Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, ഏപ്രിൽ 27, 2020

കൊറോണക്കാലത്ത് പോലീസിനുമുന്നിൽ കുടുങ്ങിയവർ 







 


 

പോലീസിന്റെ മുന്നിൽപ്പെട്ടുപോകുമ്പോൾ പലരും പലകഥകളാണ് പോലീസിന് മുന്നിലവതരിപ്പിക്കുക.നിരവധിക്കഥകൾ കേട്ടുമടുത്ത പോലീസിന് കൊറോണക്കാലത്ത് പുതിയകഥകളാണ് രസകരമായ ചില സംഭവങ്ങൾ

ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളിൽ പുറത്തിറങ്ങരുതെന്ന് പോലീസ് ജനങ്ങളെ ഉപദേശിച്ചു.നാടുനീളെ പോലീസ് വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തി.ഇതൊക്കെ നമുക്ക് ബാധകമല്ലെന്ന രീതിയിൽ  പോലീസിനെ കബളിപ്പിച്ചു ചിലർ പുറത്തിറങ്ങി.പോലീസിന്റെ പിടിയിലായി.ക്ഷമിക്കൂ സഹോദരാ... ഇത് നിനക്കും നമ്മുടെ നാടിനും വേണ്ടിയാണെന്ന്  ഉപദേശിച്ചു വിട്ടയച്ചു.ലോക്ക്ഡൗൺ മൂന്ന് ദിവസം കഴിഞ്ഞതോടെ  പോലീസ് പരിശോധനയും നടപടികളും കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്ന ചിലർ പോലീസിന്റെ മുന്നിൽപ്പെട്ടുപോകുമ്പോൾ പലരും പലകഥകളാണ് പോലീസിന് മുന്നിലവതരിപ്പിക്കുക.നിരവധിക്കഥകൾ കേട്ടുമടുത്ത പോലീസിന് കൊറോണക്കാലത്ത് പുതിയകഥകളാണ് കേൾക്കാൻ കഴിഞ്ഞത്. കൂടാതെ രസകരമായ ചില സംഭവങ്ങളും

കൂത്തുപറമ്പ് പ്രിൻസിപ്പൽ എസ്.ഐ .പി.ബിജു പറയുന്നു.

    പോലീസിന് കള്ളത്തരം പിടികിട്ടി എന്ന് മനസ്സിലാകുമ്പോൾ കഥ നിറുത്തി മുണ്ട് മാടിക്കുത്തി ഓടി രക്ഷപ്പെടും. ഒരു ദിവസം രാവിലെ പരിശോധന നടത്തുന്നതിനിടയിൽ മുന്നിൽപ്പെട്ടുപോയ ചെറുപ്പക്കാരൻ ഒരു പരിചയവുമില്ലാത്ത വീടിന്റെ അകത്തേക്ക് ഓടിക്കയറിയപ്പോൾ അയ്യോ... കള്ളൻ എന്ന് പറഞ്ഞ് ഭയചകിതരായി സ്ത്രീകൾ പുറത്തേക്കോടി.
     പോലീസ് റോഡിൽ നിന്നും പോകുന്നതുവരെ ഓടിക്കയറിയ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത ചിലർ വരാന്തയിലോ അകത്തോ കയറിയിരുന്ന് പത്രം വായന തുടങ്ങും. പിന്നെ പത്രത്തിലെ എല്ലാ പേജുകളും അരിച്ചു പെറുക്കി വായനപൂർത്തിയാക്കിയേ പുറത്തിറങ്ങുകയുള്ളൂ. വീട്ടിലേക്ക് ഓടിക്കയറിയ  ഒരു ഫ്രീക്കൻ കുടുങ്ങിയത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടിനകത്തെ മുറിയിൽ. ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ പോവാനായി യൂണിഫോം ധരിച്ച് ഔദ്യോഗിക വാഹനം കാത്തിരിക്കയായിരുന്നു. നാട്ടുകാരൻ തന്നെയായതിനാൽ ഉദ്യോഗസ്ഥൻ ഇടപെട്ട്  ഫ്രീക്കനെ വിട്ടയച്ചു.
     പോലീസിനെ കണ്ടയുടൻ കടയുടെ മുന്നിലെ സാധനം വാങ്ങിക്കേണ്ട ക്യൂവിൽ കയറി നില്ക്കും. ഇറച്ചിക്കടയുടെ മുന്നിലെ ക്യൂവിൽ രക്ഷപ്പെടാനായി കയറി നിന്ന് രണ്ട് കിലോ ഇറച്ചിയും വാങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്.
     കൊറോണ പട്രോളിങ്ങിനിടെ മുകളിൽ നിന്നും ഒരു ഫോൺ. അഞ്ചരക്കണ്ടി മുണ്ടമെട്ടക്കടുത്തുള്ള ക്ഷേത്രപ്പറമ്പിൽ ചീട്ടു കളി നടക്കുന്നു. ഉടൻ അങ്ങോട്ടേക്ക് വിട്ടു. മൺറോഡ് അവസാനിക്കുന്നിടത്ത് വണ്ടി നിറുത്തി. തെങ്ങിൻ തോപ്പിലൂടെ മുന്നോട്ട് പോകുന്നതിനിടയിൽ 75 വയസ്സുള്ളൊരാൾ ഓടണോ വേണ്ടയോ എന്ന ഭാവത്തിൽ ഞങ്ങളുടെ മുന്നിൽപ്പെട്ടു. കൊറോണക്കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയില്ലേ? എവിടുന്നാ വരുന്നേ എന്ന് ചോദിച്ചു. ഞാൻ കാവിൽ തൊഴാൻ പോയതാണെന്ന് പറഞ്ഞു.  ഉച്ചക്ക് 12.30 -നാണോ തൊഴാൻ പോവുന്നത്? തൊഴുതു തൊഴുത് സമയം പോയതറിഞ്ഞില്ല സാറേ.., പിന്നെ ആളുടെ പരുങ്ങൾ കണ്ടപ്പോൾ സംശയം തോന്നി ശരീരം  ഒന്ന് പരിശോധിച്ചപ്പോൾ അരയിൽ തിരികിവെച്ച ഒരു വലിയകുപ്പിയിൽ കള്ള് കിട്ടി. കൊറോണക്കാലത്ത് പുറത്തിറങ്ങിയതിനും വില്പനയില്ലാത്ത കള്ള് സംഘടിപ്പിച്ചതിനും നിങ്ങളുടെ പേരിൽ കേസാ.. കൊച്ചു കുട്ടിയെപ്പോലെ വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു ' കേസ് എത്ര വേണേലും എടുത്തോ സാറേ.. അത് മറിച്ചു കളയരുത്. ഓനോട് മൂന്ന് ദിവസം കരഞ്ഞ് കാലുപിടിച്ചിട്ടാ ഒരു കുപ്പി കിട്ടിയത്. ഒരാഴ്ചയായി ഒന്നുമില്ലാതെ പച്ചക്ക് വീട്ടിലിരിക്കുന്നത്്.' ആ നിഷ്‌ക്കളങ്കതയ്ക്ക് മുന്നിൽ ഞങ്ങൾ തോറ്റുപോയി. തിരിച്ചു കൊടുത്ത കള്ളും കുപ്പി നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ ഉമ്മവെച്ചു.
    ചീട്ടു കളിക്കുന്ന സ്ഥലം കൃത്യമായി അയോളോട് ചോദിച്ച് മനസ്സിലാക്കി മുന്നോട്ട് നീങ്ങുമ്പോഴാണ് നീല പ്ലാസ്റ്റിക്ക് ബക്കറ്റുമായി ഒരാൾ വരുന്നത് കണ്ടത്. ആവശ്യത്തിലധികമുള്ള വിനയം കണ്ടപ്പോൾ അസ്വാഭാവികത തോന്നി. ബക്കറ്റിലെന്താണെന്ന് ചോദിച്ചു. കന്നൂട്ടിക്ക് കൊടുക്കാനുള്ള പുല്ലാണ്. വെറുതെ ബക്കറ്റിൽ കൈയ്യിട്ട പുല്ല് ഉയർത്തി നോക്കിയപ്പോൾ ബക്കറ്റ് നിറയെ അണ്ടിയില്ലാത്ത ചീഞ്ഞ കശുമാങ്ങ.ബക്കറ്റും ഉപേക്ഷിച്ച് അയാൾ ഓടി രക്ഷപ്പെട്ടു. പോലീസിനെ ദൂരെ നിന്നു കണ്ടതും ചീട്ടുകളിക്കാരും ഓടിപ്പോയി.

കതിരൂർ പ്രിൻസിപ്പൽ എസ്.ഐ.എം.നിജീഷ്

     ബൈക്കിൽ കതിരൂർ ടൗണിലെത്തിയ 20 വയസ്സുള്ള രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തു. റേഷൻ അരി വാങ്ങാനാണെന്ന് പറഞ്ഞു. കാർഡ് ചോദിച്ചപ്പോൾ എടുക്കാൻ മറന്നുപോയി എന്നായി. റേഷൻ അരി കാർഡില്ലാതെ കിട്ടില്ല. അതിനാൽ 20 കിലോ അരി തൊട്ടടുത്ത കടയിൽ നിന്ന് വാങ്ങിപ്പിച്ചു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അരിയുമായി ഇരുവരും മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നു പോയി.

 മാലൂർ പ്രിൻസിപ്പൽ എസ്.ഐ. രജീഷ് തെരുവത്ത് പീടികയിൽ

    കൊറോണക്കാലത്ത് ഭൂതാനം കോളനിയിൽ വ്യാജവാറ്റുണ്ടെന്ന് അറിഞ്ഞ് രാവിലെ റെയിഡിന് പോയി. പരിശോധന നടത്തി. ഒരു വീടിന്റെ പിന്നാമ്പുറത്തെ വളപ്പിൽ  നിന്നും ഒരു കാനിൽ കുറച്ച വാഷ് കിട്ടി.അവിടെ കൊണ്ടു വെച്ച ആളെ ആർക്കും അറിയില്ല. മറ്റൊരു വീടിന്റെ മുറ്റം ഒരു പെൺകുട്ടി പാട്ടും പാടി അടിച്ചു വാരുന്നു. പോലീസ് അങ്ങോട്ടേക്ക് നീങ്ങി പരിശോധന നടത്തി. ഒന്നും കണ്ടില്ല. പെട്ടാന്നാണ് വീടിന്റെ കക്കൂസിൽ നിന്നും വാഷിന്റെ മണം വന്നത്. കക്കൂസിൽ പരിശോധന നടത്തിയപ്പോഴാണ് മനസ്സിലായത്. പോലീസിനെ കണ്ടയുടൻ കാനിൽ സൂക്ഷിച്ച വാഷ് കക്കൂസിൽ ഒഴിക്കുകയും കാൻ വലിച്ചെറിയുകയുമാണെന്ന്. തുടർന്നുള്ള പരിശോധനയിൽ വീടിന്റെ അലമാരയിൽ നിന്നും വ്യാജ വാറ്റുണ്ടാക്കുന്ന സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വീട് നിൽക്കുന്ന ഭാഗം മട്ടന്നൂർ പോലീസ് പരിധിയിലായതിനാൽ മട്ടന്നൂർ പോലീസാണ് കേസ്സെടുത്തത്.
   കൊറോണക്കാലത്ത് കാമുകിയെ കാണാതിരിക്കാൻ വയ്യാതായിട്ട് ബൈക്കിലെത്തിയ കോളേജ് കുമാരനേയും പോലീസ് പൊക്കി. നിടുംപൊയിലിലെ കാമുകന് മാലൂർ തൃക്കടാരിപ്പൊയിലിലെ കോളേജ് കുമാരിയുമായി പ്രണയം. കാമുകിയെ തേടി അവളുടെ വീട്ടിന്നരികെ എത്തുമ്പോഴേക്കും പോലീസ് വണ്ടി കണ്ടു.ബൈക്ക് നിന്നു പോയി. പിന്നെ സ്റ്റാർട്ടാവുന്നില്ല.  എസ്.ഐ. രജീഷ് തെരുവത്ത് പീടികയിൽ  ചോദ്യം ചെയ്തപ്പോഴാണ് 22 ദിവസമായി കാമുകിയെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് വന്നതാണെന്ന് പറഞ്ഞത്. കാമുകനെ താക്കീത് ചെയ്ത് വിട്ടയച്ചു.
    (2020 ഏപ്രിൽ 19-ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ