Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ജനുവരി 15, 2015

Devanand

ദേവാനന്ദ് : ചുമട്ട്‌  തൊഴിലാളിയായ
                            ക്രിക്കറ്റ് പരിശീലകന്‍
     രാവിലെ തലശ്ശേരി പച്ചക്കറി മാര്‍ക്കറ്റില്‍ ചുമടെടുക്കുന്ന ദേവാനന്ദനെ വൈകീട്ടൊന്ന് കാണണമെന്നുവെച്ച് മാര്‍ക്കറ്റില്‍ പോയി അന്വേഷിച്ചാല്‍ കാണാനാവില്ല. ദേവാനന്ദനെ കാണണമെങ്കില്‍ തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പോവണം.അവിടെ നിങ്ങള്‍  ദേവാനന്ദനെ മറ്റൊരു വേഷത്തിലാവും കാണുക.അതായത്  കര്‍ക്കശക്കാരനായ ലെവല്‍  വണ്‍ ക്രിക്കറ്റ് പരിശീലകന്റെ വേഷത്തില്‍.വിസമയകരമായ ഒരു വേഷപ്പകര്‍ച്ച.
     പഠിക്കുന്ന കാലം മുതല്‍ ക്രിക്കറ്റിനെ പ്രണയിച്ച  46-കാരനായ എം.സി.ദേവാനന്ദ് രണ്ട് വര്‍ഷമായി പിണറായി ഗ്രാമ പഞ്ചായത്തിലെ 
എടക്കണ്ടി മുക്കിലെ 'ലക്ഷ്മി നന്ദന'ത്തിലാണ്  താമസം. തലശ്ശേരി എന്‍.സി.സി.റോഡിലായിരുന്നു തറവാട് .തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളിലാണ് പഠിച്ചത്. വീട്ടിലെ ദാരിദ്ര്യവും പഠിക്കാനുള്ള മടിയും കാരണം പഠനം ആറാം ക്ലാസില്‍ അവസാനിപ്പിച്ചു  അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബ്രണ്ണന്‍ ഹൈസ്‌കൂളിലെ കായികാധ്യാപകന്‍ സഹദേവനാണ് ദേവാനന്ദനിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞത്.   ബ്രണ്ണനിലെ ജൂനിയര്‍ ടീമില്‍ ആദ്യമായി സെലക്ട് ചെയ്തു. ഒരു മേച്ച് മാത്രം കളിച്ചു.ഫൈനലില്‍  തോറ്റു.ആറാം ക്ലാസില്‍ ചേര്‍ന്നെങ്കിലും  തലശ്ശേരി പച്ചക്കായ മാര്‍ക്കറ്റായിരുന്നു ദേവാനന്ദന്റെ ഇഷ്ട കേന്ദ്രം.അവിടെ നിന്ന് ചുമടെടുത്തും,കായപെറുക്കിയും കിട്ടുന്ന തുകയായിരുന്നു അന്ന് വിദ്യഭ്യാസത്തിനേക്കാള്‍ പ്രധാനം. പിന്നീട് മാര്‍ക്കറ്റ് ജീവിതത്തിന്റെ ഭാഗമായി മാറി.ഒപ്പം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നുള്ള ക്രിക്കറ്റും. 
 ദേവാനന്ദന്റെ  ഓരോ ദിവസവും തുടങ്ങുന്നത് രാവിലെ ആറര മണിയോടെ തലശ്ശേരി പുതിയ ബസ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിലെത്തന്നതോടെയാണ്.മാമ്പഴക്കാലമായാല്‍ ആറ് മണിക്കും മുന്നെയെത്തണം.പിന്നെ വൈകീട്ട് മൂന്ന് മണിവരെ ചുമടെടുക്കല്‍. പച്ചക്കായ് കുലകളാണ് പ്രധാനമായും ചുമടുണ്ടാവുക.മൂന്നരയോടെ തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തും.രാത്രി ഏഴ് മണിവരെ ക്രക്കറ്റ് പരിശീലനം.

രാവിലെ ലുങ്കിയും, ഷര്‍ട്ടും,തോര്‍ത്തുകൊണ്ടുള്ള തലേക്കെട്ടുമാണ്  വേഷമെങ്കില്‍ സ്റ്റേഡിയത്തില്‍ പാഡും, തൊപ്പിയും അണിഞ്ഞ് പൂര്‍ണ്ണമായും ഒരു ക്രിക്കറ്റ് പരിശീലകന്റെ വേഷത്തിലത്രെ. ദേവാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാവിലെത്തേത് എനിക്കു വേണ്ടി.അതായത് കുടുംബം പോറ്റാന്‍. വൈകീട്ടേത് കായിക ലോകത്തിനു വേണ്ടി പുതിയൊരു താരത്തെ രാജ്യത്തിനു നല്കാന്‍. ലെവല്‍ ഒ പരീക്ഷ പാസായ ദേവാനന്ദ് ലെവല്‍ വണ്‍ പരീക്ഷയില്‍ ഒമ്പത് മാര്‍ക്കിനാണ് പരാജയപ്പെട്ടത്. പരാജയപ്പെട്ടാലും പരീക്ഷക്കിരുന്നു എന്നതിനാല്‍ ലവല്‍ വണ്‍ പരിശീകനായാണ് പരിഗണിക്കുക. 
     ആര്‍.ശ്രീധര്‍, ഭാരത് അരുണ്‍, ദിനേശ് നാനാവതി, ഡോ.സൂറത്ത് വാല എന്നീ പ്രശസ്തരായ ദേശീയ ക്രിക്കറ്റ് കോച്ചുമാരുടെ ശിക്ഷണം ദേവാനന്ദ് നേടിയിട്ടുണ്ട്. 2007 മുതല്‍ 2009 വരെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായും പ്രവര്‍ത്തിച്ചു .30 കൊല്ലമായി ലീഗില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല 30 വര്‍ഷം ഒരേ ക്ലബ്ബിനുവേണ്ടി കളിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഏക കളിക്കാരനും ദേവാനന്ദ് മാത്രമാണ്. ഇപ്പോള്‍ സി.ഡിവിഷന്‍ കളിക്കാരനാണ്.ക്രിക്കറ്റ് കളിയുള്ള ദിവസം ദേവാനന്ദ് മാര്‍ക്കറ്റില്‍ പോവാറില്ല. തലശ്ശേരി കായ തൊഴിലാളി യൂണിയന്‍ അംഗവും,മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു.
      1986- 87 കലം മുതലാണ്  ക്രിക്കറ്റില്‍ പ്രൊഫഷണലായി വരുന്നത്. സുഹൃത്തുക്കളായ ഇര്‍ഷാദ്, അഷ്‌വാക്ക് എന്നിവര്‍ ചേര്‍ന്ന് 'ലക്കി എംബ്ലം' എന്നപേരില്‍ ഒരു ക്ലബ് രൂപവത്ക്കകരിച്ചു.ആറ് മാസം കഴിഞ്ഞാണ് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഫിലിയേഷന്‍ നല്കിയത്. 
അസോസിയേഷന്‍ അന്ന് ഒരു കൂട്ടം ചില പ്രമാണിമാരുടെ കൈയ്യിലായിരുന്നു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നല്ല അതിന്റെ യഥാര്‍ത്ഥ പേര് കേനന്നൂര്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ എന്നാണ്.ചാരിറ്റബിള്‍ ട്രസ്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. അതുകൊണ്ട് ഒരിക്കലും അതിന്റെ പേര് മാറ്റാനാവില്ല.അതിന് 150 വര്‍ഷത്തെ പഴക്കവുമുണ്ട്. 
     അസോസിയേഷന്‍ ഡി ഡിവിഷനില്‍ എന്‍ട്രി തന്നു. ആവര്‍ഷം തന്നെ ആറ് കളിയിലും ജയിച്ചു.ചാമ്പ്യന്‍മാരുമായി. ഇതൊരു വഴിത്തിരിവാകുകയും ചെയ്തു.1989-90 കാലത്ത് തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് പ്രാക്ടീസ് നടത്തിയിരുന്നത്.  പ്രാക്ടീസ് കാണാന്‍ വേണ്ടി മാത്രം മുന്‍കല ക്രിക്കറ്റര്‍മാരായ ഒരു കൂട്ടം പ്രായമുള്ള ആളുകള്‍ സ്റ്റേഡിയത്തിലെത്തും.അവരായിരുന്നു പ്രധാനമായും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നത്.  അപ്പോഴേയ്ക്കും  ഡി ഡിവിഷനില്‍ നിന്നും ചാമ്പ്യന്‍മാരായി സി.ഡിവിഷനിലെത്തി.അതിന്റെ പിറ്റേവര്‍ഷം  സി.യില്‍ ചാമ്പ്യന്‍സായി സിയില്‍ നിന്നും ബി യിലേക്ക് കളിച്ചു.അക്കാലത്ത്  ആറ് വര്‍ഷം  കൂത്തുപറമ്പില്‍ ടൂര്‍ണ്ണമെന്റ് നടത്തിയിരുന്നു.  നാല് വര്‍ഷം തുടര്‍ച്ചായി 'ലക്കി എംബ്ലം' ചാമ്പ്യന്‍മാരായി.
    1993-94 കാലഘട്ടത്തിലാണ് കെ.സി.എ യുടെ ഭാരവാഹയായിരുന്ന പി.വി.സിറാജ്ജുദ്ദീനെ പരിചയപ്പെടുന്നത്.അതോടൊപ്പം ലക്കി എംബ്ലം ക്ലബ് ജില്ലക്കകത്തും പുറത്തും അറിയപ്പെട്ടുതുടങ്ങി.  സിറാജ്ജുദ്ദീനുമായുള്ള ബന്ധം ദേവാനന്ദന്റെ ക്രിക്കറ്റ് ജീവതത്തിലെ വഴിത്തിരിവായിമാറി. അദ്ദേഹത്തിന് ഗുരുസ്ഥാനമാണ് നല്കിയിട്ടുള്ളത്. എന്റെ ഉയര്‍ച്ചക്ക് കാരണം സിറാജ്ജുദ്ദീനാണെന്ന് എപ്പോഴും അഭിമാനത്തോടെ ഞാന്‍ പറയും.അദ്ദേഹമാണ് എന്നെ ലെവല്‍ വണ്‍ പരീക്ഷയ്ക്ക് അയക്കുന്നത്.  അതിനിടെ  ക്ലബിലെ നല്ലൊരു കളിക്കാരനായ ഇര്‍ഷാദ് കണ്ണൂരിലെ

ബ്രദേഴ്‌സ് ക്ലബിലേക്ക് മാറി. അതോടെ ക്ലബ്ബിന്റെ മുഴുവന്‍ ചുമതലയും ദേവാനന്ദനിലെത്തി.. ക്ലബ്ബില്‍ കളിക്കാന്‍ എപ്പോഴും ആളെ കിട്ടിയിരുന്നു.  ഒരുഘട്ടത്തില്‍ ക്ലബിന്റെ  അവസ്ഥ വളരെ മോശമായിരുന്നു. നല്ല പാഡും, ക്യാപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നേവരെ കണ്ണൂര്‍ ജില്ലാ ലീഗ് മത്സരത്തില്‍ ഇറങ്ങാതിരുന്നിട്ടില്ല. സിറാജ്ജുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലക്കി എംബ്ലം എന്ന പേര് മാറ്റി തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്നാക്കുന്നത്. ഇപ്പോള്‍ തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഇന്ന് തലശ്ശേരി ക്രിക്കറ്റ് ക്ലബ് നല്ല നിലവാരത്തിലാണ് മുന്നോട്ട് പോവുന്നത്.
      ജില്ലാ ക്രിക്കറ്റ അസോസിയേഷനുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായ ശേഷം ക്ലബിലെ  അംഗങ്ങള്‍ക്ക് മാത്രമേ ദേവാനന്ദ് കോച്ച് നല്‍കുന്നുള്ളൂ. ഓരോ കൊല്ലവും രണ്ടും, മൂന്നും കുട്ടികളെ പുതുതായി  ക്ലബില്‍ എത്തിക്കും പലരും സോണല്‍ ലവലില്‍ വരെയെത്തിക്കഴിഞ്ഞു. ഇപ്പോള്‍ ക്ലബിലുള്ള സജീര്‍ ബാംഗ്ലൂരില്‍ കിര്‍മ്മാണിയുടെ ക്യാമ്പില്‍ പങ്കെടുത്തതാണ്. 
     'പുതിയ കുട്ടികള്‍ ക്രിക്കറ്റിലേക്ക് വരവ് കുറവാണ്.  അതിന് കാരണം വിദ്യാഭ്യാസപരമായി അവര്‍ക്ക് യാതൊരു അംഗീകാരവും കിട്ടുന്നില്ല.ക്രിക്കറ്റ്  അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല..സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ.അത് ലഭിക്കാഞ്ഞാല്‍ പിന്നെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്'ദേവാനന്ദ് പറഞ്ഞു. 
     ദേവാനന്ദന്‍ ഇന്നേവരെ ക്രിക്കറ്റില്‍ നിന്ന് ഒന്നും സമ്പാതിച്ചിട്ടില്ല. ഒരിക്കല്‍ 500 രൂപ കിട്ടി. അത് പിന്നീട് ഒരു അനാഥാലയത്തില്‍ നല്കുകയാണ് ചെയ്തത്. സ്വന്തം ചിലവില്‍ രണ്ട് മാസം മലേഷ്യയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.മാര്‍ക്കറ്റില്‍ ഞാന്‍ തനി കൂലിക്കാരനാണ്. കളിക്കളത്തിലെത്തിയാല്‍ ഞാന്‍ തനി ക്രിക്കറ്ററുമാണ്. അതായത് രണ്ടിലും ഒരു വിട്ടുവീഴ്ചയുമില്ലന്നര്‍ത്ഥം.
     പരേതരായ സി.എച്ച് ചാത്തുവിന്റെയും ലക്ഷ്മിയുടെയും മകനാണ് ദേവാനന്ദ്. ഭാര്യ കുറ്റിയാടി സ്വദേശിനി എ.കെ ഷൈനി. മമ്പറം യു.പി.സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഋതിക ദേവ്, ഒന്നര വയസ്സുകാരന്‍ ഋതുദേവ് എന്നിവര്‍ മക്കളാണ

അസോസിയേഷനെതിരെ ദേവാനന്ദന്റെ ചില വെളിപ്പെടുത്തലുകള്‍
     'കണ്ണൂര്‍ ജില്ലാ അസോസിയേഷനെതിരെ ഒരു പാട് പരാതിയുണ്ടെങ്കിലും ഒരു കാര്യം ഞാനുറപ്പിച്ചു പറയാം.യഥാര്‍ഥ സെലക്ഷനുംയഥാര്‍ഥ പരിശീലനവും, യഥാര്‍ഥ രീതിയിലുള്ള മേച്ചസും നടന്നാല്‍ കണ്ണൂര്‍  ജില്ല ക്രിക്കറ്റ് ടീമിനെ  വെല്ലുവിളിക്കന്‍ പറ്റുന്ന ഒരു ടീമും ഇന്ന് കേരളത്തിലില്ലെന്ന് എനിക്കുറപ്പ് പറയാനാവും അത്ര മികവുറ്റതാണ്. കുറച്ചു കാലമായി അല്പം പിന്നോട്ടാണ് ജില്ലാ ടീം. അതിനു കാരണം ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടാണ്.കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വി.പി.ഇസാക്ക്  ഫുട്‌ബോള്‍ കളിക്കാരനാണ്. ഏറണാകുളത്തെ പ്രീമിയം ടയേഴ്‌സിനെ പ്രതിനിധീകരിച്ച ഒരുപാട്കാലം ഫുട്‌ബോള്‍ കളിച്ചതാണ്. ഇപ്പോഴത്തെ പ്രസിഡന്റും, കല്ലിക്കണ്ടി എന്‍.എ.എം.കോളജ് സ്‌പോര്‍ട്‌സ് മാഷുമായ മധു മാഷക്ക  ക്രിക്കറ്ററല്ല. അയാള്‍ക്ക് ക്രിക്കറ്ററിയില്ല. അയാള് കബഡി കളിക്കാരനാണ്. പിന്നെ   കെ.സി.എന്‍ അംഗവും കണ്ണൂര്‍ എസ്.എന്‍.കോളജ് കായികാധ്യാപകനുമായ അജയന്‍ മാഷും ക്രിക്കറ്ററല്ല.അദ്ദേഹം 2009 ല്‍ ജില്ലാ അസോസിയേഷനിലേക്കുള്ള മത്സരത്തില്‍ സ്ഥാനത്തിന് വില പറഞ്ഞിട്ട് സ്ഥാനം കരസ്ഥമാക്കിയ ആളാണ്. അയാളും ഫുട്‌ബോളറാണ്. മറ്റൊരു കെ.സി.എ.അംഗമായ ചിറക്കുനിയിലെ അശോകന്‍ ക്രിക്കറ്ററല്ല. പക്ഷെ അയാള്‍ക്ക ക്രിക്കറ്റിനെക്കുറിച്ചറിയാം.സ്വന്തമായി പ്രാദേശിക ക്ലബ്ബുണ്ട്. അതുകൊണ്ട് അസോസിയേഷനെ അംഗീകരിക്കാനാവില്ല. ഇതൊക്കെ ഞാന്‍ വിളിച്ചു പറയാറുണ്ട് അതിനാല്‍ അവര്‍ എന്നെ പലപ്പോഴായും തഴയുകയാണ് പതിവ്.
     കെ.സി.എ യുടെയും അവസ്ഥ വളരെ മോശമാണ്. പ്രസിഡന്റ് ടി.സി.മാത്യു ക്രിക്കറ്ററല്ല. അയാള്‍ പഠിക്കുന്ന കാലത്തും ഇപ്പോഴും ക്രിക്കറ്റ് കളിച്ചിട്ടില്ല. സെക്രട്ടറി അനന്തു ക്രിക്കറ്ററാണ്. അയാളെ അംഗീകരിക്കാം.കെ.സി.എ. ക്രിക്കറ്റിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. കുറെ ഡ്രാമ കളിക്കുന്നു.ബി.സി.സി ക്ക് പണമുണ്ടാക്കലാണ് പ്രധാനം അവര്‍ക്ക് ക്രിക്കറ്റിനോടൊന്നും താല്പര്യമില്ല.
  ക്രിക്കറ്റിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാറില്‍ നിന്ന് ഗ്രാന്‍്‌റ് ലഭിക്കും.അപ്പോള്‍ വിവരാവകാശത്തിന്റെ കീഴില്‍ വരും. അപ്പോള്‍ പല കള്ളക്കളികളും പുറത്താവും.അതുകൊണ്ടാണ് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങാത്തത്.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ.അത് ലഭിക്കാഞ്ഞാല്‍ പിന്നെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്  '.

Photo and Text :G.V.Raksh

വ്യാഴാഴ്‌ച, ഡിസംബർ 11, 2014

Indulekha 125 years

 'ഇന്ദുലേഖ' യ്ക്ക് വയസ്സ് 125
 'സാധാരണ ഈ കാലങ്ങളില്‍ നടക്കുന്നമാതിരിയുള്ള സംഗതികളെ മാത്രം കാണിച്ചും ആശ്ചര്യകരമായ യാതൊരു അവസ്ഥകളേയും കാണിക്കാതെയും ഒരു കഥ എഴുതിയാല്‍ അതു എങ്ങിനെ ആളുകള്‍ക്കു രസിക്കും എന്നു ഈ പുസ്തകം എഴുതുന്ന കാലത്തു മറ്റുചിലര്‍ എന്നോടു ചോദിച്ചിട്ടുണ്ട്.  അതിനു ഞാന്‍ അവരോടു മറുവടി പറഞ്ഞതു  'എണ്ണച്ചായ ചിത്രങ്ങള്‍ യൂറോപ്പില്‍ എഴുതുന്നമാതിരി ഈ ദിക്കില്‍ കണ്ടു രസിച്ചു തുടങ്ങിയതിനുമുമ്പു , ഉണ്ടാവാന്‍ പാടില്ലാത്തവിധമുള്ള ആകൃതിയില്‍ എഴുതീട്ടുള്ള നരസിംഹമൂര്‍ത്തിയുടെ ചിത്രം, വേട്ടയ്‌ക്കൊരുമകന്റെ ചിത്രം, ചില വ്യാളമുഖചിത്രം, ശ്രീകൃഷ്ണന്‍ സാധാരണ രണ്ടുകാല്‍ ഉള്ളവര്‍ക്കു നില്‍ക്കാന്‍ ഒരുവിധവും പാടില്ലാത്തവിധം കാല്‍ പിണച്ചുവെച്ചു ഓടക്കുഴല്‍ ഊതുന്ന മാതിരി കാണിക്കുന്ന ചിത്രം, വലിയ ഫണമുള്ള അനന്തന്റെ ചിത്രം, വലിയ രാക്ഷസന്മാരുടെ ചിത്രം ഇതുകളെ നിഴലും വെളിച്ചവും നിംനോന്നതസ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയില്‍ രൂക്ഷങ്ങളായ ചായങ്ങള്‍കൊണ്ടു് എഴുതിയതു കണ്ടു രസിച്ചു് ആവക എഴുത്തുകാര്‍ക്കു പലവിധ സമ്മാനങ്ങള്‍ കൊടുത്തു വന്നിരുന്ന പലര്‍ക്കും ഇപ്പോള്‍ അതുകളില്‍ വിരക്തിവന്നു മനുഷ്യന്റെയോ മൃഗത്തിന്റെയോ വേറെ വസ്തുക്കളുടെയോ സാധാരണ സ്വഭാവങ്ങള്‍ കാണിക്കുന്ന എണ്ണച്ചായചിത്രം, വെള്ളച്ചായചിത്രം ഇതുകളെക്കുറിച്ചു കൌതുകപ്പെട്ടു് എത്രണ്ടു സൃംഷ്ടിസ്വഭാവങ്ങള്‍ക്കു് ചിത്രങ്ങള്‍ ഒത്തുവരുന്നുവോ അത്രണ്ടു ആ ചിത്രകര്‍ത്താക്കന്മാരെ ബഹുമാനിച്ചു വരുന്നതു കാണുന്നില്ലയോ, അതുപ്രകാരംതന്നെ കഥകള്‍ സ്വാഭാവികമായി ഉണ്ടാവാന്‍ പാടുള്ള വൃത്താന്തങ്ങളെക്കൊണ്ടുതന്നെ ഭംഗിയായി ചമച്ചാല്‍ കാലക്രമേണ ആവക കഥകളെ അസംഭവ്യസംഗതികളെക്കൊണ്ടു ചമയ്ക്കപ്പെട്ട പഴയ കഥകളെക്കാള്‍ രുചിക്കുമെന്നാകുന്നു. എന്നാല്‍ ഞാന്‍ എഴുതിയ ഈ കഥ ഭംഗിയായിട്ടുണ്ടെന്നു ലേശംപോലും എനിക്കു വിശ്വാസമില്ല. അങ്ങിനെ ഒരു വിശ്വാസം എനിക്കു വന്നിട്ടുണ്ടെന്നു മേല്‍പറഞ്ഞ സംഗതികളാല്‍ എന്റെ വായനക്കാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതു എനിക്കു പരമസങ്കടമാണു. ഈമാതിരി കഥകള്‍ ഭംഗിയായി എഴുതുവാന്‍ യോഗ്യതയുള്ളവര്‍ ശ്രദ്ധവെച്ചു എഴുതിയാല്‍ വായിപ്പാന്‍ ആളുകള്‍ക്കു രുചി ഉണ്ടാവുമെന്നാണു ഞാന്‍ പറയുന്നതിന്റെ സാരം. ഈ പുസ്തകം എഴുതീട്ടുള്ളതു ഞാന്‍ വീട്ടില്‍ സാധാരണ സംസാരിക്കുന്ന മലയാളഭാഷയില്‍ ആകുന്നു.' ഇത് മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ 1889 ഡിസംബര്‍ 9നു ഒന്നാം പതിപ്പിന്റെ അവതാരികയില്‍ ഒ.ചന്തുമേനോന്‍ എഴുതിയതാണ്.1889ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്.നേരെ പറഞ്ഞാല്‍ ഇന്ദുലേഖ പുറത്തിറങ്ങിയിട്ട ഒന്നേകാല്‍ നൂറ്റാണ്ടായി. 
       മലയാളത്തിലെ ആധുനിക നോവലുകളേപ്പോലും വലിയ അളവില്‍ സ്വാധീനിച്ച ഒരു കൃതികൂടിയാണ് ഇന്ദുലേഖ.  നായര്‍-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയത്തിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.. അതിലൂടെ മലയാളിയെ വിമോചിപ്പിക്കുക കൂടിയാണ് ചന്തുമേനോന്‍ ചെയ്തത്.സത്രീ വിമോചനത്തിന്റെ ആദ്യ വെടി പൊട്ടിച്ചതും ഇന്ദുലേഖയിലൂടെ ചന്തുമേനോനാണ്.
     സൂര്യനമ്പൂതിരിപ്പാടിന്റെ നേര്‍ക്ക് നേര്‍നിന്ന് ഞാന്‍ എന്ന്  പറയാന്‍ ധൈര്യം കാണിച്ച വനിതയാണ് ഇന്ദുലേഖ. സ്ത്രീ പുരുഷ സമത്വം എവിടെയെന്നാണ് ഇന്ദുലേഖയിലൂടെ ജഡ്ജി കൂടിയായ ചന്തുമേനോന്‍ ചോദിച്ചത്. മലയാളിയോട് പുതിയ കാലത്തെക്കുറിച്ച സംസാരച്ച കഥയാണ്.അതായത് പുതിയ കാഴ്ചപ്പാടുകളിലും വായിക്കപ്പെടാന്‍ പാകത്തിലാണ്  ഇന്ദുലേഖ. എന്ന മലയാളിത്തനിമ നിറഞ്ഞ നോവല്‍.
     ഇന്ദുലേഖയെ വളരെ ആഴത്തില്‍ പഠിക്കുകയും അതിന്റെ  പുറത്തിറങ്ങിയ രണ്ടാം പതിപ്പ് കണ്ടെത്തുകയും ചെയ്ത പ്രശസ്ത നിരൂപകന്‍ ഡോ.പി.കെ.രാജശേഖരന്‍ പറയുന്നതിങ്ങനെ : തലശ്ശേരിയില്‍ ജനിച്ച് പരപ്പനങ്ങടിയില്‍ വെച്ച് പുസ്തകം എഴുതിയ, കോഴിക്കോട് വെച്ച് മരിച്ച മഹാനാണ് ചന്തുമേനോന്‍.125 വര്‍ഷമായിട്ടും അദ്ദേഹത്തിന് തലശ്ശേരിയില്‍ ഒരു സ്മാരകമോ, പ്രതിമയോ സ്ഥാപിക്കാത്തത് തികഞ്ഞ അവഹേളനമാണ്. ചുംബിക്കുന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന ചെറുപ്പക്കരുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്തിയ ആദ്യ പുരുഷനാണ് ചന്തുമേനോന്‍.125 വര്‍ഷം മുന്നെ ഇന്ദുലേഖ മാധവന്റെ ചുണ്ടില്‍ ചുംബിക്കുന്ന രംഗം മനോഹരമായി ചന്തുമേനോന്‍ വര്‍ണ്ണിക്കുന്നുണ്ട്. തികച്ചും വിപ്ലവകരമാണത്.ചുംബിക്കുന്നത് തടയുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. പ്രേമം എന്ന ആധുനികമായ വികാരം  നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇന്ദുലേഖയിലൂടെയാണ്.
     കഴിഞ്ഞ 65 വര്‍ഷമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരസംബന്ധമാണ് ഇന്ദുലേഖ ആദ്യത്തെ ലക്ഷണമൊത്ത നോവലാണെന്നത്. ഇത് വളരെ മോശപ്പെട്ട സങ്കല്പമാണ്. 1936ല്‍ എം.പി.പോള്‍ എഴുതിവെച്ചതാണിത്. അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ലക്ഷണംകെട്ട നോവല്‍ എന്നൊന്നുണ്ടോ?, എല്ലാവരും പറയുന്നു ആദ്യത്തെ നോവല്‍ കുന്ദലതയാണെന്ന്.എന്നാല്‍ കുന്ദലത നോവലല്ല.അത് റൊമാന്‍സ് എന്ന വീരകഥയാണ്.അതിന് കേരളവുമായി ഒരു ബന്ധവുമില്ല. അതൊരു കഥമാത്രമാണ്. എന്നാല്‍ ഇന്ദുലേഖ വെറുമൊരു നോവലല്ല. പ്രേമകഥയോ അല്ല. അത് ആദ്യമായി മലയാളിയോട് പുതിയകാലത്തെക്കുറിച്ച് സംസാരിച്ചു. 
     1896ല്‍ കുറച്ച് തിരുത്തലുകളോടെ രണ്ടാം പതിപ്പ് ഇറങ്ങി. 1899 സപ്തംബര്‍ 10 ന് ചന്തുമേനോന്‍ മരിച്ചു.  ഓരോ പ്രസാധകരും പ്രസിദ്ധീകരിക്കുമ്പോള്‍ പലപ്പോഴായി പലഭാഗങ്ങളിലും അറിഞ്ഞോ അറിയാതെയോ മാറ്റം വരുത്തി അങ്ങെനെ  മുപ്പത് ശതമാനത്തോളം വെട്ടിമുറിക്കപ്പെട്ട ഇന്ദുലേഖയാണ് പലരും വായിച്ചിട്ടുള്ളത്. വലിയ നിരൂപകരായ മുണ്ടശ്ശേരിയും, മാരാരും, എം.എന്‍ വിജയനും യഥാര്‍ത്ഥ ഇന്ദുലേഖ വായിച്ചിട്ടില്ല.വികലമായ പതിപ്പുകളാണ് പ്രസാധകര്‍ ഇന്നും പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. മാധവന്‍ ഇന്ദുലേഖയെയല്ല വിവാഹം ചെയ്തത്. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്യുകയാണ് ചെയ്തത്. അങ്ങനെയാണ് ചന്തുമേനോന്‍ എഴുതിയിട്ടുള്ളത്. ഇതുതന്നെ ഒരു വലിയ മാറ്റമല്ലേ? ലണ്ടനിലെ ബ്രീട്ടീഷ് ലൈബ്രറിയിലാണ് ഏറ്റവും ആധികാരികമായ രണ്ടാം പതിപ്പുള്ളത്.അവിടുത്തെ അപൂര്‍വ്വ പുസ്തക ശേഖരത്തിലാണുള്ളത്. ആ പുസ്തകം വായിക്കാതെ നിങ്ങളാരും യഥാര്‍ഥ ഇന്ദുലേഖ വായിച്ചെന്ന് അവകാശപ്പെടരുത്.
     ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ച് ആദ്യം ചര്‍ച്ചചെയ്ത ആദ്യനോവലാണ് ഇന്ദുലേഖ.തീവണ്ടി,ടെലിഗ്രാം,ആവിക്കപ്പല്‍ എന്നിവയെക്കുറിച്ചൊക്കെ പരാമര്‍ശിക്കുന്നു. മാത്രമല്ല ആധുനിക ലോകത്തെക്കുറിച്ച് ഏതാണ്ട് മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പുത്തന്‍ തലമുറയുടെ ആദ്യ പിതാവാണ് മാധവന്‍.അതുപോലെ ആധുനിക തലമുറയുടെ ആദ്യ മാതാവാണ് ഇന്ദുലേഖ. അതുകൊണ്ട് 20,21 നൂറ്റാണ്ടുകളുടെ യുവതലമുറയുടെ പിതാവും, മാതാവുമാണ് ഇവര്‍ എന്നതില്‍ സംശയമില്ല. അവരെ സൃഷ്ടിച്ച ചന്തുമേനോന്‍ ആധുനികതയുടെ പിതാവുമാണ്.'
      തലശ്ശേരി കോട്ടയം താലൂക്കില്‍  പിണറായിക്കടുത്ത   കെളാലൂര്‍ ദേശത്ത്, എടപ്പാടി ചന്തുനായരുടെയും .   കൊടുങ്ങല്ലൂര്‍ ചിറ്റെഴുത്ത് ഭവനത്തിലെ പാര്‍വ്വതിയമ്മയുടെയും മകനായി .1847 ജനുവരി 9നാണ്   ചന്തുമേനോന്‍ ജനിച്ചത്.  അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടില്‍ താമസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന് പേര് സിദ്ധിക്കുന്നത്.  തലശ്ശേരിയിലെ പ്രശസ്ത തറവാട്ടുകാരനും സാഹിത്യകാരനുമായ നാരങ്ങോളി ചിറക്കല്‍ കുഞ്ഞിശങ്കരന്‍ നമ്പ്യാരുമായുള്ള ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. കുട്ടികള്‍ക്ക് വേണ്ടി നമ്പൂതിരി പുലിയെ പിടിക്കാന്‍ പോയകഥ എഴുതിയ കുഞ്ഞിശങ്കരന്റെ നരിചരിതം എന്ന പുസ്തകം ചന്തുമേനോന്‍ സ്വന്തം ചിലവില്‍ അച്ചടിച്ച് പുസ്തകരൂപത്തില്‍ വിതരണം ചെയ്തു.കോഴിക്കോട് നിന്നാണ് അച്ചടിച്ചത്. കൂടാതെ അതിന്റെ രണ്ട് പതിപ്പുകള്‍ക്കും നീണ്ട അവതാരികയും ചന്തുമേനോന്‍ എഴുതി.അതോടെ ചന്തുമേനോന്‍ മലയാള സാഹിത്യത്തിലെ ആദ്യ സൈദ്ധാന്തികന്‍ കൂടിയായി
     1892ല്‍ ചന്തുമേനോന്‍ തിരുനെല്‍വേലിയില്‍ ആക്ടിങ് അഡിഷണല്‍ സബ് ജഡ്ജിയായി. 1893ല്‍ മംഗലാപുരത്തേക്ക് മാറി.  സത്യസന്ധനും നിഷ്പക്ഷപാതിയുമായ ന്യായാധിപനായി  അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോന്‍. പ്രാസംഗികനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. അക്കാലാത്താണ് സാഹിത്യ സാര്‍വ്വഭൗമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി കേരള വര്‍മ്മ വലിയ കോയിത്തമ്പുരാനുമായി കത്തിടപാടിലൂടെ സഹോദര സൗഹൃദം വളര്‍ത്തിയിരുന്നു.ഒരിക്കലും അവര്‍തമ്മില്‍ നേരില്‍ കണ്ടിട്ടില്ല.  കേരളവര്‍മയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവില്‍ ബാസല്‍ മിഷന്‍ അച്ചുകൂടത്തില്‍ വെച്ച അച്ചടിപ്പിച്ചു. നീല നിറമുള്ള ഹാര്‍ഡ് ബൗണ്ടില്‍ സ്വര്‍ണ്ണ നിറമുള്ള ലിപികളുപയോഗിച്ചാണ് 500 കോപ്പി അച്ചടിച്ച് സുഹൃത്തുക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത മഹാപുരുഷനാണ് അദ്ദേഹം.. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുന്‍പ് ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകള്‍ ശീലിച്ചു. 1897ല്‍ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടര്‍ന്നു. 1898ല്‍ ഗവണ്മെന്റ് റാവു ബഹദൂര്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സര്‍വകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോന്‍.
      കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡിക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുന്‍പ് മലയാളത്തിലുണ്ടായ നോവല്‍മാതൃകകള്‍.
    ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് ഉള്ളത്: 1890ല്‍ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമര്‍ഗിന്റെ വിവര്‍ത്തനവും 1995ലെ അനിതാ ദേവസ്യയുടെ വിവര്‍ത്തനവും.
     ഇന്ദുലേഖയെക്കൂടാതെ അപൂര്‍ണ്ണമായ ശാരദയും വിദ്യാവിനോദിനിയില്‍ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീര്‍ഘലേഖനവുമാണ് ചന്തുമേനോന്റെ മറ്റ് രചനകള്‍. 


[ലേഖനത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്താന്‍ മടിക്കരുത്.]