Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, ഡിസംബർ 11, 2014

Indulekha 125 years

 'ഇന്ദുലേഖ' യ്ക്ക് വയസ്സ് 125
 'സാധാരണ ഈ കാലങ്ങളില്‍ നടക്കുന്നമാതിരിയുള്ള സംഗതികളെ മാത്രം കാണിച്ചും ആശ്ചര്യകരമായ യാതൊരു അവസ്ഥകളേയും കാണിക്കാതെയും ഒരു കഥ എഴുതിയാല്‍ അതു എങ്ങിനെ ആളുകള്‍ക്കു രസിക്കും എന്നു ഈ പുസ്തകം എഴുതുന്ന കാലത്തു മറ്റുചിലര്‍ എന്നോടു ചോദിച്ചിട്ടുണ്ട്.  അതിനു ഞാന്‍ അവരോടു മറുവടി പറഞ്ഞതു  'എണ്ണച്ചായ ചിത്രങ്ങള്‍ യൂറോപ്പില്‍ എഴുതുന്നമാതിരി ഈ ദിക്കില്‍ കണ്ടു രസിച്ചു തുടങ്ങിയതിനുമുമ്പു , ഉണ്ടാവാന്‍ പാടില്ലാത്തവിധമുള്ള ആകൃതിയില്‍ എഴുതീട്ടുള്ള നരസിംഹമൂര്‍ത്തിയുടെ ചിത്രം, വേട്ടയ്‌ക്കൊരുമകന്റെ ചിത്രം, ചില വ്യാളമുഖചിത്രം, ശ്രീകൃഷ്ണന്‍ സാധാരണ രണ്ടുകാല്‍ ഉള്ളവര്‍ക്കു നില്‍ക്കാന്‍ ഒരുവിധവും പാടില്ലാത്തവിധം കാല്‍ പിണച്ചുവെച്ചു ഓടക്കുഴല്‍ ഊതുന്ന മാതിരി കാണിക്കുന്ന ചിത്രം, വലിയ ഫണമുള്ള അനന്തന്റെ ചിത്രം, വലിയ രാക്ഷസന്മാരുടെ ചിത്രം ഇതുകളെ നിഴലും വെളിച്ചവും നിംനോന്നതസ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയില്‍ രൂക്ഷങ്ങളായ ചായങ്ങള്‍കൊണ്ടു് എഴുതിയതു കണ്ടു രസിച്ചു് ആവക എഴുത്തുകാര്‍ക്കു പലവിധ സമ്മാനങ്ങള്‍ കൊടുത്തു വന്നിരുന്ന പലര്‍ക്കും ഇപ്പോള്‍ അതുകളില്‍ വിരക്തിവന്നു മനുഷ്യന്റെയോ മൃഗത്തിന്റെയോ വേറെ വസ്തുക്കളുടെയോ സാധാരണ സ്വഭാവങ്ങള്‍ കാണിക്കുന്ന എണ്ണച്ചായചിത്രം, വെള്ളച്ചായചിത്രം ഇതുകളെക്കുറിച്ചു കൌതുകപ്പെട്ടു് എത്രണ്ടു സൃംഷ്ടിസ്വഭാവങ്ങള്‍ക്കു് ചിത്രങ്ങള്‍ ഒത്തുവരുന്നുവോ അത്രണ്ടു ആ ചിത്രകര്‍ത്താക്കന്മാരെ ബഹുമാനിച്ചു വരുന്നതു കാണുന്നില്ലയോ, അതുപ്രകാരംതന്നെ കഥകള്‍ സ്വാഭാവികമായി ഉണ്ടാവാന്‍ പാടുള്ള വൃത്താന്തങ്ങളെക്കൊണ്ടുതന്നെ ഭംഗിയായി ചമച്ചാല്‍ കാലക്രമേണ ആവക കഥകളെ അസംഭവ്യസംഗതികളെക്കൊണ്ടു ചമയ്ക്കപ്പെട്ട പഴയ കഥകളെക്കാള്‍ രുചിക്കുമെന്നാകുന്നു. എന്നാല്‍ ഞാന്‍ എഴുതിയ ഈ കഥ ഭംഗിയായിട്ടുണ്ടെന്നു ലേശംപോലും എനിക്കു വിശ്വാസമില്ല. അങ്ങിനെ ഒരു വിശ്വാസം എനിക്കു വന്നിട്ടുണ്ടെന്നു മേല്‍പറഞ്ഞ സംഗതികളാല്‍ എന്റെ വായനക്കാര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അതു എനിക്കു പരമസങ്കടമാണു. ഈമാതിരി കഥകള്‍ ഭംഗിയായി എഴുതുവാന്‍ യോഗ്യതയുള്ളവര്‍ ശ്രദ്ധവെച്ചു എഴുതിയാല്‍ വായിപ്പാന്‍ ആളുകള്‍ക്കു രുചി ഉണ്ടാവുമെന്നാണു ഞാന്‍ പറയുന്നതിന്റെ സാരം. ഈ പുസ്തകം എഴുതീട്ടുള്ളതു ഞാന്‍ വീട്ടില്‍ സാധാരണ സംസാരിക്കുന്ന മലയാളഭാഷയില്‍ ആകുന്നു.' ഇത് മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ 1889 ഡിസംബര്‍ 9നു ഒന്നാം പതിപ്പിന്റെ അവതാരികയില്‍ ഒ.ചന്തുമേനോന്‍ എഴുതിയതാണ്.1889ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്.നേരെ പറഞ്ഞാല്‍ ഇന്ദുലേഖ പുറത്തിറങ്ങിയിട്ട ഒന്നേകാല്‍ നൂറ്റാണ്ടായി. 
       മലയാളത്തിലെ ആധുനിക നോവലുകളേപ്പോലും വലിയ അളവില്‍ സ്വാധീനിച്ച ഒരു കൃതികൂടിയാണ് ഇന്ദുലേഖ.  നായര്‍-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയത്തിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.. അതിലൂടെ മലയാളിയെ വിമോചിപ്പിക്കുക കൂടിയാണ് ചന്തുമേനോന്‍ ചെയ്തത്.സത്രീ വിമോചനത്തിന്റെ ആദ്യ വെടി പൊട്ടിച്ചതും ഇന്ദുലേഖയിലൂടെ ചന്തുമേനോനാണ്.
     സൂര്യനമ്പൂതിരിപ്പാടിന്റെ നേര്‍ക്ക് നേര്‍നിന്ന് ഞാന്‍ എന്ന്  പറയാന്‍ ധൈര്യം കാണിച്ച വനിതയാണ് ഇന്ദുലേഖ. സ്ത്രീ പുരുഷ സമത്വം എവിടെയെന്നാണ് ഇന്ദുലേഖയിലൂടെ ജഡ്ജി കൂടിയായ ചന്തുമേനോന്‍ ചോദിച്ചത്. മലയാളിയോട് പുതിയ കാലത്തെക്കുറിച്ച സംസാരച്ച കഥയാണ്.അതായത് പുതിയ കാഴ്ചപ്പാടുകളിലും വായിക്കപ്പെടാന്‍ പാകത്തിലാണ്  ഇന്ദുലേഖ. എന്ന മലയാളിത്തനിമ നിറഞ്ഞ നോവല്‍.
     ഇന്ദുലേഖയെ വളരെ ആഴത്തില്‍ പഠിക്കുകയും അതിന്റെ  പുറത്തിറങ്ങിയ രണ്ടാം പതിപ്പ് കണ്ടെത്തുകയും ചെയ്ത പ്രശസ്ത നിരൂപകന്‍ ഡോ.പി.കെ.രാജശേഖരന്‍ പറയുന്നതിങ്ങനെ : തലശ്ശേരിയില്‍ ജനിച്ച് പരപ്പനങ്ങടിയില്‍ വെച്ച് പുസ്തകം എഴുതിയ, കോഴിക്കോട് വെച്ച് മരിച്ച മഹാനാണ് ചന്തുമേനോന്‍.125 വര്‍ഷമായിട്ടും അദ്ദേഹത്തിന് തലശ്ശേരിയില്‍ ഒരു സ്മാരകമോ, പ്രതിമയോ സ്ഥാപിക്കാത്തത് തികഞ്ഞ അവഹേളനമാണ്. ചുംബിക്കുന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന ചെറുപ്പക്കരുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്തിയ ആദ്യ പുരുഷനാണ് ചന്തുമേനോന്‍.125 വര്‍ഷം മുന്നെ ഇന്ദുലേഖ മാധവന്റെ ചുണ്ടില്‍ ചുംബിക്കുന്ന രംഗം മനോഹരമായി ചന്തുമേനോന്‍ വര്‍ണ്ണിക്കുന്നുണ്ട്. തികച്ചും വിപ്ലവകരമാണത്.ചുംബിക്കുന്നത് തടയുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. പ്രേമം എന്ന ആധുനികമായ വികാരം  നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇന്ദുലേഖയിലൂടെയാണ്.
     കഴിഞ്ഞ 65 വര്‍ഷമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരസംബന്ധമാണ് ഇന്ദുലേഖ ആദ്യത്തെ ലക്ഷണമൊത്ത നോവലാണെന്നത്. ഇത് വളരെ മോശപ്പെട്ട സങ്കല്പമാണ്. 1936ല്‍ എം.പി.പോള്‍ എഴുതിവെച്ചതാണിത്. അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ലക്ഷണംകെട്ട നോവല്‍ എന്നൊന്നുണ്ടോ?, എല്ലാവരും പറയുന്നു ആദ്യത്തെ നോവല്‍ കുന്ദലതയാണെന്ന്.എന്നാല്‍ കുന്ദലത നോവലല്ല.അത് റൊമാന്‍സ് എന്ന വീരകഥയാണ്.അതിന് കേരളവുമായി ഒരു ബന്ധവുമില്ല. അതൊരു കഥമാത്രമാണ്. എന്നാല്‍ ഇന്ദുലേഖ വെറുമൊരു നോവലല്ല. പ്രേമകഥയോ അല്ല. അത് ആദ്യമായി മലയാളിയോട് പുതിയകാലത്തെക്കുറിച്ച് സംസാരിച്ചു. 
     1896ല്‍ കുറച്ച് തിരുത്തലുകളോടെ രണ്ടാം പതിപ്പ് ഇറങ്ങി. 1899 സപ്തംബര്‍ 10 ന് ചന്തുമേനോന്‍ മരിച്ചു.  ഓരോ പ്രസാധകരും പ്രസിദ്ധീകരിക്കുമ്പോള്‍ പലപ്പോഴായി പലഭാഗങ്ങളിലും അറിഞ്ഞോ അറിയാതെയോ മാറ്റം വരുത്തി അങ്ങെനെ  മുപ്പത് ശതമാനത്തോളം വെട്ടിമുറിക്കപ്പെട്ട ഇന്ദുലേഖയാണ് പലരും വായിച്ചിട്ടുള്ളത്. വലിയ നിരൂപകരായ മുണ്ടശ്ശേരിയും, മാരാരും, എം.എന്‍ വിജയനും യഥാര്‍ത്ഥ ഇന്ദുലേഖ വായിച്ചിട്ടില്ല.വികലമായ പതിപ്പുകളാണ് പ്രസാധകര്‍ ഇന്നും പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. മാധവന്‍ ഇന്ദുലേഖയെയല്ല വിവാഹം ചെയ്തത്. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്യുകയാണ് ചെയ്തത്. അങ്ങനെയാണ് ചന്തുമേനോന്‍ എഴുതിയിട്ടുള്ളത്. ഇതുതന്നെ ഒരു വലിയ മാറ്റമല്ലേ? ലണ്ടനിലെ ബ്രീട്ടീഷ് ലൈബ്രറിയിലാണ് ഏറ്റവും ആധികാരികമായ രണ്ടാം പതിപ്പുള്ളത്.അവിടുത്തെ അപൂര്‍വ്വ പുസ്തക ശേഖരത്തിലാണുള്ളത്. ആ പുസ്തകം വായിക്കാതെ നിങ്ങളാരും യഥാര്‍ഥ ഇന്ദുലേഖ വായിച്ചെന്ന് അവകാശപ്പെടരുത്.
     ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ച് ആദ്യം ചര്‍ച്ചചെയ്ത ആദ്യനോവലാണ് ഇന്ദുലേഖ.തീവണ്ടി,ടെലിഗ്രാം,ആവിക്കപ്പല്‍ എന്നിവയെക്കുറിച്ചൊക്കെ പരാമര്‍ശിക്കുന്നു. മാത്രമല്ല ആധുനിക ലോകത്തെക്കുറിച്ച് ഏതാണ്ട് മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പുത്തന്‍ തലമുറയുടെ ആദ്യ പിതാവാണ് മാധവന്‍.അതുപോലെ ആധുനിക തലമുറയുടെ ആദ്യ മാതാവാണ് ഇന്ദുലേഖ. അതുകൊണ്ട് 20,21 നൂറ്റാണ്ടുകളുടെ യുവതലമുറയുടെ പിതാവും, മാതാവുമാണ് ഇവര്‍ എന്നതില്‍ സംശയമില്ല. അവരെ സൃഷ്ടിച്ച ചന്തുമേനോന്‍ ആധുനികതയുടെ പിതാവുമാണ്.'
      തലശ്ശേരി കോട്ടയം താലൂക്കില്‍  പിണറായിക്കടുത്ത   കെളാലൂര്‍ ദേശത്ത്, എടപ്പാടി ചന്തുനായരുടെയും .   കൊടുങ്ങല്ലൂര്‍ ചിറ്റെഴുത്ത് ഭവനത്തിലെ പാര്‍വ്വതിയമ്മയുടെയും മകനായി .1847 ജനുവരി 9നാണ്   ചന്തുമേനോന്‍ ജനിച്ചത്.  അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട തലശ്ശേരിയില്‍ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടില്‍ താമസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന് പേര് സിദ്ധിക്കുന്നത്.  തലശ്ശേരിയിലെ പ്രശസ്ത തറവാട്ടുകാരനും സാഹിത്യകാരനുമായ നാരങ്ങോളി ചിറക്കല്‍ കുഞ്ഞിശങ്കരന്‍ നമ്പ്യാരുമായുള്ള ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. കുട്ടികള്‍ക്ക് വേണ്ടി നമ്പൂതിരി പുലിയെ പിടിക്കാന്‍ പോയകഥ എഴുതിയ കുഞ്ഞിശങ്കരന്റെ നരിചരിതം എന്ന പുസ്തകം ചന്തുമേനോന്‍ സ്വന്തം ചിലവില്‍ അച്ചടിച്ച് പുസ്തകരൂപത്തില്‍ വിതരണം ചെയ്തു.കോഴിക്കോട് നിന്നാണ് അച്ചടിച്ചത്. കൂടാതെ അതിന്റെ രണ്ട് പതിപ്പുകള്‍ക്കും നീണ്ട അവതാരികയും ചന്തുമേനോന്‍ എഴുതി.അതോടെ ചന്തുമേനോന്‍ മലയാള സാഹിത്യത്തിലെ ആദ്യ സൈദ്ധാന്തികന്‍ കൂടിയായി
     1892ല്‍ ചന്തുമേനോന്‍ തിരുനെല്‍വേലിയില്‍ ആക്ടിങ് അഡിഷണല്‍ സബ് ജഡ്ജിയായി. 1893ല്‍ മംഗലാപുരത്തേക്ക് മാറി.  സത്യസന്ധനും നിഷ്പക്ഷപാതിയുമായ ന്യായാധിപനായി  അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോന്‍. പ്രാസംഗികനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. അക്കാലാത്താണ് സാഹിത്യ സാര്‍വ്വഭൗമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി കേരള വര്‍മ്മ വലിയ കോയിത്തമ്പുരാനുമായി കത്തിടപാടിലൂടെ സഹോദര സൗഹൃദം വളര്‍ത്തിയിരുന്നു.ഒരിക്കലും അവര്‍തമ്മില്‍ നേരില്‍ കണ്ടിട്ടില്ല.  കേരളവര്‍മയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവില്‍ ബാസല്‍ മിഷന്‍ അച്ചുകൂടത്തില്‍ വെച്ച അച്ചടിപ്പിച്ചു. നീല നിറമുള്ള ഹാര്‍ഡ് ബൗണ്ടില്‍ സ്വര്‍ണ്ണ നിറമുള്ള ലിപികളുപയോഗിച്ചാണ് 500 കോപ്പി അച്ചടിച്ച് സുഹൃത്തുക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത മഹാപുരുഷനാണ് അദ്ദേഹം.. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുന്‍പ് ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകള്‍ ശീലിച്ചു. 1897ല്‍ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടര്‍ന്നു. 1898ല്‍ ഗവണ്മെന്റ് റാവു ബഹദൂര്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സര്‍വകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോന്‍.
      കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡിക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുന്‍പ് മലയാളത്തിലുണ്ടായ നോവല്‍മാതൃകകള്‍.
    ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ് ഉള്ളത്: 1890ല്‍ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമര്‍ഗിന്റെ വിവര്‍ത്തനവും 1995ലെ അനിതാ ദേവസ്യയുടെ വിവര്‍ത്തനവും.
     ഇന്ദുലേഖയെക്കൂടാതെ അപൂര്‍ണ്ണമായ ശാരദയും വിദ്യാവിനോദിനിയില്‍ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീര്‍ഘലേഖനവുമാണ് ചന്തുമേനോന്റെ മറ്റ് രചനകള്‍. 


[ലേഖനത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്താന്‍ മടിക്കരുത്.]

ബുധനാഴ്‌ച, ഡിസംബർ 03, 2014

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ VENGAYIL KUNHIRAMAN NAYANAR

  ചെറുകഥാ പിതാവ് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ യാത്രയായിട്ട് 100 വര്‍ഷം
ഫോട്ടൊയും, എഴുത്തും :  ജി. വി. രാകേശ്

'എഴുതുമ്പോള്‍  നായനാരെപ്പോലെ എഴുതാന്‍ ശീലിക്കണം' - മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെഴുതിയ ഒ. ചന്തുമേനോന്‍ മലയാള ചെറുകഥാസാഹിത്യത്തിന്റെ പിതാവ്  കേസരി
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെപ്പറ്റി മൂര്‍ക്കോത്ത് കുമാരനോട് പറഞ്ഞ വാക്കുകളാണിത്. മഹാകവി ഉള്ളൂര്‍ നായനാരെ അമേരിക്കന്‍ ഫലിതസാഹിത്യകാരനായ മാര്‍ക് ടൈ്വനിനോടാണ് ഉപമിച്ചിരിക്കുന്നത്. അത്രമേല്‍ ദീര്‍ഘവീക്ഷണവും, മൗലികതയും, സാഹിത്യബോധവും, നര്‍മ്മവും, പരിഹാസവും അടങ്ങിയ സാഹിത്യകാരനാണ്  കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. കൂടാതെ നിയമസഭാംഗവും, സാമൂഹിക പരിഷ്‌കരണവാദിയുമായിരുന്നു.  അദ്ദേഹം ഓര്‍മ്മയായിട്ട് 100 വര്‍ഷം തികയുകയാണ്.നൂറ് വര്‍ഷം മുമ്പ് അതായത്.1914 നവംബര്‍ 14 നാണ് മദ്രാസ് നിയമസഭയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീണാണ് ചെറുകഥാ പിതാവ് യാത്രയായത്. അദ്ദേഹം സൃഷ്ടിച്ച ചെറുകഥാ സ്മൃതികളല്ലാതെ അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മലയാളത്തെ സ്‌നേഹിക്കുന്നവര്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്നെ മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍ കേസരി അന്ത്യവിശ്രമം കൊള്ളുന്ന പാണപ്പുഴയിലെ സ്മൃതി മണ്ഡപത്തിനു സമീപം എത്തിയിട്ട് പോലും അവിടം സന്ദര്‍ശിക്കാതെ പോയതും ഇതിനൊരുദാഹരണമാണ്.
         1860ല്‍ തളിപ്പറമ്പ് വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസന്‍ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ജനിച്ചു. രണ്ടുപേരും അഭ്യസ്തവിദ്യര്‍. അതുകൊണ്ടുതന്നെ സംസ്‌കൃതത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പിലെ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെനിന്ന് വിട്ടശേഷം കോഴിക്കോട് കേരള വിദ്യാശാലയില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സായെങ്കിലും എഫ്.എ. പരീക്ഷക്ക് തോറ്റുപോയി. അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ലോഗന്‍സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം സെയ്ദാപ്പേട്ട കാര്‍ഷികകോളജില്‍ ചേര്‍ന്ന് കൃഷിശാസ്ത്രത്തില്‍  ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേര്‍പ്പെട്ട ഒന്നാമത്തെ മലബാറുകാരന്‍ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമന്‍ നായനാര്‍. കൃഷിയെക്കുറിച്ച് മാത്രമല്ല ഓട് നിര്‍മ്മാണം, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.
      1879ല്‍ തിരുവിതാംകൂറില്‍ നിന്നും പ്രസിദ്ധീകരിച്ച 'കേരളചന്ദ്രിക'യിലൂടെയാണ് 18ാം വയസ്സില്‍ നായനാര്‍ സാഹിത്യലോകത്തിലേക്ക് പ്രവേശിക്കുന്നത്. കോഴിക്കോടുനിന്ന് പുറപ്പെട്ടിരുന്ന കേരളപത്രികയില്‍ അദ്ദേഹം മുഖ്യലേഖകനായിരുന്നു. ജന്മി കുടുംബത്തിലെ കാരണവര്‍   കൂടിയായ നായനാര്‍ അനാചാരങ്ങളെ എതിര്‍ത്താണ്  പൊതുരംഗത്തേക്ക് വന്നത്.  നായര്‍ കുടുംബംങ്ങളിലെ കാരണവന്മാര്‍, അഴിമതിക്കാരയ ഉദ്യോഗസ്ഥര്‍ തുടങ്ങിയ പലര്‍ക്കും നായനാരുടെ തൂലികയുടെ പ്രഹരമേറ്റിട്ടുണ്ട് .കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ടണ്ട.്  കേരളസഞ്ചാരിയില്‍ നായനാര്‍ എഴുതിയ ഒന്നാമത്തെ മുഖപ്രസംഗം 'ലോകാസമസ്താസുഖിനോ ഭവന്തു' എന്നാണ്. കേരളസഞ്ചാരിയില്‍ എഴുതുമ്പോഴാണ് 'കേസരി' എന്ന തൂലികാനാമം സ്വീകരിച്ചത്. അതിനുപുറമെ ദേശാഭിമാനി, സ്വദേശമിത്രന്‍, വജ്രബാഹു, വജ്രസൂചി എന്നീ  തൂലികാനാമങ്ങളില്‍ ഭാഷാപോഷിണി, മിതവാദി, സരസ്വതി, ജനരഞ്ജിനി, കോഴിക്കോടന്‍ മനോരമ, മലയാള മനോരമ എന്നിവയിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്.
  മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ  'വാസനാവികൃതി' 1891ല്‍ വിദ്യാവിനോദിനിയിലാണ് പ്രസിദ്ധീകരിച്ചത്. കഥാപാത്രപ്രധാനവും, നര്‍മ്മരസപൂര്‍ണ്ണവുമാണ്. കഥാനായകന്‍ സ്വാനുഭവം വിവരിക്കുന്നതാണ് ഇതില്‍ സ്വീകരിച്ച ആഖ്യാനരീതി. 'ഇന്ദുലേഖ'പ്രസിദ്ധപ്പെടുത്തന രണ്ടു. കൊല്ലത്തിനിടയിലാണ്  വാസനാവികൃതിയും പ്രസിദ്ധപ്പെടുത്തിയത്.
     കഥാകൃത്ത് ടി.പദ്മനാഭന്‍ കേസരിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ :' മലയാള ചെറുകഥയിലെ വേരുതന്നെയാണ് കേസരി നായനാര്‍. കേസരിയെ നമ്മള്‍ ഒരിക്കലും മറക്കരുത്. ഇന്നത്തെ ഏത് സ്ഹിത്യകാരനെക്കാളും ഭാവനാവിലാസം കേസരിക്കുണ്ട്ായിരുന്നു. ഓരോ കഥയിലും പുതുമയുള്ള വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.'
     സംസ്‌കൃത പണ്ഡിതനും, ബ്രഹ്മവിദ്യാപ്രവീണനുമായ മമ്പറം കായലോടിനടുത്ത അറത്തില്‍ കണ്ടേണ്ടാത്ത് കണ്ണന്‍ നമ്പ്യാരുടെ മകള്‍ എ. സി. കല്ല്യാണി അമ്മയെയാണ് നായനാര്‍ കല്ല്യാണം കഴിച്ചത്. അതോടെ പയ്യന്നൂരിനടുത്ത പാണപ്പുഴയിലെ വേങ്ങയില്‍ തറവാട് വീടിനു പുറമെ  തലശ്ശേരിക്കും കതിരൂരിനുമിടയില്‍ കപ്പരട്ടി  എന്ന   വീടുണ്ടണ്ടാക്കി താമസം തുടങ്ങി. അദ്ദേഹത്തിന്റെ സ്മരണയെന്നപോലെ  'നായനാര്‍ റോഡ്' എന്നപേരിലാണ് ഇവിടം  അറിയപ്പെടുന്നത്. തലശ്ശേരി കൂത്തുപറമ്പ് റോഡിലാണിത്.
      കപ്പരട്ടി  വീട്
 നായനാര്‍ റോഡില്‍ കേസരി രണ്ട് വീട് പണിതു. ആദ്യം നിര്‍മ്മിച്ചത്

കപ്പരട്ടി ചെറിയ വീടാണ്. 120 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വീടിന് ഇന്നും ഒരു മാറ്റവും  വരുത്തിയിട്ടില്ല. നിലം പാകിയിരിക്കുന്നത് വിദേശത്തു നിന്നും ഇറക്കുമതിചെയ്ത ടൈലുകള്‍ കൊണ്ടാണ്. സ്വീകരണമുറി ഉള്‍പ്പെടുന്ന പ്രധാനഭാഗവും, ഇടനാഴിയും, പിന്നെ വടക്കിനിയും. അതുകഴിഞ്ഞാല്‍ കാര്യസ്ഥന്‍, വേലക്കാരന്‍, എന്നിവര്‍ക്കുതാമസിക്കാനുള്ള വീടും കെട്ടിപ്പടുത്ത കുളവും. .കുളത്തിന്റെ ചുമരില്‍ ഗജേന്ദ്രമോക്ഷം കഥ കൊത്തുപണിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ഇപ്പൊള്‍ താമസിക്കുന്നത് നായനാരുടെ മകന്‍
കെ. ടി. പ്രഹ്ലാദന്‍

പരേതനായ മേജര്‍ ഗോപാലന്‍ നമ്പ്യാരുടെ മകന്‍ കെ. ടി. പ്രഹ്ലാദനും കുടുംബവുമാണ്. നായനാരെ മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വേങ്ങയില്‍ തറവാട്ടിലെ കാര്യസ്ഥന്മാരും, കുടികിടപ്പുകാരും കൊടുത്ത പിച്ചളയിലുള്ള ഫലകം നായനാരുടെ ഛായാച്ചിത്രത്തിന് സമീപം നിധിപോലെ സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്.    
     ചെറിയ കപ്പരട്ടി വീടിന്   സൗകര്യം കുറവാണെന്ന് പറഞ്ഞ് നായനാര്‍ തൊട്ടടുത്തായി വലിയ കപ്പരട്ടി വീട് നിര്‍മ്മിച്ചു. വേങ്ങയില്‍ മഠം എന്നും വിളിക്കും. മൂന്ന് നില വീടായ ഇതിന് ചെറുതും, വലുതുമായി 120ല്‍ അധികം മുറികളുണ്ട്.തച്ചുശാസ്ത്രത്തിന്റെ അദ്ഭുതം എന്നുതന്നെ എന്നുതന്നെ ഇതിനെ വിശേഷിപിപക്കാം. ഇതിന്റെ പണി പൂര്‍ത്തിയാവുന്നതിനുമുമ്പ്  നായനാര്‍ മരണമടഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം ചില പ്രത്യേക സാഹചര്യത്താല്‍  വലിയ കപ്പരട്ടി  വീട് ആസ്പത്രിക്ക്  കൈമാറി. അവര്‍ അത് പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. പിന്നീട് വലിയ കപ്പരട്ടി വീട്  തലശ്ശേരി ബിഷപ്പ് ഏറ്റെടുത്തു. അവരുടെ ചില സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വീട് അതേ പ്രൗഢിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്


 പാണപ്പുഴ വീട്
      അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികാഘോഷഭാഗമായി 2012

 നായനാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന 
പാണപ്പുഴയിലെ തറവാട്ട് വീട്ടില്‍ 
നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിനരികില്‍
 മലയാള ഭാഷ പാഠശാല 
ഡയറക്ടര്‍ ടി.പി.ഭാസ്‌ക്കരപ്പൊതുവാളും, 
നായനാരുടെ ബന്ധു ഇന്ദിരയമ്മയും.
ജനവരിയില്‍ പയ്യന്നൂരിലെ മലയാള ഭാഷ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌ക്കരപ്പൊതുവാളും, നായനാരുടെ ബന്ധുക്കളും ചേര്‍ന്ന്  'കേസരിയുടെ കര്‍മ്മപഥങ്ങളിലൂടെയുള്ള തീര്‍ത്ഥയാത്ര' എന്ന പേരില്‍ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു.
തീര്‍ത്ഥയാത്രയുടെ ഒന്നാംഘട്ട പരിപാടിയെന്ന നിലയില്‍ 
പാണപ്പുഴയിലെ തറവാട്ട് വീട്ടില്‍ 2012 ജനവരിയില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ക്ക് സ്മൃതി മണ്ഡപം നിര്‍മ്മിച്ചു. നായനാര്‍ അന്ത്യ വിശ്രമം കൊള്ളുന്നതും ഇവിടെയാണ്.ദാമോദരന്‍ വെള്ളോറയാണ്. സ്മൃതി മണ്ഡപത്തിന്റെ ശില്പി. നായനാര്‍ നിര്‍മ്മിച്ച നാല് കെട്ട് വീടിന്റെ ചെറിയൊരു ഭാഗമേ ഇപ്പോള്‍ നിലവിലുള്ളൂ. നായനാരുടെ മകള്‍ മാധവിയമ്മയുടെ മകന്റെ മകളായ ഇന്ദിരയമ്മയാണ് ഇവിടെ താമസിക്കുന്നത്. 
പുളിയപ്പടമ്പ് ഇല്ലം
കേസരിയുടെ കുട്ടിക്കാലം കഴിച്ചുകൂട്ടിയ അച്ഛന്റെ ഇല്ലമാണ് തളിപ്പറമ്പിനടുത്ത   വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഇല്ലം.200 വര്‍ഷത്തിലധികം പഴക്കമുള്ള എട്ടുകെട്ട് ഇല്ലം ഇന്നും അതേപടി നിലനില്‍ക്കുന്നു. നായനാരുടെ അച്ഛനായ ഹരിദാസന്‍
സോമയാജിപ്പാടിന്റെ കാലത്ത് ഇവിടെ സോമയാഗം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്നും ഇവിടെയുണ്ട്. ഇവിടെ താമസിച്ചാണ് നായനാര്‍ തളിപ്പറമ്പിലെ ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കാന്‍ പോയത്.
      തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് പോയ ഹരിദാസന്‍ സോമയാജിപ്പാട് ക്ഷേത്രത്തിനകത്ത് നിന്ന് ശീട്ടു  കളിക്കുന്നതിനിടെ പിടികൂടുകയും,  വിശാഖം തിരുനാള്‍  മഹാരാജാവിന് മുന്നിലെത്തിക്കുകയും ചെയ്തു. . രാജാവ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ശീട്ടു  കളിക്കുകയല്ല,  ഓരോ ശീട്ടുമെടുത്ത് ഓരോ ഭഗവാനായി സങ്കല്‍പ്പിച്ച് ശ്ലോകം ചൊല്ലുകയാണ്.  ഓരോ ശീട്ടുമെടുത്ത് ശ്ലോകവും, അര്‍ത്ഥവും രാജാവിനും പറഞ്ഞു കൊടുത്തു.  ഇതില്‍ സന്തോഷവാനായ  വിശാഖം തിരുന്നാള്‍ ഒരു വെള്ളിക്കിണ്ടിയും, രണ്ട്
പട്ടക്കരയും കല്‍പിച്ചുകൊടുത്തു. അന്ന് കിട്ടിയ വെള്ളിക്കിണ്ടി
ഇന്നും
ഇല്ലത്ത് ഭദ്രന്മായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കിണ്ടി കിട്ടിയ സംഭവത്തെക്കുറിച്ച് നായനാര്‍ 'ശീട്ടുകളി' എന്ന ലേഖനത്തില്‍ വിശദമായി പറയുന്നുണ്ട്. പുളിയപ്പടമ്പ് ഇല്ലത്ത് അഡ്വ. കുബേരന്‍ നമ്പൂതിരിയും കുടുംബവുമാണ് താമസിക്കുന്നത്. 



സാമൂഹ്യപ്രവര്‍ത്തകന്‍
     1892ല്‍ നായനാര്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അംഗമായി. 1904ല്‍ തറവാട്ടില്‍ കാരണസ്ഥാനം കിട്ടിയപ്പോള്‍ രണ്ടുകൊല്ലത്തേയ്ക്ക് ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാനം ഉപേക്ഷിച്ചെങ്കിലും 1907 ല്‍ വീണ്ടും അംഗമായി.കോയമ്പത്തൂര്‍ കൃഷി വിദ്യാശാലയില്‍ അനുദ്യോഗസ്ഥാംഗമായും ഇംഗ്ലണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേസകസമിതിയില്‍ അംഗമായും
പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ചക്രവര്‍ത്തിയുടെ പട്ടാഭിഷേകോത്സവക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കീര്‍ത്തി മുദ്രനല്‍കി നായനാരെ ആദരിച്ചിരുന്നു. ബ്രിട്ടീഷ് വിരോധിയല്ലായിരുന്ന നായനാര്‍
നായനാരെ മദിരാശി ലെജിസ്ലേറ്റീവ് 
കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍
വേങ്ങയില്‍ തറവാട്ടിലെ കാര്യസ്ഥന്മാരും, 
കുടികിടപ്പുകാരും കൊടുത്ത പിച്ചളയിലുള്ള ഫലകം
അവരുടെ സംസ്‌കാരത്തിലെ നന്മകള്‍ ഉപയോഗപ്പെടുത്തി സമുദായപരിഷ്‌കരണത്തിന് ഉപയോഗിച്ചിരുന്നു. ജന്മി വ്യവസ്ഥയിലെ പല അനാചാരങ്ങളെയും പരസ്യമായി എതിര്‍ത്ത വിപ്ലവകാരികൂടിയാണ് നായനാര്‍.
     സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഏറെ എഴുതി. സ്വന്തം പെണ്‍മക്കളെ കോണ്‍വെന്റിലയച്ച് പഠിപ്പിക്കാനും അദ്ദേഹം തയ്യാറായി. പെണ്‍കുട്ടികള്‍ പഠിച്ചാല്‍ മാത്രം പോരാ  അവര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കണമെന്നും നായനാര്‍ പറഞ്ഞു.
     1912ല്‍ നായനാര്‍ മദിരാശി നിയമസഭയില്‍ അംഗമായി. മലബാര്‍, ദക്ഷിണ കര്‍ണ്ണാടകം, എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബര്‍ 14 ന് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹൃദയസ്തംഭനത്താല്‍ കുഴഞ്ഞുവീണ് മരിച്ചു

നായനാരുടെ മക്കള്‍
 നാല് ആണ്‍ മക്കളും, നാല് പെണ്‍ മക്കളുമാണുള്ളത്. എ. സി. നാരായണന്‍ നമ്പ്യാര്‍, മാധവന്‍, മേജര്‍ ഗോപാലന്‍ നമ്പ്യാര്‍, ക്യാപ്റ്റന്‍  ബാലകൃഷ്ണന്‍ നമ്പ്യാര്‍, മാധവിയമ്മ, നാരായണിയമ്മ, രോഹിണിയമ്മ, ലക്ഷ്മിയമ
     സുഭാഷ് ചന്ദ്രബോസിന്റെ ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് സ്വിസര്‍ലാന്‍ഡില്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്ന  എ. സി. നാരായണന്‍ നമ്പ്യാര്‍ നെഹറുവുമായി അടുത്ത ബന്ധം

മേജര്‍ ഗോപാലന്‍ നമ്പ്യാര്‍
പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി 'നാണുഅങ്കിള്‍' എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹം സരോജിനി നായിഡുവിന്റെ സഹോദരിയെയാണ് വിവാഹം ചെയ്തത്. ഒരുവര്‍ഷത്തിനു ശേഷം ബന്ധം പിരിഞ്ഞു. പിന്നീട് സ്വിസര്‍ലാന്‍ഡില്‍ കഴിഞ്ഞ . നാരായണന്‍ നമ്പ്യാരെ രാജീവ് ഗാന്ധി
പ്രധാനമന്ത്രിയായപ്പോള്‍ നേരിട്ട് കണ്ട് ഡല്‍ഹിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
     എ. സി. മാധവന്‍ എന്ന അറത്തില്‍ കണ്ടോത്ത് മാധവന്‍ ബ്രിട്ടീഷ് രേഖകളില്‍ കണ്ടോത്ത് എന്നത് കാന്‍ഡത്ത് എന്നായി മാറി  .പിന്നെ  എം. എ. കാന്‍ഡത്ത് എന്ന പേരിലാണ് അറിയപ്പെട്ടത്.ഡി. പി. ഐ ആയിരുന്നു.          
നായനാരുടെ കഥകള്‍ : വാസനാവികൃതി, മേനോക്കിയെ കൊന്നതാര്? , ദ്വാരക, എന്റെ അനുഭവം, മദിരാശിപ്പിത്തലാട്ടം, ഒരു പൊട്ടഭാഗ്യം, പരമാര്‍ത്ഥം, കഥയൊന്നുമല്ല
പ്രധാന ലേഖനങ്ങള്‍ :
 വൈദ്യം, നാട്ടെഴുത്തച്ഛന്‍, മരിച്ചാലത്തെ സുഖം, കപടവേദാന്തികള്‍, ശീട്ടുകളി , ഭ്രമം, മഹാകവികളുടെ ജീവകാലം, സ്വഭാഷ ആചാരപരിഷ്‌കാരം, കേരള ജന്മിസഭ, കൃഷി പരിഷ്‌കാരം.  

മലയാളത്തിലെ ആദ്യചെറുകഥ
വാസനാവികൃതി
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
  രാജശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യ ഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാള്‍ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എന്നെപ്പോലെ വിഡ്ഢിത്തം പ്രവര്‍ത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍ ചുരുക്കമായി രിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതില്‍ അപമാനമില്ല. അധികം ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാല്‍ തോല്‍പ്പിക്ക പ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താന്‍ തന്നെ ആപ ത്തിനുള്ള വല കെട്ടി ആ വലയില്‍ ചെന്നുചാടുന്നത് ദുസ്സഹമാ യിട്ടുള്ളതല്ല. എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്ന് ബുദ്ധിമാന്മാരായ കുട്ടികള്‍ക്കുകൂടി അറിയാവുന്നതായിരു ന്നാല്‍ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.
     എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥല ത്താണെന്നു മാത്രമേ ഇവിടെ പറയാന്‍ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടില്‍ ഒരു താവഴിക്കാര്‍ കറുത്തും വേറൊരു താവഴിക്കാര്‍ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാല്‍ നിറഭേദമു ള്ളത് ദേഹത്തിനല്ല മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാ ര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേര്‍തിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണ വന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദതാവഴിയിലാണ് എന്റെ ജനനം. ഇക്കണ്ടക്കുറുപ്പ്, രാമന്‍ നായര്‍ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരില്‍ ആദ്യം പറഞ്ഞ മനുഷ്യന്‍ എന്റെ നാലാം അച്ഛനാണ്. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു തന്നെയാകുന്നു ആ പേര് എനിക്കിട്ടിട്ടുള്ളതും. അതുകൊണ്ട് 'ദ്വേധാ നാരായണീയം'എന്നു പട്ടേരി പറഞ്ഞതുപോലെ മക്ക ത്തായ വഴിക്കും മരുമക്കത്തായ വഴിക്കും ഇനിക്കു കള്ളനാവാ നുള്ള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂര്‍ണമായി അറിവാന്‍ വേണ്ടി നാലാമച്ഛനായ ഇക്കണ്ടകുറുപ്പിന്റെ മുത്തച്ഛനായി രുന്നു ഇട്ടിനാരായണന്‍ നമ്പൂതിരിയെന്നു കൂടി ഇവിടെ പറയേ ണ്ടതായി വന്നിരിക്കുന്നു. ഇട്യാറാണന്റെ കഥ കേള്‍ക്കാത്ത വിഡ്ഢിയുണ്ടെങ്കില്‍ അവനായിട്ട് ഇതു ഞാന്‍ എഴുതുന്നില്ല. ബാല്യത്തില്‍ത്തന്നെ എന്നെ അമര്യാദതാവഴിയില്‍ നിന്നു വേര്‍പെടുത്തുവാന്‍ വീട്ടിലുള്ളവരില്‍ ചിലര്‍ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കില്‍ അവരുടെ പ്രയത്‌നക്കുറവല്ലെന്ന് ഞാന്‍ സത്യം ചെയ്ത് കയ്പീത്തുകൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുള്ളൂ. വിദ്യാഭ്യാസവിഷയത്തില്‍ ഞാന്‍ വലിയ മടിയനായിരുന്നു എന്ന് ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളില്‍ അധികം പേരും എന്നെക്കാള്‍ ബുദ്ധി കുറഞ്ഞവരായിരുന്നു എന്നുള്ളതിലേക്ക് ഞങ്ങളുടെ ഗുരുനാഥന്‍ തന്നെയാണ് സാക്ഷി. പത്തുകൊല്ലംകൊണ്ട് മുപ്പതുസര്‍ഗം കാവ്യം പഠിച്ച 'ഗണാഷ്ടകവ്യുല്‍പ്പത്തി' മാത്രമായി അവശേഷി ക്കുന്ന ഗംഭീരന്മാര്‍ മലയാളത്തില്‍ പലേടത്തും ഉണ്ട്. ഞാന്‍ അഞ്ചെട്ടു സര്‍ഗ്ഗം കാവ്യം പഠിച്ചിട്ടുണ്ട്. വ്യുല്‍പ്പന്നനായിയെന്ന് മേനി പറയത്തക്ക അറിവ് എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കില്‍ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുല്‍പ്പത്തി എനിക്കുണ്ടായി. ഇതു സമ്പാദി ച്ചപ്പോഴേക്കും രണ്ടുവഴിക്കും കൂടി കിട്ടീട്ടുള്ള വാസനകൊണ്ട് ഇതിലൊന്നിലും ഇനിക്കു മോഹമില്ലാതെ തീര്‍ന്നു.

കാടരികില്‍ വീടായതുകൊണ്ട് ഇടയ്ക്കിടെ കാട്ടില്‍പോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതി വന്നതിനാല്‍ ബാല്യം മുതല്‍ക്കു തന്നെ പേടി എന്ന ശബ്ദത്തിന് എന്നെ സംബന്ധി ച്ചിടത്തോളം അര്‍ഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തു തന്നെ കോണം കക്കാറും പ്രഹരം കൊള്ളാറും ഉണ്ട്. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ട് വന്‍തരത്തില്‍ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു. എന്റെ പ്രവൃത്തിയില്‍ ഞാന്‍ പിന്തുടര്‍ന്നിരുന്നത് നാലാം അച്ഛനെയല്ല. കളവ് ചെയ്യുന്നത് രണ്ടു വിധമാണ്. ഒന്ന് ദീവട്ടിക്കൊള്ള, മറ്റേത് ഒറ്റയ്ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടും പോലെയാകുന്നു. തെളിനാ യാട്ടായാല്‍ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാല്‍ അത് ഇവനു തന്നെ വെടിവയ്ക്കുവാന്‍ തരമാകുന്നത് നിശ്ചയമില്ല. പങ്കിട്ടു കിട്ടുന്ന ഓഹരിയും വളരെ ചുരുക്കമാ യിരിക്കും. മൃഗത്തിന്റെ ചോടു നോക്കി പോകുന്നതായാല്‍ കിട്ടുവാന്‍ താമസവും കണ്ടെത്തിയാല്‍ വൈഷമ്യവും ഉണ്ടെന്നു പറയുന്നതു ശരിയായിരിക്കാം. അസ്വാധീനത്തിങ്കലും വൈഷമ്യ ത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടായാല്‍ പ്രയോഗത്തിന്നു പങ്കുകാരില്ല. അതുകൊണ്ട് ഒറ്റയ്ക്കുള്ളതായിരിക്കുകയാണ് നല്ലത് എന്ന് എനിക്കു തോന്നി. നാലാമച്ഛന്‍ ഈ അഭിപ്രായ ക്കാരനായിരുന്നില്ല അദ്ദേഹം പ്രാചീനന്‍തന്നെ. !ഞാന്‍ നവീന നും. എന്നാല്‍ ഇട്യാറാണാന്‍ മുത്തച്ഛന്‍ തിരുമനസ്സുകൊണ്ട് എന്റെ മതക്കാരനായിരുന്നു. ഇത്രവളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിനു നവീനബുദ്ധിയുണ്ടായിരിക്കുന്നത് വിചാരിക്കു മ്പോള്‍ ഇദ്ദേഹ ത്തിനെ അമാനുഷന്‍ എന്ന് ഇരിങ്ങാലക്കുട ഗ്രാമക്കാര്‍ പറയുന്നത് അത്ര കഷ്ടമല്ല.
   വീട്ടില്‍നിന്നു ചാടിപ്പോന്നതില്‍പ്പിന്നെ അഞ്ചു കൊല്ലത്തോളം ഞാന്‍ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക് കൊച്ചി രാജ്യ ത്ത് പുതിയ പോലീസ് ഏര്‍പ്പെടുത്തി. അക്കാലത്ത് തൃശ്ശിവപേരൂ ര്‍ക്ക് സമീപം ഒരു ദിക്കില്‍ ഞാനൊരു കളവുനടത്തി. അത് ഗന്തര്‍ സായ്പിന്റെ പരിവാരങ്ങള്‍ക്ക് അശേഷം രസമായി ല്ലപോല്‍. കളവുണ്ടായത് ഒരില്ലത്താണ്.
     ഗൃഹസ്ഥന്റെ മകനാ യിരുന്നു എനിക്ക് ഒറ്റ്. ഈ കള്ളന്‍ പാശികളിക്കാരനായിരുന്നു. അതില്‍ വളരെ കടം പറ്റി. വീട്ടുന്നതിന് നിവൃത്തിയും ഉണ്ടായി രുന്നില്ല. എന്നിട്ടാണ് എന്നെ ശരണം പ്രാപിച്ചത്. അച്ഛന്‍ നമ്പൂതിരി ഉണരാതിരിപ്പാന്‍ കറുപ്പുകൂടിയ മരുന്നു ഞാന്‍ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അതു വൈകുന്നേരത്തെ പാലിലി ട്ടുകൊടുപ്പാനാണ് ശട്ടം കെട്ടിയിരുന്നത്. നാലില്‍ ഒന്നു മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം താക്കീതു ചെയ്തിട്ടുണ്ടായിരുന്നു. അകത്തുകടന്ന് ഒതുക്കാവുന്നതെല്ലാം ഞാന്‍ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്ക്കല്‍ ഒരു ആഭരണപ്പെട്ടി വച്ചിരുന്നതും തട്ടണമെന്ന് കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാ ണ് ഉണരുന്നത്? ഒരിക്കലും ഉണരാത്ത ഉറക്കമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ആ മഹന്‍ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന് ഒരു തടസ്സവും വരരുതെന്നു വിചാരിച്ച് ഞാന്‍ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടു കൊടുത്തു. ഞാന്‍ എടുത്ത മുതലില്‍ ആഭരണപ്പെട്ടി മുഴുവന്‍ എന്റെ സ്‌നേഹിതയായ കല്ല്യാണിക്കുട്ടിക്കു കൊടുത്തു. അവള്‍ക്കു എന്നേയും എനിക്ക് അവളേയും വളരെ അനുരാഗമു ണ്ടായി രുന്നു. പെട്ടിയില്‍ നിന്ന് ഒരു പൂവെച്ചമോതിരം എടുത്ത് ഒരു ദിവസം രാത്രി എന്റെ എടത്തെക്കൈയിന്റെ മോതിരവിരലി ന്മേല്‍ ഇടുവിച്ചു. അതു മുതല്‍ക്ക് ആ മോതിരത്തെപ്പറ്റി ഇനിക്ക് അതിപ്രേമമായിരുന്നു. കുറച്ചു ഊരാഞ്ചാടിയായിരുന്നാലും ഞാന്‍ കയ്യില്‍ നിന്ന് ഊരാറില്ല.
     നമ്പൂതിരിയുടെ ഇല്ലത്തെ കളവുകവിഞ്ഞതില്‍ വച്ച് എന്റെ മേല്‍ പോലീസ്സുക്കാര്‍ക്ക് സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂ ര്‍ തലേക്കെട്ടും കളവുപോയി. അടുത്തകാലത്തിന്നുള്ളില്‍ വേറെ രണ്ടു മൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാം കൂടി ഇനിക്കവിടെ ഇരിപ്പാന്‍ തരമില്ലെന്നുതോന്നി. കുറച്ചുദിവസത്തേക്ക് ഒഴിഞ്ഞു പോകണമെന്നു നിശ്ചയിച്ച് മദിരാശിക്ക് പുറപ്പെട്ടു. അവിടെച്ചെ ന്നാല്‍ യാതൊരു വിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല. എന്റെ ഒരു കോടതിപൂട്ടല്‍പ്പോലെ വിചാരിച്ചാണ് ഞാന്‍ പുറപ്പെട്ടത്. കോടതി പൂട്ടിയാല്‍ പിന്നെ ഉദ്യോഗസ്ഥന്മാര്‍ക്ക് സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴില്‍. അതുപോലെ ഞാനും ചെയ്വാന്‍ നിശ്ചയിച്ചു. മദിരാശിയില്‍ നിന്ന് ഒരു മാസത്തോളം കാഴ്ച കണ്ടുനിന്നു. ഒരു ദിവസം ഗുജിലിത്തെരുവില്‍ ചെന്നപ്പോള്‍ അതിസൗഭാഗ്യവതിയായ തേവിടിശ്ശി സാമാനം വാങ്ങുവാന്‍ വന്നിരുന്നു. അപ്പോള്‍ ആ പീടികയില്‍ കുറച്ചു ജനത്തിരിക്കും ഉണ്ടായി. അതിനിടയില്‍ ഒരു വിഡ്ഢ്യാന്‍ പകുതിവായയും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കിനിന്നിരുന്നു. ഈ മന്നന്റെ നില കണ്ടപ്പോള്‍ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വച്ചിരുന്ന നിശ്ചയം തല്‍ക്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റില്‍ എന്റെ എടത്തെ കയ്യിട്ടു. ഈ ജാതി കളവില്‍ സാമര്‍ഥ്യമുണ്ടാകണമെങ്കില്‍ അര്‍ജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടുകൈകൊണ്ടും ഒരുപോലെ പ്രയോ ഗിപ്പാന്‍ സാമര്‍ഥ്യം ഇല്ലാഞ്ഞാല്‍ പലതരങ്ങളും തെറ്റിപ്പോകു വാന്‍ ഇടയുണ്ട്. പോക്കറ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാന്‍ വലത്തോട്ട് മാറി മടങ്ങിപ്പോരികയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് രാത്രി കിടന്നുറങ്ങുമ്പോള്‍ കല്ല്യാണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നു. ഏകസംബന്ധിജ്ഞാനമപരസംബന്ധി സ്മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓര്‍മവന്നു. തപ്പിനോക്കിയപ്പോള്‍ കൈയിന്മേല്‍ കണ്ടില്ല. ഇനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാള്‍ കാലത്തെ എഴുന്നേറ്റ് തലേ ദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. പോലീസ് സ്‌റ്റേഷനില്‍ ചെന്ന് അറിവ് കൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തില്‍ വരുവാന്‍ സംഗതിയുണ്ടെന്നു കരുതിയാണ് ആ കഥയില്ലായ്മ പ്രവര്‍ത്തിച്ചത്.
     അന്നു ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോണ്‍സ്റ്റബിള്‍ ഞാന്‍ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോള്‍ത്തന്നെ എന്റെ മോതിരം കിട്ടിയെന്ന് എനിക്കു തോന്നി. മടക്കിത്ത രുവാനുള്ള മടികണ്ടപ്പോള്‍ വല്ല സമ്മാനവും കിട്ടണമെന്നാണെ ന്നു വിചാരിച്ചു ഞാന്‍ അഞ്ചുറുപ്പിക കയ്യിലെടുത്തു. 'ഈ മോതിരം എന്റെ കൈയ്യില്‍ വന്നത് എങ്ങനെയാണെന്നു നിങ്ങള്‍ക്കു മനസ്സിലായോ' എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു. ഇനിക്ക് ഓര്‍മവ ന്നപ്പോള്‍ കൈവിലങ്ങും വച്ച് ദേഹപരിശോധനകഴിച്ച് പോക്കറ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് മേശപ്പുറത്തു തന്നെ വച്ചിരിക്കുന്നു. ഈ വിഡ്ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ച് ഞാനിതാ പുറത്തുവ ന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാന്‍ ഇനി ഈ തൊഴിലി ല്‍ ഇരുന്നാല്‍ നാലാമച്ഛന് അപമാനമേയുള്ളൂ. കളവു ചീത്ത യാണെന്നല്ലേ എല്ലാവരും പറയുന്നത്. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ. ഇതുവരെ ചെയ്ത പാപമോ ചനത്തിനും മേലില്‍ തോന്നാതിരിപ്പാനും വേണ്ടി ഗംഗാസ്‌നാനവും വിശ്വനാഥദര്‍ശനവും ചെയ്യട്ടെ. പണ്ടു മുത്തശ്ശി സന്ധ്യാസ മയത്ത് ചൊല്ലാറുണ്ട്:
'ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ
പുനന്തി പാപം ന ലുനന്തി വാസനാം
അനന്തസേവാ തു നികൃന്തതി ദ്വയീ
മിതിപ്രഭോ ത്വല്‍പുരുഷാ ബഭാഷിരെ.'
(ഒപ്പ്)
ഇക്കണ്ടക്കുറുപ്പ്

******************************************************* 

150-ാം ജന്മ വാര്‍ഷികാഘോഷഭാഗമായി 
2012 ജനവരിയില്‍ ശില്‍പശാലയും 
സാഹിത്യോത്സവവും കേന്ദ്ര മന്ത്രി 
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. 
സാംസ്‌കാരിക വകുപ്പ് മന്ത്രി 

കെ. സി. ജോസഫ്,പ്രതിപക്ഷ 
ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ 
എന്നിവര്‍ സമീപം



വലിയ കപ്പരട്ടി വീടിന്റെ അകത്തളം