Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, ജൂലൈ 02, 2014

പി.സുരേന്ദ്രന്‍ എന്ന റഫറി

ദേശീയ താരങ്ങളെ നിയന്ത്രിച്ച
 കൊളച്ചേരിക്കാരന്‍
ഫുട്‌ബോള്‍ കളിക്കാരെയും, അവരുടെ ഗോളുകളും, ഫൗളുകളും, കളികളും ഫുട്‌ബോള്‍ പ്രേമികള്‍ എക്കാലവും ഓര്‍ത്തുവെയ്ക്കും. പക്ഷെ കളിയെയും, കളിക്കാരെയും നിയന്ത്രിക്കുന്ന റഫറിയെ ആരും ഓര്‍ക്കാറില്ലെന്നതാണ് സത്യം.  കൊളച്ചേരിപ്പറമ്പില്‍ നിന്ന് പത്താം വയസ്സില്‍ പന്തുരുട്ടിക്കളിച്ച്
 കൊളച്ചേരിപ്പറമ്പ് ഗ്രൗഡില്‍ നിന്നും 
കുട്ടികളെ പരിശീലിപ്പിക്കുന്ന 
പി.സുരേന്ദ്രന്‍
പിന്നീട് ദേശീയതല ഫുട്‌ബോള്‍ മത്സരം വരെ നിരവധിത്തവണ നിയന്ത്രിച്ച റഫറിയാണ് കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ചേലേരി സ്വദേശി പി.സുരേന്ദ്രന്‍ എന്ന 52  കാരന്‍. കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഊര്‍ജ്ജതന്ത്രം അധ്യാപകന്‍ കൂടിയാണ്
     സന്തോഷ് ട്രോഫി-ആസാം, നാഷണല്‍ ഗെയിംസ് - മണിപ്പൂര്‍, നാഷണല്‍ ലീഗ് - ഗോവ, അണ്ടര്‍ 21 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ചണ്ഡീഗഢ്, അണ്ടര്‍ 19 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ജെയ്പൂര്‍,വുമണ്‍സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് -ഭോപ്പാല്‍, ബി ഡിവിഷന്‍ നാഷണല്‍ ലീഗ് - ഡല്‍ഹി , മാതൃഭൂമി ട്രോഫി - കല്പറ്റ , ഓള്‍ ഇന്ത്യ ബി.എസ്.എന്‍. എല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എന്നിവയാണ് സുരേന്ദ്രന്‍ നിയന്ത്രിച്ച പ്രധാന മത്സരങ്ങള്‍. കൂടാതെ നിരവധി ചെറുമത്സരങ്ങളിലും റഫറിയായിട്ടുണ്ട്. ഐ.എം.വിജയന്‍, വി.പി.സത്യന്‍, ജോപ്പോള്‍ അഞ്ചേരി, ഷറഫലി, പാപ്പച്ചന്‍, വി.പി.ഷാജി തുടങ്ങിയ ഇന്ത്യയിലെ എണ്ണപ്പെട്ട താരങ്ങളുടെ കളി പലവട്ടം നിയന്ത്രിക്കാനും സുരേന്ദ്രന് ഭാഗ്യം ലഭിച്ചു.
     2007ല്‍ അതായത് 45 വയസ്സായപ്പോള്‍ റഫറി നിയമപ്രകാരം ദേശീയ - സംസ്ഥാന തലത്തിലുള്ള അംഗീകൃത കളികള്‍ നിയന്ത്രക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ റഫറിയായി പങ്കെടുക്കലില്ല.പിന്നീട്  ഹോളന്റുകാരനായ കോച്ച് വില്ല്യം വാന്‍ഡിക്ക്, ഇന്ത്യന്‍ അസി.കോച്ച് നാരായണമേനോന്‍,ഇന്ത്യയിലെ മികച്ച പരിശീലകരായ കുന്തന്‍ചന്ത, സജീവന്‍ബാലന്‍ എന്നിവരുടെ ശക്ഷണത്തില്‍ കോച്ചിങ്ങ് അഭ്യസിച്ച് 2012 ല്‍  കോച്ചിങ്ങ് ലൈസന്‍സ് കരസ്ഥമാക്കിയതോടെ കളിക്കാരന്‍, റഫറി, കോച്ച് എന്നീ മൂന്ന് മേഖലയിലും ഔദ്യോഗികമായ അംഗീകാരം സുരേന്ദ്രന്‍ നേടിയെടുത്തു.വളരെ ചെറിയപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ വളര്‍ത്താനായി പരിശീലനം നല്കുന്ന സെപ്റ്റ് എന്ന സംഘടനയുടെ കമ്പില്‍ സെന്ററിന്റെ കോച്ചുകൂടിയാണ് സുരേന്ദ്രന്‍.  
     കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഫുട്‌ബോളിനെ സ്‌നേഹിച്ച സുരേന്ദ്രന്റെ ആദ്യ കോച്ച് ഹാന്റ്‌ബോള്‍ താരം കൂടിയായിരുന്ന അമ്മ പി.നാരായണിയാണ്.  ആറ് വര്‍ഷമായി കുട്ടികള്‍ക്ക് കൊളച്ചേരിയില്‍ വെച്ച്  സുരേന്ദ്രന്‍ സൗജന്യമായി  ഫുട്‌ബോള്‍ പരിശീലനം നല്കി വരികയാണ്.സഹപാഠിയും പോലീസ് എസ്. ഐ. യുമായ രവീന്ദ്രന്‍, സി.പി.രാജീവന്‍, സുജിത്ത്, പ്രകാശന്‍ എന്നിവരാണ് പരിശീലന സഹായികള്‍.  എല്ലാ അവധി ദിവസവും അതിരാവിലെ രണ്ട് മണിക്കൂറാണ് പരിശീലനം നല്കുന്നത്. കുട്ടികള്‍ക്കാവശ്യമായ ട്രാക്സൂട്ട്, പഴം,പാല്‍,മുട്ട എന്നവ വിവധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സംഭാവനയായി സ്വീകരിച്ചാണ് നല്കുന്നത്.35 കുട്ടികളാണ് ക്യാമ്പിലുള്ളത്.അക്ഷയ്,റിന്‍ഷിന്‍,നിധിന്‍ സാഗര്‍, നിഖില്‍ രാജ് എന്നീ വിദ്യാര്‍ത്ഥികള്‍  ജില്ലയുടെ വിവിധ ടീമുകളില്‍ മികച്ച കളിക്കാരായി മാറി.കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്കുമ്പോഴും ഗ്രാമപഞ്ചായത്തില്‍ നിന്നോ മറ്റോ യാതൊരു സഹായവും ലഭിക്കാറില്ലെന്ന് സുരേന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഒഴിവ് സമയങ്ങളില്‍പരിശീലനം നല്കുന്നുണ്ട്. റന്‍ഷിന്‍, നൂര്‍മുഹമ്മദ് എന്നിവര്‍ പൈക്കാടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്.    
     ഒന്നര കിലോമീറ്ററിലധികം ദൂരം വരുന്ന ചേലേരി അമ്പലം - ഇടക്കൈത്തോട് റോഡ് പരസഹായം കൂടാതെ 45 വര്‍ഷങ്ങള്‍ക്ക് മുന്നെ നിര്‍മ്മിച്ച പരേതനായ എം.കെ.രാമുണ്ണി മാസ്റ്റരുടെ മകനാണ് സുരേന്ദ്രന്‍.  രാമുണ്ണിയുടെ അഭിലാഷപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പരിയാരം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുകയായിരുന്നു.അതുപോലെ മരണാനന്തരം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാനാണ് സുരേന്ദ്രന്റെയും ആഗ്രഹം.ഭാര്യ : പി.കെ.ലതിക  മക്കള്‍ : പരിയാരം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി പി.ഫിനിയ, കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും സെപ്റ്റ് ജില്ലാ ടീം ക്യാപ്റ്റനുമായ ഫിമിസ്.

 പി.സുരേന്ദ്രന്‍ Phone : 9446778107
(2014 ജുലായ് 1 ന് മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധീകരിച്ചത് )

തിങ്കളാഴ്‌ച, ജൂൺ 30, 2014

ലില്ലിക്ക് സര്‍ക്കസ് കുടുംബകാര്യം


ജീവിതം സര്‍ക്കിസാനായി ഉഴിഞ്ഞുവെച്ച കലാകാരിയായിരുന്നു 2014മെയ് 25ന്  അന്തരിച്ച കതിരൂര്‍ വിജയ ഭവനിലെ ലില്ലി എന്ന 76 കാരി.പതിനൊന്നാം വയസ്സിലാണ് നേപ്പാളുകാരിയായ  ലില്ലി തമ്പിലെത്തുന്നത്. സര്‍ക്കസ്  കലാകാരനായ തലശ്ശേരി  സ്വദേശി ആവിക്കല്‍ വിജയനെ വിവാഹം ചെയ്തതോടെ പിന്നെ നാലു പതീറ്റാണ്ടോളം കുടുംബസമേതം സര്‍ക്കസ് കൂടാരത്തിലായി ജീവിതം. 
ലില്ലിയും, ഭര്‍ത്താവ് വിജയനും
മകന്‍ പ്രദീപും ഹിന്ദി താരം
ധര്‍മ്മേന്ദ്രയോടൊപ്പം
    ബീഹാറിലെ ബാറാബക്കിയില്‍ പഞ്ചസാര കമ്പനിയിലായിരുന്നു ലില്ലിയുടെ അച്ഛന് ജോലി. അച്ഛനും, അമ്മയും ഉള്‍പ്പെടുന്ന കുടുംബം കമ്പനിക്ക് സമീപം തന്നെയായിരുന്നു താമസിച്ചിരുന്നത് ഇതിനിടയില്‍ അമ്മ മരിച്ചു. തുടര്‍ന്ന് അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. ഈ ജീവിതം ലില്ലിക്ക് ഏറെ വിഷമതകള്‍ സൃഷ്ടിച്ചു. ലില്ലിയുടെ വിഷമം കണ്ട് അമ്മാവന്‍ മറാഠിയുടെ ഉടമസ്ഥതയിലുള്ള സര്‍ക്കസില്‍ ചേര്‍ത്തു.സര്‍ക്കസ് ഏറെ ഇഷ്ടപ്പെട്ട ലില്ലി സൈക്കിളിങ്ങ്, സ്റ്റാന്‍ഡിങ്ങ് വയര്‍, തുടങ്ങിയ സാഹസിക പ്രകടനങ്ങളില്‍ വൈദഗ്ദ്ധ്യം നേടി കാണികളുടെ ഹരമായി മാറി. 
     ജമിനി സര്‍ക്കസില്‍ ചേരുകയും, അവിടെ റിങ്ങ് മാസ്റ്ററായിരുന്ന വിജയനെ ജീവിത പങ്കാളിയാക്കുകയും ചെയ്തു. സര്‍ക്കസ് കൂടാരം കതിര്‍ മണ്ഡപമാക്കിയാണ് ഇരുവരുടെയും വിവാഹം നടന്നത്. മക്കള്‍ പിറന്നതും കൂടാരത്തില്‍ വെച്ചു തന്നെ . മൂത്തമകള്‍ ലതയെ സര്‍ക്കസ് ഉടമ പഠിപ്പിച്ച് നേഴ്‌സാക്കി. ലതയിപ്പോള്‍ യു. എസിലാണ് ജോലിചെയ്യുന്നത്. മറ്റ്  മക്കളായ പ്രദീപ്, ലളിത, പവിത്രന്‍, സുനിത, എന്നിവര്‍ മികച്ച സര്‍ക്കസ് കലാകാരന്മാരായി മാറി. ലതയും സുനിതയും സര്‍ക്കസ് കൂടാരത്തിന് പുറത്തുള്ള വരെ വിവാഹം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ കൂടാരത്തില്‍ നിന്നുള്ളവരെ തന്നെ കണ്ടെത്തി. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞതോടെ ലില്ലിയും, വിജയനും സര്‍ക്കസ് ജീവിതത്തോട് വിടപറഞ്ഞു നാട്ടില്‍ താമസം തുടങ്ങി.  വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ മരണപ്പെട്ടു. 
     പവിത്രനൊഴിച്ച് മറ്റെല്ലാമക്കളും സര്‍ക്കസില്‍ നിന്ന് വിട്ടുപോന്നു. പവിത്രന്‍ ഏഷ്യയിലെ മികച്ച മൃഗ പരിശീലകനായി ഇപ്പോഴും സര്‍ക്കസില്‍ തുടരുന്നു. ലില്ലി സര്‍ക്കസ് കലയ്ക്ക് ചെയ്ത സംഭാവനകള്‍ കണക്കിലെടുത്ത് സര്‍ക്കസ് അക്കാദമി ആദരിച്ചിരുന്നു. 

(2014മെയ് 27ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത)