വീടിന് ഐശ്വര്യം പന്ത്
|
| പന്തിന്റെ മാതൃകയിൽ നിർമ്മിച്ച വീടിന്റെ ഗെയ്റ്റിനുമുന്നിൽ കെ.പി.ഷിജു |
വീടിന്റെ ഐശ്വര്യമാവുകയാണ് പന്ത്. കതിരൂർ ഹൈസ്‌കൂൾ കൂറ്റേരിച്ചാൽ റോഡിലെ ഒരു വീടിന്റെ പേര് 'പന്ത് ' എന്നാണ്. പേര് മാത്രമല്ല ഗെയ്റ്റിനും തൂണിനുമുണ്ട് പന്തുമായി ബന്ധമുള്ള പ്രത്യേകതകൾ.
കാൽപന്ത് കളിയോടുള്ള തീവ്രപ്രണയമാണ് കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കാപ്പുമ്മൽ ബ്രാഞ്ച് മാനേജർ കെ.പി.ഷിജു വീടിന് പന്ത് എന്ന പേര് നല്കിയത്. ഗെയ്റ്റിന്റെ രണ്ട് തൂണുകളുടെയും മുകളിൽ കോൺക്രീറ്റിൽ തീർത്ത വലിയ പന്താണ് ആരെയും ആകർഷിക്കുക. എട്ട് വർഷം മുന്നെയാണ് ഷിജു ഗെയ്റ്റ് നിർമ്മിച്ചത്. കോൺക്രീറ്റിൽ വലിയ ഗോളമുണ്ടാക്കി ജെ സി ബി ഉപയോഗിച്ചാണ് അത് തൂണിനുമുകളിൽ എടുത്തുവെച്ചത്. കാൽപ്പന്തിന്റെ മാതൃക രൂപകല്പന ചെയ്തത് ചിത്രകാരനും ഡയറ്റ് അധ്യാപകനുമായ എ.രവീന്ദ്രനാണ്. ഗെയ്റ്റിന്റെ പാളികൾ നെറ്റിന്റെ മാതൃകയിലാണ് അതിൽ രണ്ട് കളിക്കാരെയും കാണാനാവും. ഗെയ്റ്റും തൂണും ആറ് മാസം എടുത്താണ് പൂർത്തീകരിച്ചത. അന്ന് ചെലവ് ഒരുലക്ഷം രൂപ കവിഞ്ഞിരുന്നു. കാൽപ്പന്ത് കളിയെ സ്‌നേഹിക്കുന്ന ഷിജു സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ഞാൻ സ്വന്തമായി പണിയുന്ന വീടിന് പന്ത് എന്നാണ് പേര് നല്കുക എന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഒരു സാക്ഷാത്ക്കാരം കൂടിയാണിത്.
16 വയസ്സുമുതൽ ഷിജു കതിരൂരും പരിസരത്തും നടക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ അനൗൺസറാണ്. 1996 മുതൽ കതിരൂരിൽ നടക്കുന്ന ശൈലേഷ് മെമ്മോറിയൽ യുവധാര ടൂർണ്ണമെന്റ് പിന്നീട് കെ.വി.സുധീഷ് ടൂർണ്ണമെന്റ് എന്നിവയുടെ മുഖ്യസംഘാടകനുമാണ്.
കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ താരങ്ങളായ സി.കെ.വിനീത്, മുഹമ്മദ്‌റാഫി, എൻ.പി.പ്രദീപ് എന്നിവർ നേതൃത്വം നല്കുന്ന കതിരൂർ ബാങ്ക് എഫ്-13 ഫുട്‌ബോൾ അക്കാദമിയുടെ കൺവീനറാണ് ഷിജു. രണ്ട് വർഷം മുന്നെ കതിരൂരിൽ സുനിൽ ഛേത്രി വന്നപ്പോൾ അദ്ദേഹം ഒപ്പിട്ട് നല്കിയ പന്ത് ഷിജു വീട്ടിൽ നിധിപോലെ സൂക്ഷിച്ചിരിക്കയാണ്. ഷിജുവിന്റെ കാറിന്റെയും ബൈക്കിന്റെയും മുകളിൽ പന്ത് എന്ന് എഴുതി വെച്ചിട്ടുണ്ട്. കൂടാതെ കീ ചെയിനും പന്തിന്റെ മാതൃകയാണ്.
അമ്മ കെ.പി.രമ, കടമ്പൂർ ഹൈസ്‌കൂൾ അധ്യാപകയും ഷിജുവിന്റെ ഭാര്യയുമായ റീഷ കിഴക്കേ വീട്ടിലും വിദ്യാർഥികളായ മക്കൾ ഗൗരിയും ഗായത്രിയും പന്തിനെയും കളിയേയും സ്‌നേഹിക്കുന്നവർ തന്നെ.
ഫ്രാൻസിന്റെ കടുത്ത ആരാധകനായ ഷിജു ഇത്തവണ ഫൈനൽ പൂർത്തിയാകുമ്പോൾ ഫ്രാൻസ് കപ്പും കൈയ്യിലേന്തി കളം നിറഞ്ഞ് ചിരിക്കും എന്ന ആത്മവിശ്വാസത്തിലാണ്.