കെ. ശങ്കരനാരായണ മാരാര്‍ : പുസ്തകങ്ങളുടെ മുഖചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കലാകാരന്‍
കഥയോ കവിതയോ എന്തോ ആവട്ടെ , പുസ്തകത്തിന്റെ പുറം ചട്ട പുസ്തകം വായിച്ചാളുടെ മനസ്സിൽ മിക്കവാറും തങ്ങി നിൽക്കും. പക്ഷെ ചിത്രം വരച്ചയാളുടെ പേര് ഉള്ളിൽ കൊടുത്താലും അത് നാം ഓർത്തു വെയ്ക്കുന്നത് അപൂർവ്വം. കമ്പൂട്ടർ ഡിസൈനിങ്ങ് വരുന്നതിന് മുന്നെ പുസ്തകങ്ങളുടെ പുറം ചട്ട ഒരുക്കിയിരുന്നത് ചിത്രകാരന്മാരായിരുന്നു. 1200ൽപരം പുസ്തകങ്ങൾക്ക് പുറം ചട്ടയൊരുക്കിയ ചിത്രകാരനാണ് 2012 ഒക്‌ടോബർ 20 ശനിയാഴ്ച രാത്രി വിടവാങ്ങിയ കെ. ശങ്കരനാരായണമാരാർ. 'മുഖം മനസ്സിന്റെ കണ്ണാടി 'യെന്ന പഴംചൊല്ലാണ് ശങ്കരനാരായണമാരാർക്ക് കരുത്തായത്. മനുഷ്യനു മാത്രമല്ല മനുഷ്യനുണ്ടണ്ടാക്കുന്നവയ്ക്കും ഈ സിദ്ധാന്തം നന്നേ ഇണങ്ങുമെന്ന് ശങ്കരനാരായണമാരാർ തെളിയിച്ചു. പുസ്തകങ്ങൾക്ക് പുറം ചട്ടയൊരുക്കുന്നതിലൂടെ. മുഖം പുറം ചട്ടയും, മനസ്സ് ഉള്ളടക്കവും ആണെന്നു മാത്രം
മാരാരൊരുക്കിയ പുറം ചട്ടകളിൽ അദ്ദേഹം തന്നെ എഴുതിച്ചേർത്ത പേരുകളിൽ സാഹിത്യത്തിലെ തറവാട്ട് അച്ഛന്മാർ തൊട്ട് തുടക്കക്കാർ വരെപെടും. ഒ. ചന്തുമേനോൻ, കേശവദേവ്, ചെറുശ്ശേരി ,കുമാരനാശാൻ, വള്ളത്തോൾ, കുഞ്ചൻനമ്പ്യാർ, എസ്. കെ. പൊറ്റക്കട്, സി. വി. രാമൻപിള്ള, കെ. ടി. മുഹമ്മദ്, നാലപ്പാട്ട്, ടാഗോർ, എം. ടി.വാസുദേവൻ നായർ , എം. മുകുന്ദൻ, മാടമ്പ് ഇങ്ങനെനീളുന്നു ആ പട്ടിക,പഴയ എഴുത്തുകാരുടെ കൃതികൾക്ക് പുതിയ പതിപ്പുകളുണ്ടണ്ടായപ്പോൾ മാരാർക്കും അവസരമൊരുങ്ങി.തന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന അധ്യാപകനായ കതിരൂർ ഗവ. ഹൈസ്‌കുളിലെ മലയാള അധ്യാപകനും, പ്രശസ്ത കവിയുമായ വി.വി.കെ യുടെ കവിതാ സമാഹാരത്തിന് മുഖചിത്രമായി അദ്ദേഹത്തിന്റെ തന്നെ മുഖം വരക്കാൻ കഴിഞ്ഞത് ജീവിത പുണ്യമായി മാരാർ കരുതുന്നു. കതിരൂർ സുര്യ നാരായണ ക്ഷേത്രത്തിനു സമീപത്തെ 'പ്രസാദം'എന്ന വീട്ടിലെ ലൈബ്രറിയിലുള്ളത് മാരാർ പുറം ചട്ട മെനഞ്ഞ പുസ്തകങ്ങൾ മാത്രം. ഇത്തരമൊരു പുസ്തകശേഖരം തന്നെ വിരളമായിരിക്കാം.വൈദ്യുതി ബോർഡിൽ സബ് എൻജിനിയറായിരുന്നു അദ്ദേഹം. 1964ൽ കോഴിക്കോട്ട് ജോലി ചെയ്തിരുന്നപ്പോൾ തുടങ്ങിയതാണ് പുസ്തകങ്ങളുടെ ഈ മുഖം മിനുക്കൽ. കെ..ആർ. ബ്രദേഴ്‌സ് , പി. കെ. ബ്രദേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പുസ്തകങ്ങൾ ആദ്യം ചെയ്തു ഒരു കൊല്ലത്തിനകം കോഴിക്കോട് പൂർണ്ണ പബ്ലിഷിംഗ് കമ്പനിയുമായി ബന്ധപ്പെട്ടു. തുടർന്നങ്ങോട്ട് 'മാതൃഭൂമി ഗ്രന്ഥവേദി', എൻ. ബി. എസ്. എന്നിവയ്ക്കുവേണ്ടിയും പുറം കവറുകൾ ഒരുക്കിയിട്ടുണ്ടണ്ട്
64-ൽ ഈ രംഗത്തെത്തുമ്പോൾ പുസ്തക പുറം ചട്ടകൾക്ക് അത്ര പ്രാധാന്യമൊന്നുമില്ല. ഉള്ളടക്ക സന്ദർഭത്തിന്റെ നേർചിത്രീകരണങ്ങളായിരുന്നു വരച്ചു ചേർത്തിരുന്നത്. പുസ്തകത്തിന്റെയും,എഴുത്തുകാരുടെയുംപേരുമാത്രമടങ്ങിയവയായിരുന്നു അന്നു കൂടുതലും. 1975 ഓടെ ഈ രീതി പാടെമാറി. അമൂർത്തമായ (അബ്‌സ്ട്രാക്ട്)പുറംചട്ടകളുണ്ടായി. ചുരുങ്ങിയ വരകളിലൂടെയും കാഠിന്ന്യം കുറഞ്ഞ നിറങ്ങളിലൂടെയും ഈ കാലേയളവിൽ പരീക്ഷണങ്ങൾ നടന്നു. ഇതിനു മുമ്പന്തിയിൽ നിന്നതും മാരാർ തന്നെ. ഓരോ പുസ്തകക്കവറും ഓരോ പെയിന്റിങ്ങാക്കി മാറ്റണമെന്നായിരുന്നു മാരാരുടെ സമീപനം.
1993-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതോടെ മാരാർ ഈ രംഗത്തോട് വിടപറഞ്ഞു. അപ്പോഴേക്കും കമ്പ്യൂട്ടർ വിപ്ലവം പുസ്തക മേഖലയിലും എത്തിച്ചേർന്നു. അതോടെ കൈകൊണ്ട് വരച്ചെടുക്കുന്ന പുറം ചട്ടകൾ മെല്ലെ പിന്നാക്കം വലിഞ്ഞു. കമ്പ്യൂട്ടറിലും മാരാർ പരീക്ഷണം നടത്തി. ചില രൂപകൽപനകൾ അദ്ദേഹം കമ്പ്യൂട്ടറിലൂടെ മെനഞ്ഞെടുത്തു.
വിരമിച്ചശേഷം പൂർണ്ണമായും ചിത്രരചനയിലേക്ക് മാറി. സാമൂഹ്യപ്രശ്‌നങ്ങൾ വിവരിക്കുന്ന ഹ്യൂമൻ സ്‌കേപ്പ് പരമ്പര, വർണ്ണലയം എന്ന പ്രകൃതിദൃശ്യ പരമ്പര, പറവകളെപ്പറ്റിയുള്ള പരമ്പര എന്നീരചനകളിലൂടെ മാരാർ ചിത്രകലാലോകത്തും ശ്രദ്ധേയ സാന്നിധ്യമറിയിച്ചു. 1978ൽ കേരളാ ലളിതകലാ അക്കാദമിയുടെ ഉന്നത ബഹുമതി പത്രം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടണ്ട്.1982ൽ വടകര കീർത്തി തിയേറ്ററിൽ 24അടി ഃ 8 അടി വലുപ്പത്തിൽ വുഡ് വർക്ക് ഡിസൈൻ ചെയ്തിട്ടുണ്ടണ്ട്.
കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറി കൺവീനർ, തലശ്ശേരി സ്‌കൂൾ ഓഫ് ആർട്‌സ് സെക്രട്ടറി,ഖജാൻജി, കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ്
,കതിരൂർ സൂര്യനാരായണക്ഷേത്ര ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടണ്ട്. കേരളാ ദിനേശ് ബീഡിയുടെയും,ഫുഡിന്റെയും
നിരവധി പരസ്യങ്ങളും ചെയ്തിട്ടുണ്ട്. ഇത് ഏറെ പ്രശസ്തവുമായിരുന്നു.
മാരാരുടെ അനുജനും, ഇ. എസ് . ഐ. ഉദ്യോഗസ്ഥനുമായ കെ. ശശികുമാർ പ്രശസ്ത ശിൽപിയും ചിത്രകാരനുമാണ്. മാരാരും ശശികുമാറും ചേർന്ന് നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ടണ്ട്. മാരാർ രണ്ട് വർഷമായി എഴുതികൊണ്ടിരിക്കുന്ന കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിന്റെ ചരിത്രവും, വർത്തമാനവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുസ്തകത്തിന്റെ അവസാന മിനുക്കുപണികൾ പൂര്ത്തിയാക്കാതെയുമാണ് യാത്രയായത്















