Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, മാർച്ച് 15, 2012

കവി വി. വി. കെ അനുസ്മരണം V.V.K



വി. വി. കെ : മണ്ണിന്റെ പാട്ടുകാരന്‍ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

     'മനുഷ്യഹൃദയത്തിന്റെ ചക്രവാളത്തിൽ ബഹുദൂരം ചമൽക്കാരാതിശയത്തെ പ്രസരിപ്പിച്ചുകൊണ്ട് സഞ്ചരിക്കാനുള്ള ശക്തിയും, വേഗവുമുള്ള കവി' എന്നാണ് വലിയവീട്ടിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന വി. വി. കെ. യെ  ജി. ശങ്കരക്കുറുപ്പ് 'സുവർണ്ണമേഖല' എന്ന കവിതാസമാഹാരത്തിന്റെ അവതാരികയിൽ വിശേഷിപ്പിച്ചത്. അര നൂറ്റാണ്ട് മുൻപ് (1962 മാർച്ച് 16) ഈ ലോകത്തോട് വിടപറഞ്ഞ വി. വി. കെ. എന്ന മഹാനായ കവിയെ പുതുതലമുറക്ക് തികച്ചും അപരിചിതമാണ്.
              ഒരു കാലഘട്ടത്തിൽ വി. വി. കെയുടെ കവിതകൾ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്നു. അദ്ധ്യാപകനെന്നനിലയിൽ സ്വന്തം  കവിതകൾ സ്‌കൂൾ പാഠഭാഗമായി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ച  കവിയായ അദ്ധ്യാപകനാണ്. വി. വി. കെ.   കതിരൂർ ഗവ. ഹൈസ്‌കൂൾ ,കൂത്തുപറമ്പ് ഹൈസ്‌കൂൾ , കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്ന വി വി കെ യ്ക്ക് പ്രശസ്തരുൾപ്പടെ നിരവധി ശിഷ്യസമ്പത്തുണ്ട്. കെ. തായാട്ട് ,കെ. പി. ബി. പാട്യം ,  കെ. പാനൂർ , കെ. പൊന്ന്യം,അഡ്വ. എം. സി. വി. ഭട്ടതിരിപ്പാട്  എന്നിവർ കതിരൂർ ഹൈസ്‌കൂളിൽ നിന്നും വിഷ്ണുനാരായണൻ നമ്പൂതിരി ദേവഗിരി കോളജിൽ  നിന്നും വി വി കെ യുടെ ശിഷ്യന്മാരായി. ദീർഘകാലം  കതിരൂർ ഗവ. ഹൈസ്‌കൂളിലാണ് അദ്ധ്യാപനം നടത്തിയത്.  തന്റെ ജീവിതത്തിലെ മാതൃകാദ്ധ്യാപകൻ വി. വി. കെ ആണെന്ന് നിരവധി ലേഖനങ്ങളിലും, വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴും പലവട്ടം കെ. തായാട്ട് പറഞ്ഞിട്ടുണ്ട്.  വി വി കെ വിദ്യാർത്ഥികളോട് ഇടപഴകുന്ന  രീതി ഞാൻ എന്റെ അദ്ധ്യാപക ജീവിതത്തിൽ പകർത്തുകയും പരീക്ഷിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഞാൻ പഠിപ്പിച്ച  വിദ്യാർത്ഥികൾക്ക് ഞാനും പ്രിയപ്പെട്ട അദ്ധ്യാപകനായി മാറി. ജീവിതത്തിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചത് കതിരൂർ സ്‌കൂളിൽ നിന്ന് വി. വി. കെയുടെ നാടകത്തിലാണ്. ആ അഭിരുചിയാണ് തായാട്ടിനെ പിന്നീട് നാടകത്തിൽ ആകൃഷ്ടനാക്കിയത് .അറുപതിൽപ്പരം റേഡിയോ നാടകങ്ങളടക്കം നിരവധി നാടകങ്ങൾ രചിക്കുകയും, ശബ്ദം നൽകുകയും , അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
     ജി. ശങ്കരക്കുറുപ്പ് , എസ്. കെ. പൊറ്റക്കാട്,  ചങ്കമ്പുഴ ,  എൻ. വി. കൃഷ്ണവാര്യർ, കടത്തനാട് മാധവിയമ്മ, പി. കുഞ്ഞിരാമൻ നായർ, സി. എച്ച്. കുഞ്ഞപ്പ, എ. കെ. ജി. , സുകുമാർ അഴീക്കോട്  എം ടി. വാസുദേവൻ നായർ, തുടങ്ങിയ ആ കാലഘട്ടത്തിലെ പ്രശസ്തരുമായി അടുത്ത സൗഹൃദം വി. വി. കെ യ്ക്ക്  ഉണ്ടായിരുന്നു. എസ് കെ. പൊറ്റക്കാടും സുകുമാർ അഴീക്കോടും തലശ്ശേരിയിൽ തിരഞ്ഞെടുപ്പിന് മത്സരിച്ചപ്പോൾ ഇരുവരേയും കതിരൂരിൽ ഒരേ വേദിയിൽ പ്രസംഗിക്കാൻ കൊണ്ടുവന്നത് വി. വി. കെ ആയിരുന്നു. തലശ്ശേരിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന്  സുകുമാർ അഴീക്കോട് അവധിയെടുത്തപ്പോൾ പകരക്കാരനായി പഠിപ്പിച്ചത് വി. വി. കെയാണ്.  ഷഷ്ടിപൂർത്തി ആഘോഷഭാഗമായി വി. വി. കെയുടെ പടം കൂത്തുപറമ്പ് ഹൈസ്‌കൂളിൽ അനാച്ഛാദനം ചെയ്തത് ജി. ശങ്കരക്കുറുപ്പാണ്.   
തൊട്ടുകൂടാത്തവർ എന്നുപറഞ്ഞ് ദൂരെ നിർത്തിയവർക്ക് വി. വി..കെയുടെ വീട്ടുകിണറ്റിൽ നിന്നും വെള്ളം കോരാനുള്ള അനുവാദം കൊടുത്തത് അന്ന് ഏറെ ചർച്ചാവിഷയമായിരുന്നു.'കലർപ്പില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ തിരുവെഴുത്തുകളുടെ കവി' എന്നാണ് സുകുമാർ അഴീക്കോട് വി. വി. കെ. യെ വിശേഷിപ്പിച്ചത്.  നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്ന അദ്ദേഹം 'മണ്ണിന്റെ പാട്ടുകാരൻ' എന്ന കവിതയും എഴുതിയിട്ടുണ്ട്. വാഗ്മി, ഭാഷാസ്‌നേഹി, പ്രകൃതിസ്‌നേഹി, ബാറ്റ്‌മെന്റെൺ കളിക്കാരൻ എന്നീനിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്
     എൻ. വി. കൃഷ്ണവാര്യർ വി. വി. കെയുടെ കവിതകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:'വി.വി.കെയുടെ കവിതയെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഓടക്കുഴലിനെപ്പറ്റി

വി.വി. കെ.യുടെ ശിഷ്യന്മാരായ 
കെ. പാനൂര്‍,
 കെ. പൊന്ന്യം, കെ. തായാട്ട്
ഓർമ്മിച്ചു പോവുകയാണ.് പിയാനോവിന്റെ ഗാംഭീര്യവും, വൈവിധ്യവും ഓടക്കുഴലിനില്ലായിരിക്കാം. എന്നാൽ ഓടകുഴലിന്റെ സൗകുമാര്യവും,ലാളിത്യവും പിയാനോവിനില്ല. സൗകുമാര്യത്തിന്റെയും ,ലാളിത്യത്തിന്റെയും സൗന്ദര്യമാണ് ഞാൻ വി. വി. കെ. കവിതകളിൽ കാണുന്നത്'.കൃഷ്ണവാര്യരുടെ വാക്കുകൾ പോലെത്തന്നെയാണ് ഞങ്ങളുടെ  പ്രിയപ്പെട്ട അദ്ധ്യാപകന്റെ സ്വഭാവമെന്ന് കെ. പാനൂരും, കെ. പൊന്ന്യവും സാക്ഷ്യപ്പെടുത്തുന്നു.
     ഭാവശൃംഖല,സുവർണ്ണമേഖല, ഹൃദയഗായകൻ, വല്ലകി, മണ്ണിന്റെ കവിത, എന്റെ കവിത എന്നിവയാണ് വി. വി . കെ. യുടെ കവിതാസമാഹാരങ്ങൾ എന്റെ കവിത എന്ന
കവിതാ സമാഹാരത്തിന്റെ പുറംചട്ടയൊരുക്കിയത് വി വി കെയുടെ ശിഷ്യനും, ചിത്രകാരനും 1200 ൽ പരം പുസ്തകങ്ങളുടെ പുറം ചട്ടയൊരുക്കുകയുംചെയ്ത   കതിരൂരിലെ കെ. ശങ്കരനാരായണ മാരാറാണ്.
      വി. വി. കെയുടെ എരുവട്ടിയിലെ മാധവി സദൻ എന്ന വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളും ഹയർസെക്കന്റെറി വിഭാഗത്തിലെ റിട്ട. മലയാളം അദ്ധ്യാപികയുമായ വി. വി. കെ. മാധുരിയും കുടുംബവുമാണ്. . മൂത്തമകൾ ഇന്ദിര നേരത്തെ മരണപ്പെട്ടിരുന്നു. 
      2009 മുതൽ ഓരോ വർഷവും കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കേരളത്തിലെ പ്രമുഖരായ കവികളുടെ കവിതാ സമാഹാരങ്ങൾക്ക് വി. വി. കെ യുടെ പേരിൽ അവാർഡ് നൽകുന്നുണ്ട്. 10001 രൂപയും, പൊന്ന്യം ചന്ദ്രൻ രൂപകൽപന ചെയ്ത ശിൽപവും, കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ പെയ്ന്റിങ്ങും അടങ്ങിയതാണ് അവാർഡ്. കുരീപ്പുഴ ശ്രീകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്.  എരുവട്ടി കോഴൂരിൽ വി. വി. കെ. സ്മാരക കലാലയവും പ്രവർത്തിക്കുന്നുണ്ട്. കതിരൂർ ആസ്ഥാനമായി വി. വി. കെ. മാതൃഭൂമി സ്റ്റഡിസർക്കിളുമുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ