ത്ഥികള്‍ ഏറെ ഇഷ്ടപ്പെട്ടു.
     1984 മുതല്‍ 1995 വരെ കതിരൂര്‍ ഗ്രാമപഞ്ചായത്തംഗവുമായി. ആരെയും ആകര്‍ഷിക്കുന്ന നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു കെ. പി. നാരായണന്‍.ദീര്‍ഘകാലം കതിരൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തിയതും ഇദ്ദേഹത്തിന്റെ കാലത്താണ്.പ്രസിഡന്റെന്നനിലയില്‍ ഓണറേറിയം എല്ലാ മാസവും കൈപ്പറ്റുമെങ്കിലും തുക പൂര്‍ണ്ണമായും പാര്‍ട്ടിയെ ഏല്പിക്കുകയാണ് പതിവ്.  1995 ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സി. പി. എമ്മുമായി അഭിപ്രായ വെത്യാസമുണ്ടണ്ടായി . തുടര്‍ന്ന്  പൊതുരംഗത്തു നിന്നും അദ്ധ്യാപകരംഗത്തു നിന്നും പൂര്‍ണ്ണമായും പിന്മാറി വീട്ടില്‍ വിശ്രമ ജീവിതമായി. 2014 ഡിസംബര്‍ എട്ട് ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്‌.
കാര്യമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല, അന്ത്യാഭിലാഷ പ്രകാരം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിനു നല്‍കി. മരിക്കുമ്പോള്‍ നാരായണന്‍ മാസ്റ്റര്‍ക്ക് 80 വയസ്സായിരുന്നു. അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ പഴയ സഹപ്രവര്‍ത്തകന്‍ ഗ്രോവാസുവും കതിരൂരിലെ  A`b എന്ന വീട്ടില്‍ എത്തിയിരുന്നു. 
     ഭാര്യ : പി. കെ. സരോജിനി (റിട്ട.പ്രിന്‍സിപ്പാള്‍ ടീച്ചേഴ്‌സ് ട്രെനിങ്ങ് സെന്റര്‍ –കണ്ണൂര്‍ ), മക്കള്‍ :ജീജ (മസ്‌ക്കറ്റ്), ഡോ. നിഷ(അമേരിക്ക), മരുമക്കള്‍ : വിജയമണി (മസ്‌ക്കറ്റ്), സുജിത്ത് (സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍ –അമേരിക്ക)  സഹോദരങ്ങള്‍ : ജാനകി, ലക്ഷ്മി, ചന്ദ്രമതി, പരേതരായ നാരായണി, രാഘവന്‍, രാമചന്ദ്രന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ