Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ശനിയാഴ്‌ച, ഫെബ്രുവരി 16, 2019

സ്‌നേഹവാഹനം

     സ്‌നേഹവാഹനം
ജി.വി.രാകേശ്
 രു ആംബുലൻസിന് 30 ഡ്രൈവർമാരോ ! അതിശയപ്പെടേണ്ട. കതിരൂർ ഉക്കാസ്‌മെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള 'കൈത്താങ്ങ്' എന്ന ആംബുലൻസിനാണ് മുപ്പത് ഡ്രൈവർമാരാണ്.ജീവനുവേണ്ടി കുതിച്ചു പായുന്ന വാഹനത്തിന്റെ സാരഥികൾ മാത്രമല്ല അവർ.നാടന്റെ പല കോണുകളിൽ വേദനയുമായി കാത്തിരിക്കുന്നവർക്ക് വേണ്ടിയാണ് ഇവരുടെ ഓട്ടം.

   

  കതിരൂരും പരിസരത്തുമുള്ളവരാണ് എല്ലാവരും. മാസത്തിൽ ഒരു ദിവസം ഒരാൾ എന്ന രീതിയിലാണ് സേവനം ചെയ്യുന്നത്. എല്ലാവരും ഡ്രൈവിങ്ങിൽ പ്രാഗൽഭ്യം തെളിയിച്ചവരും.  15 പേർമാത്രമാണ് ഡ്രൈവിങ്ങ് സ്ഥിരം തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ. ബാക്കിയുള്ളവർ മറ്റ് മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്.
     2018 ജനുവരി 14-ന് ഒറ്റദിവസം കൊണ്ട് 4,73,500 രൂപ പിരിച്ചെടുത്താണ് ആംബുലൻസിനുള്ള ആദ്യഫണ്ട് കണ്ടെത്തിയത്.6,64000 രൂപയാണ് ആംബുലൻസിന്റെ വില.ബാക്കിതുക പ്രവാസികൾ, വ്യക്തികൾ എന്നിവരിൽ നിന്നായി സംഘടിപ്പിച്ചു.  
     വർഷങ്ങൾക്ക് മുമ്പ് കതിരൂർ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ വസൂരി, കോളറ എന്നിവ പടർന്ന് പിടിച്ച് നിരവധിപ്പേർ മരിച്ചിരുന്നു. അന്ന് ശവമടക്കാൻപോലും പലരും പോവാതിരുന്നപ്പോൾ സി.പി.ഐ.നേതാവും കതിരൂർ പഞ്ചായത്ത്  പ്രസിഡന്റുമായിരുന്ന കെ.ചാത്തുക്കുട്ടി നായർ
കെ.ചാത്തുക്കുട്ടി നായർ
മുൻകൈയ്യെടുത്താണ് രോഗികളെ പരിചരിച്ചതും ശവമടക്കം ചെയ്തതും. അതിന്റെ ഓർമ്മയ്ക്കാണ്  'കെ.ചാത്തുക്കുട്ടി നായർ സ്മാരക കൈത്താങ്ങ് ആംബുലൻസ്' എന്ന് പേരിട്ടിരിക്കുന്നത്. 2018 ഫിബ്രവരി 11-നാണ് ആംബുലൻസ് സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉദ്ഘാടനം ചെയ്തത്.
      'കൈത്താങ്ങ്' എന്ന പേര് ആംബുലൻസിന് നല്കുവാൻ തീരുമാനിച്ചപ്പോൾ അംഗങ്ങളിൽ പലർക്കും ഇഷ്ടമായിരുന്നില്ല. എന്നാൽ പ്രളയാനന്തരം കേരളത്തിലെ പൊതുസമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാക്കാണ് 'കൈത്താങ്ങ്' എന്നത് തികച്ചും യാദൃശ്ചികം.
 ആംബുലൻസ് എന്ന ആശയം
    ഒരു ദിവസം രാത്രി പെട്ടന്ന് സുഖമില്ലാത്ത ഒരാളെ ഉക്കാസ് മെട്ടയിൽ നിന്നും ഒമ്പത് കിലോമീറ്റർ അകലെയുള്ള തലശ്ശേരിയിലെ ആസ്പത്രിയിലെത്തിക്കണം.പലയിടങ്ങളിലും വിളിച്ചു. ആംബുലൻസ് കിട്ടിയില്ല. വളരെ കഷ്ടപ്പെട്ട് ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞിട്ട് കാറിലാണ് ആസ്പത്രിയിലെത്തിച്ചത്.രോഗിയെ കൊണ്ടുപോവാൻ ഏറ്റവും പരിശ്രമിച്ചത് കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിലെ ഭാരവാഹികളാണ്. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് നാട്ടിൽ സ്വന്തമായൊരു ആംബുലൻസ് വേണമെന്ന ആശയം ഉദിച്ചത്. പിന്നീട് അത് സാക്ഷാത്ക്കരിക്കാനുള്ള ശ്രമമായി. അപ്പോൾ് സ്വയം സന്നദ്ധരായി കുറേപ്പേർ ഡ്രൈവറായി പോവാൻ മുന്നോട്ട് വന്നു. അങ്ങനെയാണ് ഒരു ദിവസം ഒരു ഡ്രൈവർ എന്ന നിലയിൽ 30 ഡ്രൈവർമാരുണ്ടായത്. ഇതിൽ ചിലർക്ക് അറ്റകുറ്റപ്പണിയും നടത്താനറിയാം. അതുകൊണ്ട് തന്നെ ഒരു ദിവസം പോലും മുടങ്ങാതെ ആംബുലൻസ് വിളിപ്പുറത്തുണ്ടാവും.
     പാവപ്പെട്ടവർ, അപകടത്തിൽപ്പെട്ടവർ, മാരക രോഗങ്ങൾ പിടിപെട്ടവർ എന്നിവരെ ആസ്പത്രിയിൽ എത്തിക്കാൻ ഒരു പ്രതിഫലവും വാങ്ങാറില്ല. സാധാരണ ആംബുലൻസിനേക്കാളും തുക കുറച്ചേ ഇവർ വാങ്ങിക്കാറുള്ളു. അതും ഡ്രൈവർ തുക വാങ്ങിക്കുന്നതിന് മുമ്പ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ആലോചിക്കും എന്നിട്ടേ പൈസ തീരുമാനിക്കുകയുള്ളൂ.  സേവനം, പിന്നെ പ്രതിഫലം എന്നതാണ് ഇവരുടെ മുദ്രാവാക്യം. ഒരു വർഷത്തിനുള്ളിൽ 1,03,000 രൂപയുടെ സൗജന്യ സേവനം നടത്തിയിട്ടുണ്ട്.ചിലരിൽ നിന്ന് പ്രതിഫലം വാങ്ങാത്തിതിനാൽ അവർ സന്തോഷപൂർവ്വം ഡീസൽ, ടയർ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് എന്നിവ നല്കിയിട്ടുണ്ട്.
 ഊർജ്ജമായത് വിജയൻ മാഷുടെ വാക്കുകൾ

    1994 ഓഗ്‌സറ്റ് 19 ന് കതിരൂർ ഉക്കാസ്‌മെട്ടയിൽ പ്രൊഫ.എം.എൻ.വിജയൻ പി.കൃഷ്ണപ്പിള്ള സാംസ്‌കാരികേന്ദ്രം ഉദ്ഘാടനം ചെയ്തു. ' ഒരു സാംസ്‌കാരിക സ്ഥാപനം വെറുതെ കെട്ടിപ്പൊക്കിയതുകൊണ്ട് നാടിന് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഈ സ്ഥാപനം ഈ നാടിന്റെ വിളക്കായ് പരിണമിച്ച് നാടിന്  വെളിച്ചമേകാൻ കഴിയണം'  വിജയൻ മാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ വാക്കുകളാണ് പ്രവർത്തകർക്ക് ആവേശമായതും വഴികാട്ടിയായതും. ഇതിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് 25 വയസ്സ് പൂർത്തിയാവുന്ന ഉക്കാമമെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  ഇപ്പോൾ നടന്നുവരുന്നത്. നിലവിൽ 81 മെമ്പർമാരാണുള്ളത്
 വെളിച്ചം പരത്തുന്ന പ്രവർത്തനങ്ങൾ
     കഴിഞ്ഞ ദിവസം ആംബുലൻസുമായി ബന്ധപ്പെട്ട വാർഷിക ജനറൽ ബോഡി യോഗം നടന്നിരുന്നു. വരവ് ചെലവ് കണക്ക് അവതരിപ്പിച്ചപ്പോൾ 31,000 രൂപയാണ് മിച്ചമുണ്ടായിരുന്നത്. അതിൽ നിന്നും 20,000 രൂപ ഇരു വൃക്കകളും നിലച്ച ഡയമൺമുക്കിലെ സാംമ്‌നയുടെ ചികിത്സാചെലവിലേക്ക് കൊടുത്തു. 
     2005 മുതൽ സ്ഥാപനത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന നിർദ്ധനരായ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സ്വർണ്ണം ഉൾപ്പടെയുള്ള സാമ്പത്തിക സഹായം നല്കിവരുന്നുണ്ട്. 46 കുടുംബങ്ങൾക്കായി 3,16,000 രൂപ ഇതിനകം നല്കിക്കഴിഞ്ഞു.
     രോഗികൾക്ക് വാട്ടർബെഡ്,വീൽച്ചെയർ,വാക്കർ എന്നിവ നല്കുന്നുണ്ട. കൂടാതെ വിവധ ഏജൻസികളുമായി സഹകരിച്ച് വീടുകളിൽ ്‌സാന്ത്വന ചികിത്സയും നല്കി വരുന്നു.
   വാസയോഗ്യമല്ലാതെ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറിച്ച് ഒറ്റ മുറിയിൽ  താമസിച്ചിരുന്ന മണിയത്ത് പ്രദീപനും സഹോദരി ഷീലക്കും 3,30,847 രൂപ
ചെലവഴിച്ച് വീട് നിർമ്മിച്ചു നല്കി. 2014 മെയ് 17ന്  നാട്ടുകാരുടെ യോഗം  വിളിച്ചു ചേർത്ത് 46 ദിവസം കൊണ്ടാണ് ജനകീയ പങ്കാളിത്തത്തോടെ വീട് നിർമ്മിച്ച നല്കിയത്. 2014 ജൂൺ 29-ന് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചത്.വീടിന്റെ നിർമ്മാണ പ്രവർത്തനം വിവിധ മേഖലകളിലെ തൊഴിലാളികൾ സൗജന്യമായാണ് ചെയ്തു കൊടുത്തത്.
    നിപ്പ വൈറസ് ബാധയുടെ കാലഘട്ടത്തിൽ പനി മൂർച്ഛിച്ച് തലശ്ശേരിയിലെ വിവിധ ആസ്പത്രികളിൽ നിന്ന് രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പലരും ഒഴിഞ്ഞു മാറിയപ്പോൾ ആംബുലൻസുമെടുത്തു പോവാൻ  മുസ്തഫ തയ്യാറായത് അഭിമാനത്തോടെയാണ് എല്ലാവരും കാണുന്നത്.
   മഹാമഹാപ്രളയത്തിൽപ്പെട്ടുപോയവർക്ക് അരി അടക്കമുള്ള സാധനങ്ങൾ കരിക്കോട്ടക്കരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.പ്രളയാനന്തര
കുട്ടനാട്ടിൽ ശുചീകരണ
പ്രവർത്തനം നടത്തിയവർ
ശുചീകരണ പ്രവർത്തന ഭാഗമായി ചെങ്ങന്നൂർ, കുട്ടനാട് എന്നിവിടങ്ങളിൽ  സാംസ്‌കാരിക കേന്ദ്രത്തിലെ 62 പേർ  രണ്ട് ദിവസം ക്യാമ്പ് ചെയ്ത്  പ്രവർത്തനങ്ങൾ നടത്തി. കിണർ ശുചീകരിക്കുവാനുള്ള മോട്ടോറുകൾ,ജനറേറ്റർ, ഹിറ്റാച്ചി എന്നിവ ഉൾപ്പടെയുള്ള സജ്ജീകരണങ്ങളോടെയാണ് ശുചീകരണ പ്രവർത്തനത്തിന് പോയത്.
     പി.കൃഷ്ണപ്പിള്ള സാംസ്‌കാരികേത്തിന് സമീപമാണ്  കതിരൂർ പഞ്ചായത്തിന്റെ പ്രാഥമീകാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു കൊണ്ടിരുന്നത്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിന് ഇരുവശത്തുമുള്ള മതിലുകൾക്ക് ഒരേ നിറം നല്കി മോഡിപിടിപ്പിക്കുകയും 25 തെരുവ് വിളക്കുകൾ വിവിധ ആളുകളുടെ സ്മരണയ്ക്കായി അവരുടെ കുടുംബാഗങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചു. 
മിക്ക ഞായറാഴ്ചകളിലും സാംസ്‌കാരികേന്ദ്രത്തിലെ അംഗങ്ങൾ ആസ്പത്രി റോഡ് ശുചീകരിക്കും.
     വനിതാ വേദിയുടെ നേതൃത്വത്തിൽ  53 വനിതകളെ നീന്തൽ പഠിപ്പിച്ചു. 112 പേർക്ക് ഇരുചക്രവാഹന പരിശീലനം നല്കുകയും ലൈസൻസ് എടുത്ത് കൊടുക്കുകയും ചെയ്തു. ഷീബ കാരായി പ്രസിഡന്റും പി.വി.ലീജ സെക്രട്ടറിയുമായുള്ള സമിതിയാണ് വനിതാ വേദിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.  
   കെ.കെ.ഭാസ്‌ക്കരൻ പ്രസിഡന്റും പി.എം.അഷറഫ് സെക്രട്ടറിയുമായുള്ള സമിതിയാണ് വയോജനവേദി പ്രവർത്തനങ്ങൾ നടത്തുന്നത് 86 പേർ മെമ്പർമാരുണ്ട്. മാസത്തിൽ രണ്ട് തവണ സിനിമാ പ്രദർശനം, വിവിധ ക്ലാസുകൾ എന്നിവയും നടത്തുന്നുണ്ട്.
     സ്‌പോർട്്‌സ് കൗൺസിലിന്റെ അഫിലിയേഷൻ ഉള്ളസ്ഥാപനമാണിത്. യുവതി, യുവാക്കൾക്ക് പോലീസ്,സൈന്യം എന്നിവയിലേക്കുള്ള പരിശീലനം സ്ഥിരമായി നല്കി വരുന്നു. ഇക്കഴിഞ്ഞ ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ 199 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. മിഡ്‌നൈറ്റ് മാരത്തോൺ ജില്ലാ വിന്നർ സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.  വിശാലമായ ലൈബ്രറിയാണ് അടുത്ത ലക്ഷ്യം .
ടി.വി.മനോജ് (പ്രസി.),പി.ശ്രീജിത്ത് (വൈസ്.പ്രസി.),കെ.പി.സജിത്ത് (സെക്ര),എം.സുമേഷ് (ജോ.സെക്ര.) പി.ശ്രീനിഷ് (ഖജാ.)എന്നിവരുടെ നേതൃത്വത്തിലാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവർത്തനം.
 ( 2019 ഫിബ്രവരി 15 -ന് മാതൃഭൂമി കാഴ്ചയിൽ പ്രസിദ്ധീകരിച്ചത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ