Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ഞായറാഴ്‌ച, മാർച്ച് 15, 2015

പൊതുജനമാണിവിടെ തോറ്റത്

     നിയമസഭ ഒരു ദേവാലയം പോലെ എന്നും സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജി.കാര്‍ത്തികേയന്‍. മാര്‍ച്ച് 13-ാം
തിയ്യതി കേരള നിയമസഭയിലെ പ്രകടനം കണ്ട് ജി.കാര്‍ത്തികേയന്റെ ആത്മാവ് സത്യം പറഞ്ഞാല്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടാവും. ബജറ്റ് അവതരണ ദിവസം നമ്മുടെ സാമാജികര്‍ കാട്ടിക്കൂട്ടിയ പേക്രാന്തങ്ങള്‍  തലയിലില്‍ ആള്‍പ്പാര്‍പ്പിടമുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവില്ല. ഒരു ചെറുഅനക്കം പോലും ലോകസമക്ഷം കാണുന്ന  അധുനിക കാലത്ത് ഉളുപ്പും മാനവും, വിവരവുമില്ലാത്ത ഇവന്‍മാരുടെ പ്രകടനം മലയാളിക്ക്  പുച്ഛത്തോടെ സ്വയം ലജ്ജിക്കാനെ തോന്നുന്നുള്ളൂ.  . വിദ്യാസമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിക്ക് അവന്റെ പ്രതിനിധിയായി നിയമസഭയിലേയ്ക്ക് പറഞ്ഞയക്കുന്ന ഈ ആഭാസന്‍മാര്‍ മഴപെയ്യുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍  കയറി നിന്ന വിവരം പോലും കാണിച്ചില്ല.
     മുണ്ട് മാടിക്കുത്തി തെരുവു തെണ്ടികളുടെ സംസ്‌കാരം പോലും കാണിക്കാത്ത ഇവന്‍മാര്‍ക്ക് തുണിയില്ലാതെ നിന്ന് പ്രതിഷേധിക്കുന്നതായിരുന്നു അഭികാമ്യം.ഇവരെയാണോ നാം മാതൃകയാക്കി പുതുതലമുറയ്ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പരിചയപ്പെടുത്തേണ്ടത് ! ഈ ആഭാസന്മന്‍മാരെയാണോ നാളെ സ്‌കൂളുകളിലും,സാംസ്‌കാരിക സദസ്സുകളിലും വിശിഷ്ടാതിഥിയായിയും, മുഖ്യപ്രഭാഷകനായും  കെട്ടിയെഴുന്നള്ളിക്കേണ്ടത് ? പ്രതിഷേധിക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. അവയൊന്നും സ്വീകരിക്കാതെ സ്പീക്കറുടെ ഡയസ്സും, കമ്പ്യൂട്ടറും തല്ലിത്തകര്‍ക്കുന്ന ഇവന്‍മാര്‍ ദേഷ്യം വന്നാല്‍ വീട്ടില്‍ സ്വന്തം ചെലവില്‍ വാങ്ങിച്ചു വെച്ചിട്ടുള്ള സാധനങ്ങള്‍ നശിപ്പിക്കുമോ?
     ആരാന്റെ മക്കളുടെ കാര്യം പോട്ടെ. എം.എല്‍.എ മാര്‍ക്കും മക്കളും, മരുമക്കളും,ചെറുമക്കളും ഒക്കെയുള്ളവരാണ്. അവനവന്റെ മക്കള്‍ക്ക ഏറ്റവും നല്ല മാതൃകയാവേണ്ടത്
അവരുടെ അച്ഛനമ്മമാരാണ്. അവരിങ്ങനെയാകുമ്പോള്‍ അവരുടെ മക്കളുടെ കാര്യം തഥൈവ. എന്റെ അച്ഛനാണ് / വല്യച്ഛനാണ്/ അമ്മാവനാണ് നിയമസഭയില്‍ മുണ്ടും മടക്കിക്കുത്തി താണ്ഡവമാടിയതെന്ന് മറ്റുള്ളവരോട് അവര്‍ക്കെങ്ങനെ പറയാനാവുമെന്ന്  ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ഇക്കണ്ടതിന്റെ പകുതി മാത്രമല്ലെ അരങ്ങേറുകയുളളൂ.
      അടിച്ചവനും, അടികൊണ്ടവനും, കടിച്ചവളും ,കടിയേറ്റവനും നാളെ മുഖാമുഖം കാണേണ്ടവരല്ലേ. ഇങ്ങനെയുള്ള ഇവന്‍മാര്‍ എങ്ങനെ നാട് നന്നാക്കും.സ്വയം നന്നാവാത്തവനാണ് ഒരു സംസ്ഥാനം നന്നാക്കാനൊരുങ്ങുന്നത് !
     അടിച്ചവനും, തുള്ളിയവനും, നശിപ്പിച്ചവനും,കാഴ്ചക്കാരനായി നിന്നവനും നിയമസഭാ ഹാജര്‍ പുസ്തകത്തില്‍ ഒപ്പു വെച്ചാണ് സഭയിലേക്ക് പോവുന്നത്. അടിച്ചാലും, തുള്ളിയാലും അവന് അന്നേ ദിവസത്തെ മുഴുവന്‍ അലവന്‍സും അവന്റെ അക്കൗണ്ടിലെത്തും. അതവന്‍ ഉറപ്പ് വരുത്തിയിട്ടാണ് ഈ തെമ്മാടിത്തരത്തിന് പോകുന്നതെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.ഹാജര്‍ പുസ്തകത്തില്‍ ഒപ്പു വെച്ച് പ്രതിഷേധ സൂചകമായി അന്നേദിവസത്തെ ആനുകൂല്യം വേണ്ടെന്ന് വെച്ചിരുന്നുവെങ്കില്‍ ജനത്തിന്റെ വക എപ്ലസ് കിട്ടിയേനെ.  ഈ പരിപാടികൊണ്ട് രക്ഷപ്പെട്ടത് ചാനലുകാരാണ്. അവന് അന്നേക്ക മാത്രമല്ല കുറച്ചു ദിവസത്തേയ്ക്കുള്ള വിഭവങ്ങളായി. അടികൊണ്ട വാച്ച് ആന്റ് വാര്‍ഡന് അടികിട്ടിയത് മിച്ചം. ഭരണപക്ഷവും, പ്രതിപക്ഷവും ഒരുപോലെ ജയിച്ചപ്പോള്‍ ഇവിടെ തോറ്റത് കേരളത്തിലെ വോട്ടര്‍മാര്‍ തന്നെ.ബജറ്റ് അവതരണദിവസം ജനത്തെ പൊട്ടനാക്കിയതിലും രസകരം പിറ്റേദിവസത്തെ ഹര്‍ത്താലാണ്.എന്തിനാണ് ഹര്‍ത്താലെന്നത് ഉത്തരം കിട്ടാത്ത ചോദ്യം. ഇവിടെയും ജനം ഏറാന്‍മൂളികളാവുന്നു.കേരള ജനതയ്ക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ലെന്ന് ആണയിട്ട് പറയാനാവും.
     
13-ാം നിയമസഭയില്‍ 13-ാം സമ്മേളനത്തില്‍ 2015 മാര്‍ച്ച് 13 ന് കെ.എം.മാണിയുടെ 13-ാമത്തെ ബജറ്റ് അങ്ങനെ വിപ്ലവാത്മകമായ അവതരണത്തിന് സാക്ഷിയായെന്ന് നിയമസഭാ രേഖകളിലും, മാണിയുടെ ജീവചരിത്ര പുസ്തകത്തിലും ഇടംപിടിക്കാന്‍ സഹായിച്ചത് അടിച്ചവന്റെയും, കടിച്ചവളുടെയും മിടുക്കായി മാറി. മാണി ഇവരോടാണ് നന്ദി പറേണ്ടത്.
     ഒന്നൊന്നൊര വര്‍ഷത്തിനുശേഷം 52 പല്ലും ഇളിച്ച് കാട്ടി മുണ്ടും താഴ്ത്തിയിട്ട് തൊഴുകൈയ്യോടെ പൊട്ടന്‍കളിച്ച ഈ വിദ്വാന്‍മാര്‍ വീണ്ടും നമ്മുടെ മുന്നിലെത്തും. അപ്പോള്‍ എല്ലാം മറന്ന് അവന്റെ പൊട്ടന്‍കളിക്ക് മുന്നില്‍ കഴുതകളായ പൊതുജനം വീണുപോകും. ജനത്തെ ഒന്നടങ്കം വിഢികളാക്കി ഇവന്‍ സുരക്ഷിതാനാവും. ഇതാണ് ജനാധിപത്യം.

വ്യാഴാഴ്‌ച, ജനുവരി 15, 2015

Devanand

ദേവാനന്ദ് : ചുമട്ട്‌  തൊഴിലാളിയായ
                            ക്രിക്കറ്റ് പരിശീലകന്‍
     രാവിലെ തലശ്ശേരി പച്ചക്കറി മാര്‍ക്കറ്റില്‍ ചുമടെടുക്കുന്ന ദേവാനന്ദനെ വൈകീട്ടൊന്ന് കാണണമെന്നുവെച്ച് മാര്‍ക്കറ്റില്‍ പോയി അന്വേഷിച്ചാല്‍ കാണാനാവില്ല. ദേവാനന്ദനെ കാണണമെങ്കില്‍ തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പോവണം.അവിടെ നിങ്ങള്‍  ദേവാനന്ദനെ മറ്റൊരു വേഷത്തിലാവും കാണുക.അതായത്  കര്‍ക്കശക്കാരനായ ലെവല്‍  വണ്‍ ക്രിക്കറ്റ് പരിശീലകന്റെ വേഷത്തില്‍.വിസമയകരമായ ഒരു വേഷപ്പകര്‍ച്ച.
     പഠിക്കുന്ന കാലം മുതല്‍ ക്രിക്കറ്റിനെ പ്രണയിച്ച  46-കാരനായ എം.സി.ദേവാനന്ദ് രണ്ട് വര്‍ഷമായി പിണറായി ഗ്രാമ പഞ്ചായത്തിലെ 
എടക്കണ്ടി മുക്കിലെ 'ലക്ഷ്മി നന്ദന'ത്തിലാണ്  താമസം. തലശ്ശേരി എന്‍.സി.സി.റോഡിലായിരുന്നു തറവാട് .തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളിലാണ് പഠിച്ചത്. വീട്ടിലെ ദാരിദ്ര്യവും പഠിക്കാനുള്ള മടിയും കാരണം പഠനം ആറാം ക്ലാസില്‍ അവസാനിപ്പിച്ചു  അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബ്രണ്ണന്‍ ഹൈസ്‌കൂളിലെ കായികാധ്യാപകന്‍ സഹദേവനാണ് ദേവാനന്ദനിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞത്.   ബ്രണ്ണനിലെ ജൂനിയര്‍ ടീമില്‍ ആദ്യമായി സെലക്ട് ചെയ്തു. ഒരു മേച്ച് മാത്രം കളിച്ചു.ഫൈനലില്‍  തോറ്റു.ആറാം ക്ലാസില്‍ ചേര്‍ന്നെങ്കിലും  തലശ്ശേരി പച്ചക്കായ മാര്‍ക്കറ്റായിരുന്നു ദേവാനന്ദന്റെ ഇഷ്ട കേന്ദ്രം.അവിടെ നിന്ന് ചുമടെടുത്തും,കായപെറുക്കിയും കിട്ടുന്ന തുകയായിരുന്നു അന്ന് വിദ്യഭ്യാസത്തിനേക്കാള്‍ പ്രധാനം. പിന്നീട് മാര്‍ക്കറ്റ് ജീവിതത്തിന്റെ ഭാഗമായി മാറി.ഒപ്പം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നുള്ള ക്രിക്കറ്റും. 
 ദേവാനന്ദന്റെ  ഓരോ ദിവസവും തുടങ്ങുന്നത് രാവിലെ ആറര മണിയോടെ തലശ്ശേരി പുതിയ ബസ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിലെത്തന്നതോടെയാണ്.മാമ്പഴക്കാലമായാല്‍ ആറ് മണിക്കും മുന്നെയെത്തണം.പിന്നെ വൈകീട്ട് മൂന്ന് മണിവരെ ചുമടെടുക്കല്‍. പച്ചക്കായ് കുലകളാണ് പ്രധാനമായും ചുമടുണ്ടാവുക.മൂന്നരയോടെ തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തും.രാത്രി ഏഴ് മണിവരെ ക്രക്കറ്റ് പരിശീലനം.

രാവിലെ ലുങ്കിയും, ഷര്‍ട്ടും,തോര്‍ത്തുകൊണ്ടുള്ള തലേക്കെട്ടുമാണ്  വേഷമെങ്കില്‍ സ്റ്റേഡിയത്തില്‍ പാഡും, തൊപ്പിയും അണിഞ്ഞ് പൂര്‍ണ്ണമായും ഒരു ക്രിക്കറ്റ് പരിശീലകന്റെ വേഷത്തിലത്രെ. ദേവാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാവിലെത്തേത് എനിക്കു വേണ്ടി.അതായത് കുടുംബം പോറ്റാന്‍. വൈകീട്ടേത് കായിക ലോകത്തിനു വേണ്ടി പുതിയൊരു താരത്തെ രാജ്യത്തിനു നല്കാന്‍. ലെവല്‍ ഒ പരീക്ഷ പാസായ ദേവാനന്ദ് ലെവല്‍ വണ്‍ പരീക്ഷയില്‍ ഒമ്പത് മാര്‍ക്കിനാണ് പരാജയപ്പെട്ടത്. പരാജയപ്പെട്ടാലും പരീക്ഷക്കിരുന്നു എന്നതിനാല്‍ ലവല്‍ വണ്‍ പരിശീകനായാണ് പരിഗണിക്കുക. 
     ആര്‍.ശ്രീധര്‍, ഭാരത് അരുണ്‍, ദിനേശ് നാനാവതി, ഡോ.സൂറത്ത് വാല എന്നീ പ്രശസ്തരായ ദേശീയ ക്രിക്കറ്റ് കോച്ചുമാരുടെ ശിക്ഷണം ദേവാനന്ദ് നേടിയിട്ടുണ്ട്. 2007 മുതല്‍ 2009 വരെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായും പ്രവര്‍ത്തിച്ചു .30 കൊല്ലമായി ലീഗില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല 30 വര്‍ഷം ഒരേ ക്ലബ്ബിനുവേണ്ടി കളിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഏക കളിക്കാരനും ദേവാനന്ദ് മാത്രമാണ്. ഇപ്പോള്‍ സി.ഡിവിഷന്‍ കളിക്കാരനാണ്.ക്രിക്കറ്റ് കളിയുള്ള ദിവസം ദേവാനന്ദ് മാര്‍ക്കറ്റില്‍ പോവാറില്ല. തലശ്ശേരി കായ തൊഴിലാളി യൂണിയന്‍ അംഗവും,മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു.
      1986- 87 കലം മുതലാണ്  ക്രിക്കറ്റില്‍ പ്രൊഫഷണലായി വരുന്നത്. സുഹൃത്തുക്കളായ ഇര്‍ഷാദ്, അഷ്‌വാക്ക് എന്നിവര്‍ ചേര്‍ന്ന് 'ലക്കി എംബ്ലം' എന്നപേരില്‍ ഒരു ക്ലബ് രൂപവത്ക്കകരിച്ചു.ആറ് മാസം കഴിഞ്ഞാണ് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഫിലിയേഷന്‍ നല്കിയത്. 
അസോസിയേഷന്‍ അന്ന് ഒരു കൂട്ടം ചില പ്രമാണിമാരുടെ കൈയ്യിലായിരുന്നു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നല്ല അതിന്റെ യഥാര്‍ത്ഥ പേര് കേനന്നൂര്‍ ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ എന്നാണ്.ചാരിറ്റബിള്‍ ട്രസ്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. അതുകൊണ്ട് ഒരിക്കലും അതിന്റെ പേര് മാറ്റാനാവില്ല.അതിന് 150 വര്‍ഷത്തെ പഴക്കവുമുണ്ട്. 
     അസോസിയേഷന്‍ ഡി ഡിവിഷനില്‍ എന്‍ട്രി തന്നു. ആവര്‍ഷം തന്നെ ആറ് കളിയിലും ജയിച്ചു.ചാമ്പ്യന്‍മാരുമായി. ഇതൊരു വഴിത്തിരിവാകുകയും ചെയ്തു.1989-90 കാലത്ത് തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് പ്രാക്ടീസ് നടത്തിയിരുന്നത്.  പ്രാക്ടീസ് കാണാന്‍ വേണ്ടി മാത്രം മുന്‍കല ക്രിക്കറ്റര്‍മാരായ ഒരു കൂട്ടം പ്രായമുള്ള ആളുകള്‍ സ്റ്റേഡിയത്തിലെത്തും.അവരായിരുന്നു പ്രധാനമായും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നത്.  അപ്പോഴേയ്ക്കും  ഡി ഡിവിഷനില്‍ നിന്നും ചാമ്പ്യന്‍മാരായി സി.ഡിവിഷനിലെത്തി.അതിന്റെ പിറ്റേവര്‍ഷം  സി.യില്‍ ചാമ്പ്യന്‍സായി സിയില്‍ നിന്നും ബി യിലേക്ക് കളിച്ചു.അക്കാലത്ത്  ആറ് വര്‍ഷം  കൂത്തുപറമ്പില്‍ ടൂര്‍ണ്ണമെന്റ് നടത്തിയിരുന്നു.  നാല് വര്‍ഷം തുടര്‍ച്ചായി 'ലക്കി എംബ്ലം' ചാമ്പ്യന്‍മാരായി.
    1993-94 കാലഘട്ടത്തിലാണ് കെ.സി.എ യുടെ ഭാരവാഹയായിരുന്ന പി.വി.സിറാജ്ജുദ്ദീനെ പരിചയപ്പെടുന്നത്.അതോടൊപ്പം ലക്കി എംബ്ലം ക്ലബ് ജില്ലക്കകത്തും പുറത്തും അറിയപ്പെട്ടുതുടങ്ങി.  സിറാജ്ജുദ്ദീനുമായുള്ള ബന്ധം ദേവാനന്ദന്റെ ക്രിക്കറ്റ് ജീവതത്തിലെ വഴിത്തിരിവായിമാറി. അദ്ദേഹത്തിന് ഗുരുസ്ഥാനമാണ് നല്കിയിട്ടുള്ളത്. എന്റെ ഉയര്‍ച്ചക്ക് കാരണം സിറാജ്ജുദ്ദീനാണെന്ന് എപ്പോഴും അഭിമാനത്തോടെ ഞാന്‍ പറയും.അദ്ദേഹമാണ് എന്നെ ലെവല്‍ വണ്‍ പരീക്ഷയ്ക്ക് അയക്കുന്നത്.  അതിനിടെ  ക്ലബിലെ നല്ലൊരു കളിക്കാരനായ ഇര്‍ഷാദ് കണ്ണൂരിലെ

ബ്രദേഴ്‌സ് ക്ലബിലേക്ക് മാറി. അതോടെ ക്ലബ്ബിന്റെ മുഴുവന്‍ ചുമതലയും ദേവാനന്ദനിലെത്തി.. ക്ലബ്ബില്‍ കളിക്കാന്‍ എപ്പോഴും ആളെ കിട്ടിയിരുന്നു.  ഒരുഘട്ടത്തില്‍ ക്ലബിന്റെ  അവസ്ഥ വളരെ മോശമായിരുന്നു. നല്ല പാഡും, ക്യാപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നേവരെ കണ്ണൂര്‍ ജില്ലാ ലീഗ് മത്സരത്തില്‍ ഇറങ്ങാതിരുന്നിട്ടില്ല. സിറാജ്ജുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലക്കി എംബ്ലം എന്ന പേര് മാറ്റി തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്നാക്കുന്നത്. ഇപ്പോള്‍ തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഇന്ന് തലശ്ശേരി ക്രിക്കറ്റ് ക്ലബ് നല്ല നിലവാരത്തിലാണ് മുന്നോട്ട് പോവുന്നത്.
      ജില്ലാ ക്രിക്കറ്റ അസോസിയേഷനുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായ ശേഷം ക്ലബിലെ  അംഗങ്ങള്‍ക്ക് മാത്രമേ ദേവാനന്ദ് കോച്ച് നല്‍കുന്നുള്ളൂ. ഓരോ കൊല്ലവും രണ്ടും, മൂന്നും കുട്ടികളെ പുതുതായി  ക്ലബില്‍ എത്തിക്കും പലരും സോണല്‍ ലവലില്‍ വരെയെത്തിക്കഴിഞ്ഞു. ഇപ്പോള്‍ ക്ലബിലുള്ള സജീര്‍ ബാംഗ്ലൂരില്‍ കിര്‍മ്മാണിയുടെ ക്യാമ്പില്‍ പങ്കെടുത്തതാണ്. 
     'പുതിയ കുട്ടികള്‍ ക്രിക്കറ്റിലേക്ക് വരവ് കുറവാണ്.  അതിന് കാരണം വിദ്യാഭ്യാസപരമായി അവര്‍ക്ക് യാതൊരു അംഗീകാരവും കിട്ടുന്നില്ല.ക്രിക്കറ്റ്  അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല..സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ.അത് ലഭിക്കാഞ്ഞാല്‍ പിന്നെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്'ദേവാനന്ദ് പറഞ്ഞു. 
     ദേവാനന്ദന്‍ ഇന്നേവരെ ക്രിക്കറ്റില്‍ നിന്ന് ഒന്നും സമ്പാതിച്ചിട്ടില്ല. ഒരിക്കല്‍ 500 രൂപ കിട്ടി. അത് പിന്നീട് ഒരു അനാഥാലയത്തില്‍ നല്കുകയാണ് ചെയ്തത്. സ്വന്തം ചിലവില്‍ രണ്ട് മാസം മലേഷ്യയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.മാര്‍ക്കറ്റില്‍ ഞാന്‍ തനി കൂലിക്കാരനാണ്. കളിക്കളത്തിലെത്തിയാല്‍ ഞാന്‍ തനി ക്രിക്കറ്ററുമാണ്. അതായത് രണ്ടിലും ഒരു വിട്ടുവീഴ്ചയുമില്ലന്നര്‍ത്ഥം.
     പരേതരായ സി.എച്ച് ചാത്തുവിന്റെയും ലക്ഷ്മിയുടെയും മകനാണ് ദേവാനന്ദ്. ഭാര്യ കുറ്റിയാടി സ്വദേശിനി എ.കെ ഷൈനി. മമ്പറം യു.പി.സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഋതിക ദേവ്, ഒന്നര വയസ്സുകാരന്‍ ഋതുദേവ് എന്നിവര്‍ മക്കളാണ

അസോസിയേഷനെതിരെ ദേവാനന്ദന്റെ ചില വെളിപ്പെടുത്തലുകള്‍
     'കണ്ണൂര്‍ ജില്ലാ അസോസിയേഷനെതിരെ ഒരു പാട് പരാതിയുണ്ടെങ്കിലും ഒരു കാര്യം ഞാനുറപ്പിച്ചു പറയാം.യഥാര്‍ഥ സെലക്ഷനുംയഥാര്‍ഥ പരിശീലനവും, യഥാര്‍ഥ രീതിയിലുള്ള മേച്ചസും നടന്നാല്‍ കണ്ണൂര്‍  ജില്ല ക്രിക്കറ്റ് ടീമിനെ  വെല്ലുവിളിക്കന്‍ പറ്റുന്ന ഒരു ടീമും ഇന്ന് കേരളത്തിലില്ലെന്ന് എനിക്കുറപ്പ് പറയാനാവും അത്ര മികവുറ്റതാണ്. കുറച്ചു കാലമായി അല്പം പിന്നോട്ടാണ് ജില്ലാ ടീം. അതിനു കാരണം ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടാണ്.കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വി.പി.ഇസാക്ക്  ഫുട്‌ബോള്‍ കളിക്കാരനാണ്. ഏറണാകുളത്തെ പ്രീമിയം ടയേഴ്‌സിനെ പ്രതിനിധീകരിച്ച ഒരുപാട്കാലം ഫുട്‌ബോള്‍ കളിച്ചതാണ്. ഇപ്പോഴത്തെ പ്രസിഡന്റും, കല്ലിക്കണ്ടി എന്‍.എ.എം.കോളജ് സ്‌പോര്‍ട്‌സ് മാഷുമായ മധു മാഷക്ക  ക്രിക്കറ്ററല്ല. അയാള്‍ക്ക് ക്രിക്കറ്ററിയില്ല. അയാള് കബഡി കളിക്കാരനാണ്. പിന്നെ   കെ.സി.എന്‍ അംഗവും കണ്ണൂര്‍ എസ്.എന്‍.കോളജ് കായികാധ്യാപകനുമായ അജയന്‍ മാഷും ക്രിക്കറ്ററല്ല.അദ്ദേഹം 2009 ല്‍ ജില്ലാ അസോസിയേഷനിലേക്കുള്ള മത്സരത്തില്‍ സ്ഥാനത്തിന് വില പറഞ്ഞിട്ട് സ്ഥാനം കരസ്ഥമാക്കിയ ആളാണ്. അയാളും ഫുട്‌ബോളറാണ്. മറ്റൊരു കെ.സി.എ.അംഗമായ ചിറക്കുനിയിലെ അശോകന്‍ ക്രിക്കറ്ററല്ല. പക്ഷെ അയാള്‍ക്ക ക്രിക്കറ്റിനെക്കുറിച്ചറിയാം.സ്വന്തമായി പ്രാദേശിക ക്ലബ്ബുണ്ട്. അതുകൊണ്ട് അസോസിയേഷനെ അംഗീകരിക്കാനാവില്ല. ഇതൊക്കെ ഞാന്‍ വിളിച്ചു പറയാറുണ്ട് അതിനാല്‍ അവര്‍ എന്നെ പലപ്പോഴായും തഴയുകയാണ് പതിവ്.
     കെ.സി.എ യുടെയും അവസ്ഥ വളരെ മോശമാണ്. പ്രസിഡന്റ് ടി.സി.മാത്യു ക്രിക്കറ്ററല്ല. അയാള്‍ പഠിക്കുന്ന കാലത്തും ഇപ്പോഴും ക്രിക്കറ്റ് കളിച്ചിട്ടില്ല. സെക്രട്ടറി അനന്തു ക്രിക്കറ്ററാണ്. അയാളെ അംഗീകരിക്കാം.കെ.സി.എ. ക്രിക്കറ്റിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. കുറെ ഡ്രാമ കളിക്കുന്നു.ബി.സി.സി ക്ക് പണമുണ്ടാക്കലാണ് പ്രധാനം അവര്‍ക്ക് ക്രിക്കറ്റിനോടൊന്നും താല്പര്യമില്ല.
  ക്രിക്കറ്റിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ല. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാറില്‍ നിന്ന് ഗ്രാന്‍്‌റ് ലഭിക്കും.അപ്പോള്‍ വിവരാവകാശത്തിന്റെ കീഴില്‍ വരും. അപ്പോള്‍ പല കള്ളക്കളികളും പുറത്താവും.അതുകൊണ്ടാണ് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങാത്തത്.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കളികള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും, അവധിയും നല്കുകയുള്ളൂ.അത് ലഭിക്കാഞ്ഞാല്‍ പിന്നെ കുട്ടികള്‍ ക്രിക്കറ്റില്‍ വരും? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ വാങ്ങിച്ചില്ലെങ്കില്‍ ക്രിക്കറ്റില്‍ വിദ്യാര്‍ഥികള്‍ വരില്ലെന്നുറപ്പാണ്  '.

Photo and Text :G.V.Raksh