"കമ്പിയില്ലാക്കമ്പി'ക്ക്
നന്ദിയോടെ യാത്രാമൊഴി
ഇന്ന് (2013 ജുലായ് 14 ഞായര്‍) അര്‍ദ്ധരാത്രി 11:59:59 കഴിഞ്ഞാല്‍ 162 വര്‍ഷം ഒരു ജനതയെ മുഴുവന്‍ സന്ദേശമെത്തിച്ച നമ്മള്‍ ഓമനപ്പേരില്‍ വിളിച്ചുപോന്ന കമ്പിയില്ലാക്കമ്പി എന്ന ‘ടെലിഗ്രാ’മിന്റെ ഇന്ത്യയിലെ സേവനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. ഇനി ‘കമ്പി’ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
2013 ജുലായ് 14 രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ കമ്പി സന്ദേശങ്ങള്‍ ഒന്നും സ്വീകരിക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഡല്‍ഹി ജനപതിലെ സെന്‍ട്രല്‍ ടെലിഗ്രാം ഓഫീസിലായിരുന്നു അവസാന ടെലിഗ്രാം സന്ദേശം ബുക്ക് ചെയ്തത്.അശ്വനി മിശ്ര എന്ന വ്യക്തിയാണ് എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കും, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിനും അവസാന ടെലിഗ്രാം സന്ദേശം അയച്ചത്. സന്ദേശം അവസാനമായി രാഹുല്‍ഗാന്ധിക്ക് എത്തിച്ചാണ് ടെലിഗ്രാം രാജ്യത്തോട് വിടപറഞ്ഞത്. ഇടപാടുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് രാത്രി 11.30 ന് രാജ്യ തലസ്ഥാനത്തെ ടെലിഗ്രാം ഓഫീസ് എന്നെന്നേക്കുമായി അടച്ചുപൂട്ടി.
2013 ജുലായ് 14 ന് 68,837 രൂപയായിരുന്നു ടെലിഗ്രാം ഓഫീസിലെ വരുമാനം. ഞായറാഴ്ച ടെലിഗ്രാം അയക്കുന്നതിന് ആകെ 2,197 പേരാണ് ബുക്ക് ചെയ്തത്. ഇതില്‍ 1,329 പേര്‍ കമ്പ്യൂട്ടര്‍ വഴിയും, 91 പേര്‍ ഫോണ്‍ വഴിയുമാണ് ബുക്ക് ചെയ്തത്.
ഇന്നത്തെപ്പോലെ ഇ മെയിലും, ഫോണുമൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് അടിയന്തിര സന്ദേശങ്ങള്‍ അറിയിക്കാന്‍ ഉപയോഗിച്ച സാങ്കേതിക വിദ്യായിരുന്നു ടെലിഗ്രാഫ്. ടെലി എന്നാല്‍ അകലെ എന്നും, ഗ്രാഫിന്‍ എന്നാല്‍ എഴുതുക എന്നുമാണ് അര്‍ത്ഥം.അകലെ നിന്ന് എഴുതുന്നതിനെയാണ് ടെലിഗ്രാഫ് / ടെലിഗ്രാം എന്നു പറയുന്നത്. ഫാക്സ്മെഷീന്റെ കണ്ടുപിടിത്തത്തിന് മുമ്പ് ഏറ്റവും വേഗമേറിയ ആശയവിനിമയോപാധിയായിരുന്നു ടെലിഗ്രാം.
1832ല്‍ ഇലക്ട്രിക്സ് ടെലിഗ്രാഫ് കണ്ടുപിടിച്ചത് ബാരോണ്‍ ഷില്ലിങ്ങ് എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ ‘മോഴ്സ് കോഡ് ’ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന പരിഷ്കരിച്ച ടെലിഗ്രാഫ് വികസിപ്പിച്ചെടുത്തത് 1836ല്‍ സാമുവല്‍ മോഴ്സാണ്. ഇംഗ്ലീഷ് അക്ഷരങ്ങളെ കുത്തും വരകളും അടങ്ങുന്ന കോഡ് ഭാഷയില്‍ വൈദ്യുതി തരംഗങ്ങളായി മാറ്റി എത്ര ദൂരത്തേക്കും സന്ദേശങ്ങള്‍ അയക്കാമെന്ന് അദ്ദേഹം കണ്ടെത്തി. ഇത് പിന്നീട് മോഴ്സ്കോഡ് എന്നറിയപ്പെട്ടു. 1844 മെയ് 24 നാണ് സാമുവല്‍ മോഴ്സ് തന്റെ കോഡ് ഉപയോഗിച്ചുള്ള ആദ്യ സന്ദേശം അയച്ചത്. അമേരിക്കയിലെ പഴയ സുപ്രീംകോടതി മുറിയിലിരുന്ന് ബാര്‍ട്ടിമോറിലുള്ള തന്റെ സഹപ്രവര്‍ത്തകന് മോഴ്സ് അയച്ച ചരിത്ര പ്രസിദ്ധമായ സന്ദേശം "WHAT HATH GOD WROUGHT' എന്നായിരുന്നു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ
കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സേവനത്തിന് തുടക്കം കുറിച്ചത്. ഡോക്ടര്‍.വില്ല്യം ബ്രൂക്ക് ഒഷുഗ്നെസിയെയാണ് കമ്പനി ചുമതല ഏല്പിച്ചത്. 1850 നവംബര്‍ അഞ്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാം സന്ദേശം വൈദ്യുതി ടെലിഗ്രാഫ് ലൈനിലൂടെ (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കത്തയില്‍ നിന്നും ഡയമണ്ട് ഹാര്‍ബര്‍ വരെയുള്ള 43.5 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ് ലൈന്‍.1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭിച്ചത്. 1856ല്‍ 46 കേന്ദ്രങ്ങളില്‍ കൂടി ടെലിഗ്രാഫ് സേവനം വ്യാപകമാക്കി.1885ല്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് നിലവില്‍ വന്നു. 1902ല്‍ സാഗര്‍ അയലന്റിനും, സാന്‍ദ്ധ്യനും മധ്യേ ആദ്യ വയര്‍ലസ് ടെലിഗ്രാഫ് സ്റ്റേഷന്‍ തുറന്നു. 1927ലാണ് ഇന്ത്യയെ ബ്രിട്ടനുമായി ബന്ധിപ്പിച്ച് റേഡിയോ ടെലിഗ്രാഫ് ശൃംഖല ആരംഭിച്ചത്.
1857ല്‍ നടന്ന ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടന്റെ വിജയം ഉറപ്പിക്കുന്നതിന് സഹായിച്ചത് ബ്രിട്ടീഷ് പട്ടാളത്തിനു ലഭിച്ച ടെലിഗ്രാഫ് സന്ദേശമായിരുന്നെന്ന് ലോഡ് ഡെല്‍ഹൌസി രേഖപ്പടുത്തിയിട്ടുണ്ട്.സമര നീക്കങ്ങള്‍ സമയാസമയം ടെലിഗ്രാഫ് സന്ദേശം വഴി മനസ്സിലാക്കിയ ബ്രിട്ടീഷ് പട്ടാളം കരുതലോടെയാണ് നീക്കങ്ങള്‍ നടത്തിയത്.അന്ന് ടെലിഗ്രാഫ് സംവിധാനം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ഇലക്ട്രോ മോട്ടോര്‍ പ്രിന്റിങ്ങ് ടെലിഗ്രാഫ് |
റൈറ്റ് സഹോദരന്മാര്‍ 1903 ല്‍ ആദ്യമായി വിമാനം പറത്തിയത് നോര്‍ത്ത് കരോലീനയില്‍ നിന്ന് ലോകം അറിഞ്ഞത് 'Successful for flights thursday morning ' എന്ന ടെലിഗ്രാം സന്ദേശത്തിലൂടെയാണ്.
1912 ഏപ്രില്‍ 15 ന് മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്ക് കപ്പലില്‍ നിന്ന് അവസാനമായി വന്ന ടെലിഗ്രാം സന്ദേശം : 'SOS SOS CQD CQD Titanic,We are sinking fast. Passengers are being put into boats Titanic.' ഈ രണ്ട് സന്ദേശങ്ങളും ചരിത്രത്തില്‍ ഇടം പിടിച്ച ടെലിഗ്രാമുകളാണ്.
പാക്കിസ്ഥാന്‍ ഇന്ത്യയിലെ കാശ്മീര്‍ ആക്രമിച്ച വിവരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയെ അറിയിച്ചത് ടെലിഗ്രാം സന്ദേശം വഴിയാണ്.
കട്ട് കട് കട് കട് ... എന്ന ഒരു പ്രത്യേകതരം ഗൂഢഭാഷ (മോഴ്സ്കോഡ്) യായിരുന്നു ടെലിഗ്രാഫിന്റെത്. ഇപ്പോള്‍ കാണുന്ന കമ്പ്യൂട്ടര്‍ പഠനകേന്ദ്രങ്ങള്‍ പോലെ വര്‍ഷങ്ങള്‍ക്ക് മുന്നെ നഗരങ്ങളിലും, ചില നാട്ടിന്‍ പുറങ്ങളിലെയും ഉണ്ടായിരുന്ന ടൈപ്റൈയിറ്റിങ്ങ് ,ഷോര്‍ട്ട് ഹാന്ഡ് പഠന കേന്ദ്രങ്ങളില്‍ ടെലഗ്രാഫ് ഭാഷയും പഠിപ്പിച്ചിരുന്നു. നിരവധി പേര്‍ അതു പഠിച്ച് സര്‍ക്കാര്‍ ജോലിയും കരസ്ഥമാക്കിയിട്ടുണ്ട്.
ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ടെലിഗ്രാഫുമായിട്ടുണ്ട്.വിവാഹം, മരണം, പ്രസവം എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പരസ്പരം മാറിപ്പോയ സംഭവങ്ങള്‍ ഒട്ടനവധിയാണ്. ടെലിഗ്രാഫ് ഓഫീസില്‍ വരുന്ന വരുന്ന സന്ദേശങ്ങള്‍ എഴുതിയെടുത്ത് വിലാസക്കാരന് എത്തിക്കുകയാണ് പതിവ്. അംഗീകൃത സന്ദേശങ്ങളുടെ സീലുകള്‍ ടെലിഗ്രാഫ് ഓഫീസുകളില്‍ ഉണ്ടായിരിക്കും. സീലുകള്‍ മാറി അടിച്ചുപോകുമ്പോഴാണ് കൂടുതലായും തമാശകള്‍ ഉണ്ടാവാറ്. വിവാഹം കഴിഞ്ഞതിന് അനുശോചന സന്ദേശമായിരിക്കും ചിലപ്പോള്‍ ലഭിക്കുക.മരിച്ചെന്ന വിവരത്തിന് വിവാഹം കഴിഞ്ഞു എന്ന സന്ദേശവും പഴയകാലത്ത് ചിലര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രസവിച്ചത് ആണ്‍ കുഞ്ഞിനെയാണെങ്കിലും കമ്പി കിട്ടുക പെണ്‍കുഞ്ഞെന്നായിരിക്കും.ചിലപ്പോള്‍ പ്രസവിച്ച സ്ത്രീ മരിച്ചെന്നും സന്ദേശം കിട്ടും.
മരണ വാര്‍ത്ത അറിയിക്കാനാണ് സാധാരണക്കാരന്‍ മിക്കവാറും കമ്പിയെ സമീപക്കാറ്. അതുകൊണ്ടുതന്നെ ചിലര്‍ കമ്പി സന്ദേശം കൈപ്പറ്റാന്‍ തയ്യാറാവില്ല. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ കമ്പി സന്ദേശം വന്നാല്‍ സന്ദേശം എത്തിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വരുമ്പോള്‍ തന്നെ അദ്ദേഹത്തെ ഒരുകൂട്ടം ആളുകള്‍ അനുഗമിക്കുമായിരുന്നു. കാരണം കമ്പി നല്ല വാര്‍ത്തയായിരിക്കില്ല. മാത്രവുമല്ല സന്ദേശം കൈപ്പറ്റുന്നതിനുമുന്നെ വീട്ടുകാര്‍ കരയാന്‍ തുടങ്ങും. എന്നത് മറ്റൊരു തമാശ. അക്കാലത്ത് അത് തമാശയായിരുന്നില്ല എന്നത് നാം ഓര്‍ത്താല്‍ അതിന്റെ ഗൌരവം മനസ്സിലാവും. ഒരു വീട്ടില്‍ കമ്പി വന്നാല്‍ എത്രയോ അകലെവരെയുള്ള വീടുകളിലും, ആളുകളിലും കമ്പി വന്ന വിവരം അറിയും. അതായിരുന്നു അന്നത്തെ ഐക്യം.
റഷ്യ, ബല്‍ജിയം, കാനഡ, ജര്‍മ്മനി, ജപ്പാന്‍, ഇസ്രായേല്‍, എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ടെലിഗ്രാഫ് സംവിധാനം നിലനില്‍ക്കുന്നുണ്ട്.2006 ജനവരി 27 ന് അമേരിക്കയും, 2009 ജനവരി ഒന്നിന് നേപ്പാളും, 2011 മാര്‍ച്ച് ഏഴിന് ഓസ്ട്രേലിയയും ടെലിഗ്രാഫ് സംവിധാനം അവസാനിപ്പിച്ചു. ബ്രിട്ടനിലും, സ്വിറ്റ്സര്‍ലന്‍ഡിലും മറ്റും ടെലിഗ്രാഫ് ആശംസകള്‍ കൈമാറാന്‍ മാത്രമായി ചുരുക്കി.
റഷ്യ പഴഞ്ചനെന്നു പറഞ്ഞു തള്ളിയ ടൈപ്റൈയിറ്റിങ്ങ് സംവിധാനം സ്വകാര്യത സൂക്ഷിക്കാന്‍ ഏറ്റവും നല്ലത് ടൈപ്റൈയിറ്റിങ്ങ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ രാജ്യം വീണ്ടും അത് ഉപയോഗിക്കാന്‍ തുടങ്ങി.അതുപോലെ വീണ്ടുവിചാരമോ, തിരിച്ചറിവോ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ചിലപ്പോള്‍ ടൈലിഗ്രഫ് എന്ന കമ്പിയില്ലാക്കമ്പി തിരിച്ചു വന്നേക്കാം.
----==========================================================================
1997 ഏപ്രില്‍ 12 ന് എന്റെ വിവാഹം കഴിഞ്ഞ അന്നും, പിറ്റേദിവസവുമായി എനിക്ക് വിവാഹ ആശംസകളുമായി 51 ടെലിഗ്രാമുകളാണ് വന്നത്. അതില്‍ എന്നെ ഏഴാം ക്ലാസില്‍ പഠിപ്പിച്ച ലൂസി ടീച്ചര്‍, റോസമ്മ ടീച്ചര്‍ എന്നിവര്‍ തൃശൂരില്‍ നിന്നയച്ച ടെലിഗ്രാമുകളും ഉണ്ടായിരുന്നു.
നല്ല പോസ്റ്റ്.
മറുപടിഇല്ലാതാക്കൂബൈ ബൈ ടെലെഗ്രാഫ്...
എന്റെ ബ്ലോഗില്‍ അഭിപ്രായം എഴുതുകയും, അംഗമാവുകയും ചെയ്ത നിങ്ങള്‍ക്ക് നന്ദി
മറുപടിഇല്ലാതാക്കൂഇനി വിവാഹ ആശംസകളുമായി ടെലഗ്രാമുകള്‍ വരില്ല്ല്ലോ - വേണ്ടപ്പെട്ട ആരോ പിരിഞ്ഞു പോയപോലെ. ഒരു കാലഘട്ടത്തിലെ അതിവേഗ ആശയവിനിമയ ഉപാധിയായി നാടു ഭരിച്ച ടെലഗ്രാമുകള്‍ക്കും വിടപറയേണ്ടി വന്നിരിക്കുന്നു. ടെലഗ്രാം ജീവിച്ചിരുന്ന കാലത്ത് അറിയാതിരുന്ന പലതും ഇവിടെ നിന്ന് അറിയാന്‍ കഴിഞ്ഞു. നന്ദി.
മറുപടിഇല്ലാതാക്കൂഇല്ല... ഓരിക്കലും മരിക്കുന്നില്ല..ഇന്നത്തെ എല്ലാ വാര്‍ത്താവിനിമയത്തിന്‍റെയും അടിത്തറയായി ടെലിഗ്രാം എന്നും നിലനില്‍ക്കും...ലോകത്തിലെ ആദ്യത്തെ വാര്‍ത്താ വിനിമയ സംവിധാനത്തെക്കുറിച്ച് അറിവ് പകര്‍ന്നു തന്ന ഈ ലേഖനം പ്രസിദ്ധീകരിച്ചതിന് നന്ദി...
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി
മറുപടിഇല്ലാതാക്കൂ