പൊന്ന്യത്ത് വിളയുന്നത് പൊന്ന്
കൃഷി ഒരു സംസ്‌കാരവും,കൂട്ടായ്മയുമാണെന്ന് തെളിയിക്കുകയാണ് പൊന്ന്യത്തെ പൊന്ന്യം ആഗ്രോ സൊസൈറ്റി അഥവാ 'പാസ് ' . ഒരുകാലത്ത് പൊന്ന്യത്തെ പച്ചക്കറിക്ക് തലശ്ശേരിയിലും പരിസരത്തും നല്ല വിപണിയുണ്ടായിരുന്നു. പക്ഷെ കുറച്ചുകാലങ്ങളായി പൊന്ന്യത്തും പരിസരത്തുമുള്ള വയലുകളില്‍ കര്‍ഷകരും മറ്റും കൃഷിചെയ്യാതെ തരിശ്ശുനിലമാക്കിയിടുകയായിരുന്നു.ചിലര്‍ വയല്‍ നികത്തുവാനും തുടങ്ങി. പൊന്ന്യത്തെ കാര്‍ഷിക സംസ്‌കാരം പൂര്‍ണ്ണമായും നിലച്ചുപോവുന്ന അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി അപ്പോഴാണ് പൊന്ന്യത്തെ സാമൂഹിക പ്രവര്‍ത്തകരും കൃഷി ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാറും ചേര്‍ന്ന് പൊന്ന്യത്തെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ ഒത്തുചേര്‍ന്നത്. അങ്ങനെ അവര്‍ കെ.സി.ചന്ദ്രന്‍ പ്രസിഡന്റും, കെ.നൂറുദ്ദീന്‍ സെക്രട്ടറിയുമായുള്ള പൊന്ന്യം ആഗ്രോ സൊസൈറ്റിക്ക് രൂപം നല്കി.2014 നവംബര്‍ 16 ന് പൊന്ന്യത്ത് 300പേരെ പങ്കെടുപ്പിച്ച് ജനകീയ കര്‍ഷക കണ്‍വെന്‍ഷന്‍ നടത്തി.
പൊന്ന്യത്ത് 16 ഏക്കര്‍ വയലാണുള്ളത്. അതില്‍ നാല് ഏക്കറില്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. 12 ഏക്കര്‍ സ്ഥലം
ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കി. അപ്പോഴാണ് മറ്റൊരു പ്രശ്‌നം പൊന്തിവന്നത്. ടില്ലര്‍ ശാസ്ത്രീയമായ രീതിയില്‍ ഉപയോഗിക്കാന്‍ ആളില്ലാത്തത്. പാസ് അംഗമായ കെ.കെ.ബാലകൃഷ്ണന്‍ ടില്ലര്‍ ഉപയോഗം ശാസ്ത്രീയമായരീതിയില്‍ പഠിക്കാന്‍ തയ്യാറായി. അങ്ങനെ തരിശുഭൂമിയടക്കം മുഴുവന്‍ കൃഷി ഭൂമിയും ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കിതീര്‍ത്തു.
കുണ്ടുചിറ ചാളവട്ടത്ത് 15 വര്‍ഷമായി മൂന്ന് ഏക്കര്‍ സ്ഥലം തരിശുഭൂമിയായിരുന്നു. അവിടെ പാസിന്റെ പ്രവര്‍ത്തകര്‍ ഇടപെട്ട് 10 അംഗങ്ങളുള്ള ഹരിതസേന രൂപവത്ക്കരിച്ചു. അവര്‍ക്ക് ആവശ്യമായ വിത്തുകള്‍ നല്കി അവിടം കൃഷി
യോഗ്യമാക്കി. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന യൂണിറ്റിന്റെ സഹായത്തോടെ മുഴുവന്‍ പ്രദേശത്തെയും മണ്ണ് പരിശോധിച്ചതിനു ശേഷം കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡ് നല്കി.
മണ്ണിനെ പുഷ്ടിപ്പെടുത്താനുള്ള ഡോളോമൈറ്റ് സൊസൈറ്റി നല്കി. അടുക്കളത്തോട്ടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മമാര്‍ക്ക് 24000 തൈകള്‍ നല്കി.
പൊന്ന്യത്തെ കര്‍ഷിക സമൃദ്ധിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊന്ന്യം ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയും, ഗുണ്ടല്‍പ്പേട്ടിലെ യുവകര്‍ഷകനുമായ ആയിച്ചോത്ത് വീട്ടില്‍ വി.കെ.ഗിരീഷും, സുഹൃത്തായ മാണിക്കത്തറയില്‍ എം.പ്രദീപനും ചേര്‍ന്ന് പൊന്ന്യം വയലില്‍ രണ്ടര ഏക്കറില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമുപയോഗിച്ച് വെണ്ട, തണ്ണിമത്തന്‍, കുമ്പളം, വെള്ളേരി,ബീട്രൂട്ട്, മുള്ളങ്കി എന്നിവയുടെ കൃഷി ആരംഭിച്ചു.50 മുതല്‍ 70 കിലോ വരെ വെണ്ടെയ്ക്ക ദിവസവും ഗിരീഷും, പ്രദീപനും വിളവെടുക്കുന്നുണ്ട്. ഇത് മറ്റുള്ളവര്‍ക്കും ഏറെ ആവേശമായി. അങ്ങനെ പൊന്ന്യം സ്വദേശികളായ പലരും പാസില്‍ അംഗത്വമെടുത്ത് പൊന്ന്യം വയലില്‍ കൃഷി ചെയ്യാന്‍ തുടങ്ങി.
വിപണനം പ്രശ്‌നമായപ്പോള്‍ വിപണന കേന്ദ്രം തുടങ്ങി.
വ്യാപകമായി കൃഷി ആരംഭിച്ചതോടെ വിപണനം പലരിലും ആശങ്കയുണര്‍ത്തി.ഇതിന് പരിഹാരമെന്ന നിലയില്‍ പൊന്ന്യം പാലത്തിന് സമീപം നാടന്‍ പച്ചക്കറി വിപണന കേന്ദ്രം ഫിബ്രവരി 21 ആരംഭിച്ചു. പാസില്‍ അംഗത്വമെടുത്ത 96 കര്‍ഷകരില്‍ നിന്നുമാത്രം സംഭരിക്കുന്ന ഉത്പന്നങ്ങള്‍ വില്ക്കാനാണ് വിപണനകേന്ദ്രം തുടങ്ങിയത്. ദിവസവും ശരാശരി അഞ്ഞൂറ് മുതല്‍ എണ്ണൂറ് കിലോവരെ പച്ചക്കറികള്‍ സംഭരിക്കും.രാവിലെയും, വൈകീട്ടുമായി സംഭരിക്കുന്ന പച്ചക്കറികള്‍ അതാത് ദിവസം തന്നെ പൂര്‍ണ്ണമായും വിറ്റ് തീരും. ശരാശരി 13,000 മുതല്‍ 15,000 രൂപവരെയുള്ള വില്പനയാണ് നടക്കാറ്. ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി സ്ഥിരമായി പച്ചക്കറികള്‍ വാങ്ങിച്ചു പോകുന്നുണ്ട്. സൊസൈറ്റി നാമമാത്രമായ ലാഭം മാത്രമാണ് ഈടാക്കുന്നത്. കര്‍ഷകന് പൊതുവിപണിയേക്കാള്‍ വില നല്കിയാണ് സംഭരിക്കുന്നതെങ്കിലും, പൊതുവിപണിയിലുള്ള വിലയ്ക്കാണ് വില്ക്കുന്നത്.രാസകീടനാശിനി ഉപയോഗിക്കാത്ത, തോട്ടത്തില്‍ നിന്ന് പറിച്ചെടുത്തയുടനെയുള്ള പച്ചക്കറി ലഭിക്കും എന്നതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
ആഗ്രോ ഡിസ്‌പെന്‍സറി
രാസകീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറി എന്നതാണ് പാസിന്റെ പ്രധാന ലക്ഷ്യം. ഘട്ടം ഘട്ടമായി രാസവളങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നതും പാസിന്റെ ലക്ഷ്യമാണ്. പലരും രാസവളങ്ങള്‍ കുറച്ചൊക്കെ ഉപയോഗിക്കുന്നുണ്ട്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കില്ലെന്നാണ് പലരുടെയും വിശ്വാസം. അത് മാറ്റിയെടുക്കാനാണ് പൊന്ന്യം പോസ്‌റ്റോഫീസിന് സമീപം ആഗ്രോ ഡിസ്‌പെന്‍സറി തുടങ്ങിയത്. പുകയില കഷായം, വേപ്പെണ്ണ സോപ്പ് മിശ്രതം തുടങ്ങിയ പല ജൈവ കീടനാശിനികളും സൊസൈറ്റി നേരിട്ട് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വില്ക്കുന്നു. ചാണക-ഗോമൂത്ര മിശ്രിതം, മത്സ്യഫെഡിന്റെ വളങ്ങള്‍ എന്നിവയും ആഗ്രോ
ഡിസ്‌പെന്‍സറിയിലൂടെ വില്ക്കുന്നുണ്ട്. കൂടതെ കാര്‍ഷിക മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനുള്ള സൗകര്യങ്ങളും ഡിസ്‌പെന്‍സറി ഒരുക്കിയിട്ടുണ്ട്. ഫിബ്രവരി ഒമ്പതിനാണ് കൃഷി മന്ത്രി കെ.പി.മോഹനന്‍ ആഗ്രോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തത്.
പച്ചക്കറി കഴിഞ്ഞാലുടന്‍ നിലവില്‍ കൃഷിചെയ്ത മുഴുവന്‍ സ്ഥലങ്ങളിലും നെല്‍കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊന്ന്യം ആഗ്രോ സൊസൈറ്റി പ്രവര്‍ത്തകര്‍.
Text : G.V.Rakesh
Photo : G.V.Rakesh & K.Noorudeen
(മാതൃഭൂമി കാഴ്ച 2015 ഏപ്രില്‍ 10 ന് പ്രസിദ്ധീകരിച്ചത് )
സന്തോഷകരമായ വാര്‍ത്തകള്‍
മറുപടിഇല്ലാതാക്കൂ