Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ശനിയാഴ്‌ച, മേയ് 31, 2014

C.K.Kanaran Vaidyar Ponniam

സി.കെ. കണാരന്‍ വൈദ്യര്‍ 
                    എന്ന സാമൂഹിക പരിഷ്കര്‍ത്താവ്

സാമൂഹിക പരിഷ്കരണം സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങി സമൂഹത്തിന് മാതൃകകാട്ടിയ പൊതുപ്രവര്‍ത്തകനായ ഭിഷഗ്വരനാണ് 2011 മെയ് 24 ന്
ഈ ലോകത്തോട് വിടപറഞ്ഞ  സി. കെ. കണാരന്‍ വൈദ്യര്‍.ആയുര്‍വേദ ചികിത്സയുടെ ആറ് പതീറ്റാണ്ടുകള്‍ പിന്നിട്ട കണാരന്‍വൈദ്യര്‍ യാത്രയായതോടെ പൊന്ന്യത്തുകാര്‍ക്ക് നഷ്ടമാവുന്നത് സ്വന്തം വൈദ്യരെക്കൂടിയാണ്.വൈദ്യരെന്നാല്‍ ഇവിടുത്തുകാര്‍ക്ക് കണാരന്‍ വൈദ്യരാണ്. മരിക്കുമ്പോള്‍ 96 വയസ് പ്രായമുണ്ടായിരുന്നു.
     വിദ്യാഭ്യാസം ചെയ്യേണ്ട പ്രായത്തില്‍ രക്ഷിതാക്കള്‍ ബാല്യവിവാഹം ചെയ്ത് അയച്ച സ്വന്തം സഹോദരി ചിരുതൈക്കുട്ടിയെ ഭര്‍തൃഗൃഹത്തില്‍  നിന്ന് കൂട്ടിക്കൊണ്ട് വന്ന് വീണ്ടും വിദ്യാലയത്തിലയച്ച് തലശ്ശേരി താലൂക്കിലെ ആദ്യ ഡോക്ടറാക്കിയതിനു പിന്നില്‍ വൈദ്യരുടെ സാമൂഹ്യ വീക്ഷണവും, ധീരതയുമുണ്ടായിരുന്നു. യാഥാസ്ഥിതികരെ ഞെട്ടിച്ച ഈ തീരുമാനത്തിനു ഊര്‍ജ്ജം നല്കിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനവുമായുള്ള അടുപ്പമാണ്.
    പൊന്ന്യം സറാമ്പിയിലുള്ള സി. കെ. വൈദ്യശാലയില്‍ നിന്നാണ് 1940 മുതല്‍ 2005 വരെ വൈകീട്ട് അഞ്ച് മുതല്‍ ഏഴ് വരെ രോഗികളെ പരിശോധിച്ചത്.മറ്റുസമയങ്ങളില്‍ രോഗികളുടെ വീട്ടില്‍ ചെന്നാണ് ചികിത്സിക്കാറ്.  
      തിരുവങ്ങാട് നീലകണ്ഠന്‍ മൂസ്സദിന്റെയും, ശങ്കരന്‍ നമ്പ്യാര്‍ മുന്‍ഷിയുടെയും കീഴില്‍ നിന്ന് സംസ്കൃതവും, പിണറായിലെ നാരായണന്‍ നമ്പ്യാരുടെ കീഴില്‍ നിന്ന് ആയുര്‍വേദത്തിന്റെ ബാലപാഠവും പഠിച്ച ശേഷം 1934 ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന കണാരന്‍ വൈദ്യര്‍ പി. എസ്. വാര്യരുടെ ശിഷ്യനുമാണ്.1938  മുതല്‍ ആര്യവൈദ്യനായി ചികിത്സയാരംഭിച്ചു. സ്റ്റതസ്കോപ്പ് ഉപയോഗിക്കുന്ന ആദ്യ വൈദ്യര്‍ എന്ന ഖ്യാദിയും അദ്ദേഹത്തിനു ലഭിച്ചു. 
     ചെറുകണ്ടിക്കാവ് ചന്തുപ്പെരുമലയന്റെയും, ചിരുതൈയുടെയും മകനായ വൈദ്യര്‍ സമുദായോദ്ധാരകനും, കലോപാസകനും, കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. കലാകാരന്മാരുടെ സംഗമസ്ഥാനമായിരുന്നു ചെറുകണ്ടിക്കാവ് തറവാട്.തിരുവിതാംകൂറില്‍ നിന്നെത്തിയ ഗോവിന്ദന്‍ നായരാശാന്റെ ശിക്ഷണത്തില്‍   പത്താം വയസ്സില്‍ വൈദ്യര്‍ കഥകളി അഭ്യസിച്ചു.കല്ല്യാണ സൌഗന്ധികം, ലവണാസുരവധം, ഉത്തരരാമായണം, എന്നീ വേഷങ്ങള്‍ ചെയ്തു കോട്ടയം തമ്പുരാനില്‍ നിന്ന് പട്ടും വളയും ലഭിച്ച പിതാവില്‍ നിന്നു തന്നെ തെയ്യത്തിന്റെ പാഠങ്ങള്‍ അഭ്യസിച്ചു. പൊന്ന്യം മുച്ചിലോട്ട് കാവില്‍ തെയ്യം കെട്ടാന്‍ വൈദ്യര്‍ സന്നദ്ധനായി. 
     ഉത്തരകേരളാ മലയന്‍ സമുദായോദ്ധാരണ സംഘം പ്രസിഡന്റായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. സംഗീതം, കഥകളി, തെയ്യംകല, പാരമ്പര്യശാസ്ത്രം സംസ്കൃതം എന്നിവ പരിപോഷിപ്പിക്കുന്നതിനായി തലശ്ശേരി തിരുവങ്ങാട് സി. കെ. കണാരന്‍ വൈദ്യര്‍ ട്രസ്റ്റും സ്ഥാപിച്ചു.
     ദീര്‍ഘകാലം കോണ്‍ഗ്രസ് കതിരൂര്‍ മണ്ഡലം പ്രസിഡന്റായും, 1995 മുതല്‍ 2000 വരെ കതിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് വൈദ്യരുടെ ചെറുകണ്ടിക്കാവ് വീട് പൊന്ന്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ആസ്ഥാനമായിരുന്നു. 1938 മുതല്‍ 1942 വരെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ പല രഹസ്യയോഗങ്ങളും സ്റ്റഡി ക്ലാസുകളും ഇവിടെ വെച്ചുനടത്താന്‍ നേതൃത്വം നല്‍കിയതും,ഗാന്ധിഭക്തനായ കണാരന്‍ വൈദ്യരാണ്. ദേശീയ നേതാക്കളുടെ സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ലഘുലേഖകളും കല്ലച്ചില്‍ കോപ്പിയെടുക്കാനുള്ള സംവിധാനം ചെറുകണ്ടിക്കാവ് വീട്ടിലുണ്ടായിരുന്നു.   .  
    വൈദ്യരുടെ 10 മക്കളില്‍ എല്ലാവരും ഉന്നത വിദ്യഭ്യാസം നേടിയവരാണ്.അതില്‍ രണ്ടുപേര്‍ മാത്രമാണ് ആതുരശുശ്രൂഷാ രംഗത്ത് വന്നിട്ടുള്ളൂ..മൂത്തമകന്‍ ഡോ.സി. കെ. ഗംഗാധരന്‍ ( മാനസി രോഗ വിദഗ്ദ്ധന്‍) ഡോ. സി.കെ. ഭാഗ്യനാഥ് (ആയുര്‍വേദം, നാടക രചയിതാവ്).ചെറുമക്കളില്‍ എട്ട് പേര്‍ അലോപ്പതി ഡോക്ടര്‍മാരും രണ്ട് പേര്‍ ആയുര്‍വേദ ഡോക്ടര്‍മാരുമാണ്. അതില്‍  കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടോഫ് മെഡിക്കല്‍ സയന്‍സിലെ കാര്‍ഡിയോളജി പീഡിയാട്രിക്ക് സര്‍ജന്‍ ഡോ. കെ..മഹേഷ് ഇന്ത്യയിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരിലൊരാളാണ്. 
ഡോ. സി.കെ. ഭാഗ്യനാഥിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്‌ച, മേയ് 01, 2014

കെ.ചന്ദ്രമോഹന്‍ - മാര്‍ക്കേസിനെ പരിചയപ്പെടുത്തിയ കതിരൂര്‍ക്കാരന്‍

അകലങ്ങളില്‍ ‘ഗാബോ’; ഓര്‍മ്മകള്‍ തിരമുറിയാതെ ചന്ദ്രമോഹന്‍ 

 ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് എന്ന വിശ്വസാഹിത്യകാരനെ ആദ്യമായി മലയാളിക്ക് പരിചയപ്പെടുത്തിയ ചന്ദ്രമോഹന്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍ ബഹളങ്ങളില്‍ നിന്നല്ലാം മാറിനിന്ന് കതിരൂരിലെ വീട്ടില്‍ പുസ്തകങ്ങള്‍ക്ക്   നടുവില്‍  ജീവിക്കുന്നു. മാര്‍ക്കേസിനെ പരിചയപ്പെടുത്തിയെന്ന അവകാശവാദം ഉന്നയിക്കാനും അദ്ദേഹം തയ്യാറല്ല. അതൊന്നും ഇപ്പോള്‍ തന്റെ ചിന്താമണ്ഡലത്തിലെ വിഷയമല്ലെന്നാണ് ചന്ദ്രമോഹന്റെ പക്ഷം.
ചന്ദ്രമോഹന്‍ കതിരൂരിലെ വീട്ടില്‍
     1977ല്‍ തലശ്ശേരിയിലെ മഹാത്മാ കോളജ് പ്രിന്‍സിപ്പാളായിരുന്ന എം. പി. രാധാകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച സമസ്യയുടെ പ്രഥമ ലക്കത്തില്‍ ഗബ്രിയേലിന്റെ Tuesday Siesta എന്ന കഥ ‘ഉച്ചമയക്കം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്താണ് ഗാബോ സാഹിത്യം മലയാളത്തിന് ചന്ദ്രമോഹന്‍ തുറന്നു കൊടുക്കുന്നത്. No One Writes to the Colonel (കേണലിന് ആരും എഴുതുന്നില്ല)  എന്ന നോവലിലെ ഒരു ഭാഗമാണ് ഉച്ചമയക്കം. ഇംഗ്ലീഷില്‍ നിന്നാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. കേരളത്തിന്റെ സംസ്കാരവുമായി ഏറെ ബന്ധം തോന്നിയതുകൊണ്ടാണ് പരിഭാഷചെയ്യാന്‍ തയ്യാറായത്. കേരള സംസ്കാരവുമായി അടുപ്പം തോന്നുന്ന കൃതികള്‍ മാത്രമേ ചന്ദ്രമോഹന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളൂ.  
     1983 ല്‍ ഇരുപത്തിയൊമ്പതാം വയസ്സില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ചന്ദ്രമോഹന്‍ അവസാനിപ്പിച്ചു. അതിനു കാരണം സമൂഹത്തിനോടുള്ള ചില കാഴ്ചപ്പാടുകളാണ്. എങ്കിലും ഇംഗ്ലീഷിലേക്ക് നിരവധി ഗ്രന്ഥങ്ങള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ചിലത് വിദേശ പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്. മൊഴിമാറ്റം നടത്തിയിട്ടുള്ള ഒരു പുസ്തകത്തിനും ഇന്നേവരെ ചന്ദ്രമോഹന്‍ ഒരു പ്രതിഫലവും സ്വീകരിച്ചിട്ടില്ല. 1970കളില്‍ ചില ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കൊടുത്തപ്പോള്‍ അന്നത്തെ പത്രാധിപരായ എന്‍. വി. കൃഷ്ണവാര്യര്‍ ചന്ദ്രമോഹനനോട് പറഞ്ഞത് ഇങ്ങനെയാണ് : ‘ താന്‍ എഴുതിയ രണ്ട് പേരഗ്രാഫ് വികസിപ്പിച്ചാല്‍ ഒരു ലക്കത്തിന് ധാരാളം. അതേ സാധാരണക്കാരന് മനസ്സിലാവൂ’. 
      നേരൂദയുടെ തിരഞ്ഞെടുത്ത കഥകള്‍ മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. അവതാരികയെഴുതിതാവട്ടെ എം. പി. ശങ്കുണ്ണി നായരും. പുസ്തകങ്ങളിലും നിരവധി ആനുകാലികങ്ങളിലും ചന്ദ്രമോഹന്റെ സാഹിത്യം വെളിച്ചം കണ്ടെങ്കിലും ഒന്നിന്റെയും കോപ്പി സൂക്ഷിച്ചു വെച്ചിട്ടില്ല. ചിലതൊക്കെ സൂക്ഷിച്ചു വെച്ചെങ്കിലും ആരൊക്കെയോകൊണ്ടുപോയി. പിന്നെ തിരിച്ച് കൊണ്ടുവന്നതുമില്ല.  
        ‘സമാഹൃതരചനകള്‍’ എന്നൊരു പുസ്തകം വര്‍ഷങ്ങള്‍ക്ക് മുന്നെ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഫ്കയുടെ ‘കാസില്‍’ (The Castle) ജര്‍മ്മന്‍ ഭാഷയില്‍ നിന്നും നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണ് ചന്ദ്രമോഹന്‍.കാഫ്കയുടെ കൈയ്യെഴുത്ത്പ്രതി നേരിട്ട് ജര്‍മ്മന്‍ ഭാഷയില്‍ അച്ചടിച്ചതിന്റെ കോപ്പി ഉപയോഗിച്ചാണ് വിവര്‍ത്തനം ചെയ്യുന്നത്.   ജര്‍മ്മന്‍ ഭാഷയിലെ ഒരു വാക്കിന് നിരവധി അര്‍ത്ഥങ്ങളുള്ളതിനാല്‍ വിവര്‍ത്തനം ഏറെ പ്രയാസകരമാണ്. ഇത് മാതൃഭൂമി പ്രസിദ്ധീകരിക്കാമെന്നേറ്റിട്ടുണ്ടെന്നും ചന്ദ്രമോഹന്‍ പറഞ്ഞു.
     കോഴിക്കോട് സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ്, കോഴിക്കോട് യൂണിവേഴ്സിറ്റി തലശ്ശേരി കാമ്പസ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പഠനം. ലോകത്തിന്റെ ഏതുഭാഗത്തും  പ്രാദേശികമായിപ്പോലും പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള  ജി. ഇ. സി. റേഡിയോവിലൂടെയാണ് ചന്ദ്രമോഹന്‍ വിദേശ സാഹിത്യത്തെ അടുത്തറിയുന്നത്. തൃശൂര്‍ കേരളവര്‍മ കോളജില്‍ അദ്ധ്യാപകനായി ജോലി ചെയ്തങ്കിലും പിന്നീട് അതുപേക്ഷിച്ചു. അതിനു ശേഷം ഇന്ത്യക്ക് അകത്തും, പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ്ങ് പ്രൊഫസറായി ജോലിചെയ്തു.സ്പാനിഷ്, ജര്‍മ്മന്‍, റഷ്യന്‍, സംസ്കൃതം എന്നീ ഭാഷകള്‍ അറിയുന്ന ചന്ദ്രമോഹന്ന് ആത്മീയത്തിലും നല്ല പരിജ്ഞാനമുണ്ട്.  കുറച്ചു വര്‍ഷങ്ങളായി അധികം പുറത്തുപോകാതെ കതിരൂരിലെ വീട്ടില്‍ സഹോദരനോടൊപ്പം എഴുത്തും വായനയുമായി കഴിയുകയാണ്. 
     സോഷ്യല്‍ മീഡിയകളിലും ഇന്റര്‍നെറ്റിലും തിരക്കിയല്‍ ചന്ദ്രമോഹനനെക്കുറിച്ച് ഒരു വിവരവും  ലഭിക്കില്ല. എന്തിന് മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ചില യൂണിവേഴ്സിറ്റികളുടെ സൈറ്റില്‍ പോയാല്‍ ചന്ദ്രമോഹന്‍ എന്ന പേര് മാത്രം ചിലപ്പോള്‍ കണ്ടെന്നിരിക്കും. ‘കെ’ എന്ന ഇനീഷ്യല്‍ പോലും പേരിനോടൊപ്പം ചേര്‍ക്കാറില്ല.പബ്ലിസിറ്റി ആവശ്യമില്ല. എന്റെ പേര് പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ തീരുമാ‍നം. 
(2014 മെയ് 6 ന് മാതൃഭൂമി ‘കാഴ്ച’യില്‍ പ്രസിദ്ധീകരിച്ച ലേഖനം)
 മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 മെയ് 18 ന്റെ ലക്കത്തില്‍ ചന്ദ്രമോഹനനുമായി ശിഖ മോഹന്‍ ദാസ് നടത്തിയ അഭിമുഖവും, 1977ല്‍ എം. പി. രാധാകൃഷ്ണന്‍ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ ‘സമസ്യ’യുടെ ആദ്യ ലക്കത്തില്‍ മാര്‍ക്കേസിന്റ Tuesday Siesta എന്ന കഥ ഉച്ചമയക്കം എന്ന പേരില്‍ ചന്ദ്രമോഹന്റെ പരിഭാഷയും ഇതോടൊപ്പം കൊടുക്കുന്നു.