Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2015

നേതി

  'നേതി' : മലബാർ കാൻസർ സെന്ററിന്റെ പുകയിലക്കെതിരെയുള്ള അക്ഷരയുദ്ധം
 


      ആഗോളതത്തിൽ ഓരോ വർഷവും 5.4 ദശലക്ഷം ആളുകൾ പുകയില ഉപയോഗത്താൽ മരണമടയുന്നു. ഇത്തരത്തിലുള്ള മരണങ്ങളുടെ 80 ശതമാനവും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. സംസ്‌ക്കരിച്ച പുകയിലയിൽ ഏകദേശം 2550 രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. പുകയില കത്തിച്ചു
കഴിയുമ്പോൾ പുറത്തു വരുന്ന രാസവസ്തുക്കളുടെ എണ്ണം 7000ത്തിൽ അധികമാണ്. അതിൽ കുറഞ്ഞത് 69ഓളം രാസവസ്തുക്കൾ അർബുദത്തിന് കാരണമാവുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ പ്രതിവർഷം പുകയില ജന്യരോഗങ്ങളാൽ മരിക്കുന്നു.ഇന്ത്യയിൽ മൂന്നിലൊന്ന് അർബുദവും പുകയിലയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
     പുരുഷൻമാരിലെ 50 ശതമാനം അർബുദവും സ്ത്രീകളിലെ 25 ശതമാനം അർബുദവും പുകയിലയുമായി ബന്ധപ്പെട്ടതാണ്. 15 വയസ്സിൽ താഴെയുള്ള ഇന്ത്യയിലെ കുട്ടികളിൽ ലോകാരോഗ്യസംഘടന നടത്തിയ ഏറ്റവും പുതിയ പഠനപ്രകാരം 14.6 ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗം ശീലമാക്കിയിട്ടുള്ളവരാണെന്ന്  കണ്ടെത്തിയിരിക്കുന്നു.ഇന്ത്യയിൽ പുകയില ഉപയോഗിക്കുന്നവരുടെ ഏകദേശ സംഖ്യ 275 ദശലക്ഷമാണ്.ലോകത്തിൽ വായിൽ അർബുദം ബാധിച്ചവരിൽ 80 ശതമാനവും ഇന്ത്യയിലാണ്.അതിന്റെ പ്രധാന കാരണമാവട്ടെ പുകയില ഉപയോഗവും.  പുകവലിയേക്കാൾ പുകയില ചവയ്ക്കുന്ന ശീലം അനിയന്ത്രിതമായി വർദ്ധിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. കുട്ടികളേയും,യുവാക്കളേയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും മോചിപ്പിക്കുക എന്ന സന്ദേശവുമായി മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആന്റി ടുബാക്കോ സെൽ പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് 'നേതി വാർത്താ പത്രിക'.
     എഴുപത് ശതമാനവും കട്ടികളുടെ രചനയ്ക്കാണ് നേതിയിൽ പ്രധാന്യം നല്കുന്നത്.അതിലൂടെ കുട്ടികളിൽ പുകയില വിരുദ്ധചിന്ത വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.നാല് മാസം കൂടുമ്പോൾ ഒരു തവണയാണ് നേതി പ്രസിദ്ധീകരിക്കുക. ഒരു വർഷത്തിൽ മൂന്ന് പതിപ്പ്. ഓരോ പതിപ്പും 5000 കോപ്പികളാണ് അച്ചടിച്ചിറക്കുന്നത്. കാസർഗോഡ്, കണ്ണൂർ,  മാഹി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം തുടങ്ങയ ജില്ലകളിലെ സ്‌കൂളുകൾ, ക്ലബ്ബുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നേതി നല്കുന്നത്. നേതിയുടെ വിതരണം പൂർണ്ണമായും സൗജന്യമാണ്.
     2012 മെയ് 31 നാണ് നേതിയുടെ ആദ്യലക്കം  എട്ടാം ലക്കം ഡിജിറ്റൽ എഡിഷനായും പുറത്തിറക്കി. ജൂൺ 20ന് മന്ത്രി കെ.പി.മോഹനൻ പാനൂരിൽ നിന്ന് ഡിജിറ്റൽ എഡിഷൻ പ്രകാശനം ചെയ്തു.  www.mcc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡിജിറ്റൽ എഡിഷൻ വായിക്കാനാവും.  
     മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യനാണ് നേതിയുടെ എഡിറ്റർ. ഡോ.ഫിൻസ് എം.ഫിലിപ്പ്, ഡോ.എ.പി.നീതു, ഡോ.വി.രാമചന്ദ്രൻ, മേജർ പി.ഗോവിന്ദൻ, ചാലക്കര പുരുഷു, ടി.സി.പ്രദീപ്, ദയാനന്ദൻ എന്നിവരാണ് പത്രാധിപസമിതി അംഗങ്ങൾ. നേതിയിലേക്കുള്ള സൃഷ്ടികൾ സ്‌കൂൾ,കോളജ് വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി എല്ലാവർക്കും അയക്കാവുന്നതാണ്. ചെറുകഥ, ചെറുകവിത, നുറുങ്ങുകൾ, അനുഭവക്കുറിപ്പുകൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ എന്നിവയൊക്കെ അയക്കാം.എല്ലാ സൃഷ്ടികളുടെയും ആശയം വിദ്യാലയങ്ങളിൽ നി്ന്നും, സമൂഹത്തിൽ നിന്നും ഹാൻസ്, പാൻപരാഗ്, ബീഡി,സിഗരറ്റ്, മദ്യം, വെറ്റിലമുറുക്ക്, തുടങ്ങിയ അർബുദകാരണങ്ങളായ ശീലങ്ങളെ അകറ്റുക എന്നതാവണം.സൃഷ്ടികൾ അയക്കേണ്ട വിലാസം : എഡിറ്റർ, നേതി വാർത്താ പത്രിക, കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം, മലബാർ കാൻസർ സെന്റർ, പി.ഒ.മൂഴിക്കര, തലശ്ശേരി.  ഫോൺ : 9496048812,9496048817  Email: tccthalassery@gmai.com 

വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2015

കതിരൂരിലെ ഗ്യാസ് ശ്മശാനം

മലബാറിലെ ആദ്യത്തെ മലിനീകരണ വിമുക്ത ശ്മശാനം കതിരൂരിൽ


   മലബാറിലെ ആദ്യത്തെ മാതൃകാ ഗ്യാസ് ശ്മശാനം കതിരൂരിലെ കുണ്ടുചിറ വ്യവസായ എസ്റ്റേറ്റിന് സമീപം പൂർത്തിയായി. പൂർണ്ണമായും മലിനീകരണവിമുക്ത ശ്മശാനമാണ്. 54 സെന്റ് സ്ഥലത്ത് 1549 ചതുരശ്ര അടി
ഗ്യാസ് ശ്മശാന കെട്ടിടം
വിസ്തീർണ്ണമുള്ള കെട്ടിടമാണ് ശ്മശാനത്തിനായി പണിതിട്ടുള്ളത്.           
    ജലനിധിയുടെ ശുചിത്വപദ്ധതിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപാ ചെലവിലാണ് കതിരൂർ ഗ്രാമപഞ്ചായത്തിനായി ശ്മശാനം പണിതത്. കൂടാതെ ആറ് ലക്ഷം രൂപാ ചെലവിൽ ജനറേറ്ററും
സ്ഥാപിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌ക്കരിക്കുമ്പോഴുണ്ടാവുന്ന പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴിയാണ് പുക പുറംതള്ളുക. അതുകൊണ്ട് തന്നെ മണമോ, മറ്റ് അസ്വസ്ഥതകളോ ഉണ്ടാവില്ല. എട്ട് ഗ്യാസ് കുറ്റിയിൽ നിന്ന് ഒരേ സമയം ഒരേ അളവിൽ ഗ്യാസ് തുറന്ന്  വിട്ടാണ് ദഹിപ്പിക്കുക. എട്ട് കുറ്റി ഗ്യാസ് കൊണ്ട് 13 മൃതദേഹങ്ങൾ ദഹിപ്പിക്കാനാവും. ഒരു മൃതദേഹം ദഹിച്ച് ചാരമാവാൻ 10 മുതൽ 12 കിലോ ഗ്യാസാണ് വേണ്ടത്.  ദിവസത്തിൽ ആദ്യത്തെ ഒരു മൃതദേഹം

ശ്മശാനത്തിലെ  ഫർണ്ണസ്
ദഹിക്കാൻ 40 മുതൽ 50 മിനുട്ട് വരെ സമയമെടുക്കും.പിന്നീടുള്ളവയ്ക്ക് 30 മിനുട്ട് മാത്രമേ വേണ്ടൂ.മൃതദേഹത്തിൽ കർപ്പൂരം കത്തിച്ച് വെച്ച് ഫർണ്ണസിന്റെ വാതിലടച്ചാൽ  മാത്രമേ തീ പടരുകയുള്ളൂ. 
     ശവസംസ്‌ക്കാരച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇരിക്കാനും , കർമ്മങ്ങൾ ചെയ്യുന്നവർക്ക് കുളിക്കാനും വസ്ത്രം മാറ്റാനുമുള്ള സൗകര്യവുമുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന യന്ത്രം സ്ഥാപിച്ചത് വിശാലമായ ഒരു മുറിയിലാണ്.ഇതിന്റെ ചുമരിൽ കതിരൂരിലെയും. പരിസങ്ങളിലേയും ചിത്രകാരന്മാരുടെ സൃഷ്ടികൾ സ്ഥിരമായി പ്രദർശിപ്പിക്കും
 രണ്ട് കുളിമുറി, കക്കൂസ്, വരാന്ത, ഓഫീസ് റൂം, കൂടാതെ ഗ്യാസ് സൂക്ഷിക്കുന്ന മുറിയും പ്രത്യേകമായിട്ടുണ്ട്. കെട്ടിടത്തിൽ നിന്നും അല്പം മാറി ഒരു കിണറും പൂർത്തീകരിച്ചിട്ടുണ്ട്.  കുണ്ടുചിറയുടെ കരയ്ക്ക് സമീപമായതിനാൽ പുഴയിൽ മുങ്ങിക്കുളിച്ച ശേഷം കർമ്മം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള സൗകര്യവും അടുത്തുതന്നെ ഏർപ്പെടുത്തും.കർമ്മം ചെയ്യാനുള്ള ചാരം മൺകുടത്തിൽ നല്കും. കെട്ടിടത്തിന് സമീപം ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനള്ള സൗകര്യവും, പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.ശ്മശാനവും പരിസരവും പൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
    ഒരു മൃതദേഹം ദഹിപ്പിക്കാനായി 2500 രൂപയും,  ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയോ,മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ സമ്മതപത്രവും ശ്മശാന ഓഫീസിൽ നല്കണം.  കർമ്മങ്ങൾ ചെയ്യാനാവശ്യമായ സാധനങ്ങൾ സ്വന്തം ചെലവിൽ കൊണ്ടുവരേണം.ശ്മശാനത്തിന്റെ നടത്തിപ്പ് ഗ്രാമപഞ്ചായത്ത് അനുശാസിക്കുന്ന നിയമപ്രകാരം കരാർ അടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ച് നല്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.    
      2015 സപ്തംബർ 13 ന് ഒമ്പത് മണിക്ക് ശ്മശാന കെട്ടിടത്തിന് സമീപം നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ കെട്ടിടത്തിന്റെ  താക്കോൽ കതിരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പവിത്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ പി.ബാലകിരൺ മുഖ്യാതിഥിയായി.

കതിരൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ , വി.ചന്ദ്രൻ, സി.വത്സൻ, എം.ഷീബ, പി.വി.രാഘവൻ, സി.ബാലകൃഷ്ണൻ, ടി.സീത, ടി.കെ.ഷാജി, ടി.എം.ദിനേഷ് ബാബു, എ.വാസു,പി.ജനാർദ്ദനൻ, പൊന്ന്യം കൃഷ്ൺ,
ജില്ലാ കളക്ടർ പി.ബാലകിരൺ
ബഷീർ ചെറിയാണ്ടി, വി.രാമകൃഷ്ണൻ, സുനിൽ പരുമാനൂർ, എൻ.പവിത്രൻ, എം.മോഹനൻ എന്നിവർ സംസാരിച്ചു.   

    കെട്ടിടത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും, മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള അംഗീകാരം കൂടി ലഭിക്കണം.മാത്രവുമല്ല യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കാനും, ദഹിപ്പിക്കാനുള്ള പരിശീലനവും അവിടെ നിയമിക്കുന്നവർക്ക് നല്‌കേണ്ടതുണ്ട്.   അത് കൂടി പൂർത്തിയായാൽ മാത്രമേ മൃതദേഹങ്ങൾ സ്വീകരിക്കുകയുള്ളു.

(2015 സപ്തംബർ 10 & 14 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത)